നിലവിലെ വിഭാഗം
പാഠം സ്‌ത്രീ പുരുഷന്മാർ തമ്മിലുള്ള ബന്ധത്തിനുള്ള നിയന്ത്രണങ്ങൾ
മനുഷ്യജീവിതവുമായി ബന്ധപ്പെട്ട വിവിധ മേഖലകളുടെ വ്യവസ്ഥയുമായി ബന്ധപ്പെട്ടതാണ് ഇസ്‌ലാമിക ശരീഅത്ത്. സ്ത്രീ-പുരുഷന്മാർ തമ്മിലുള്ള ഇടപെടലുകളും ഇതിന്റെ ഭാഗമാണ്. പരസ്പരം ആകർഷിക്കുന്ന നിലക്കാണ് അല്ലാഹു സ്ത്രീകളെയും പുരുഷന്മാരെയും സൃഷ്ടിച്ചിരിക്കുന്നത്. ഈ ആകർഷണത്തിന്റെ പരിഹാരം വിവാഹത്തിലൂടെയാകുമ്പോൾ അത് നിയമാനുസൃതവും പ്രശംസനീയവുമാണ്. അതല്ലാത്ത മാർഗത്തിലൂടെ ആണെങ്കിൽ അത് തിന്മയും ഫിത്ന (കുഴപ്പം) കളിൽ ഏറ്റവും കഠിനമായ ഫിത്‌നയും ആയിത്തീരുന്നു. റസൂൽ (സ) പറഞ്ഞു: "പുരുഷന്മാർക്ക് സ്‌ത്രീകളിൽ നിന്ന് ഉണ്ടാകുന്ന ഫിത്‌നയേക്കാൾ ദോഷകരമായ ഒന്നും എനിക്ക് ശേഷം ഞാൻ ഇട്ടേച്ച് പോയിട്ടില്ല". (ബുഖാരി 5096, മുസ്ലിം 2741.)
ഒരു പുരുഷനും സ്ത്രീയും തമ്മിലുള്ള ബന്ധത്തിൽ ഏറ്റവും അപകടകരമായത് അത് വ്യഭിചാരത്തിലേക്ക് നയിച്ചേക്കാം എന്നതാണ്. ഇസ്ലാമിക ശരീഅത്ത് ഈ നിന്ദ്യമായ കാര്യത്തെ നിരോധിക്കുക മാത്രമല്ല, അതിന്റെ പ്രാരംഭ ഘട്ടങ്ങളും അതിലേക്ക് നയിക്കുന്ന എല്ലാ കാര്യങ്ങളും നിരോധിക്കുകയും ചെയ്യുന്നു. അല്ലാഹു പറയുന്നു: "നിങ്ങള്‍ വ്യഭിചാരത്തെ സമീപിച്ച് പോകരുത്. തീര്‍ച്ചയായും അത് ഒരു നീചവൃത്തിയും ദുഷിച്ച മാര്‍ഗവുമാകുന്നു.." (സൂ. ഇസ്റാഅ് : 32). നബി (സ) പറഞ്ഞു: "കണ്ണുകളുടെ വ്യഭിചാരം കാഴ്ചയാണ്, കാതുകളുടെ വ്യഭിചാരം കേൾവിയാണ് , നാവിന്റെ വ്യഭിചാരം സംസാരമാണ്, കൈയുടെ വ്യഭിചാരം പിടുത്തമാണ്. പാദങ്ങളുടെ വ്യഭിചാരം അതിലേക്കുള്ള നടത്തമാണ്. മനസ്സ് കൊതിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്നു, ഗുഹ്യാവയവങ്ങൾ ഒന്നുകിൽ അത് സത്യമാക്കുന്നു; അല്ലെങ്കിൽ അത് തെറ്റാക്കുന്നു". (ബുഖാരി 6243, മുസ്ലിം 2657.)
നാശകരമായ അനന്തരഫലങ്ങളിലേക്ക് നയിച്ചേക്കാവുന്ന ഏതെങ്കിലും വ്യതിയാനമോ പിശകോ ഒഴിവാക്കാനുള്ള ശരീഅത്തിന്റെ അതീവ താൽപ്പര്യം, വിൽക്കൽ വാങ്ങൽ തുടങ്ങിയ അനുവദനീയമായ ആവശ്യകതകളിലും, അല്ലെങ്കിൽ വനിതാ ഡോക്ടറുടെ അഭാവത്തിൽ ഒരു പുരുഷ ഡോക്ടർ ചികിതസിക്കുന്നത് പോലെയുള്ള അനിവാര്യ സന്ദർഭങ്ങളിലും സ്ത്രീകളോടുള്ള പുരുഷന്മാരുടെഇടപെടലുകൾക്ക് ചില പരിധികളും നിയന്ത്രണങ്ങളും അത് ഏർപ്പെടുത്തിയിട്ടുണ്ട്. അവയിൽ ചിലത്:
ദൃഷ്ടികള്‍ താഴ്‌ത്തുക
അല്ലാഹു പറയുന്നു: "( നബിയേ, ) നീ സത്യവിശ്വാസികളോട് അവരുടെ ദൃഷ്ടികള്‍ താഴ്‌ത്തുവാനും, ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും പറയുക. അതാണ് അവര്‍ക്ക് ഏറെ പരിശുദ്ധമായിട്ടുള്ളത്. തീര്‍ച്ചയായും അല്ലാഹു അവര്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി സൂക്ഷ്മമായി അറിയുന്നവനാകുന്നു. * സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, നീ പറയുക." (സൂ. നൂർ 30-31).
ഹസ്‌തദാനവും സ്പർശനവും ഒഴിവാക്കുക
ആഇശ(റ) യിൽ നിന്നും, റസൂൽ(സ)യുടെ സ്ത്രീകളുമായുള്ള ബൈഅത്ത്ന്റെ രൂപം വിശദീകരിച്ച് കൊണ്ട് അവർ പറഞ്ഞു: "ഇല്ല, അല്ലാഹുവാണെ, റസൂൽ(സ) യുടെ കരം ഒരിക്കലും ഒരു സ്ത്രീയുടെയും കരം സ്‌പർശിച്ചിട്ടില്ല". (ബുഖാരി 5288, മുസ്‌ലിം 1866). മഅഖൽ ഇബ്‌നു യസാർ(റ) പറഞ്ഞു: റസൂൽ(സ) പറഞ്ഞിരിക്കുന്നു: " തനിക്ക് അനുവദനീയമല്ലാത്ത ഒരു സ്‌ത്രീയെ ഒരാൾ സ്പർശിക്കുന്നതിനേക്കാൾ അവന് നല്ലത് ഇരുമ്പിന്റെ ചീർപ്പ് കൊണ്ട് അവന്റെ തലയിൽ കുത്തുന്നതാണ്" (ത്വബ്റാനി - അൽ കബീർ: 486. അൽബാനി സ്വഹീഹ് ആക്കിയിട്ടുണ്ട്).
ഒറ്റക്ക് ആകുന്നത് നിരുപാധികമായി ഒഴിവാക്കുക.
നബി (സ) പറഞ്ഞു: "ഒരു പുരുഷനും സ്ത്രീയും ഒരു മഹ്‌റം (വിവാഹം നിഷിദ്ധമായ അടുത്ത ബന്ധു) ഇല്ലാതെ തനിച്ചായിരിക്കരുത്". (ബുഖാരി 5233, മുസ്ലിം 1341). വീണ്ടും അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ഒരാൾ അന്യസ്ത്രീയുടെ കൂടെ തനിച്ചായിരിക്കുകയില്ല, മൂന്നാമനായി അവിടെ പിശാച് ഉണ്ടായിട്ടല്ലാതെ." (അഹമ്മദ് 115). അതിനാൽ ഒറ്റക്കാവുക എന്നത് അല്ലാഹു വിലക്കിയ കാര്യങ്ങളിൽ സ്ത്രീകളെയും പുരുഷന്മാരെയും വീഴ്‌ത്താൻ പിശാച് ഉപയോഗിക്കുന്ന തിന്മയുടെ ആഴമേറിയ ഒരു വാതിലാണ്.
