പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം സ്‌ത്രീകളുടെ അവകാശങ്ങൾ ഇസ്‌ലാമിൽ

ഇസ്‌ലാം സ്‌ത്രീക്ക് നൽകുന്ന അവകാശങ്ങളിൽ ചിലത് ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • ഇസ്‌ലാമിൽ സ്ത്രീകളെ ബഹുമാനിക്കുന്നതും മുൻ സമുദായങ്ങളിൽ അവരെ ഇകഴ്‌ത്തുന്നതും തമ്മിലുള്ള വ്യത്യാസത്തിന്റെ വിശദീകരണം. 
  • ലിംഗ സമത്വ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിലെ ഇസ്‌ലാമിലെ പൊതു നിയമത്തിന്റെ വ്യക്തത.
  • വിവിധ മേഖലകളിൽ ഇസ്ലാമിക നിയമം ഉറപ്പു നൽകുന്ന നിരവധി സ്ത്രീകളുടെ അവകാശങ്ങളുടെ അവതരണം.
  

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

സ്ത്രീകളോടുള്ള ഇസ്‌ലാമിന്റെ കരുതൽ

ഇസ്‌ലാമിന്റെ ചൊവ്വായ രൂപം അതിന്റെ ദൈവികവും യുക്തിസഹവുമായ മാർഗ നിർദ്ദേശങ്ങളിലൂടെ മുസ്ലീം സ്ത്രീയെ പരിപാലിക്കുന്നു. അവളുടെ അന്തസ്സ് കാത്തുസൂക്ഷിക്കുകയും, അവളുടെ അഭിമാനവും സന്തോഷവും നേടിയെടുക്കുകയും, സംശയം, പ്രലോഭനം, തിന്മ, മോശം പെരുമാറ്റം എന്നിവയിൽ നിന്ന് അകന്നുനിൽക്കുന്ന സുഖപ്രദമായ ജീവിതത്തിനുള്ള മാർഗങ്ങൾ അവൾക്ക് നൽകുകയും ചെയ്യുന്നു. മേൽപ്പറഞ്ഞവയെല്ലാം തന്റെ അടിമകൾക്ക് പൊതുവായും സ്ത്രീകൾക്ക് പ്രത്യേകിച്ചും അല്ലാഹു നൽകുന്ന അവന്റെ മഹത്തായ ഔദാര്യത്തിൽ പെട്ടതാണ്. ഈ കരുതലിന് പല രൂപങ്ങളുണ്ട്.

ആദരവും ഉയർന്ന സ്ഥാനവും

ഇസ്ലാം സ്ത്രീകൾക്ക് അവരുടെ അന്തസ്സും മനുഷ്യത്വവും ഉറപ്പ് നൽകുന്നു. മകളായും ഭാര്യയായും ഏത് പദവിയിലും അവൾ അവൾക്ക് അനുയോജ്യമായ സ്ഥാനവും ഇസ്‌ലാം പ്രധാനം ചെയ്യുന്നു. അവളോട് കരുണയും ദയയും പ്രത്യേക ശ്രദ്ധയും കാണിക്കാൻ ഇസ്‌ലാം നമ്മോട് കൽപ്പിക്കുന്നു. സ്ത്രീകളുടെ മൂല്യം കുറവ് വരുത്തുന്നതിനും അപമാനിക്കുന്നതിനുംനിന്ദിക്കുന്നതിനും വലിയ പങ്ക് വഹിക്കുന്ന മതപരവും പ്രത്യയശാസ്ത്രപരവും സാമൂഹികവുമായ മോശം പാരമ്പര്യങ്ങളെ ഇസ്‌ലാം ശക്തമായി എതിർക്കുകായും ചെയ്യൂന്നു.

ഉമർ (റ) പറയുന്നു: "അല്ലാഹുവാണെ, ജാഹിലിയ്യാ കാലത്ത് ഞങ്ങൾ സ്ത്രീകളെ പരിഗണിച്ചതേ ഉണ്ടായിരുന്നില്ല , അല്ലാഹു സ്‌ത്രീകളെ സംബന്ധിച്ച ആയത്തുകൾ ഇറക്കുകയും അവർക്ക് അവകാശപ്പെട്ട ഓഹരികൾ അവർക്ക് നല്കുകയും ചെയ്യുന്നത് വരെ ഇത് തുടർന്നിരുന്നു." (ബുഖാരി 4913, മുസ്ലിം 1479). 1400 വർഷങ്ങൾക്ക് മുമ്പ് ഇസ്‌ലാമിന്റെ പ്രകാശം ഉദയം ചെയ്‌ത്‌ സ്ത്രീകളുടെ പദവി ഉയർത്തുകയും പല സമുദായങ്ങളും ഗോത്രങ്ങളും അവരോട് ചെയ്ത അനീതികൾ ഇല്ലാതാക്കുകയും ചെയ്തു. ഒരു സ്ത്രീക്ക് സ്വത്തിനും അനന്തരാവകാശത്തിനും അവകാശമില്ലായിരുന്നു. ഭർത്താവ് മരിച്ചാൽ, ഭാര്യ അനന്തര സ്വത്തായി കൈമാറ്റം ചെയ്യപ്പെടുകയോ അവനോടൊപ്പം എരിഞ്ഞടങ്ങുകയോ ഒക്കെ ചെയ്യുന്നതായിരുന്നു ആ കാലത്തെ ആചാരങ്ങൾ. വിൽക്കപ്പെടുകയും വാങ്ങപ്പെടുകയും ചെയ്യുന്ന ഒരു കച്ചവട വസ്‌തുവായിരുന്നു അവൾ. ഉദാഹരണത്തിന് ഇംഗ്ലണ്ടിൽ ഈ സമ്പ്രദായം ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭം വരെ നിലനിന്നിരുന്നു.

സ്‌ത്രീ പുരുഷന്മാരുടെ ഇടയിൽ നീതി

സർവജ്ഞാനിയും എല്ലാം അറിയുന്നവനും എല്ലാവരുടെയും സൃഷ്ടാവും പരിപാലകനും നീതിമാനും യുക്തിമാനുമായ അല്ലാഹുവിന്റെ മതമാണ് ഇസ്ലാം. വ്യത്യസ്‌തമായ രണ്ട് കാര്യങ്ങളെ തുലനം ചെയ്യാതിരിക്കുന്നതും സമാനതയുള്ള രണ്ടിനെ വിഭജിക്കാതിരിക്കുന്നതും അല്ലാഹുവിന്റെ നീതിയിലും ജ്ഞാനത്തിലും പെട്ടതാണ്. അതുകൊണ്ടാണ് ഇസ്‌ലാമിക ശരീഅത്ത് നിയമം പുരുഷന്മാരെയും സ്ത്രീകളെയും അവർ സദൃശ്യമാകുന്ന കാര്യങ്ങളിൽ തുല്യരാക്കുകയും അവർ ഭിന്നിക്കുന്ന കാര്യങ്ങളിൽ അവരെ വേർതിരിക്കുകയും ചെയ്യുന്നത് നാം കാണുന്നത്. സർവശക്തനായ അല്ലാഹു സൃഷ്ടിച്ച അവരുടെ സ്വഭാവം, ആവശ്യങ്ങൾ, കഴിവുകൾ, പ്രകൃതി എന്നിവക്ക് അനുയോജ്യമായ അവകാശങ്ങളും കടമകളും അവർക്ക് നിശ്ചയിച്ചിട്ടുണ്ട്. എല്ലാ മേഖലകളിലും ഇസ്‌ലാം സ്ത്രീകൾക്ക് കൃത്യമായ സ്ഥാനം നൽകിയിട്ടുണ്ട്. അത് പല മേഖലകളിലും സ്‌ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ തുല്യത നിലനിർത്തുന്നുമുണ്ട്. അവയിൽ പെട്ടതാണ്:

സൃഷ്ടിപ്പിന്റെ അടിസ്ഥാനം

മുൻകാല സമൂഹങ്ങളിൽ സ്ത്രീകളോടുള്ള അവഹേളനം അവരെ മനുഷ്യ സ്വത്വത്തിനപ്പുറത്തേക്ക് തള്ളിവിടും വരെ പോയിട്ടുണ്ട്. അരിസ്റ്റോട്ടിൽ പറയുന്നു: " അപൂർണനായ ആണാണ് സ്‌ത്രീ, സൃഷ്ടിപ്പിന്റെ പടവുകളിൽ അതിന്റെ അടിത്തട്ടിലാണ് പ്രകൃതി അവളെ ഉപേക്ഷിച്ചത്". സോക്രട്ടീസ് സ്‌ത്രീയെ വിഷം കലർന്ന മരത്തോടാണ് ഉപമിക്കുന്നത്. "ഗ്രേറ്റ് റോം" എന്ന പേരിൽ ഒരു വലിയ സമ്മേളനം റോമിൽ നടന്നു, സ്ത്രീകൾ ആത്മാക്കളോ അമരത്വമോ ഇല്ലാത്തവരാണെന്നാണ് ആ സമ്മേളനം തീരുമാനമെടുത്തത്. അവൾക്ക് പരലോകം ഇല്ലെന്നും അവൾ അശുദ്ധയാണെന്നും മാംസം കഴിക്കരുതെന്നും ചിരിക്കരുതെന്നും സംസാരിക്കരുതെന്നും അവർ തീരുമാനിച്ചു. ഫ്രാൻസുകാർ എ.ഡി 586-ൽ അവർ ഒരു പ്രധാന വിഷയം ചർച്ച ചെയ്യാൻ ഒരു സമ്മേളനം സംഘടിപ്പിച്ചു. സ്‌ത്രീയെ മനുഷ്യനായി പരിഗണിക്കേണ്ടതുണ്ടോ? അല്ലയോ?, അവൾക്ക് ആത്മാവുണ്ടോ? ഇല്ലയോ?, ആത്മാവുണ്ടെങ്കിൽ അത് മനുഷ്യാത്മാവാണോ? അതോ മൃഗാത്മാവാണോ?മനുഷ്യാത്മാവാണെങ്കിൽ അത്പുരുഷാത്മാവിന്റെ അതേ ഗണമാണോ? അതോ അതിലും താഴെയോ? എന്നൊക്കെയായിരുന്നു അതിൽ അവർ ചർച്ച ചെയ്‌ത "പ്രധാനപ്പെട്ട" വിഷയങ്ങൾ. അങ്ങനെ ചർച്ചക്കൊടുവിൽ അവളെ മനുഷ്യനായി പരിഗണിക്കാമെങ്കിലും പുരുഷനെ സേവിക്കാനായി മാത്രം സൃഷിടിക്കപ്പെട്ടവളാണെന്ന നിഗമനത്തിലാണ് അവർ എത്തിയത്. എന്നാൽ ഇസ്‌ലാം അടിസ്ഥാന പരമായ സൃഷിപ്പിൽ സ്‌ത്രീക്കും പുരുഷനും തുല്യതയാണ് നൽകിയിട്ടുള്ളത്, അല്ലാഹു പറയുന്നു: "മനുഷ്യരേ, നിങ്ങളെ ഒരേ ആത്മാവില്‍ നിന്ന്‌ സൃഷ്ടിക്കുകയും, അതില്‍ നിന്നു തന്നെ അതിന്റെ ഇണയെയും സൃഷ്ടിക്കുകയും, അവര്‍ ഇരുവരില്‍ നിന്നുമായി ധാരാളം പുരുഷന്‍മാരെയും സ്ത്രീകളെയും വ്യാപിപ്പിക്കുകയും ചെയ്തവനായ നിങ്ങളുടെ രക്ഷിതാവിനെ നിങ്ങള്‍ സൂക്ഷിക്കുവിന്‍. ഏതൊരു അല്ലാഹുവിന്റെ പേരില്‍ നിങ്ങള്‍ അന്യോന്യം ചോദിച്ചു കൊണ്ടിരിക്കുന്നുവോ അവനെ നിങ്ങള്‍ സൂക്ഷിക്കുക. കുടുംബബന്ധങ്ങളെയും (നിങ്ങള്‍ സൂക്ഷിക്കുക) തീര്‍ച്ചയായും അല്ലാഹു നിങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്നവനാകുന്നു." (സൂ. നിസാഅ് 1)

മതപരമായ സമത്വം

മതനിയമങ്ങൾ ബാധകമാക്കുന്നതിലും ഇരുലോകത്തും നൽകുന്ന പ്രതിഫലത്തിലും ഇസ്‌ലാം സ്ത്രീക്കും പുരുഷനും തുല്യത കണക്കാക്കുന്നു. അല്ലാഹു പറയുന്നു: "ഏതൊരു ആണോ പെണ്ണോ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍കര്‍മ്മം പ്രവര്‍ത്തിക്കുന്ന പക്ഷം നല്ലൊരു ജീവിതം തീര്‍ച്ചയായും ആ വ്യക്തിക്ക്‌ നാം നല്‍കുന്നതാണ്‌. അവര്‍ പ്രവര്‍ത്തിച്ച്‌ കൊണ്ടിരുന്നതില്‍ ഏറ്റവും ഉത്തമമായതിന്‌ അനുസൃതമായി അവര്‍ക്കുള്ള പ്രതിഫലം തീര്‍ച്ചയായും നാം അവര്‍ക്ക്‌ നല്‍കുകയും ചെയ്യും." (സൂ. നഹ്‌ൽ 97). വീണ്ടും അല്ലാഹു പറയുന്നു: "ആണാകട്ടെ പെണ്ണാകട്ടെ , ആര്‍ സത്യവിശ്വാസിയായിക്കൊണ്ട്‌ സല്‍പ്രവൃത്തികള്‍ ചെയ്യുന്നുവോ അവര്‍ സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നതാണ്‌. അവരോട്‌ ഒരു തരിമ്പും അനീതി കാണിക്കപ്പെടുന്നതല്ല." (സൂ. നിസാഅ് 124). നനവ് കാണുകയും എന്നാൽ സ്വപ്‌ന സ്‌ഖലനം നടന്നതായി ഓർക്കുകയും ചെയ്യാത്ത ഒരാളെ കുറിച്ച് നബി(സ)യോട് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അവൻ കുളിക്കണം." എന്നാൽ സ്‌ഖലനം നടന്നതായി സ്വപ്‌നത്തിൽ കാണുകയും ചെയ്‌ത ആളെ കുറിച്ച് ചോദിക്കപ്പെട്ടപ്പോൾ അവിടുന്ന് പറഞ്ഞു: "അവൻ കുളിക്കേണ്ടതില്ല". അപ്പോൾ ഉമ്മു സുലൈം (റ) ചോദിച്ചു: "ഒരു സ്‌ത്രീ അപ്രകാരം (നനവ്) കണ്ടാൽ അവൾ കുളിക്കേണ്ടതുണ്ടോ?" അവിടുന്ന് പറഞ്ഞു: "അതെ, സ്‌ത്രീകൾ പുരുഷന്മാരുടെ സഹോദരി മാരാണ്"(അബൂ ദാവൂദ് 236).

റസൂൽ (സ) യുടെ സന്ദേശത്തിൽ ആദ്യമായി വിശ്വസിച്ചത് ഒരു സ്ത്രീയായിരുന്നു. നബി(സ)യുടെ പത്നി ഖദീജ(റ) ആയിരുന്നു അത്. മുസ്‌ലിംകൾ ആദ്യമായി അബ്സീനിയയിലേക്ക് ഹിജ്‌റ പോയ സംഘത്തിൽ സ്‌ത്രീകൾ ഉണ്ടായിരുന്നു. നബി(സ) യുമായി കരാർ ചെയ്യാൻ ആദ്യമായി മദീനയിൽ നിന്നും വന്ന സംഘത്തിലും സ്‌ത്രീ ഉണ്ടായിരുന്നു.

നല്ല ഗുണങ്ങൾക്കും സമൃദ്ധമായ അറിവിനും മത ഗ്രാഹ്യത്തിനും പേരുകേട്ട നിരവധി സ്ത്രീകളുടെ ഉദാഹരണങ്ങൾ ഇസ്‌ലാമിക ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് അവർ പല വിഷയങ്ങളിലും ഈ മേഖലയിൽ മാർഗദർശികളായത് . അറിവിലും അധ്യാപനത്തിലും മാർഗദർശികളും പണ്ഡിതകളുമായ നിരവധി സ്ത്രീകളിൽ നിന്ന് മുസ്‌ലിംകൾ അവരുടെ മതത്തിന്റെ പല കാര്യങ്ങളും പഠിച്ചിട്ടുണ്ട്. സത്യവിശ്വാസികളുടെ മാതാവ് ആഇശ(റ) അവരിൽ ശ്രദ്ധേയയാണ്.

അഞ്ചുനേര നമസ്‌കാരം, പെരുന്നാൾ നമസ്‌കാരം, ജുമുഅ നമസ്‌കാരം, മഴ തേടിയുള്ള പ്രാർത്ഥന, ഹജ്ജ്, ഉംറ തുടങ്ങിയ നിർബന്ധവും സുന്നത്തും അനുവദനീയവുമായ മതപരമായ ചടങ്ങുകളിൽ സ്ത്രീകളും പുരുഷന്മാരെ പോലെ പങ്കാളികളാകുന്നു. ഇസ്‌ലാമിന്റെ മതനിയമങ്ങളിൽ പുരുഷന്മാർ ചെയ്യുന്ന അതേ കാര്യങ്ങൾ, അതായത് പ്രബോധനം ചെയ്യുക, നന്മ കൽപ്പിക്കുക, തിന്മ വിരോധിക്കുക തുടങ്ങിയവയെല്ലാം ചെയ്യാൻ സ്‌ത്രീകളും കല്പിക്കപ്പെട്ടിരിക്കുന്നു തുടങ്ങിയവയെല്ലാം മതപരമായ ബാധ്യതകളിലെ ലിംഗ പരമായ തുല്യതയുടെ വ്യക്തമായ ചിത്രങ്ങളാണ്.. സ്‌ത്രീയും പുരുഷനും തമ്മിലുള്ള സൃഷ്ടിപ്പിലെ വ്യത്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രമാണ് അതിൽ നിന്നും ഒഴിവാക്കിയിട്ടുള്ളത്.

ഇസ്‌ലാം, സമത്വത്തെ ഒരു പൊതുനിയമമായി അംഗീകരിക്കുമ്പോൾ തന്നെ, ആണിന്റെയും പെണ്ണിന്റെയും പ്രകൃതിയെയും തത്ഫലമായുണ്ടാകുന്ന പ്രവർത്തനങ്ങളിലെ വ്യത്യാസവും പരിഗണിക്കുന്നുണ്ട്. ഉത്തരവാദിത്തങ്ങൾ വ്യവസ്ഥപ്പെടുത്തുകയും ഓരോ വ്യക്തിയെയും അവയുടെ ശരിയായ സ്ഥലത്ത് സ്ഥാപിക്കുകയും ചെയ്യുന്നു. അതാണ് ജീവിതത്തിന്റെ പൂർണത നിർവഹിക്കുന്നത്. അതിനാൽ കുടുംബത്തിന് ചെലവഴിക്കുക, കുടുംബത്തെ സംരക്ഷിക്കുക, അവരുടെ കാര്യങ്ങൾ ഉത്തരവാദിത്തത്തോടെ നിവഹിക്കുക തുടങ്ങിയജോലികൾ പുരുഷന്റെ മേലാണ് ബാധ്യതപ്പെടുത്തിയിട്ടുള്ളത്. അതുപോലെ, ഒരു സ്ത്രീ അവളുടെ വീടിനും ഭർത്താവിനും കുട്ടികൾക്കും മേൽ ഉത്തരവാദിത്തമുള്ളവളാണ്, അവളോട് ആവശ്യപ്പെടുന്ന ഉത്തരവാദിത്തങ്ങൾ നിർവഹിക്കാൻ ബാധ്യതയുള്ളവളുമാണ്.

പൗരാവകാശ- മനുഷ്യാവകാശ സംഘടനകളും ഉദയം ചെയ്യുന്നതിന് വളരെ മുമ്പു തന്നെ അഥവാ 1400 വർഷം മുമ്പ് ഇസ്‌ലാമിന്റെ തുടക്കം മുതൽ, ഇസ്‌ലാം സ്ത്രീകൾക്ക് പൂർണ്ണ പൗരാവകാശവും സാമൂഹികവുമായ അവകാശങ്ങളും വ്യക്തിപരവും രാഷ്ട്രീയവുമായ പദവിയും ഉറപ്പ് നൽകിയിട്ടുണ്ട്.

സ്ത്രീകളുടെ പൗര, സാമൂഹിക അവകാശങ്ങൾ

١
പഠിക്കാനും പഠിപ്പിക്കാനുമുള്ള അവകാശം: ഇസ്‌ലാം സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്.
٢
ജോലി ചെയ്യാനുള്ള സ്ത്രീയുടെ അവകാശം: അധ്വാനിക്കുകയും ചെലവഴിക്കുകയും ചെയ്യുന്നത് പുരുഷനാണ് എന്നതാണ് തത്വം, എങ്കിലും സ്ത്രീക്ക് ആവശ്യമെങ്കിൽ ഇസ്‌ലാമിന്റെ അധ്യാപനങ്ങളും വിധിവിലക്കുകളും പാലിച്ച് കൊണ്ട് ജോലി ചെയ്യുന്നതിൽ നിന്ന് ഇസ്‌ലാം അവളെ തടയുന്നില്ല.
٣
അനന്തരാവകാശത്തിനുള്ള സ്ത്രീകളുടെ അവകാശം: വിശുദ്ധ ഖുർആൻ, പ്രവാചകന്റെ സുന്നത്ത്, കർമ്മശാസ്ത്ര ഗ്രന്ഥങ്ങൾ എന്നിവ സ്ത്രീകൾക്കും പുരുഷന്മാർക്കും തുല്യത ഉറപ്പ് വരുത്തുന്ന വിവിധ രൂപങ്ങളിലുള്ള അനന്തരാവകാശങ്ങളെക്കുറിച്ചുള്ള സംസാരങ്ങളാൽ സമൃദ്ധമാണ്.
٤
സ്ത്രീകളുടെ സ്വത്തവകാശം: അവൾ സമ്പാദിക്കുന്നതോ അനന്തരാവകാശമായി ലഭിക്കുന്നതോ ആയ സ്വത്ത് സ്വന്തമാക്കാൻ അവൾക്ക് പൂർണ്ണ അവകാശമുണ്ട്. അവൾക്ക് അവളുടെ സ്വത്ത് വാങ്ങാനും വിൽക്കാനും പൂർണ്ണ സ്വാതന്ത്ര്യമുണ്ട്. അവൾക്ക് അവളുടെ സ്വന്തം സാമ്പത്തിക ഉത്തരവാദിത്തങ്ങളുമുണ്ട്. അവളുടെ പിതാവോ ഭർത്താവോ അതിൽ ഇടപെടേണ്ടതില്ല.

വ്യക്തിപരമായ കാര്യത്തിലും വിവാഹത്തിലുമുള്ള സ്ത്രീകളുടെ അവകാശങ്ങൾ

١
നല്ല ഭർത്താവിനെ തിരഞ്ഞെടുക്കാനും വിവാഹാലോചന സ്വീകരിക്കാനും നിരസിക്കാനുമുള്ള അവളുടെ അവകാശം.
٢
മഹ്ർ ലഭിക്കാനുള്ള അവകാശം.
٣
ഭൗതിക പരിചരണം ലഭിക്കാനും അവളും മക്കളും ഭർത്താവിനാൽ ചിലവ് ചെയ്യപ്പെടാനുമുള്ള അവകാശം.
٤
ഭർത്താവിനോടൊപ്പം നല്ല നിലക്ക് ജീവിക്കാനും, വാക്കിലും പ്രവൃത്തിയിലും നല്ല മര്യാദയോടെ പെരുമാറപ്പെടാനുമുള്ള അവകാശം.
٥
ബഹുഭാര്യത്വത്തിൽ നീതിയോടെയുള്ള പെരുമാറ്റം ലഭിക്കാനുള്ള അവകാശം.
٦
സാമ്പത്തിക സ്വാതന്ത്ര്യത്തിനുള്ള അവകാശം, അഥവാ ഭർത്താവിൽ നിന്ന് സ്വതന്ത്രമായ സാമ്പത്തിക ഉത്തരവാദിത്തം ലഭിക്കുക.
٧
വ്യവസ്ഥകൾ പാലിച്ച് കൊണ്ട് അർഹയാണെങ്കിൽ വിവാഹമോചനം (ഖുൽഅ്) ചെയ്യാനുള്ള അവകാശവും വിവാഹമോചനം (ത്വലാഖ്) ആവശ്യപ്പെടാനും അത് നേടിയെടുക്കാനുമുള്ള അവകാശവും.
٨
അവൾ പുനർവിവാഹം കഴിക്കുന്നില്ലെങ്കിൽ, വിവാഹമോചനത്തിനു ശേഷം മക്കളുടെ സംരക്ഷണത്തിനുള്ള അവകാശം.

മേൽപ്പറഞ്ഞവ ഇസ്ലാമിലെ സ്ത്രീകളുടെ അവകാശങ്ങളുടെ ചില ഉദാഹരണങ്ങൾ മാത്രമാണ്. എന്നാൽ ഇസ്ലാം സ്ത്രീകൾക്ക് നൽകിയിട്ടുള്ള അവകാശങ്ങൾ അനവധിയാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക