നിലവിലെ വിഭാഗം
പാഠം മാതാപിതാക്കളോടുള്ള കടമകൾ
ഇസ്‌ലാം മാതാപിതാക്കൾക്ക് വലിയ ആദരവ് നൽകിയിട്ടുണ്ട്. ഇസ്‌ലാമിലെ ഏറ്റവും പ്രധാനപ്പെട്ട കാര്യമായ അല്ലാഹുവിന്റെ ഏകത്വത്തെ മാതാപിതാക്കളുടെ പ്രീതിയുമായി അല്ലാഹു ബന്ധപ്പെടുത്തിയിട്ടുണ്ട്. അല്ലാഹു പറയുന്നു: "തന്നെയല്ലാതെ നിങ്ങള്‍ ആരാധിക്കരുതെന്നും, മാതാപിതാക്കള്‍ക്ക് നന്‍മചെയ്യണമെന്നും നിന്റെ രക്ഷിതാവ് വിധിച്ചിരിക്കുന്നു. ". (സൂ. ഇസ്റാഅ്: 23). മാതാപിതാക്കളെയാണ് മക്കൾ ഉണ്ടാകാനുള്ള കാരണമായി അല്ലാഹു നിശ്ചയിച്ചത്. മക്കളുടെ സുഖത്തിനും പരിപാലനത്തിനും പരിചരണത്തിനുമായി മാതാപിതാക്കൾ നേരിട്ട ബുദ്ധിമുട്ടുകൾ, യാതനകൾ, രോഗം, ഉറക്കമില്ലായ്മ, വിശ്രമമില്ലായ്മ, മുതലായവയ്ക്ക് പ്രതിഫലം നൽകാനോ ആ പ്രയത്നങ്ങൾ തിരിച്ച് നൽകാനോ ഒരു മക്കൾക്കും സാധിക്കുകയില്ല.
മാതാപിതാക്കൾ തങ്ങളുടെ മക്കൾക്ക് വേണ്ടി നടത്തിയനല്ല പ്രയത്നങ്ങൾക്ക് പ്രതിഫലമായി തങ്ങളുടെ മാതാപിതാക്കളോട് മക്കൾക്ക് ബാധ്യതകൾ നിർവഹിച്ചത് അല്ലാഹുവിന്റെ നീതിയിൽ പെട്ടതാണ്. അല്ലാഹു പറയുന്നു: "തന്റെ മാതാപിതാക്കളോട് നല്ല നിലയില്‍ വര്‍ത്തിക്കാന്‍ മനുഷ്യനോട് നാം അനുശാസിച്ചിരിക്കുന്നു.(സൂ. അൻകബൂത്ത്: 8). വീണ്ടും അവൻ പറയുന്നു: "ഇഹലോകത്ത് നീ അവരോട് നല്ലനിലയില്‍ സഹവസിക്കുക ". (സൂ.ലുഖ്മാൻ: 15). സ്വഹാബിമാരിലൊരാൾ നബി(സ)യുടെ അടുത്ത് വന്ന് പറഞ്ഞു: അല്ലാഹുവിന്റെ ദൂതരെ! ജനങ്ങളിൽ ആരോടാണ് ഞാൻ ഏറ്റവും നന്നായി സഹവസിക്കേണ്ടത്?' നബി(സ) പറഞ്ഞു, 'നിന്റെ ഉമ്മയോട്'. അയാൾ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു, 'നിന്റെ ഉമ്മയോട്'. അയാൾ ചോദിച്ചു: പിന്നെ ആരോടാണ്? നബി(സ) പറഞ്ഞു, 'നിന്റെ ഉമ്മയോട്'. അയാൾ ചോദിച്ചു: പിന്നെ ആരോടാണ്? . അപ്പോൾ നബി(സ) പറഞ്ഞു: 'പിന്നെ നിന്റെ ഉപ്പയോടാണ്' . (ബുഖാരി 5971, മുസ്ലിം 2548).
മാതാപിതാക്കളോട് നന്മ ചെയ്യുന്നതിന്റെ ശ്രേഷ്ഠത
മാതാപിതാക്കളോട് നന്മ ചെയ്യൽ മക്കളുടെ മേൽ നിർബന്ധ ബാധ്യതയാണ്. അവരോടുള്ള നന്മ ചെയ്യലിൽ മഹത്തായ പ്രതിഫലം ഉണ്ട്. മാത്രമല്ല അത് അനുഗ്രഹവും ഉപജീവനവും ലഭിക്കാനും ഇഹലോകത്തിൽ വലിയ നന്മകൾ നേടിയെടുക്കാനും അതിലെല്ലാമുപരി പരലോകത്ത് സ്വർഗാവകാശിയാകാനും കാരണമായിത്തീരുന്നു. നബി(സ) പറഞ്ഞു: " അവൻ മൂക്ക് കുത്തി വീഴട്ടെ (നശിച്ച് പോകട്ടെ), പിന്നെയും അവൻ മൂക്ക് കുത്തി വീഴട്ടെ (നശിച്ച് പോകട്ടെ), പിന്നെയും അവൻ മൂക്ക് കുത്തി വീഴട്ടെ(നശിച്ച് പോകട്ടെ)". സ്വഹാബിമാർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ ആര്?" അവിടുന്ന് പറഞ്ഞു: "മാതാപിതാക്കളിൽ ഒരാൾ അല്ലെങ്കിൽ രണ്ട് പേരും വാർധക്യത്തിൽ ഉണ്ടായിട്ട് (അവർ മുഖേനെ) സ്വർഗത്തിൽ പ്രവേശിക്കാത്തവൻ." (മുസ്‌ലിം 2551)
കർമങ്ങളിൽ വെച്ച് ഏറ്റവും ശ്രേഷ്ഠവും അല്ലാഹുവിലേക്ക് ഏറ്റവും ഇഷ്ടമുള്ളതുമായ കർമങ്ങളിൽ ഒന്നാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യുക എന്നത്. അബ്ദുല്ലാഹിബ്‌നു മസ്ഊദ്(റ) ഏത് പ്രവൃത്തിയാണ് അല്ലാഹുവിന് ഏറ്റവും പ്രിയപ്പെട്ടതെന്ന് നബി ﷺ യോട് ചോദിച്ചപ്പോൾ അവിടുന്നു പറഞ്ഞു: "നമസ്‌കാരം അതിന്റെ സമയത്ത് നിർവ്വഹിക്കൽ". അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: "മാതാപിതാക്കൾക്ക് നന്മ ചെയ്യൽ". അദ്ദേഹം വീണ്ടും ചോദിച്ചു: പിന്നെ ഏതാണ്? അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ മാർഗ്ഗത്തിലുള്ള ജിഹാദ്." (ബുഖാരി: 527, മുസ്‌ലിം 85)
ഐച്ഛികമായ ധർമ സമര (ജിഹാദ്) ത്തേക്കാൾ ശ്രേഷ്ഠമായതാണ് മാതാപിതാക്കൾക്ക് നന്മ ചെയ്യൽ. ഒരാൾ നബി(സ)യുടെ അടുക്കലേക്ക് വന്നിട്ട് പറഞ്ഞു: "ഞാൻ ജിഹാദ് ചെയ്യട്ടെ" അവിടുന്ന് ചോദിച്ചു: "നിനക്ക് മാതാപിതാക്കളുണ്ടോ?" അയാൾ പറഞ്ഞു: "അതെ, ഉണ്ട്" അവിടുന്ന് പറഞ്ഞു: "അപ്പോൾ അവരിലേക്ക് പോയി അവരിൽ ജിഹാദ് ചെയ്യൂ (അവർക്ക് നന്മ ചെയ്‌ത് കൊണ്ട്" (ബുഖാരി 5972,മുസ്‌ലിം 2549)
മാതാപിതാക്കളെ ദ്രോഹിക്കൽ
മാതാപിതാക്കളെ ദ്രോഹിക്കൽ മഹാ പാതകമായിട്ടാണ് ഇസ്‌ലാം പഠിപ്പിക്കുന്നത്. നബി(സ) പറഞ്ഞതായി കാണാം: "വൻ പാപങ്ങളിൽ പെട്ടതാണ്; അല്ലാഹുവിൽ പങ്ക് ചേർക്കൽ (ശിർക്ക്), മാതാപിതാക്കളെ ദ്രോഹിക്കൽ... (ബുഖാരി 6919, മുസ്ലിം87).