പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ത്വലാഖ് (വിവാഹ മോചനം)

ത്വലാഖ് എന്ന ആശയത്തെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില നിയമങ്ങളെ കുറിച്ചും ഈ പാഠഭാഗത്തിൽ നമുക്ക് പഠിക്കാം.

  • ത്വലാഖിന്റെ ആശയം മനസിലാക്കുക. 
  • ത്വലാഖുമായി ബന്ധപ്പെട്ട ഇസ്‌ലാമിലെ ചില നന്മകൾ മനസിലാക്കുക. 
  • ത്വലാഖിന്റെ ഗുണ ദോഷങ്ങൾ വിശദീകരിക്കുക. 
  • ത്വലാഖിന്റെ ഇനങ്ങൾ മനസിലാക്കുക. 
  • ഇദ്ദയെ കുറിച്ചും അതുമായി ബന്ധപ്പെട്ട ചില കാര്യങ്ങളെ കുറിച്ചും മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഉറപ്പുള്ള കരാർ

കുടുംബ ജീവിതം കാത്ത് സൂക്ഷിക്കാൻ ഇസ്‌ലാം അതിയായി പ്രോത്സാഹിപ്പിക്കുന്നുണ്ട്. ഖുർആൻ ഉറപ്പേറിയത് എന്ന് വിശേഷിപ്പിച്ച ഒരു കരാറിലൂടെ ദാമ്പത്യ ബന്ധത്തെ അത് സംരക്ഷിക്കുകയും ചെയ്യുന്നു. ആ ഉറപ്പേറിയ കരാർ അത് വിവാഹ കരാർ (നികാഹ്) ആണ്.

ഭാര്യയെ വെറുക്കുകയോ അവരിൽ നിന്ന് ചില കാര്യങ്ങൾ വെറുക്കുകയോ ചെയ്താലും വിവാഹമോചനം ചെയ്യരുതെന്ന് ഉപദേശിച്ചു കൊണ്ട് ഇസ്‌ലാം വിവാഹ ബന്ധത്തിന്റെ സംരക്ഷണത്തിന് ഊന്നൽ നൽകുന്നു. അല്ലാഹു പറയുന്നു: "അവരോട്‌ നിങ്ങള്‍ മര്യാദയോടെ സഹവര്‍ത്തിക്കേണ്ടതുമുണ്ട്‌. ഇനി നിങ്ങള്‍ക്കവരോട്‌ വെറുപ്പ്‌ തോന്നുന്ന പക്ഷം (നിങ്ങള്‍ മനസ്സിലാക്കുക) നിങ്ങളൊരു കാര്യം വെറുക്കുകയും അതേ കാര്യത്തില്‍ അല്ലാഹു ധാരാളം നന്മ നിശ്ചയിക്കുകയും ചെയ്തെന്ന്‌ വരാം. ". (നിസാഅ്: 19). ഈ ഉറപ്പുള്ള കരാർ തകർത്ത് കളയുന്ന നിലക്ക് ഒരു സ്ത്രീയെ ഭർത്താവിനെതിരെ പ്രേരിപ്പിച്ച് ഇണകൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നതിനെതിരെ ഇസ്‌ലാം ശക്തമായി മുന്നറിയിപ്പ് നൽകുന്നു, . അബൂഹുറയ്‌റ(റ) വില നിന്നും, റസൂൽ (സ) പറഞ്ഞു: "ഒരു സ്ത്രീയെ അവളുടെ ഭർത്താവിനെതിരെ വഞ്ചിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നവൻ നമ്മിൽ പെട്ടവനല്ല." (അബൂദാവൂദ് 2175).

