നിലവിലെ വിഭാഗം
പാഠം മയ്യിത്ത് നമസ്‌കാരവും മറമാടലും
മയ്യിത്ത് നമസ്‌കാരം സന്നിഹിതരായ എല്ലാ മുസ്‌ലിംകളുടെ മേലും നിർബന്ധമാണ്, വ്യക്തി ബാധ്യത അല്ല. കുറച്ച് ആൾക്കാർ നമസ്‌കരിച്ചാൽ തന്നെ ബാക്കിയുള്ളവർ കുറ്റത്തിൽ നിന്ന് ഒഴിവാക്കുന്ന ഫർദ് കിഫായ ( സാമൂഹ്യ ബാധ്യത) ആണ് അത്. മയ്യിത്ത് നമസ്‌കരിക്കുന്നവർക്ക് വലിയ മലയുടെ അത്ര പ്രതിഫലമുണ്ടെന്ന് നബി(സ) സന്തോഷ വാർത്ത അറിയിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: " ആരെങ്കിലും ജനാസ നമസ്‌കരിക്കുന്നത് വരെ അതിന്റെ അടുക്കൽ സന്നിഹിതനായാൽ അവന് ഒരു ഖീറാത്ത് പ്രതിഫലമുണ്ട്, ആരെങ്കിലും അത് മറമാടുന്നത് വരെ അതിന്റെ അടുക്കൽ സന്നിഹിതനായാൽ അവന് രണ്ടു ഖീറാത്ത് പ്രതിഫലമുണ്ട്," അപ്പോൾ ചോദിക്കപ്പെട്ടു: "രണ്ടു ഖീറാത്തുകൾ എന്നാൽ എന്താണ്?" അവിടുന്ന് പറഞ്ഞു: "രണ്ട് വലിയ പർവ്വതങ്ങളെ പോലുള്ളതാണ്" (ബുഖാരി 1325, മുസ്‌ലിം 945)
ജനാസയിൽ പങ്കെടുക്കുന്നതിന്റെ ശ്രേഷ്ഠത
ജനാസ സന്ദർശിക്കുന്നതിലും അതിനെ പിന്തുടരുന്നതിലും ധാരാളം ഗുണങ്ങളുണ്ട്, അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് : മയ്യിത്ത് നമസ്‌കരിച്ച് കൊണ്ട് അതിനോടുള്ള ബാധ്യത നിറവേറ്റുക, അവന് വേണ്ടി ശഫാഅത്ത് നടത്തുകയും പ്രാർത്ഥിക്കുകയും ചെയ്യുക, അവന്റെ കുടുംബത്തോടുള്ള ബാധ്യത നിറവേറ്റുകയും അവന്റെ മരണത്താൽ വേദനിക്കുന്ന അവരുടെ മനസിന് ആശ്വാസം പകരുകയും ചെയ്യുക, ജനാസയിൽ പങ്കെടുക്കുന്നവർക്കുള്ള മഹത്തായ പ്രതിഫലം കരസ്ഥമാക്കുക, ജനാസയും ഖബറിടങ്ങളും കണ്ടു കൊണ്ട് മഹത്തായ ആത്മ ചിന്തയും ഗുണപാഠങ്ങളും നേടിയെടുക്കുക തുടങ്ങിയ കാര്യങ്ങളാണ് അവ.
1. മയ്യിത്ത് നമസ്കാരം സംഘടിതമായി നമസ്‌കരിക്കലാണ് സുന്നത്ത്. സാധാരണ ജമാഅത്ത് നമസ്‌കാരങ്ങളിലെ പോലെ തന്നെ ഇമാം മഅ്മൂമുകളെക്കാൾ മുന്നിടണം.
2.മയ്യിത്തിനെ നമസ്‌കരിക്കുന്നവരുടെ മുന്നിൽ വെക്കുക, പുരുഷന്റെ മയ്യിത്താണെങ്കിൽ ഇമാം അതിന്റെ തല ഭാഗത്തും സ്‌ത്രീയുടേത് ആണെങ്കിൽ ഇമാം അതിന്റെ മധ്യ ഭാഗത്തുമായാണ് നിൽക്കേണ്ടത്. നബി(സ) യിൽ നിന്നും അപ്രകാരമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. (അബൂ ദാവൂദ് 3194).
-
ഒന്നാമത്തെ തക്ബീർ
നമസ്കരിക്കുന്നവൻ തക്ബീർ ചൊല്ലിക്കൊണ്ട് തന്റെ ഇരു കൈകളും ചുമലിന് അല്ലെങ്കിൽ ചെവിക്കുറ്റികൾക്ക് നേരെ ഉയർത്തി ശേഷം അവ ഇടതു കൈപ്പത്തിയുടെ പുറത്ത് വലത് കൈപ്പത്തി വരുന്ന രൂപത്തിൽ അവന്റെ നെഞ്ചിൽ വെക്കുക. പ്രാരംഭ പ്രാർത്ഥന ഓതേണ്ടതില്ല. ശേഷം അഊദുവും ബിസ്‌മിയും ഓതി സൂറത്തുൽ ഫാതിഹ പതുക്കെ പാരായണം ചെയ്യുക.
രണ്ടാമത്തെ തക്ബീർ
ശേഷം രണ്ടാമത്തെ തക്ബീർ ചൊല്ലുകയും അതിൽ നബി(സ) യുടെ മേൽ സ്വലാത്ത് ചൊല്ലുകയും ചെയ്യുക. അതിന്റെ ഒരു രൂപം താഴെ കൊടുക്കുന്നു: (അല്ലാഹുമ്മ സ്വല്ലി വ സല്ലിം അലാ നബിയ്യിനാ മുഹമ്മദ് ). എന്നാൽ അവസാനത്തെ തശഹുദിൽ ചൊല്ലുന്ന സ്വലാത്ത് ചൊല്ലുകയാണെങ്കിൽ അതാണ് അതിന്റെ പൂർണമായ രൂപം, അത് ഇങ്ങനെയാണ് : "اللّهمَّ صلّ على محمدٍ وعَلَى آلِ محمدٍ كما صليتَ على إِبراهيمَ وعلى آلِ إبراهيمَ إنكَ حَميدٌ مَجيد، اللّهمَّ بارك على محمدٍ وعلى آلِ محمدٍ كما باركتَ على إِبراهيم وعلى آلِ إبراهيمَ إِنَّكَ حَميدٌ مَجيد" (അല്ലാഹുമ്മ സ്വല്ലി അലാ മുഹമ്മദിന്‍ വഅലാ ആലി മുഹമ്മദിന്‍ കമാ സ്വല്ലയ്ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്. അല്ലാഹുമ്മ ബാരിക് അലാ മുഹമ്മദിന്‍ വ അലാ ആലി മുഹമ്മദിന്‍ കമാ ബാറക്’ത അലാ ഇബ്റാഹീമ വ അലാ ആലി ഇബ്റാഹീമ ഇന്നക ഹമീദുന്‍ മജീദ്.) അർത്ഥം - "അല്ലാഹുവേ! ഇബ്രാഹീം(അ)ക്കും കുടുംബത്തിനും മേല്‍ നീ സ്വലാത്ത് (രക്ഷയും സമാധാനവും) ചൊരിഞ്ഞതുപോലെ മുഹമ്മദ് നബി(സ)ക്കും കുടുംബത്തിനും മേലും നീ രക്ഷയും സമാധാനവും ചൊരിയേണമേ! തീര്‍ച്ചയായും, നീ വളരെയധികം സ്തുതിക്കപ്പെടുന്നവനും അതിമഹത്വമുള്ളവനുമാണ്! അല്ലാഹുവേ! ഇബ്രാഹീം(അ) നേയും കുടുംബത്തേയും നീ അനുഗ്രഹിച്ചതുപോലെ മുഹമ്മദ് നബി(സ)യേയും കുടുംബത്തേയും നീ അനുഗ്രഹിക്കേണമേ. തീര്‍ച്ചയായും, (അല്ലാഹുവേ!), നീ വളരെ അധികം സ്തുതിക്കപ്പെടുന്നവനും, അതിമഹത്വമുള്ളവനുമാണ്!"
മൂന്നാമത്തെ തക്ബീർ
ശേഷം മൂന്നാമത്തെ തക്ബീർ ചൊല്ലുകയും അതിൽ മയ്യിത്തിന് കാരുണ്യവും പാപമോചനവും സ്വർഗവും ഉയർച്ചയും തേടി കൊണ്ട് പ്രാർത്ഥിക്കണം. നബി(സ) യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ട ഏതാനും പ്രാർത്ഥനകൾ അവൻ മനഃപാഠമാക്കുകയാണെങ്കിൽ അതാണ് ഉത്തമം.
നബി(സ) യിൽ നിന്നും സ്ഥിരപ്പെട്ട് വന്ന പ്രാർത്ഥനകളിൽ പെട്ടതാണ് "اللهم اغفر له وارحمه، وعافه واعف عنه، وأكرم نزله، ووسِّع مدخله، واغسله بالماء والثلج والبرد، ونقه من الخطايا كما نقَّيت الثَّوب الأبيض من الدَّنس، وأبدله داراً خيراً من داره، وأهلاً خيراً من أهله، وزوجاً خيراً من زوجه، وأدخله الجنَّة، وأعذهُ من عذاب القبر -أو من عذاب النار "(അല്ലാഹുമ്മഗ്ഫിര്‍ ലഹു വര്‍ഹംഹു വ ആഫിഹി വഅ് ഫു അന്‍ഹു, വ അക്‌രിം നുസുലഹു, വവസ്സിഅ് മദ്ഖലഹു, വഗ്‌സില്‍ഹു ബില്‍മാഇ വ സ്സല്‍ജി വല്‍ബറദി, വ വനഖ്ഖിഹി മിനല്‍ ഖത്വായാ കമാ നഖ്‌ഖൈത സ്സൗബല്‍ അബ്‌യദു മിനദ്ദനസ്, വ അബ്ദില്‍ ഹു ദാറന്‍ ഖൈറന്‍ മിന്‍ ദാരിഹി, വ അഹ്‌ലന്‍ ഖൈറന്‍ മിന്‍ അഹ്‌ലിഹി, വ സൗജന്‍ ഖൈറന്‍ മിന്‍ സൗജിഹി, വ അദ്ഖില്‍ഹുല്‍ ജന്നത, വ അഇദ്ഹു മിൻ അദാബൽ ഖബ്‌രി ഔ മിൻ അദാബന്നാര്‍) എന്നത് (മുസ്‌ലിം 963). അർത്ഥം: അല്ലാഹുവേ, അദ്ദേഹത്തിന് നീ പൊറുത്തുകൊടുക്കുകയും കരുണ ചെയ്യുകയും മാപ്പുകൊടുക്കുകയും സൗഖ്യം നല്കുകയും ചെയ്യേണമേ. ഇദ്ദേഹത്തിന്റെ ആതിഥ്യം ആദരപൂര്‍വമാക്കേണമേ. ഇദ്ദേഹത്തിന്റെ പ്രവേശനസ്ഥലം വിശാലമാക്കേണമേ. വെള്ളം, മഞ്ഞ്, ഹിമം എന്നിവകൊണ്ട് ഇദ്ദേഹത്തെ നീ കഴുകേണമേ. വെള്ളവസ്ത്രം അഴുക്കില്‍ നിന്ന് ശുചീകരിക്കുന്നത് പോലെ ഇദ്ദേഹത്തെ പാപങ്ങളില്‍ നിന്ന് ശുചിയാക്കേണമേ. ഇദ്ദേഹത്തിന്റെ ഭവനത്തേക്കാള്‍ ഉത്തമ ഭവനവും കുടുംബത്തേക്കാള്‍ ഉത്തമകുടുംബവും ഇണയേക്കാള്‍ ഉത്തമമായ ഇണയെയും ഇദ്ദേഹത്തിന് നീ നല്‌കേണമേ ഖബ്‌റിലെ ദുരിതത്തില്‍നിന്നും നരകശിക്ഷയില്‍നിന്നും നീ അദ്ദേഹത്തെ സംരക്ഷിക്കേണമേ).
നാലാമത്തെ തക്ബീർ
ശേഷം നാലാമത്തെ തക്ബീർ ചൊല്ലുകയും ശേഷം അൽപ സമയം നിന്ന ശേഷം വലത് ഭാഗത്തേക്ക് മാത്രമായോ അല്ലെങ്കിൽ വലത്തോട്ടും ഇടത്തോട്ടുമായോ സലാം വീട്ടുക. എല്ലാ രൂപവും നബി(സ) യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
മയ്യിത്ത് നമസ്‌കാരം പള്ളിയിൽ വെച്ച് നമസ്കരിക്കൽ അനുവദനീയമാണ്. അല്ലെങ്കിൽ പള്ളിക്ക് പുറത്ത് അതിന് വേണ്ടി പ്രത്യേകം തയ്യാറാക്കിയ സ്ഥലത്തോ അല്ലെങ്കിൽ മറമാടുന്ന സ്ഥലത്തോ നിർവഹിക്കാവുന്നതാണ്. ഇതെല്ലാം നബി(സ) യിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
ജനാസ ഒരുക്കലും അതിന്റെ മേൽ നമസ്‌കരിക്കലും മറമാടുന്ന സ്ഥലത്തേക്ക് കൊണ്ട് പോകലും മറമാടലും വേഗത്തിലാക്കൽ സുന്നത്താണ്. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) പറഞ്ഞു: " ജനാസയുമായി നിങ്ങള്‍ വേഗം പോവുക. കാരണം അത് സദ്‌വൃത്തനാണെങ്കില്‍ നന്മയിലേക്കാണ് നിങ്ങള്‍ കൊണ്ടുപോകുന്നത്. അതല്ലെങ്കില്‍ ഒരു തിന്മയെ നിങ്ങളുടെ പിരടിയില്‍ നിന്ന് ഇറക്കിവെക്കലാവും" (ബുഖാരി 1315, മുസ്‌ലിം 944).
മയ്യിത്ത് ചുമക്കുന്നതിൽ പങ്കാളിയാകൽ അത് പിന്തുടരുന്നവന് സുന്നത്താണ്. പുരുഷന്മാർ ആണ് മയ്യിത്ത് വഹിക്കേണ്ടത്, സ്ത്രീകളല്ല. ബാക്കിയുള്ളവർ അതിന്റെ മുന്നിലും പിന്നിലുമായി നടക്കൽ സുന്നത്താണ്. ഖബറടക്കുന്ന സ്ഥലം ദൂരത്ത് ആണെകിലോ അല്ലെങ്കിൽ മയ്യിത്ത് വഹിച്ച് കൊണ്ട് പോകൽ പ്രയാസമാണെങ്കിലോ വാഹനത്തിൽ കൊണ്ട് പോകുന്നതിൽ കുഴപ്പമൊന്നുമില്ല.
മയ്യിത്ത് മറമാടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
മറവു ചെയ്യുന്ന സ്ഥലത്ത് ഹാജരുള്ളവർ മയ്യിത്തിന് പാപമോചനവും സ്ഥൈര്യവും ലഭിക്കാൻ വേണ്ടി പ്രാർത്ഥിക്കൽ സുന്നതാണ്. നബി(സ) മയ്യിത്ത് മറവു ചെയ്ത് കഴിഞ്ഞാൽ അവിടെ നിൽക്കുമായിരുന്നു. അവിടുന്ന് പറഞ്ഞു: "നിങ്ങളുടെ സഹോദരന് വേണ്ടി നിങ്ങൾ പാപമോചനം തേടുക, അവന് സ്ഥൈര്യം കിട്ടാൻ വേണ്ടി നിങ്ങൾ ചോദിക്കുകയും ചെയ്യുക, തീർച്ചയായും അവനിപ്പോൾ ചോദ്യം ചെയ്യപ്പെടുകയാണ്" (അബൂ ദാവൂദ് 3221)