നിലവിലെ വിഭാഗം
പാഠം ഭാര്യാഭർത്താക്കന്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അടിസ്ഥാനകാര്യങ്ങൾ
ഇസ്ലാമിലെ വിവാഹബന്ധം ഏറ്റവും പ്രധാനപ്പെട്ടതും ഉന്നതവുമായ കരാറുകളിൽ ഒന്നാണ്. രണ്ട് ഇണകളിൽ നിന്നും ആ കരാറിൽ നിന്നുള്ള നന്മയും ഉപകാരങ്ങളും കൈവരിക്കുന്നതും വിവാഹ ജീവിതത്തിന്റെ തുടർച്ചയും മുസ്‌ലിം കുടുംബത്തിന്റെ നിലനിൽപ്പും ഉറപ്പാക്കുന്നതിനുമുള്ള ചില പ്രാഥമിക നടപടികളോടെ ഇസ്‌ലാമിക ശരീഅത്ത് അതിനെ ആവരണം ചെയ്യുന്നു.
ഒരു കുടുംബം കെട്ടിപ്പടുക്കുന്നതിലെ രണ്ട് പ്രധാന തൂണുകൾ ഭാര്യാഭർത്താക്കന്മാരാണ്, അവർക്കിടയിൽ നല്ല ബന്ധത്തിന് ഇസ്‌ലാം അതിയായി താൽപ്പര്യപെടുന്നുണ്ട്, മാത്രമല്ല തന്റെ ദാസൻമാരോടുള്ള അനുഗ്രഹത്തിന്റെ അടയാളങ്ങളിൽ അല്ലാഹു അതിനെ ഉൾപ്പെടുത്തിയിരിക്കുകയും ചെയ്തിരിക്കുന്നു.
അല്ലാഹു പറയുന്നു: "നിങ്ങള്‍ക്ക് സമാധാനപൂര്‍വ്വം ഒത്തുചേരേണ്ടതിനായി നിങ്ങളില്‍ നിന്ന് തന്നെ നിങ്ങള്‍ക്ക് ഇണകളെ സൃഷ്ടിക്കുകയും, നിങ്ങള്‍ക്കിടയില്‍ സ്നേഹവും കാരുണ്യവും ഉണ്ടാക്കുകയും ചെയ്തതും അവന്റെ ദൃഷ്ടാന്തങ്ങളില്‍ പെട്ടതത്രെ. തീര്‍ച്ചയായും അതില്‍ ചിന്തിക്കുന്ന ജനങ്ങള്‍ക്ക് ദൃഷ്ടാന്തങ്ങളുണ്ട്." (സൂ. റൂം: 21).
നല്ല ഇണകളെ തിരഞ്ഞെടുക്കൽ
നല്ല ജീവിത പങ്കാളിയെ തുരഞ്ഞെടുക്കുക എന്നതാണ് നല്ല ദാമ്പത്യ ജീവിതത്തിനും സുസ്ഥിരമായ കുടുംബ നിര്മാണത്തിനുമുള്ള ആദ്യത്തെ ചുവട് വെപ്പ്.
ഇണകളെ തിരഞ്ഞെടുക്കുമ്പോൾ പരിഗണിക്കേണ്ട പ്രധാന ഘടകങ്ങൾ
ജീവിത പങ്കാളിയെ തിരഞ്ഞെടുക്കുമ്പോൾ സ്ത്രീയും പുരുഷനും ശ്രദ്ധിക്കേണ്ട അടിസ്ഥാന പരമായ കാര്യം ഇതാണ്. മതത്തിലും സ്വഭാവത്തിലുമുള്ള ഉള്ള മികവ്, അല്ലാഹുവിന്റെ അനുമതിയോടെ, ഇഹപര സന്തോഷത്തിന് മതിയാകും.
മത നിഷ്ഠയുള്ള നല്ല സ്‌ത്രീയെ ഭാര്യയായി തിരഞ്ഞെടുക്കാൻ പ്രവാചകൻ (സ) പ്രോത്സാഹിപ്പിച്ചിട്ടുണ്ട്. അവിടുന്ന് പറഞ്ഞു: " സമ്പത്ത്, കുടുംബ പാരമ്പര്യം, സൗന്ദര്യം, മതം എന്നീ നാല് കാര്യങ്ങളിലാണ് ഒരു സ്‌ത്രീ വിവാഹം കഴിക്കപ്പെടുക, എന്നാൽ നിങ്ങൾ മതത്തിന് പ്രാമുഖ്യം നൽകുകയും വിജയികളാവുകയും ചെയ്യുക (ബുഖാരി 5090, മുസ്ലിം 1466). മതമുള്ള പെണ്ണ് അല്ലാഹുവിനെ ഭയപ്പെടുകയും ഭർത്താവിന്റെ സാന്നിധ്യത്തിലും അസാന്നിധ്യത്തിലും അവനോടും വീടിനോടുമുള്ള ബാധ്യതകൾ നിറവേറ്റുകയും ചെയ്യുന്നവളായിരിക്കും.
ഭർത്താവിനെ തിരഞ്ഞെടുക്കുന്ന വിഷയത്തിൽ പ്രവാചകൻ (സ) പറഞ്ഞു: "നിങ്ങൾക്ക് അവന്റെ സ്വഭാവവും മതവും ഇഷ്ടപ്പെടുന്ന തരത്തിൽ ആരെങ്കിലും നിങ്ങളുടെ അടുക്കൽ വന്നാൽ അവനെ വിവാഹം കഴിക്കുക, നിങ്ങൾ അങ്ങനെ ചെയ്തില്ലെങ്കിൽ, ഭൂമിയിൽ പരീക്ഷണവും വ്യാപകമായ കുഴപ്പവും ഉണ്ടാകും. ” (ഇബ്നു മാജ 1967) ചില സലഫുകൾ പറയാറുണ്ടായിരുന്നു: " നീ നിന്റെ മകളെ വിവാഹം കഴിച്ച് കൊടുക്കുകയാണെങ്കിൽ ദീൻ ഉള്ളവന് വിവാഹം കഴിച്ച് കൊടുക്കുക, അവൻ അവളെ ഇഷ്ടപ്പെടുകയാണെങ്കിൽ അവൻ അവളെ ആദരിക്കും, ഇനി അവൻ ദേഷ്യപ്പെടുകയെണെങ്കിലും അവളോട് അതിക്രമം കാണിക്കില്ല".
മാനസിക സംതൃപ്തി.
നബി(സ) പറഞ്ഞു: "ആത്മാവുകൾ അല്ലാഹു അയച്ച സൈന്യമാണ്. അതിൽ യോജിക്കുന്നവർ ഒന്നിക്കുന്നു, യോജിപ്പില്ലാത്തവർ പിരിഞ്ഞു പോകുന്നു" (ബുഖാരി 3336, മുസ്ലിം 2638). ഒരുമിച്ചു ജീവിക്കാനും സന്തോഷകരമായ ദാമ്പത്യം നിലനിറുത്താനും ഇണകൾക്കിടയിൽ മാനസിക സംതൃപ്തിയും യോജിപ്പും ഉണ്ടാകേണ്ടതിന്റെ പ്രാധാന്യം ഇത് ഊന്നി പറയുന്നു.
അതുകൊണ്ടാണ് ഒരു സ്ത്രീയെ വിവാഹം കഴിക്കാൻ ആഗ്രഹിച്ച ഒരാളോട് പ്രവാചകൻ പറഞ്ഞത്: "ആദ്യം നീ അവളെ നോക്കൂ, അതാണ് നിങ്ങൾക്കിടയിൽ നിത്യ സ്നേഹം കൊണ്ടുവരുന്നതിന് കൂടുതൽ ഉചിതം". (തിർമിദി 1087.) അതായത്, നിങ്ങൾക്കിടയിലുള്ള പ്രണയം നിത്യം നില നിൽക്കാൻ അതാണ് ഉത്തമം. അതോടൊപ്പം പരസ്‌പരം അറിയാനും മറ്റുള്ളവരുടെ മാനസിക സ്വീകാര്യത ഉറപ്പാക്കാനുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും ഉള്ള അവകാശമാണ് ഈ നോട്ടം.