പുരുഷന്മാരുമായുള്ള ഇടപെടലുകൾ ആവശ്യമായി വരുമ്പോൾ ഒരു മുസ്‌ലിം സ്‌ത്രീ നിർബന്ധമായും പാലിക്കേണ്ട പ്രത്യേക നിയന്ത്രണങ്ങളുണ്ട്.
ഒരു മുസ്ലീം സ്ത്രീ മതനിയമത്തിന്റെ പരിധിയിൽ വരുന്ന വസ്‌ത്രധാരണരീതി പാലിക്കണം, അവളുടെ വസ്‌ത്രധാരണത്തിലൂടെ അവൾ ആദ്യം അല്ലാഹുവിന്റെ കൽപന അനുസരിക്കുകയും ശേഷം അവളെ ബഹുമാനിക്കുകയും വാക്കോ പ്രവൃത്തിയോ കാഴ്ചയോ കൊണ്ട് അവളെ ശല്യപ്പെടുത്തരുതെന്ന് പുരുഷന്മാരെ നിർബന്ധിക്കുകയുമാണ് ചെയ്യുന്നത്. അല്ലാഹു പറയുന്നു: "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ" (സൂ. നൂർ 31) വീണ്ടും അല്ലാഹു പറയുന്നു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെമേല്‍ താഴ്‌ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു".(സൂ. അഹ്സാബ് 59 )
സുഗന്ധം പൂശുന്നത് ഒഴിവാക്കുക.
റസൂൽ (സ) പറഞ്ഞു: "ഏതെങ്കിലുമൊരു സ്‌ത്രീ ആളുകൾക്കിടയിലൂടെ അവർക്കതിന്റെ മണം ലഭിക്കാനായി സുഗന്ധം പൂശിയിട്ട് നടന്നാൽ അവൾ വ്യഭിചാരിണിയാണ്" (നസാഈ 5126).
ഗൗരവമായി സംസാരിക്കുക, കൊഞ്ചിക്കുഴയരുത്
അല്ലാഹു പറയുന്നു: "പ്രവാചക പത്നിമാരേ, സ്ത്രീകളില്‍ മറ്റു ആരെപ്പോലെയുമല്ല നിങ്ങള്‍. നിങ്ങള്‍ ധര്‍മ്മനിഷ്ഠ പാലിക്കുന്നുവെങ്കില്‍ നിങ്ങള്‍ (അന്യരോട്) അനുനയ സ്വരത്തില്‍ സംസാരിക്കരുത്. അപ്പോള്‍ ഹൃദയത്തില്‍ രോഗമുള്ളവന് മോഹം തോന്നിയേക്കും. ന്യായമായ വാക്ക് നിങ്ങള്‍ പറഞ്ഞു കൊള്ളുക". (സൂ. അഹ്സാബ് 32).
മാന്യമായും അടക്കത്തോടെയും നടക്കുക.
തന്റെ പിതാവിന്റെ സന്ദേശം മൂസ(അ)നോട് പറയാൻ വന്ന ശുഐബ് നബി(അ)ന്റെ മകളെ കുറിച്ച് അല്ലാഹു പറയുന്നു: "അപ്പോള്‍ ആ രണ്ട് സ്ത്രീകളില്‍ ഒരാള്‍ നാണിച്ചു കൊണ്ട് അദ്ദേഹത്തിന്‍റെ അടുത്ത് നടന്നു ചെന്നു " (സൂ.ഖസസ്: 25). സ്ത്രീകളോടായി അല്ലാഹു പറയുന്നു: "തങ്ങള്‍ മറച്ചു വെക്കുന്ന തങ്ങളുടെ അലങ്കാരം അറിയപ്പെടുവാന്‍ വേണ്ടി അവര്‍ കാലിട്ടടിക്കുകയും ചെയ്യരുത്.". (സൂ.നൂർ: 31).