പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം നമസ്‌കാരത്തിന്റെ രൂപം

നമസ്‌കാരം അല്ലാഹുവിങ്കൽ സ്വീകരിക്കപ്പെടുന്നതാകുവാൻ വേണ്ടി അത് നിർവഹിക്കേണ്ടതിന്റെ ശരിയായ രൂപം ഇസ്‌ലാംനമുക്ക് വ്യക്തമാക്കി തരുന്നുണ്ട്. ഈ പാഠഭാഗത്ത് നമുക്ക് നമസ്‌കാരത്തിന്റെ രൂപത്തെ കുറിച്ച് പഠിക്കാം.

  • നമസ്‌കാരത്തിന്റെ രൂപം മനസ്സിലാക്കുക 

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

1. നിയ്യത്ത്

നമസ്‌കാരം ശരിയാകാനുള്ള നിബന്ധനയാണ് നിയ്യത്ത്. അഥവാ അവൻ അല്ലാഹുവിനെ ആരാധിച്ച് കൊണ്ട് മഗ്‌രിബ് / ഇശാ എന്നിങ്ങനെ ഏത് നമസ്‌കാരമാണോ അത് നമസ്‌കരിക്കുന്നു എന്ന് മനസ്സിൽ കരുതണം. നിയ്യത്ത് നാവുകൊണ്ട് ഉച്ചരിക്കുകയല്ല മറിച്ച് മനസ്സിൽ കരുതുകയാണ് വേണ്ടത്. നബി(സ) യിൽ നിന്നോ അവിടുത്തെ അനുചരന്മാരിൽ നിന്നോ സ്ഥിരപ്പെട്ട് വരാത്തത് കൊണ്ട് തന്നെ നിയ്യത്ത് നാവ് കൊണ്ട് ഉച്ചരിക്കൽ തെറ്റായ രീതിയാണ്.

2. തക്ബീർ

നമസ്‌കാരത്തിന് വേണ്ടി നിന്ന് ഇരു കൈകളും വിരലുകൾ നീട്ടി ഉള്ളംകൈകൾ ഖിബ്‌ലക്ക് അഭിമുഖമാക്കി ചുമലിന് അല്ലെങ്കിൽ ചെവിക്കുറ്റികൾക്ക് നേരെ ഉയർത്തിക്കൊണ്ട് "അല്ലാഹു അക്ബർ" എന്ന് പറയണം.

തക്ബീറിന്റെ ആശയം

"അല്ലാഹു അക്ബർ" എന്ന പദം കൊണ്ടല്ലാതെ തക്ബീർ ശരിയാവുകയില്ല. മഹത്വവും ഔന്നിത്യവും അല്ലാഹുവിനാണ് എന്നാണ് അതിന്റെ അർത്ഥം. മറ്റെല്ലാത്തിനേക്കാളും വലിയവൻ അല്ലാഹുവാണ് . ഈ ലോകത്തെയും അതിലുള്ള ഇച്ഛകളെക്കാളും ആസ്വാദനങ്ങളെക്കാളുമെല്ലാം വലിയവൻ അവൻ തന്നെ. അത്തരം ആസ്വാദനങ്ങളെല്ലാം മാറ്റി വെച്ച് നമസ്‌കാരത്തിൽ നമ്മുടെ വാക്ക് കൊണ്ടും ചിന്തകൊണ്ടും ഭയഭക്തിയോടെ അല്ലാഹുവിലേക്ക് നമുക്ക് തിരിയാം.

3- തക്ബീറിന് ശേഷം കൈകൾ ഇടതിന് മുകളിൽ വലത് വരുന്ന രീതിയിൽ അവന്റെ നെഞ്ചിൽ വെക്കണം. എല്ലാ നിറുത്തത്തിലും ഇപ്രകാരമാണ് വെക്കേണ്ടത്.

4- പ്രാരംഭ പ്രാർത്ഥനയായി നബി(സ) യിൽ നിന്നും സ്ഥിരപ്പെട്ട് വന്ന പ്രാർത്ഥനകൾ കൊണ്ട് നമസ്‌കാരം ആരംഭിക്കണം. അതിൽ പെട്ട ഒരു പ്രാർത്ഥനയാണ് : "سبحانك اللهم وبحمدك، تبارك اسمك وتعالى جدك، ولا إله غيرك" "സുബ്ഹാനകല്ലാഹുമ്മ വബി ഹംദിക, തബാറകസ്മുക വ തആലാ ജദ്ദുക വ ലാ ഇലാഹ ഗൈറുക" എന്നത്.

5- "അഊദു ബില്ലാഹി മിന ശൈതാനി റജീം" എന്ന് പറയണം, അഭയതേട്ടമാണ് അത്. പിശാചിൽ നിന്നുള്ള ഉപദ്രവത്തിൽ നിന്ന് ഞാൻ അല്ലാഹുവിലേക്ക് തിരിയുകയും അവനോട് സംരക്ഷണം തേടുകയും ചെയ്യുന്നു എന്നാണ് അതിന്റെ അർത്ഥം.

6- "ബിസ്മില്ലാഹി റഹ്‌മാനി റഹീം" എന്ന് ചൊല്ലുക. അല്ലാഹുവിന്റെ നാമം കൊണ്ട് അവനോട് സഹായവും അനുഗ്രഹവും തേടിക്കൊണ്ട് ഞാൻ ആരംഭിക്കുന്നു എന്നാണ് ബിസ്‌മിയുടെ ആശയം.

7- സൂറത്തുൽ ഫാതിഹ പാരായണം ചെയ്യുക. ഖുർആനിലെ ഏറ്റവും മഹത്തായ സൂറത്താണ് ഫാതിഹ.

ഇത് അവതരിപ്പിച്ച് കൊണ്ട് അല്ലാഹു അവന്റെ ദൂതനെ അനുഗ്രഹിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു: "ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങളും മഹത്തായ ഖുര്‍ആനും തീര്‍ച്ചയായും നിനക്ക്‌ നാം നല്‍കിയിട്ടുണ്ട്‌." (സൂ. ഹിജ്ർ 87). ആവര്‍ത്തിച്ചു പാരായണം ചെയ്യപ്പെടുന്ന ഏഴ്‌ വചനങ്ങൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് സൂ. ഫാതിഹ ആണ്. അതിൽ ദിനേനെ എല്ലാ നമസ്‌കാരങ്ങളിലും ആവർത്തിച്ച് പാരായണം ചെയ്യപ്പെടുന്ന ഏഴ് ആയത്തുകൾ ഉള്ളത് കൊണ്ടാണ് അതിന് അങ്ങനെ പേര് വിളിക്കപ്പെട്ടത്.

ഒരു മുസ്‌ലിമിന് അത് പഠിക്കൽ നിർബന്ധമാണ്; കാരണം ഒറ്റക്കുള്ള നമസ്‌കാരങ്ങളിലും ഇമാം ഉച്ചത്തിൽ ഓതാത്ത സന്ദർഭങ്ങളിൽ മഅ്മൂമ് ആയിരിക്കുമ്പോഴും അത് ഓതൽ നമസ്കാരത്തിലെ നിർബന്ധ ഘടകമാണ്.

സൂറത്തുൽ ഫാതിഹ

8. സൂറത്തുൽ ഫാതിഹ ഓതുകയോ അല്ലെങ്കിൽ ഇമാം പാരായണം ചെയ്യുന്നത് കേൾക്കുകയോ കേട്ട് കഴിഞ്ഞാൽ "ആമീൻ" എന്ന് പറയണം. "അല്ലാഹുവെ നീ ഉത്തരം നൽകേണമേ" എന്നാണ് അതിന്റെ അർത്ഥം.

9. ആദ്യത്തെ രണ്ട് റക്അത്തുകളിൽ സൂറത്തുൽ ഫാതിഹക്ക് ശേഷം ഖുർആനിലെ മറ്റ് സൂറത്തോ ആയത്തുകളോ പാരായണം ചെയ്യണം. മൂന്നും നാലും റക്അത്തുകളിൽ സൂറത്തുൽ ഫാത്തിഹ മാത്രമേ പാരായണം ചെയ്യേണ്ടതുള്ളൂ.

സൂറത്തുൽ ഫാതിഹയും ശേഷം പാരായണം ചെയ്യുന്നവയും സുബ്ഹി നമസ്കാരത്തിലും മഗ്‌രിബ്, ഇശാ നമസ്കാരങ്ങളിലെ ആദ്യ രണ്ട് റക്അത്തുകളിലും ഉറക്കെയാണ് പാരായണം ചെയ്യേണ്ടത്. ദുഹ്‌ർ , അസ്ർ നമസ്കാരങ്ങലിലും മഗ്‌രിബ്, ഇശാ നമസ്കാരങ്ങളിലെ ആദ്യ രണ്ട് റക്അത്തുകൾക്ക് ശേഷവും അവ പതുക്കെയാണ് പാരായണം ചെയ്യേണ്ടത്.

10. ശേഷം ആദ്യ തക്ബീറിൽ ചെയ്‌തത്‌ പോലെ ചുമലിന് നേരെയോ അല്ലെങ്കിൽ അതിന് മുകളിലോ കൈകൾ ഉയർത്തി ഉള്ളം കൈകൾ പരത്തി ഖിബ്‌ലക്ക് അഭിമുഖമാക്കി വെച്ച് കൊണ്ട് റുകൂഇന് വേണ്ടി തക്ബീർ ചൊല്ലുക.

റുകൂഅ്

തലയും പുറവും സമ നിരപ്പിൽ വരുന്ന നിലക്ക് വിരലുകൾ വിടർത്തി കൈകൾ കാൽമുട്ടുകളിൽ വെച്ചു കൊണ്ട് ഖിബ്‌ലക്ക് അഭിമുഖമായി കുമ്പിടുക. എന്നിട്ട് سبحان ربي العظيم (സുബ്ഹാന റബ്ബി അൽ അദീം) എന്ന് പറയുക. ഇങ്ങനെ ഒരു പ്രാവശ്യം പറയൽ നിർബന്ധവും മൂൺ തവണ ആവർത്തിക്കൽ പുണ്യകരവുമാണ്. അല്ലാഹുവിനെ മഹത്വപ്പെടുത്താനും ഔന്നിത്യപ്പെടുത്താനുമുള്ള സന്ദർഭമാണ് റുകൂഅ്.

سبحان ربي العظيم ന്റെ ആശയം : അഥവാ ഞാൻ അല്ലാഹുവിനെ എല്ലാ കുറവുകളിൽ നിന്നും പരിശുദ്ധനായി പ്രഖ്യാപിക്കുന്നു എന്നാണ്. അത് നമസ്‌കാരത്തിൽ റുകൂഇലായിരിക്കെ അവൻ പറയുന്നു.

12. റുകൂഇൽ നിന്നും ഉയർന്ന് നേരെ നിൽക്കുക

കൈകൾ മുമ്പ് ഉയർത്തിയ രൂപത്തിൽ ഉയർത്തിക്കൊണ്ട് അവൻ ഇമാമോ അല്ലെങ്കിൽ ഒറ്റക്ക് നമസ്‌കരിക്കുന്നവനോ ആണെങ്കിൽ سمع الله لمن حمده (സമിഅല്ലാഹു ലിമൻ ഹമിദഹു) എന്ന് പറയണം. ശേഷം എല്ലാവരും (റബ്ബനാ വ ലകൽ ഹംദ്) എന്ന് പറയണം.

അതിന് ശേഷം حمداً كثيراً طيباً مباركاً فيه، ملءَ السماء وملء الأرض وملء ما شئت من شيء بعد ( ഹംദൻ കഥീറൻ ത്വയ്യിബൻ മുബാറകൻ ഫീഹി, മിൽഅ സമാഇ വ മിൽഅൽ അർദി വ മിൽഅ മാ ശിഅ്ത മിൻ ശൈഇൻ ബഅ്ദഹു) എന്ന് കൂടി അധികരിപ്പിക്കൽ പുണ്യകരമാണ്.

13. അതിന് ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് ഏഴ് അവയവങ്ങളിലായി നിലത്ത് സുജൂദ് ചെയ്യണം. ആ ഏഴ് അവയവങ്ങൾ നെറ്റി (മൂക്ക് ഉൾപ്പടെ), രണ്ട് കൈപത്തികൾ , രണ്ട് കാൽമുട്ടുകൾ , രണ്ട് കാൽപാദങ്ങൾ എന്നിവയാണ്. തന്റെ ഇരു കരങ്ങൾ പാർശ്വത്തിൽ നിന്നും തുടകൾ വയറിൽ നിന്നും ഇരു കാലുകൾ പരസ്പരവും അകറ്റി വെക്കൽ പുണ്യകരമാണ്. കൈകളുടെ ബാക്കി ഭാഗങ്ങൾ (കൈ പത്തികൾ ഒഴിച്ചുള്ള ഭാഗങ്ങൾ) നിലത്ത് നിന്നും ഉയർത്തി വെക്കേണ്ടതാണ്.

14. അവൻ തന്റെ സുജൂദിൽ سبحان ربي الأعلى (സുബ്ഹാന റബ്ബീ അൽ അഅ് ലാ) എന്ന് ഒരു പ്രാവശ്യം പറയൽ നിർബന്ധവും മൂന്ന് തവണ ആവർത്തിക്കൽ പുണ്യകരവുമാണ്.

എന്നതിന്റെ ആശയം: മുഴുവൻ ന്യൂനതകളിൽ നിന്നും കുറവുകളിൽ നിന്നും മുക്തമാക്കി അല്ലാഹുവിന്റെ ഔന്നിത്യത്തിനും കഴിവിനുംമഹത്വത്തിനുമുതകുന്ന നിലക്ക് അവനെ മഹത്വപ്പെടുത്തുകയും പരിശുദ്ധപ്പെടുത്തുകയും ചെയ്യുന്നു എന്നാണ്. വിനയത്തോടെയും കീഴ്വണക്കത്തോടെയും ഭൂമിയോട് ചേർന്ന് നിൽക്കുന്ന സുജൂദ് ചെയ്യുന്നവന് താനും തന്റെ ഉന്നതനായ രക്ഷിതാവും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കാനുള്ള ഒരു ഉണർത്തൽ കൂടി ഇതിലുണ്ട്. അങ്ങനെ അവൻ തന്റെ രക്ഷിതാവും ഉടമസ്ഥനുമായവന് കീഴൊതുങ്ങുന്നു.

സുജൂദിന്റെ ശ്രേഷ്ഠത

അല്ലാഹുവിനോട് പ്രാർത്ഥിക്കാനുള്ള ഏറ്റവും ശ്രേഷ്ഠമായ സന്ദർഭമാണ് സുജൂദ്. സുജൂദിൽ നിർബന്ധമായ ദിക്‌റിന് ശേഷം ഒരു മുസ്‌ലിമിന് ഇഹപര നന്മകളിൽ നിന്ന് താൻ ഉദ്ദേശിക്കുന്നത് അല്ലാഹുവോട് ചോദിക്കാവുന്നതാണ്. നബി(സ) പറഞ്ഞു: "ഒരു അടിമ തന്റെ രക്ഷിതാവിനോട് ഏറ്റവും സമീപസ്ഥനാകുന്നത് അവൻ സുജൂദിലായിരിക്കുമ്പോഴാണ്, അതിനാൽ നിങ്ങൾ പ്രാർത്ഥനകൾ അധികരിപ്പിക്കുക." (മുസ്‌ലിം 482)

15. ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് രണ്ട് സുജൂദുകൾക്കിടയിലെ ഇരുത്തം ഇരിക്കണം. ആ ഇരുത്തത്തിൽ വലത് കാൽ നാട്ടി വെച്ച് ഇടത് കാലിന്മേൽ ഇരിക്കൽ പുണ്യകരമാണ്. ഇരു കൈകളും കാല്മുട്ടുകൾക്ക് സമീപമായി തുടകളുടെ മുൻഭാഗത്ത് വെക്കുകയും ചെയ്യുക.

നമസ്കാരത്തിലെ ഇരുത്തത്തിന്റെ രൂപം

അവസാനത്തിലെ തശഹുദിൽ അല്ലാത്ത നമസ്കാരത്തിലെ മുഴുവൻ ഇരുത്തങ്ങളിലും നേരത്തെ സൂചിപ്പിച്ച രൂപത്തിലുള്ള ഇരുത്തമാണ് പുണ്യകരമായിട്ടുള്ളത്. അവസാനത്തെ തശഹുദിൽ നേരത്തെ ഇരുന്ന രൂപത്തിൽ വലത് കാൽ നാട്ടിവെച്ച് എന്നാൽ ഇടത് കാൽപാദം അതിന് അടിയിലൂടെ കടത്തി ആസനം നിലത്ത് ഉറപ്പിച്ചാണ് ഇരിക്കേണ്ടത്.

രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിലെ ദിക്ർ

16. രണ്ട് സുജൂദുകൾക്കിടയിലുള്ള ഇരുത്തത്തിൽ ربِّ اغفر لي (റബ്ബിഗ്ഫിർലീ) എന്ന് പറയണം. ഇങ്ങനെ മൂന്ന് പ്രാവശ്യം അവർത്തിക്കൽ പുണ്യകരമാണ്.

17. ശേഷം ആദ്യം ചെയ്‌തത്‌ പോലെ വീണ്ടും സുജൂദ് ചെയ്യുക.

18.ശേഷം തക്ബീർ ചൊല്ലിക്കൊണ്ട് സുജൂദിൽ നിന്നും എഴുന്നേറ്റ് നേരെ നിൽക്കുക.

19. ആദ്യ റക്അത്ത് പോലെ രണ്ടാമത്തെ റക്അത്തും പൂർത്തിയാക്കുക.

20. രണ്ടാം റക്അത്തിലെ രണ്ടാം സുജൂദിന് ശേഷം സുജൂദുകൾക്കിടയിൽ ഇരുന്നത് പോലെ തശഹുദിന് വേണ്ടി ഇരിക്കുകയും ആ ഇരുത്തത്തിൽ വലത് കയ്യുടെ ചൂണ്ട് വിരൽ ഖിബ്‌ലക്ക് നേരെ ചൂണ്ടി കൊണ്ട് التحيات لله والصلوات والطيبات، السلام عليك أيها النبي ورحمة الله وبركاته، السلام علينا وعلى عباد الله الصالحين، أشهد أن لا إله إلا الله، وأشهد أن محمدا عبده ورسوله (അത്തഹിയ്യാത്തു ലില്ലാഹി വ സ്വലവാത്തു വ ത്വയ്യിബാത്തു, അസ്സലാമു അലൈക്ക അയ്യുഹന്നബിയ്യു വ റഹ്മതുല്ലാഹി വ ബറകാത്തുഹു, അസ്സലാമു അലൈനാ വഅലാ ഇബാദില്ലാഹി സ്വാലിഹീന്‍. അശ്ഹദു അന്‍ലാ ഇലാഹ ഇല്ലല്ലാഹു വ അശ്ഹദു അന്ന മുഹമ്മദന്‍ അബ്ദുഹു വ റസൂലുഹു) എന്ന് പറയുകയും വേണം.

21. ശേഷം നമസ്‌കാരം പൂർത്തിയാക്കാൻ വേണ്ടി എഴുന്നേൽക്കുക.

അവൻ മൂന്നോ നാലോ റകഅത്തുകളുള്ള നമസ്‌കാരമാണ് നിർവഹിക്കുന്നതെങ്കിലാണ് ഇപ്രകാരം ചെയ്യേണ്ടത്. മൂന്നും നാലും റക്അത്തുകളിൽ ഫാതിഹ മാത്രമേ ഓതേണ്ടതുള്ളൂ.

22. പിന്നീട് അവസാന റക്അത്തിലെ രണ്ടാം സുജൂദിന് ശേഷം അവസാനത്തെ തശഹുദിന് വേണ്ടി ഇരിക്കണം. വലത് കാൽ നാട്ടിവെച്ച് ഇടത് കാൽപാദം അതിന് അടിയിലൂടെ കടത്തി ആസനം നിലത്ത് ഉറപ്പിച്ചാണ് ഇരിക്കേണ്ടത്. എന്നിട്ട് ആദ്യ തശഹുദിൽ ചൊല്ലിയത് പോലെ ചൊല്ലുകയും ചെയ്യുക.

അതിന് ശേഷം أعوذ بالله من عذاب جهنم، ومن عذاب القبر، ومن فتنة المحيا والممات، ومن فتنة المسيح الدجال (അഊദു ബില്ലാഹി മിന്‍ അ’ദാബി ജഹന്നമ, വമിന്‍ അ’ദാബില്‍ ക്വബരി, വമിന്‍ ഫിത്‌നതില്‍ മഹ്’യാ വല്‍ മമാത്തി, വമിന്‍ ഫിത്‌നതില്‍ മസീഹിദ്ദജ്ജാല്‍) എന്ന് പറയലും അവൻ ഉദ്ദേശിക്കുന്നത് പ്രാർത്ഥിക്കലും പുണ്യകരമാണ്.

23. ശേഷം (അസ്സലാമു അലൈകും വ റഹ്മതുല്ലാഹ്) എന്ന് പറഞ്ഞു കൊണ്ട് വലത് ഭാഗത്തേക്ക് മുഖം തിരിക്കണം. ശേഷം അതെ പോലെ തന്നെ പറഞ്ഞു കൊണ്ട് ഇടത് ഭാഗത്തേക്കും മുഖം തിരിക്കണം. സലാം വീട്ടുന്നതിലൂടെ ഒരു മുസ്‌ലിം തന്റെ നമസ്‌കാരത്തിൽ നിന്നും പിരിഞ്ഞു. നബി(സ) പറഞ്ഞു: " അതിന്റെ ഇഹ്‌റാം തക്ബീർ ആണ്, അതിന്റെ തഹല്ലുൽ (ഒഴിവാകൽ) സലാമുമാണ്" (അബൂ ദാവൂദ് 61, തുർമുദി 3) അഥവാ നമസ്‌കരത്തിലേക്ക് പ്രവേശിക്കുന്നത് തക്ബീർ കൊണ്ടും അത് അവസാനിപ്പിക്കുന്നത് സലാം കൊണ്ടുമാണെന്ന് സാരം.

24. ഫർദ് നമസ്‌കാരത്തിൽ നിന്നും സലാം വീട്ടിയ ശേഷം താഴെ പറയുന്നവ ചൊല്ലൽ പുണ്യകരമാണ്:

١
(അസ്തഗ്ഫിറുല്ലാഹ്) 3 പ്രാവശ്യം
٢
അല്ലാഹുമ്മ അന്‍തസ്സലാം, വമിന്‍ക സ്സലാം, തബാറക്ത യാദല്‍ ജലാലി വല്‍ ഇക്റാം
٣
അല്ലാഹുമ്മ ലാമാനിഅ ലിമാ അഅ്ത്വയ്ത വലാ മുഅ്ത്വിയ ലിമാ മനഅ്ത വലാ യന്‍ഫഉ ദല്‍ ജദ്ദി മിന്‍കല്‍ ജദ്ദ്
٤
ശേഷം (സുബ്ഹാനല്ലാഹ്) (അൽഹംദു ലില്ലാഹ് ) (അല്ലാഹു അക്ബർ) എന്നിവ ഓരോന്നും 33 പ്രാവശ്യം വീതം ചൊല്ലുക.
٥
"ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുല്‍ മുല്‍കു വ ലഹുല്‍ ഹംദു, വ ഹുവ അ’ലാ കുല്ലി ശയ്ഇന്‍ ഖദീര്‍" എന്ന് ചൊല്ലിക്കൊണ്ട് 100 തികക്കുകയും വേണം.

സൂറത്തുൽ ഫാതിഹയും നമസ്കാരത്തിലെ ദിക്റുകളും മനഃപാഠമില്ലാത്തവൻ എന്ത് ചെയ്യണം ?

സൂറത്തുൽ ഫാതിഹ അറബിയിൽ തന്നെ പഠിക്കാൻ അവൻ അങ്ങേയറ്റത്തെ പരിശ്രമം നടത്തണം, കാരണം അതില്ലാതെ നമസ്കാരം ശരിയാവുകയില്ല. അപ്രകാരം തന്നെ നമസ്കാരത്തിൽ ചൊല്ലൽ നിർബന്ധമായ തക്ബീർ, സുബ്ഹാന റബ്ബീ അൽ അദീം , സമിഅല്ലാഹു ലിമൻ ഹമിദഹ്, റബ്ബനാ ലക്കൽ ഹംദ്, സുബ്‌ഹാന റബീ അൽ അഅ് ലാ, റബ്ബിഗ്ഫിർലീ, തശഹുദ്, നബി(സ)യുടെ മേലുള്ള സ്വലാത്ത്, അസ്സലാമു അലൈകും വ റഹ്മതുല്ലാഹ് തുടങ്ങിയ ദിക്റുകളും മനഃപാഠമാക്കാൻ അവൻ അതിയായി പരിശ്രമിക്കേണ്ടതുണ്ട്.

മനഃപാഠമാക്കുന്നത് വരെ അവന് അറിയുന്ന തസ്ബീഹുകളും തക്ബീറുകളും തഹ്മീദുകളും നമസ്‌കാരത്തിൽ അവൻ ഉരുവിട്ട് കൊണ്ടിരിക്കണം. അല്ലെങ്കിൽ അവന് അറിയുന്ന ആയത്തുകൾ പാരായണം ചെയ്ത് കൊണ്ടിരിക്കാം. അല്ലാഹു പറയുന്നു: "നിങ്ങൾക്ക് സാധ്യമാകുന്ന നിലക്ക് നിങ്ങൾ അല്ലാഹുവിനെ സൂക്ഷിക്കുക" (സൂ. തഗാബുൻ 16).

പുതു മുസ്‌ലിം ആണെങ്കിൽ

തന്റെ നമസ്‌കാരം കൃത്യമാക്കാൻ വേണ്ടി അവൻ തനിക്ക് സാധിക്കുന്നത്ര ജമാഅത്തായി നമസ്കരിക്കാൻ ശ്രമിക്കണം. കാരണം ഒരു പരിധി വരെ മഅ്മൂമിന്റെ പോരായ്മകൾ പരിഹരിക്കാൻ ഇമാമിന് സാധിക്കുന്നു.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക