പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ഖുർആനിന്റെ ശ്രേഷ്ഠതകൾ

വിശുദ്ധ ഖുർആന് അതിന്റെ പവിത്രതയും സ്ഥാനവും വ്യക്തമാക്കുന്ന ധാരാളം ശ്രേഷ്ഠതകളുണ്ട്, അതിൽ പെട്ട ഏതാനും കാര്യങ്ങൾ ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • വിശുദ്ധ ഖുർആനിന്റെ ഏതാനും ശ്രേഷ്ഠതകൾ മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഖുർആനിന്റെ ശ്രേഷ്ഠതകൾ :

ഖുർആനിന് ധാരാളം ശ്രേഷ്ഠതകളും പവിത്രതകളും ഉണ്ട്, അവ താഴെ പറയും വിധമാണ്;

1. ഖുർആൻ പഠിക്കുകയും പഠിപ്പിക്കുയും ചെയ്യുന്നതിലുള്ള നന്മ

ഉഥ്മാൻ ബിൻ അഫ്ഫാൻ (റ) നബി(സ)യിൽ നിന്നും ഉദ്ധരിക്കുന്നു, അവിടുന്ന് പറഞ്ഞു: "നിങ്ങളിൽ ഉത്തമർ ഖുർആൻ പഠിക്കുകയും അത് പഠിപ്പിക്കുകയും ചെയ്യുന്നവരാണ്" (ബുഖാരി 5027)

2- ഖുർആനിന്റെ ആൾക്കാർ, അവരാണ് അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരുമാണ്

അനസ് ഇബ്നു മാലിക് (റ) നബി(സ)യിൽ നിന്നും ഉദ്ധരിക്കുന്നു, അവിടുന്ന് പറഞ്ഞു: "ജനങ്ങളിൽ അല്ലാഹുവിന് ചില ആൾക്കാരുണ്ട്", ചോദിക്കപ്പെട്ടു: "അല്ലാഹുവിന്റെ ദൂതരെ ആരാണവർ ?" അവിടുന്ന് പറഞ്ഞു: "ഖുർആനിന്റെ ആൾക്കാർ, അവരാണ് അല്ലാഹുവിന്റെ ആളുകളും അവന്റെ പ്രത്യേകക്കാരും" (ഇബ്നു മാജ 215).

3- ഖുർആനിലെ ഒരു അക്ഷരം പാരായണം ചെയ്യുന്നതിന് അതിന്റെ ധാരാളം ഇരട്ടി പ്രതിഫലം നൽകപ്പെടുന്നു.

അബ്ദുല്ലാഹിബ്നു മസ്ഊദ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും അല്ലാഹുവിന്റെ ഗ്രന്ഥത്തിൽ നിന്നും ഒരക്ഷരം പാരായണം ചെയ്‌താൽ അവന് ഒരു നന്മയുണ്ട്, ഒരു നന്മ അതിനോട് തുല്യമായ പത്ത് നന്മകളായാണ് പ്രതിഫലം നല്‍കപ്പെടുക. അലിഫ്, ലാം, മീം ഇവ ഒരക്ഷരമാണെന്നു ഞാന്‍ പറയുന്നില്ല. അലിഫ് ഒരു അക്ഷരവും ലാം മറ്റൊരക്ഷരവും മീം വേറൊരക്ഷരവുമാണ്" (തുർമുദി 2910)

4- ഖുർആൻ പാരായണത്തിനും പഠനത്തിനും ഒരുമിച്ച് കൂടുന്നിടത്ത് മലക്കുകളും സമാധാനവും കാരുണ്യവും ഇറങ്ങുന്നു

അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും അല്ലാഹുവിന്റെ ഭവനങ്ങളില്‍നിന്നും ഒരു ഭവനത്തില്‍വെച്ച് ഖുര്‍ആന്‍ പഠിക്കുന്നവരായും ഓതുന്നവരായും ഒരുമിച്ചുകൂടിയാല്‍ അവരുടെമേലില്‍ ശാന്തിയും സമാധാനവും കാരുണ്യവും ഇറക്കപ്പെടുകയും മാലാഖമാരുടെ സംരക്ഷണവലയവും അല്ലാഹുവിന്റെ സമീപസ്തരുടെ അടുത്തുവെച്ച് അല്ലാഹുവിന്റെ പ്രശംസയും നല്‍കപ്പെടുന്നതാണ്." (മുസ്‌ലിം 2699).

5- ഖുർആൻ അന്ത്യ നാളിൽ അതിന്റെ ആളുകൾക്ക് ശുപാർശയുമായി വരും

അബൂ ഉമാമത്തുൽ ബാഹിലി (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; നബി(സ) പറയുന്നതായി ഞാൻ കേട്ടിരിക്കുന്നു: "നിങ്ങൾ ഖുർആൻ പാരായണം ചെയ്യുക, നിശ്ചയമായും അത് അന്ത്യ നാളിൽ അതിന്റെ ആളുകൾക്ക് ശുപാർശയുമായി വരും" (മുസ്‌ലിം 804).

6- ഖുർആനിൽ നൈപുണ്യം നേടിയവർ മലക്കുകളുടെ കൂടെയാണ്, പ്രയാസപ്പെട്ട് ഖുർആൻ ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട്

ആഇശ (റ) യിൽ നിന്നും, അവർ പറഞ്ഞു; റസൂൽ(സ) പറഞ്ഞിരിക്കുന്നു: " ഖുർആനിൽ നൈപുണ്യം നേടിയവർ ഉന്നത സ്ഥാനീയരായ മലക്കുകളുടെ കൂടെയാണ്, എന്നാൽ പ്രയാസപ്പെട്ട് അത് ഓതുന്നവന് രണ്ട് പ്രതിഫലമുണ്ട് " (മുസ്‌ലിം 798)

7- ഖുർആൻ അതിന്റെ ആൾക്കാരുടെ പദവി ഉയർത്തുന്നു

ഉമർ ബിൻ ഖത്താബ് (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "നിശ്ചയമായും ഈ ഖുർആൻ മുഖേനെ അല്ലാഹു ഒരു സമൂഹത്തെ ഉയർത്തുകയും മറ്റൊരു വിഭാഗത്തെ താഴ്ത്തുകയും ചെയ്യുന്നു " (മുസ്‌ലിം 817)

8- ഖുർആൻ മനഃപാഠമാക്കുന്നവൻ അവന്റെ ഖുർആനിലുള്ള കഴിവിന് അനുസരിച്ച് സ്വർഗീയ പദവി നേടുന്നു

അബ്ദുല്ലാഹിബ്നു അംറ്ബ്നുൽ ആസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: "ഖുർആനിന്റെ ആളോട് പറയപ്പെടും 'നീ പാരായണം ചെയ്യുകയും പദവി നേടുകയും ചെയ്യുക. ഭൗതിക ലോകത്ത് നീ പാരായണം ചെയ്തത് പോലെ സാവകാശം പാരായണം ചെയ്യുക. നിന്റെ പദവി നീ ഓതുന്ന അവസാന ആയത്തിന്റെ സമീപത്താകുന്നു". (അബൂ ദാവൂദ് 1464).

9- ഖുർആനിന്റെ ആളുകൾക്ക് അന്ത്യനാളിൽ ആദരവിന്റെ കിരീടവും വസ്ത്രവും അണിയിക്കപ്പെടും

അബൂഹുറയ്‌റ(റ) നിവേദനം: നബി ﷺ പറഞ്ഞു: ''അവസാന നാളില്‍ ക്വുര്‍ആന്‍ വന്നുകൊണ്ടു പറയും: 'എന്റെ രക്ഷിതാവേ, അവനെ അണിയിക്കുക.' അങ്ങിനെ 'താജുല്‍ കറാമ' (ആദരവിന്റെ കിരീടം) അണിയിക്കും. ശേഷം പറയും: 'എന്റെ രക്ഷിതാവേ, അവന് വര്‍ധിപ്പിച്ച് നല്‍കൂ.' അങ്ങനെ 'കറാമ'യുടെ വസ്ത്രമണിയിക്കും. തുടര്‍ന്ന് പറയും: 'എന്റെ രക്ഷിതാവേ, അവനെ തൃപ്തിപ്പെടുക.' അവനെ തൃപ്തിപ്പെടുന്നു. പിന്നെ പറയപ്പെടും: 'നീ പാരായണം ചെയ്യുക.' ഓരോ ആയത്തിനും നന്മകള്‍ അധികരിപ്പിക്കുകയും ചെയ്യും'(തിര്‍മിദി 2915 ).

10- ഖുർആനിന്റെ ആളുടെ മാതാപിതാക്കളെ അല്ലാഹു വിവിധ തരം ആദരവുകളാൽ ആദരിക്കും

സഹൽ ബിൻ മുആദ് (റ) തന്റെ പിതാവിൽ നിന്നും ഉദ്ധരിക്കുന്നു; നബി(സ) പറഞ്ഞു: "ഒരാള്‍ ഖുര്‍ആന്‍ പാരായണം ചെയ്യുകയും അതനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ അവന്റെ മാതാപിതാക്കൾക്ക് അന്ത്യദിനത്തില്‍ കിരീടം അണിയിക്കപ്പെടുന്നതാണ്. അതിന്റെ പ്രകാശം ഭൗമ ലോകത്തെ സൂര്യപ്രകാശത്തേക്കാള്‍ മെച്ചപ്പെട്ടതായിരിക്കും. അപ്പോൾ (മാതാപിതാക്കൾക്ക് അത്ര ഉണ്ടെങ്കിൽ ) അതനുസരിച്ച് പ്രവർത്തിച്ചവനെ കുറിച്ച് നിങ്ങളെന്താണ് കരുതിയിരിക്കുന്നത് " (അബൂദാവൂദ് 1453)

11- ഖുർആൻ പഠിക്കൽ ഇഹലോകവും അതിലുള്ളതിനേക്കാളും മഹത്തരമാണ്

ഉഖ്ബത്ത് ഇബ്നു ആമിറില്‍(റ) നിന്ന് നിവേദനം : ഞങ്ങള്‍ സുഫ്ഫയിലാരിക്കെ (മുഹാജിറുകളിലെ സാധുക്കള്‍ അഭയം പ്രാപിച്ചിരുന്ന മസ്ജിദുന്നബവിയിലെ തണലുള്ള സ്ഥലം) നബി (സ) പുറത്തുവന്നുകൊണ്ട് പറഞ്ഞു: "നിങ്ങളില്‍ ആരെങ്കിലും തെറ്റ് ചെയ്യാതെയും കുടുംബബന്ധം തക൪ക്കാതെയും എല്ലാ ദിവസവും രാവിലെ ബുഹ്താനിലേക്കോ(മദീനക്ക് അടുത്തുള്ള സ്ഥലം) അക്വീക്വിലേക്കോ(മദീനയിലെ ഒരു താഴ്വര) പോയി വലിയ പൂഞ്ഞയുള്ള രണ്ട് ഒട്ടകങ്ങളെ കൊണ്ടുവരുവാന്‍ ഇഷ്ടപ്പെടുന്നുവോ?" അപ്പോള്‍ ഞങ്ങള്‍ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലെ ഞങ്ങളത് ഇഷ്ടപ്പെടുന്നു". അപ്പോള്‍ നബി ﷺ പറഞ്ഞു: "നിങ്ങളില്‍ ഒരാള്‍ പള്ളിയിലേക്ക് രാവിലെ പോകുകയും അല്ലാഹുവിന്റെ ഗ്രന്ഥത്തില്‍ നിന്ന് രണ്ട് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് രണ്ട് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. മൂന്ന് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് മൂന്ന് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. നാല് ആയത്തുകള്‍ പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്താല്‍ അതാണ് അയാള്‍ക്ക് നാല് ഒട്ടകങ്ങളെ കിട്ടുന്നതിനേക്കാള്‍ ഉത്തമമായത്. (പഠിക്കുകയോ അല്ലെങ്കില്‍ പാരായണം ചെയ്യുകയോ ചെയ്യുന്ന) ആയത്തിന്റെ എണ്ണം അനുസരിച്ചായിരിക്കും അവയുടെ(ഒട്ടകങ്ങളുടെ) എണ്ണവും."(മുസ്ലിം:803)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക