നിലവിലെ വിഭാഗം
പാഠം പ്രവാചകൻ (സ) എന്ന ഭർത്താവ്.
മനുഷ്യന്മാരിൽ നിന്ന് തന്നെ ഒരു ദൂതനെ നിയോഗിച്ചു എന്നത് അല്ലാഹുവിന്റെ യുക്തിയിൽ പെട്ടതാണ്. അപ്പോഴാണ് മനുഷ്യർക്ക് അവിടുത്തെ സ്വഭാവ ഗുണങ്ങളനുസരിച്ച് സ്വന്തം സ്വഭാവം രൂപപ്പെടുത്തുകയും അവിടുന്ന്പ്രവർത്തിക്കുന്നത് പോലെ പ്രവർത്തിക്കുകയും ചെയ്‌ത് കൊണ്ട് ദൈവ ദൂതനെ മാതൃകയാക്കാൻ സാധിക്കുക. അല്ലാഹുവിന്റെ ഗ്രന്ഥവും അവന്റെ പ്രവാചകന്റെ ചര്യയും പിൻപറ്റുന്നതിലൂടെയും പ്രവാചകന്റെ കാൽപാടുകൾ പിന്തുടരുകയും ചെയ്യുന്നതിലൂടെയുമാണ് ഒരു മുസ്ലിമിന്റെ ഇഹപര സന്തോഷം നിലകൊള്ളുന്നത്. അതിനാൽ തന്നെ നബി(സ)യുടെ ചരിത്രവും തിരു ചര്യയും മനസ്സിലാക്കി തന്റെ ഏത് അവസ്ഥയിലും അത് പിന്തുടരാൻ കഠിന പ്രയത്നം നടത്തൽ മുസ്‌ലിമിന് അനിവാര്യമാണ്.
തന്റെ വീട്ടിലും ഭാര്യമാരുടെ കൂടെയുമുള്ള നബി(സ)യുടെ ജീവിതം മാനവരാശിക്ക് മുഴുവൻ മഹനീയ മാതൃകയാണ്. തങ്ങളുടെ കുടുംബ ജീവിതം കൊണ്ട് ഇഹലോകത്തിൽ സന്തോഷവും പരലോകത്തിൽ സ്വർഗ്ഗവും നേടണമെന്ന് ആഗ്രഹിക്കുന്ന ഓരോ ഭർത്താവും പിന്തുടരേണ്ട ചര്യയാണ് അവിടുത്തേത്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നിങ്ങള്‍ക്ക് അല്ലാഹുവിന്റെ ദൂതനില്‍ ഉത്തമമായ മാതൃകയുണ്ട്. അതായത് അല്ലാഹുവെയും അന്ത്യദിനത്തെയും പ്രതീക്ഷിച്ചു കൊണ്ടിരിക്കുകയും, അല്ലാഹുവെ ധാരാളമായി ഓര്‍മിക്കുകയും ചെയ്തു വരുന്നവര്‍ക്ക്." (സൂ. അഹ്സാബ് 21).
തന്റെ ഭാര്യമാരോടുള്ള റസൂൽ(സ) മഹത്തായ പെരുമാറ്റ രീതി
ആഇശ(റ)യിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "നിങ്ങളിൽ ഏറ്റവും ഉത്തമർ തന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവരാണ്, ഞാനാണ് നിങ്ങളിൽ എന്റെ കുടുംബത്തോട് ഏറ്റവും നന്നായി പെരുമാറുന്നവൻ" (തുർമുദി 3895). ഇവിടെ തങ്ങളുടെ സ്‌ത്രീകളോട് നല്ല നിലയിൽ വർത്തിക്കാൻ തന്റെ സമുദായത്തിലെ പുരുഷന്മാരോട് നബി(സ) കൽപിക്കുകയാണ്. അങ്ങനെ ചെയ്യുന്നവരെ അവിടുന്ന് പ്രകീത്തിക്കുകയും ചെയ്യുന്നു. എന്നിട്ട് അവർക്ക് അതിനുള്ള മാതൃക അവിടുന്നാണെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു.
തന്റെ ഭാര്യമാരെ സന്തോഷിപ്പിക്കാനും അവരുടെ മതത്തിൽ അനുവദിക്കപ്പെട്ട ആഗ്രഹങ്ങൾ നിറവേറ്റാനുമുള്ള പ്രവാചകൻ (സ)യുടെ താൽപര്യം
ആഇശ(റ)യിൽ നിന്നും, അവർ പറഞ്ഞു: "നബി(സ) തന്റെ തട്ടം കൊണ്ട് എന്നെ പുതപ്പിക്കുന്നതായി ഞാൻ മനസ്സിലാക്കി, അപ്പോൾ ഞാൻ അബിസീനിയക്കാർ പള്ളിയിൽ (കുന്തം കൊണ്ട്) കളിക്കുന്നത് നിരീക്ഷിക്കുകയായിരുന്നു. എനിക്ക് മതിയാകുന്നത് വരെ ഇത് (ആ കളി കാണൽ) തുടർന്നു. അതിനാൽ കളി വിനോദങ്ങളോട് താത്പര്യമുള്ള ഒരു പുതു പെണ്ണിന്റെ താത്പര്യത്തിന് നിങ്ങൾ വില കല്പിക്കുക" (ബുഖാരി 5236, മുസ്ലിം 892). അതിനാൽ ഒരു ഭർത്താവ് വിവേകമുള്ളവനും ഭാര്യയുടെ ആഗ്രഹങ്ങളെ പരിഗണിക്കുകയും അവളുടെ മതപരമായി അനുവദിക്കപ്പെട്ട മാനസിക ആവശ്യങ്ങൾ മാനിക്കുകയും അവൾക്കുവേണ്ടി അത് നിറവേറ്റുകയും ചെയ്യുന്നവനാവുക എന്നതാണ് ഈ വിഷയത്തിൽ പ്രവാചകനെ പിൻപറ്റൽ.
ഒരാൾ തന്റെ ഭാര്യയുമായി കളി വിനോദങ്ങളിൽ ഏർപ്പെടുന്നത് അനുവദനീയമായ കളിയായി റസൂൽ(സ) എണ്ണിയിട്ടുണ്ട്. നബി(സ) പറഞ്ഞു: ഒരു മനുഷ്യൻ വിനോദിക്കുന്നതെല്ലാം വ്യർത്ഥമാണ്. വില്ല് കൊണ്ടുള്ള തന്റെ അമ്പേറും, തന്റെ കുതിരയെ അഭ്യസിക്കലും,കുടുംബത്തോടുള്ള കളി തമാശയും ഒഴിച്ച്. ഇവയാകട്ടെ അർത്ഥവത്തായതിൽ പെട്ടതുമാണ്. (അഹ്‌മദ് 17337)
ആഇശ(റ) യിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട സംഭവത്തിൽ ഇപ്രകാരം കാണാം, അവർ നബി(സ)യോടൊപ്പം ഒരു യാത്രയിലായിരുന്നു, അവർ പറയുന്നു: അന്ന് ഞാനും നബിയും മത്സരിച്ചു. ഞാന്‍ വിജയിക്കുകയും ചെയ്തു. കുറേ കാലം കഴിഞ്ഞ് എന്റെ തടിയെല്ലാം കൂടിയ ശേഷം ഞാന്‍ നബിയോടൊപ്പം മത്സരിച്ചു. നബി (സ) എന്നെ പരാജയപ്പെടുത്തി. എന്നിട്ട് അവിടുന്ന് പറഞ്ഞു: "ഇത് അന്നത്തെതിനു പകരമാണ്". (അബൂ ദാവൂദ് 2578). ദാമ്പത്യ ജീവിതം നിശ്ചലവും വിരസവുമാകാതിരിക്കാൻ പ്രവാചകൻ തന്റെ ഭാര്യമാരുമായി കളിക്കുകയും അവരോട് തമാശ പറയുകയും ചെയ്യാറുണ്ടായിരുന്നു.
കുടുംബ പരമായ പ്രശ്നങ്ങളിൽ നബി(സ)യുടെ യുക്തിസഹമായ ഇടപെടലുകൾ
കുടുംബാംഗങ്ങൾ തമ്മിൽ ചെറുതായെങ്കിലും അസ്വാരസ്യങ്ങളില്ലാത്ത ഒരു വീടുമുണ്ടാകാനിടയില്ല. അപ്പോൾ ഇത്തരം വിഷമ ഘട്ടങ്ങളിൽ എങ്ങനെ ഇടപെടണമെന്ന മഹത്തായ മാതൃക നബി(സ) നമുക്ക് വിവരിച്ച് തന്നിട്ടുണ്ട്. അനസ്(റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു; നബി(സ) തന്റെ ഭാര്യമാരിൽ ഒരാളുടെ കൂടെയായിരിക്കെ മറ്റൊരു ഭാര്യ അവിടുത്തേക്ക് ഒരു പാത്രത്തിൽ ഭക്ഷണം കൊടുത്തയച്ചു, അപ്പോൾ പ്രവാചകൻ (സ) ആരുടെ വീട്ടിൽ താമസിച്ചിരുന്നോ ആ ഭാര്യ (കോപത്തോടെ) ആ ഭൃത്യന്റെ കൈയിൽ അടിച്ചു. പാത്രം (താഴെ വീണു) തകർന്നു. ഉടനെ (ദേഷ്യപ്പെടാതെ) നബി(സ) പൊട്ടിയ പാത്രത്തിന്റെ കഷ്ണങ്ങൾ ഒരുമിച്ചു വെച്ചു. എന്നിട്ട് ആ പാത്രത്തിൽ ഉണ്ടായിരുന്ന ഭക്ഷണം വീണ്ടും അതിലേക്ക് തന്നെ ആക്കി. എന്നിട്ട് അവിടുന്ന് പറഞ്ഞു: 'നിന്റെ മാതാവ് ദേഷ്യത്തിലാണ്". അങ്ങനെ ആ ഭൃത്യനെ അവിടെ തന്നെ നിർത്തുകയും ആ വീട്ടിലുള്ള ഒരു പാത്രം കൊണ്ട് വന്ന് പൊട്ടിയ പാത്രത്തിന് പകരമായി നൽകാൻഭൃത്യനെ ഏൽപിക്കുകയും ചെയ്‌തു. പൊട്ടിയ പാത്രം ആ വീട്ടിൽ തന്നെ ഉപേക്ഷിച്ചു. (ബുഖാരി 5225).
തന്റെ ഭാര്യമാരുടെയോ വീട്ടുകാരുടെയോ സ്വാഭാവിക വികാരങ്ങളിൽ നിന്ന് ഉരുത്തിരിഞ്ഞ പ്രവർത്തനങ്ങളൊന്നും നബി(സ)യുടെ മനസ്സിനെ അസ്വസ്ഥമാക്കിയിരുന്നില്ല. എല്ലാ സാഹചര്യങ്ങളെയും അദ്ദേഹം നയത്തോടെയും വിവേകത്തോടെയും കൈകാര്യം ചെയ്തു. സാഹചര്യം വഴക്കിന്റെയും കലഹത്തിന്റേയുമായാലും തന്റെ വിവേകം, അതി വൈകാരികതയില്ലായ്മ, കോപമില്ലായ്മ എന്നിവ കൊണ്ട് അവിടുന്ന് സാഹചര്യം മാറ്റുകയും എല്ലാ കക്ഷികളോടും നീതി പുലർത്തുകയും ചെയ്‌തു.
പ്രവാചകൻ (സ) തന്റെ ഭാര്യമാരുടെ രോഷ പ്രകടനം സ്വീകരിക്കുകയും അത്തരം സന്ദർഭങ്ങളിൽ അവരോട് നന്മയോടും കരുണയോടും കൂടി പ്രതികരിക്കുകയും ചെയ്യുമായിരുന്നു അവിടുന്ന്. ആഇശ(റ)യിൽ നിന്നും, അവർ പറഞ്ഞു: "നബി(സ) എന്നോട് പറഞ്ഞു, 'നീ എന്നിൽ തൃപ്തനാകുമ്പോഴും നീ എന്നോട് ദേഷ്യപ്പെടുമ്പോഴും എനിക്ക് (നിന്നെ കുറിച്ച്) നന്നായി അറിയാം'. ഞാൻ ചോദിച്ചു: 'നിങ്ങൾക്കെങ്ങനെ അറിയാം?' അവിടുന്ന് പറഞ്ഞു: 'നീ എന്നോട് തൃപ്തിപ്പെട്ടാൽ, 'മുഹമ്മദിന്റെ രക്ഷിതാവിനെ തന്നെയാണ' എന്നാണ് നീ പറയാറ്, എന്നാൽ നിനക്ക് എന്നോട് ദേഷ്യമുണ്ടെങ്കിൽ, 'ഇബ്രാഹിമിന്റെ രക്ഷിതാവിനെ തന്നെയാണ' എന്നാണ് നീ പറയാറ്.' ഞാൻ പറഞ്ഞു, 'അല്ലാഹുവാണ,' തീർച്ചയായും! അതെ (സത്യമാണ്,)അല്ലാഹുവിന്റെ ദൂതരേ, നിങ്ങളുടെ പേരിനെയല്ലാതെ ഞാൻ ഒഴിവാക്കാറില്ല (അദ്ദേഹത്തെ വെറുക്കാറില്ല).'' (ബുഖാരി 5228, മുസ്ലിം 2439).
തന്റെ ഭാര്യമാരോടൊപ്പമുള്ള നബി(സ)യുടെ നല്ല സഹവാസം
നബി (സ) തന്റെ ഭാര്യമാരോടുള്ള കരുണയും ലഘൂകരണവും ആയിക്കൊണ്ട് അവരെ വീട്ടു ജോലികളിൽ സഹായിച്ചിരുന്നു. തന്റെ വ്യക്തിപരമായ കാര്യങ്ങൾ സ്വയം നിർവഹിക്കുക എന്നത് അവിടുത്തെ സ്വഭാവ ഗുണത്തിൽ പെട്ടതാണ്.
നബി(സ) അവിടുത്തെ വീട്ടിൽ എങ്ങനെ ആയിരുന്നുവെന്ന് ചോദിക്കപ്പെട്ടപ്പോൾ ആഇശ(റ) പറഞ്ഞു: " അവിടുന്ന് തന്റെ കുടുംബത്തിന്റെ സേവനത്തിൽ (പരിചരണത്തിൽ) ആയിരിക്കും, അങ്ങനെ നമസ്‌കാര സമയമായാൽ അവിടുന്ന് നമസ്‌കാരത്തിനായി പുറപ്പെടും" (ബുഖാരി 676). മറ്റൊരു ഹദീസിൽ അവർ ഇപ്രകാരം പറഞ്ഞു: "അവിടുന്ന് തന്റെ ചെരിപ്പ് നന്നാക്കുകയും തന്റെ വസ്‌ത്രം തുന്നുകയും ചെയ്യുമായിരുന്നു, നിങ്ങളിലൊരാൾ തങ്ങളുടെ വീടുകളിൽ ജോലി ചെയ്യുന്നത് പോലെ അവിടുന്നും തന്റെ വീട്ടിലെ ജോലികൾ ചെയ്തിരുന്നു"(അഹ്‌മദ് 25341).
തന്റെ ഭാര്യമാരോടുള്ള സ്‌നേഹ പ്രകടനത്തിന്റെ ചില രൂപങ്ങൾ:
അവരെ വിളിക്കാൻ സ്നേഹത്തിന്റെ വാക്കുകൾ ഉപയോഗിക്കുന്നു.
ഒരു ഹദീസിൽ പ്രവാചകൻ(സ) ആഇശ(റ) യെ അഭിസംബോധന ചെയ്യുന്നത് ഇപ്രകാരമാണ്: "ഏ ആഇശ്.! ഇതാ ജിബ്‌രീൽ നിനക്ക് സലാം പറഞ്ഞിരിക്കുന്നു" (ബുഖാരി 3768).
ഭർത്താവ് ഭാര്യയെ ഭക്ഷിപ്പിക്കൽ
സഅദ് ഇബ്‌നു അബീ വഖാസ്(റ)വിൽ നിന്നും, റസൂൽ(സ) അദ്ദേഹത്തോട് പറഞ്ഞു: "നീ എന്തോന്ന് ചിലവഴിച്ചാലും അത് സ്വദഖ(ദാന ധർമം) ആണ്, നിന്റെ ഭാര്യയുടെ വായിലേക്ക് നീ വെച്ച് കൊടുക്കുന്ന ഉരുള പോലും (സ്വദഖയാണ്). (ബുഖാരി 2742).
ഭർത്താവ് ഭാര്യയോടുള്ള സ്നേഹം തുറന്ന് പറയൽ
അംറ് ഇബ്‌നുൽ ആസ് (റ) വിൽ നിന്നും, നബി (സ) അദ്ദേഹത്തെ സൈന്യ നായകനായി 'ദാതു സലാസിൽ' യുദ്ധസേനയിലേക്ക് അയച്ചു. അദ്ദേഹം പറയുന്നു: ഞാൻ അദ്ദേഹത്തിന്റെ അടുക്കൽ ചെന്നിട്ട് ചോദിച്ചു: "ജനങ്ങളിൽ താങ്കൾക്ക് ഏറ്റവും ഇഷ്ടം ആരോടാണ്?" അവിടുന്ന് പറഞ്ഞു: "ആഇശ" (ബുഖാരി 3662, മുസ്‌ലിം 2384).
അവരുടെ സംഭാഷണം ശ്രദ്ധിക്കുകയും അതിന് പ്രാധാന്യം കൊടുക്കുകയും ചെയ്യുക.
ഉമ്മു സറഇന്റെ സുദീർഘമായ ഹദീസാണ് ഇതിന് തെളിവ്. അതിൽ പതിനൊന്ന് സ്ത്രീകൾ അവരുടെ ഭർത്താക്കന്മാരുമായി ബന്ധപ്പെട്ട അവരുടെ അവസ്ഥ വിവരിക്കുന്ന കഥ ആഇശ (റ)വിവരിച്ചു, അങ്ങനെ അവർക്കിടയിൽ സംഭവിച്ചത് മുഴുവൻ ആഇശ(റ) വിവരിച്ച് പൂർത്തിയാക്കുന്നത് വരെ നബി(സ) അത് കേട്ടുകൊണ്ടിരുന്നതായി കാണാം.
തന്റെ ഭാര്യമാർക്ക് വേണ്ടി നബി(സ)യുടെ ഒരുങ്ങൽ
ആഇശ(റ) യോട് ചോദിക്കപ്പെട്ടു; "നബി(സ) അവിടുത്തെ വീട്ടിലേക്ക് പ്രവേശിച്ചാൽ ആദ്യമായി ചെയ്യുന്നതെന്താണ്? "അവർ പറഞ്ഞു: "ദന്ത ശുദ്ധീകരണം നടത്തും" (മുസ്‌ലിം 253). അവർ പറഞ്ഞു: " ഞാൻ നബി(സ) യെ ലഭ്യമായ ഏറ്റവും നല്ല സുഗന്ധം കൊണ്ട് സുഗന്ധം പൂശിയിരുന്നു, അങ്ങനെ ആ സുഗന്ധത്തിന്റെ അടയാളം (മണം) അവിടുത്തെ താടിയിലും തലയിലും എനിക്ക് കാണാൻ കഴിഞ്ഞിരുന്നു" (ബുഖാരി 5923).
തന്റെ ഭാര്യമാരോടുള്ള നബി(സ)യുടെ ബാധ്യതാ നിർവഹണം
ഈ ബാധ്യതാ നിർവഹണത്തിന്റെ ഏറ്റവും പ്രകടമായ രൂപമാണ് ഖദീജ(റ) ഇഹലോകവാസം വെടിഞ്ഞ് വർഷങ്ങൾക്കിപ്പുറവും നബി(സ) അവരോട് കാണിച്ച സ്നേഹം. നബി(സ) യുടെ മകളായ സൈനബ് (റ) ബദറിൽ ബന്ദിയാക്കപ്പെട്ട അവരുടെ ഭർത്താവായ (ഇസ്‌ലാമിന് മുമ്പാണ് അവരെ അയാൾ വിവാഹം ചെയ്തിരുന്നത്) അബുൽ ആസിനെ മോചിപ്പിക്കാൻ വേണ്ടി മോചനദ്രവ്യമായി ഖദീജ(റ) അവർക്ക് സമ്മാനിച്ച മാല കൊടുത്തയച്ചു. ആ മാല കണ്ടപ്പോൾ അവിടുത്തേക്ക് വല്ലാത്ത വിഷമം തോന്നി, അവിടുന്ന് പറഞ്ഞു: "നിങ്ങൾ ഉദ്ദേശിക്കുന്നുവെങ്കിൽ ആ തടവ് കാരനെ മോചിപ്പിക്കുകയും ആ മോചനദ്രവ്യം (ആ മാല) അവൾക്ക് തന്നെ തിരിച്ച് നൽകുകയും ചെയ്യുക" (അബൂ ദാവൂദ് 2692). അവരോടുള്ള അവിടുത്തെ ബാധ്യതാ നിർവഹണത്തിന്റെ മറ്റൊരുദാഹരണമാണ് അവരെ കാണുകയോ അവരുടെ സമകാലികയോ പോലും അല്ലാത്ത ആഇശ(റ) ക്ക് അവരോട് നീരസം തോന്നിയത്. ആഇശ(റ) പറയുന്നു: "ഖദീജയോട് നീരസം (അസൂയ) തോന്നിയത് പോലെ പ്രവാചക പത്നിമാരിൽ മറ്റൊരാളോടും എനിക്ക് നീരസം തോന്നിയിട്ടില്ല, ഞാൻ അവരെ കണ്ടിട്ട് പോലുമില്ല, പക്ഷേ നബി(സ) അവരെ കൂറിച്ച് ധാരാളം സ്മരിക്കുമായിരുന്നു, ആടിനെ അറുക്കുകയാണെങ്കിൽ അവിടുന്ന് അതിന്റെ ഓഹരികൾ ഖദീജയുടെ സുഹൃത്തുക്കൾക്ക് കൊടുത്തയക്കുമായിരുന്നു, ചിലപ്പോഴൊക്കെ ഞാൻ അവിടുത്തോട് പറഞ്ഞിരുന്നു: "ഈ ലോകത്ത് ഖദീജയല്ലാതെ വേറൊരു പെണ്ണില്ലാത്ത പോലെയാണല്ലോ എന്ന് " അപ്പോൾ അവിടുന്ന് പറയുമായിരുന്നു: "അവൾ അവളായിരുന്നു, അവൾ അവളായിരുന്നു, അവളിലാണ് എനിക്ക് മക്കൾ ഉണ്ടായത്..... " (ബുഖാരി 3818, മുസ്‌ലിം 2435)
പ്രവാചകൻ (സ) തന്റെ ഭാര്യമാർക്കിടയിൽ നീതിപാലിച്ചതിന്റെ ഉദാഹരണങ്ങൾ:
തന്റെ ഭാര്യമാരോടുള്ള പ്രവാചകൻ (സ)യുടെ ബഹുമാനവും അവരോട് ഉപദേശം തേടലും
ഹുദൈബിയ ദിവസം തന്റെ പത്നി ഉമ്മു സലമയോട് നബി(സ) നടത്തിയ കൂടിയാലോചന ഇതിന് വ്യക്തമായ ഉദാഹരണമാണ്. "നബി(സ) ഹുദൈബിയയുടെ അന്ന് തന്റെ അനുചരന്മാരോട് ബലി അറുക്കാനും തല മുണ്ഡനം ചെയ്യാനും ആവശ്യപ്പെട്ടെങ്കിലും അവരിൽ ഒരാൾ പോലും ചെയ്‌തില്ല. അങ്ങനെ അവിടുന്ന് ഉമ്മു സലമ(റ) യുടെ അടുക്കലേക്ക് ചെന്ന് ജനങ്ങളിൽ നിന്ന് നേരിട്ട അനുഭവം വിശദീകരിച്ചപ്പോൾ ഉമ്മു സലമ (റ) പറഞ്ഞു: "അല്ലാഹുവിന്റെ പ്രവാചകരെ, അവർ അനുസരിക്കാൻ താങ്കൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ താങ്കൾ അവരുടെ അടുക്കലേക്ക് പോവുക, എന്നിട്ട് അവരോട് ഒന്നും സംസാരിക്കാതെ താങ്കളുടെ ബലി മൃഗത്തെ അറുക്കുകയും തലമുണ്ഡനം ചെയ്യുന്ന ആളെ വിളിച്ച് താങ്കളുടെ തല മുണ്ഡനം ചെയ്യിക്കുകയും ചെയ്യുക" അങ്ങനെ അവിടുന്ന് പുറത്തേക്ക് പോവുകയും അവരോട് ഒന്നും സംസാരിക്കാതെ തന്റെ ബലി മൃഗത്തെ അറുക്കുകയും തലമുണ്ഡനം ചെയ്യുന്ന ആളെ വിളിച്ച് തന്റെ തല മുണ്ഡനം ചെയ്യിക്കുകയും ചെയ്‌തു. അങ്ങനെ അവർ അത് (പ്രവാചകൻ ചെയ്‌തത്) കണ്ടപ്പോൾ അവരൊക്കെ എഴുന്നേറ്റ് ബലി അറുക്കുകയും തല മുണ്ഡനം ചെയ്യുകയും ചെയ്‌തു" (ബുഖാരി 2731).