പൊരുത്തം /യോജിപ്പ് (കുഫ്‌വ്)
സാമ്പത്തികവും സാമൂഹികവുമായ സാഹചര്യങ്ങളിൽ ഇണകൾ തമ്മിലുള്ള അടുപ്പവും യോജിപ്പുമാണ് ഇവിടെ ലക്ഷ്യമാക്കുന്നത്. ചില പണ്ഡിതന്മാർ ഇത് വിവാഹത്തിന്റെ നിബന്ധന ആക്കി വെച്ചിട്ടുണ്ട് . മറ്റു ചില പണ്ഡിതന്മാർ പറയുന്നത് മതവും സ്വബാവ്വും മാത്രമേ പരിഗണിക്കപ്പെടേണ്ടതുള്ളു എന്നാണ്. എന്നിരുന്നാലും സാമൂഹികരവും വൈജ്ഞാനികവും സാമ്പത്തികവുമായ തലത്തിലുള്ള അടുപ്പമില്ലായ്മയാണ് ദാമ്പത്യജീവിതത്തിലെ പിരിമുറുക്കത്തിനും വേർപിരിയലിനും കാരണം എന്നതിൽ സംശയമില്ല.
സംതൃപ്തിയും സ്വീകാര്യതയും
നല്ലത് തിരഞ്ഞെടുക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ തന്നെ, ഏറ്റവും അടുത്തവരിൽ നിന്നോ മറ്റോ യാതൊരു വിധ സമ്മർദ്ദമോ നിർബന്ധമോ കൂടാതെ രണ്ട് പേർക്കും പൂർണമായ തൃപ്തിയോടെയും സ്വീകാര്യതയോടെയുമാണ് വിവാഹം നടക്കേണ്ടത്.
വിവാഹത്തിന് സ്‌ത്രീകളുടെ തൃപ്‌തിയും സ്വീകാര്യതയും വ്യവസ്ഥ ചെയ്‌തു കൊണ്ട് ഇസ്‌ലാം അവരോട് നീതിപൂർവമാണ് പെരുമാറുന്നത്. റസൂൽ (സ) പറഞ്ഞു: "ഒരു വിധവയെ/വിവാഹ മോചിതയെ അവളോട് കൂടിയാലോചന നടത്താതെ വിവാഹം കഴിപ്പിക്കരുത്. ഒരു കന്യകയെ അവളുടെ അനുവാദം വാങ്ങാതെ വിവാഹം കഴിപ്പിക്കരുത്.'' അവർ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ, അവളുടെ സമ്മതം എങ്ങനെയാണ്? " അവിടുന്ന് പറഞ്ഞു: "മൗനമാണ് (അവളുടെ സമ്മതം)" (ബുഖാരി 5136, മുസ്ലീം 1419). ഖൻസാഅ് ബിൻത് ഹിസാം എന്ന അൻസാരി വനിതയുടെ ചരിത്രത്തിൽ കാണാം: നേരത്തെ വിവാഹിതയായിരുന്ന അവരെ വൈധവ്യത്തിൽ പിതാവ് പുനർവിവാഹം ചെയ്ത് കൊടുത്തു. എന്നാൽ അവർക്ക് അത് ഇഷ്ടമായിരുന്നില്ല, അങ്ങനെ അവർ നബി(സ)യുടെ അടുക്കൽ വന്നപ്പോൾ പ്രവാചകൻ ആ വിവാഹം റദ്ദു ചെയ്തു. (ബുഖാരി 5138.)