ഇസ്‌ലാമിന്റെ പ്രായോഗികത

ദാമ്പത്യ ബന്ധം തുടർന്ന് പോകുന്നതിൽ ഇസ്‌ലാമിന് അതിയായ താൽപ്പര്യമുണ്ടെങ്കിലും, ആളുകളുടെ സഹജവാസനകൾക്ക് എതിരായി പോവുകയോ അവരുടെ ആഗ്രഹങ്ങളെ കീഴ്പ്പെടുത്തുകയോ സമ്മർദ്ദം ചെലുത്തുകയോ ചെയ്യാത്ത ഒരു പ്രായോഗിക മതമാണിത്. മറിച്ച് അവരുടെ സാഹചര്യങ്ങളും വികാരങ്ങളും ആവശ്യങ്ങളും കണക്കിലെടുക്കുന്നു. ദാമ്പത്യജീവിതം തുടരുന്നത് പല സന്ദർഭങ്ങളിലും അത് അവസാനിപ്പിക്കുന്നതിനേക്കാൾ ദോഷകരമാണെന്നും വിവാഹമോചനം ചിലപ്പോൾ ആവശ്യമായി വന്നേക്കാം എന്നും അല്ലാഹുവിന് അറിയാം. അത് കൊണ്ട് തന്നെ ത്വലാഖ് എന്നത് ഏറെ കഠിനവും ഉപദ്രവുമാണെങ്കിലും അത് അനുവദനീയമാക്കിയതിൽ അല്ലാഹുവിന്റെ മഹത്തായ യുക്തിയും വിശാലതയും നമുക്ക് കാണാൻ സാധിക്കും.

ത്വലാഖിന്റെ സാധുത

ത്വലാഖ് അനുവദനീയമാണെന്ന ഒരുപാട് പ്രസ്‌താവനകൾ വിശുദ്ധ ഖുർആനിലും തിരുസുന്നത്തിലും വന്നിട്ടുണ്ട്. അതിന്റെ വിധികൾ വ്യവസ്ഥപ്പെടുത്തുന്നതും മര്യാദകൾ വിശദീകരിക്കുന്നതുമായ ആയത്തുകളും ഹദീസുകളും വന്നിട്ടുണ്ടെന്ന് മാത്രമല്ല ഖുർആനിലെ ഒരധ്യായത്തിന്റെ പേര് പോലും "സൂറത്ത് ത്വലാഖ്" എന്നാണ്.

ത്വലാഖ് ഭാഷയിൽ

കെട്ടഴിക്കുക, വിട്ടയക്കുക എന്നൊക്കെയാണ് ഇതിന്റെ ഭാഷാർത്ഥം.

ത്വലാഖ് മതത്തിൽ.

ഉടൻ പ്രാബല്യത്തിൽ വരുന്ന നിലക്കോ അല്ലെങ്കിൽ കാല താമസം വരുന്ന നിലക്കോ വിവാഹമോചനം പ്രഖ്യാപിക്കുന്ന ചില പ്രത്യേക വാക്കുകളാൽ വിവാഹ കരാർ റദ്ദാക്കലാണ് ത്വലാഖ് . "തലാഖ്" (വിവാഹമോചനം) എന്ന നിശ്ചിത വാക്കോ അല്ലെങ്കിൽ "ബാഇൻ" (വേർപിരിയൽ), "ഹറാം", "ഇത് ലാഖ് " (വിട്ടയക്കൽ) പോലെയുള്ള ആലങ്കാരിക പദങ്ങളോ ഉപയോഗിക്കാവുന്നതാണ്. ഈ വാക്കുകൾക്ക് പകരമായി എഴുത്തുകളോ സൂചനകളോ ധാരണകളോ ആയാലും മതിയാകുന്നതാണ്. "ഖുൽഅ്" എന്ന വാക്കും വിവാഹ മോചന സമയത്തെ ജഡ്ജിയുടെ "നിന്നെ വേർപിരിച്ചിരിക്കുന്നു (ഫർറഖ്ത)" എന്ന വാക്കും ത്വലാഖ് എന്ന പദവുമായി ചേർന്ന് നിൽക്കുന്ന പദങ്ങളാണ്.

ത്വലാഖിന്റെ നേട്ടങ്ങൾ

١
ആദ്യ കുടുംബത്തിൽ നഷ്‌ടമായ സമാധാനം വീണ്ടെടുക്കുന്ന തരത്തിൽ പുതിയ രണ്ട് കുടുംബങ്ങളുടെ നിർമാണത്തിന് വഴി തുറക്കുന്നു. അല്ലാഹുവിന്റെ ഔദാര്യം വിശാലമാണ്. അല്ലാഹു പറയുന്നു: "ഇനി അവര്‍ ഇരുവരും വേര്‍ പിരിയുകയാണെങ്കില്‍ അല്ലാഹു അവന്റെ വിശാലമായ കഴിവില്‍ നിന്ന്‌ അവര്‍ ഓരോരുത്തര്‍ക്കും സ്വാശ്രയത്വം നല്‍കുന്നതാണ്‌. അല്ലാഹു വിപുലമായ കഴിവുള്ളവനും യുക്തിമാനുമാകുന്നു." (സൂ. നിസാഅ് 130)
٢
വെറുപ്പും നീരസവും നിറഞ്ഞ ഒരു ജീവിതം തുടരുന്നതിലൂടെ ഉണ്ടാകാവുന്ന വലിയ തിന്മകളെ തടയുന്നു, അത് ചിലപ്പോൾ അധാർമികതയിലേക്ക് നയിച്ചേക്കാം, അല്ലാഹു കാത്തു രക്ഷിക്കട്ടെ.
٣
ആദ്യ വിവാഹത്തിന്റെ അനുഭവങ്ങളിൽ നിന്ന് പാഠങ്ങൾ ഉൾകൊണ്ട് പല കാര്യങ്ങളിലും പുനർവിചിന്തനം നടത്തുകയും രണ്ടാം വിവാഹത്തിന്റെ വിജയത്തിന് സഹായിക്കുന്ന നിലക്ക് അതിലെ പോരായ്മകൾ തിരിച്ചറിഞ്ഞ് അവയെ മറികടക്കാൻ ശ്രമിക്കുകയും ചെയ്യാൻ സാധിക്കുന്നു.
٤
വിദ്വേഷത്തിലേക്കും തെറ്റായ പെരുമാറ്റത്തിലേക്കും ബന്ധങ്ങളുടെ തകർച്ചയിലേക്കും നയിക്കുന്ന സംഘർഷങ്ങളും പ്രശ്നങ്ങളും അവസാനിപ്പിക്കുക.
٥
സമാധാന രഹിതമായ വീട്ടിൽ താമസിക്കാൻ നിർബന്ധിക്കപ്പെടുന്നതിലൂടെ കുടുംബാംഗങ്ങൾക്ക് വിശിഷ്യാ കുട്ടികൾക്ക് അവരുടെ മനസികവസ്ഥയിലും വ്യക്തിത്വത്തിലും ഉണ്ടായേക്കാവുന്ന ദൗർഭാഗ്യകരമായ അനന്തരഫലങ്ങളിൽ നിന്ന് അവരെ സംരക്ഷിക്കുന്നു.

ത്വലാഖിന്റെ ദോഷങ്ങൾ

١
കുടുംബ വ്യവസ്ഥിതിയുടെ ശിഥിലീകരണത്തോടൊപ്പം സ്നേഹത്തിലും ദയയിലും കെട്ടിപ്പടുത്ത കൂട് നശിപ്പിക്കുന്നു.
٢
വിവാഹമോചനത്തിന് ശേഷവും മാതാപിതാക്കൾ നന്നായി പെരുമാറുന്നില്ലെങ്കിൽ; ഒന്നുകിൽ ശത്രുത തുടരുന്നതിലൂടെയും അവരിൽ ഓരോരുത്തരുമായുള്ള കുട്ടികളുടെ ബന്ധം കീറിമുറിക്കുന്നതിലൂടെയും അല്ലെങ്കിൽ പരസ്പരം സമ്മർദ്ദം ചെലുത്താനുള്ള ഒരു മാർഗമായി കുട്ടികളെ മാറ്റുന്നതിലൂടെയും കുട്ടികൾ മാനസിക വൈകല്യങ്ങൾക്കും ബൗദ്ധികവും ധാർമ്മികവുമായ വ്യതിയാനങ്ങൾക്കും ഇരയാകുന്നു, അതിന്റെ ദോഷഫലങ്ങൾ ജീവിതാവസാനം വരെ അവരോടൊപ്പം വളരുന്നു.
٣
ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള ശത്രുതയും അഭിപ്രായ വ്യത്യാസവും ചിലപ്പോൾ അവരുടെ കുടുംബങ്ങളിലേക്കും വ്യാപിക്കുന്നു. അങ്ങനെ ഭിന്നതയുടെ വലയം വിശാലമാകുന്നു. ഇത് ഇസ്‌ലാം ആഗ്രഹിക്കുന്ന സാമൂഹിക ഐക്യത്തിനും യോജിപ്പിനും വിരുദ്ധമാണ്.

ത്വലാഖിന്റെ ഇനങ്ങൾ

١
ത്വലാഖ് റജഈ (മടക്കി എടുക്കാവുന്ന ത്വലാഖ്)
٢
ചെറിയ ത്വലാഖ് ബാഇൻ (നിരുപാധികം തിരിച്ചെടുക്കാൻ പറ്റാത്തത്)
٣
വലിയ ത്വലാഖ് ബാഇൻ (നിരുപാധികം തിരിച്ചെടുക്കാൻ പറ്റാത്തത്)

ത്വലാഖ് റജഈ (മടക്കി എടുക്കാവുന്ന ത്വലാഖ്)

ഒരാൾ തന്റെ ഭാര്യയെ ഒന്നാം വട്ടവും രണ്ടാം വട്ടവും ചെയ്യുന്ന ത്വലാഖ് ആണ് ഇത്. ഈ ത്വലാഖിൽ അവളുടെ ഇദ്ദാ കാലത്ത് അവളോട് അനുവാദം ചോദിക്കുകയോ പുതിയ വിവാഹ കരാർ ഉണ്ടാക്കുകയോ ചെയ്യാതെ തന്നെ അവളെ തിരിച്ചെടുക്കാൻ അവന് സാധിക്കും.

ചെറിയ ത്വലാഖ് ബാഇൻ (നിരുപാധികം തിരിച്ചെടുക്കാൻ പറ്റാത്തത്)

ഇത് ആദ്യത്തെ തവണയും രണ്ടാം തവണയുമുള്ള ത്വലാഖിൽ ഇദ്ദാ കാലം പൂർത്തിയായ അവസ്ഥയാണ്. ഈ സാഹചര്യത്തിൽ പുതിയ ഒരു വിവാഹകരാറിന് ശേഷമല്ലാതെ തിരിച്ചെടുക്കൽ അനുവദനീയമല്ല.

വലിയ ത്വലാഖ് ബാഇൻ (നിരുപാധികം തിരിച്ചെടുക്കാൻ പറ്റാത്തത്)

ഇത് മൂന്നാമത്തെ ത്വലാഖ് ആണ്. ഇതിന് ശേഷം മൊഴി ചൊല്ലപ്പെട്ടവളെ മറ്റൊരാൾ വിവാഹം ചെയ്‌ത്‌ അയാൾ അവളെ ത്വലാഖ് ചൊല്ലുകയോ അല്ലെങ്കിൽ മരണപ്പെടുകയോ ചെയ്‌ത ശേഷം പുതിയ വിവാഹ കരാറും മഹ്റും നൽകി മാത്രമേ പഴയ ഭർത്താവിന് അവളെ തിരിച്ചെടുക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ രണ്ടാമത് വിവാഹം കഴിക്കുന്ന ആളുമായി അയാൾ ആദ്യ ഭർത്താവിന് തിരിച്ചെടുക്കാൻ വേണ്ടി വിവാഹമോചനം ചെയ്‌ത്‌ കൊടുക്കാമെന്ന ധാരണ ഉണ്ടാക്കി വെക്കൽ (ചടങ്ങ് നിൽക്കൽ) അനുവദനീയമല്ല.

വിവാഹമോചനത്തിന്റെ തിരിച്ചെടുക്കാവുന്നത്, തിരിച്ചെടുക്കാൻ പറ്റാത്ത ചെറിയ വേർപിരിയൽ, തിരിച്ചെടുക്കാൻ പറ്റാത്ത വലിയ വേർപിരിയൽ എന്നീ മൂന്ന് രൂപങ്ങളുമായി ബന്ധപ്പെട്ട നിയമങ്ങൾ, ഇസ്‌ലാമിക ശരീഅത്തിന്റെ ഗുണങ്ങളുടെ വ്യക്തമായ പ്രകടനങ്ങളാണ്. വിവാഹമോചനം അന്തിമ തീരുമാനമല്ല. തിരിച്ചെടുക്കാവുന്നത്, തിരിച്ചെടുക്കാൻ പറ്റാത്ത ചെറിയ വേർപിരിയൽ എന്നിവയിൽ ഇണകളിൽ ഓരോരുത്തർക്കും പ്രശ്‌നങ്ങളുടെ സമ്മർദ്ദത്തിൽ നിന്ന് കരകയറാനും അനന്തരഫലങ്ങൾ സൂക്ഷ്മമായി പരിശോധിക്കാനും പുനർവിചിന്തനം ചെയ്യാനും അവസരവും മതിയായ സമയവും ലഭിക്കുന്നു. അതുപോലെ, വലിയ വേർപിരിയലിലൂടെയുള്ള വിവാഹമോചനം, രണ്ടാം ഭർത്താവിൽ നിന്നും വിവാഹമോചനത്തിന് ശേഷവും ഇരുകൂട്ടർക്കും നല്ല നിലയിൽ ഒരുമിച്ച് കൂടാൻ കഴിയുമെന്ന് മനസ്സിലാക്കുന്നതും നല്ല തീരുമാനമായി കാണാവുന്നതാണ്. ഈ അനുഭവം പലപ്പോഴും ദാമ്പത്യജീവിതം ഉറപ്പുള്ളതും ശക്തവുമായ അടിത്തറയിൽ പുനർനിർമ്മിക്കുന്നതിലേക്ക് നയിക്കുന്നു.

ഇദ്ദ

വിവാഹമോചനത്തിലൂടെയോ മരണത്തിലൂടെയോ ഭർത്താവിൽ നിന്ന് വേർപിരിഞ്ഞ സ്ത്രീക്ക് പുനർവിവാഹം കൂടാതെ കാത്തിരിക്കാൻ മതം നിശ്ചയിച്ച കാലയളവിന് പറയുന്ന പേരാണ് ഇദ്ദ.

വിവാഹമോചിതയായ ഒരു ഭാര്യക്ക് തന്റെ ഇദ്ദ കാലയളവ് അവളുടെ ഭർത്താവിന്റെ വീട്ടിൽ ചെലവഴിക്കാനുള്ള അവകാശമുണ്ട്, അവൾക്കുവേണ്ടി ചിലവഴിക്കേണ്ടത് ഭർത്താവിന്റെ ബാധ്യതയാണ്. ഇദ്ദാ കാലയളവിൽ ഭർത്താവ് മരണപ്പെടുകയുയാണെങ്കിൽ അയാളുടെ അനന്തര സ്വത്തിനും ഭാര്യക്ക് അവകാശമുണ്ട്. എന്നാൽ അവളുടെ ഇദ്ദാ കാലത്ത് മറ്റു പുരുഷന്മാരുമായി വിവാഹാലോചന നടത്തുന്നത് അവൾക്ക് നിഷിദ്ധമാണ്.

ഇദ്ദ നിയമമാക്കിയതിലെ യുക്തി

١
ആരാധന. മുസ്ലീം പുരുഷന്മാരും സ്ത്രീകളും അല്ലാഹുവിന്റെ കല്പനകൾക്ക് കീഴൊതുങ്ങിയിരിക്കുന്നു. അവൻ ഒരു വിധി പുറപ്പെടുവിക്കുമ്പോൾ അവർ തങ്ങളുടെ അടിമത്തം പ്രകടിപ്പിക്കാൻ വേണ്ടി അവനെ അനുസരിക്കുന്നതിൽ അവർ തിടുക്കം കൂട്ടുന്നു.
٢
ഇദ്ദയിലുള്ള സ്‌ത്രീ ഗർഭിണിയല്ലെന്ന് ഉറപ്പ് വരുത്തുക.
٣
വിവാഹമോചനത്തിന് ശേഷം ഭർത്താവിന് വിവാഹമോചിതയായ ഭാര്യയെ തിരിച്ചെടുക്കാൻ മതിയായ അവസരം നൽകുക.
٤
മരണപ്പെട്ട് പോയ ഭർത്താവിനെ ഓർത്ത് ദുഖിക്കാനുള്ള അവസരം നൽകുന്നു.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക