പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം യാത്രയിലെ നമസ്‌കാരവും നോമ്പും

യാത്രയുമായി ബന്ധപ്പെട്ട് നമസ്‌കാരത്തിനും നോമ്പിനും ചില പ്രത്യേക നിയമങ്ങൾ ഉണ്ട്. ഈ പാഠഭാഗത്ത് അത്തരം നിയമങ്ങളെ കുറിച്ച് നമുക്ക് പഠിക്കാം.

  • യാത്രയിലെ നമസ്കാരത്തിന്റെയും നോമ്പിന്റെയും വിധികൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

യാത്രകളിലെ ബാങ്ക്

തൊട്ടടുത്ത് മസ്ജിദ് ഇല്ലാത്ത സ്ഥലത്താണ് നമസ്‌കരിക്കുന്നതെങ്കിൽ, ഓരോ നമസ്‌കാരത്തിനും ഉച്ചത്തിൽ ബാങ്ക് കൊടുക്കേണ്ടതാണ്.

അബ്ദുല്ലാഹിബ്‌നു അബ്‌ദു റഹ്‌മാൻ ഇബ്നു അബീ സഅ്സഅ(റ) വിൽ നിന്നും, അബൂ സഈദുൽ ഖുദ്‌രി (റ) അദ്ദേഹത്തോട് പറഞ്ഞു: " താങ്കള്‍ ആടുകളെയും ഗ്രാമപ്രദേശത്തെയും സ്നേഹിക്കുന്നതായി ഞാൻ കാണുന്നു. താങ്കള്‍ താങ്കളുടെ ആടുകളുടെ കൂട്ടത്തിൽ അല്ലെങ്കിൽ ഗ്രാമത്തിൽ ആയിരിക്കുകയും (അങ്ങനെ നമസ്കാര സമയമാകുമ്പോള്‍) നമസ്കാരത്തിന് താങ്കള്‍ ബാങ്ക് വിളിക്കുകയും ചെയ്താൽ താങ്കളുടെ ശബ്ദം ഉയർത്തുക. നിശ്ചയം ബാങ്ക് വിളിക്കുന്നവന്റെ ശബ്ദം അങ്ങേയറ്റം വരെ കേൾക്കുന്ന ജിന്ന്, മനുഷ്യന്‍, എന്നുവേണ്ട എല്ലാ വസ്തുക്കളും അവന് അനുകൂലമായി അന്ത്യദിനത്തിൽ സാക്ഷ്യം വഹിക്കുന്നതാണ്. അബൂസഈദ്(റ) പറഞ്ഞു : ഇത് ഞാന്‍ നബി (സ) യിൽ നിന്ന് കേട്ടതാണ്. (ബുഖാരി:609)

ബാങ്കിന്റെ ശ്രേഷ്ടത ഇതിൽ നിന്നും നമുക്ക് മനസ്സിലാക്കാം. അതിനാൽ യാത്രയിലുള്ളവർ അതിന് ലജ്ജിക്കേണ്ടതില്ല. മറ്റൊരു ഹദീസിൽ "ബാങ്ക് കൊടുക്കുന്നവന് അവന്റെ ശബ്ദമെത്തുന്ന ദൂരത്തോളം (അവന്റെ പാപങ്ങള്‍) പൊറുക്കപ്പെടുന്നു. ഉണങ്ങിയതും പച്ചയായതുമായ എല്ലാം അവന് പാപമോചനം തേടുന്നു" (ഇബ്‌നു മാജ 724) എന്നും കാണാം.

ഖിബ്‌ലയെ അഭിമുഖീകരിക്കൽ

യാത്രയിൽ ഉള്ളവൻ ഖിബ്‌ലയുടെ ദിശ കണ്ടെത്താൻ അങ്ങേയറ്റം പ്രയത്നിക്കേണ്ടതാണ്. എന്നിട്ടും അതവന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെങ്കിൽ ഏത് ഭാഗമായാലും മതിയാകുന്നതാണ്. അവനത് പ്രയാസകരമായതിനാൽ കിറു കൃത്യമായി കഅബയുടെ ഭാഗത്തേക്ക് തന്നെ തിരിയണമെന്ന് നിർബന്ധമില്ല. അങ്ങനെ സ്വഹാബത്തിൽ നിന്നും ഉദ്ദരിക്കപ്പെട്ടിട്ടുമില്ല.

അവൻ ഖിബ്‌ല കണ്ടെത്താൻ കഠിനമായി പ്രയത്നിച്ച ശേഷമാണ് നമസ്‌കരിച്ചതെങ്കിൽ അവന്റെ നമസ്‌കാരം ശരിയാകുന്നതാണ്. നമസ്‌കാര ശേഷം ഖിബ്‌ലയിലേക്കല്ല അവൻ നമസ്‌കരിച്ചതെന്ന് അവൻ തിരിച്ചറിഞ്ഞാലും ശരി അവൻ നമസ്കാരം മടക്കി നിർവഹിക്കേണ്ടതില്ല. ഇനി അവൻ നമസ്‌കാര മദ്ധ്യേയാണ് ഖിബ്‌ല തിരിച്ചറിഞ്ഞതെങ്കിൽ അവൻ നമസ്‌കാരത്തിൽ തുടർന്ന് കൊണ്ട് തന്നെ ഖിബ്‌ലയിലേക്ക് തിരിഞ്ഞാൽ മതിയാകുന്നതാണ്. എന്നാൽ അവൻ അവൻ ഖിബ്‌ല കണ്ടെത്താൻ കഠിനമായി പ്രയത്നിക്കാതെ നമസ്‌കരിക്കുകയും നമസ്‌കാര ശേഷം അവൻ ഖിബ്‌ലയിലേക്ക് അല്ല നമസ്‌കരിച്ചതെന്ന് മനസിലാവുകയും ചെയ്‌താൽ അവൻ അവന്റെ നമസ്‌കാരം മടക്കി നിർവഹിക്കേണ്ടതാണ്.

ഖിബ്‌ല കണ്ടെത്താൻ ആധുനിക ഉപകരണങ്ങളോ സൂര്യദിശ നോക്കുന്നത് പോലെ അവലംബ യോഗ്യമായ സംഗതികളോ അല്ലെങ്കിൽ ആ നാട്ടുകാരായ വിശ്വാസ യോഗ്യരായവരുടെ വാക്കുകളോ അതുമല്ലെങ്കിൽ ഖിബ്‌ലയുടെ ദിശ വ്യക്തമാക്കുന്ന വല്ല അടയാളങ്ങളും അവിടെ ഉണ്ടെങ്കിൽ അതോ മതിയാകുന്നതാണ്.

മരുഭൂമിയിൽ / ഒഴിഞ്ഞ സ്ഥലത്ത് വെച്ച് നമസ്‌കരിക്കുന്നതിന്റെ ശ്രേഷ്ഠത

നമസ്‌കാരം നഷ്ടപ്പെടുത്താതിരിക്കുക എന്നത് യാത്രകളിൽ വളരെ പ്രധാനപ്പെട്ട കാര്യമാണ്. അത് ഒരു ദാസന്റെ വിശ്വാസം സത്യപ്പെടുത്തുന്ന തെളിവുമാണ്.

ഒരു ഹദീസിൽ കാണാം : "ജമാഅത്ത് ആയുള്ള നമസ്‌കാരം ഇരുപത്തഞ്ച് നമസ്‌കാരങ്ങൾക്ക് തുല്യമാണ്, അവൻ അത് നമസ്‌കരിക്കുന്നത് മരുഭൂമിയി (ഒഴിഞ്ഞ സ്ഥലത്ത് ) ലാണെങ്കിൽ എന്നിട്ടതിൽ അവൻ അതിലെ റുക്കൂഉം സുജൂദും പൂർണമായി നിർവഹിക്കുകയുമാണെങ്കിൽ അപ്പോൾ അത് അമ്പത് നമസ്‌കാരങ്ങളിലേക്കെത്തും" (അബൂ ദാവൂദ് 560).

ജനങ്ങളുടെ ദൃഷ്ടിയിൽ നിന്നും വിദൂരതയിലായിരുന്നിട്ടും ഇത് നിർവഹിക്കുമ്പോൾ അല്ലാഹുവോടുള്ള ബന്ധവും അവനെ കുറിച്ചുള്ള ഭയവുമാണ് വ്യക്തമാകുന്നത്. അത് കൊണ്ടാണ് ഇങ്ങനെ പ്രതിഫലം നൽകപ്പെടുന്നത്. ഒരു ഹദീസിൽ കാണാം: ഒരു മലമുകളിൽ ആയിരിക്കെ ബാങ്ക് കൊടുത്ത് നമസ്‌കരിക്കുന്ന ആട്ടിടയന്റെ കാര്യത്തിൽ നിങ്ങളുടെ രക്ഷിതാവ് അത്ഭുതപ്പെട്ടു പോയിരിക്കുന്നു, എന്നിട്ട് അല്ലാഹു പറയുന്നു: "എന്റെ ഈ അടിമയിലേക്ക് നോക്കൂ, അവൻ എന്നെ ഭയപ്പെട്ട് കൊണ്ട് ബാങ്ക് കൊടുക്കുകയും നമസ്‌കരിക്കുകയും ചെയ്യുന്നു, എന്റെ ഈ അടിമക്ക് ഞാൻ പൊറുത്ത് കൊടുക്കുകയും അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും ചെയ്‌തിരിക്കുന്നു." (അബൂ ദാവൂദ് 1203)

തീയിലേക്ക് തിരിഞ്ഞ് നമസ്കരിക്കൽ

യാത്രയിൽ തണുപ്പ് ഉള്ള സ്ഥലങ്ങളിൽ എത്തുമ്പോൾ ആൾക്കാർ തീ കായാൻ അടുപ്പ് കൂട്ടാറുണ്ട്. ചിലപ്പോൾ അത് ഖിബ്‌ലയുടെ ഭാഗത്തും ആയേക്കാം. എന്നാൽ അഗ്നി ആരാധകരുമായി സാമ്യത വരാതിരിക്കാൻ തീയിലേക്ക് തിരിഞ്ഞ് നമസ്കരിക്കാതിരിക്കലാണ് ഉത്തമം, വിശിഷ്യാ ഇമാം നിൽക്കുന്ന ആൾ. കരണമത് നമസ്‌കരിക്കുന്നവരെ അശ്രദ്ധയിലാക്കാൻ സാധ്യതയുണ്ട്. എന്നാൽ തണുപ്പ് പ്രതിരോധിക്കാൻ അത് അനിവാര്യമാണെങ്കിലോ അല്ലെങ്കിൽ അതിന്റെ സ്ഥാനം മാറ്റൽ പ്രയാസകരമാണെങ്കിലോ കുഴപ്പമില്ല.

യാത്രകളിൽ നമസ്‌കാരം ജംഉം ഖസ്‌റും ആക്കൽ

രണ്ട് നമസ്‌കാരങ്ങൾക്കിടയിൽ ജംഅ് ആക്കുക എന്നാൽ, ദുഹ്ർ അസ്റിന്റെ കൂടെയോ മഗ്‌രിബ് ഇശാഇന്റെ കൂടെയോ ഒരുമിച്ച് നമസ്‌കരിക്കലാണ്. മതപരമായി അനുവദിക്കപ്പെട്ട ഒഴിവ് കഴിവുകൾ (കാരണങ്ങൾ) ഒരാൾക്ക് ഉണ്ടെങ്കിൽ ഒന്നുകിൽ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയത്തേക്ക് മുന്തിച്ചോ അല്ലെങ്കിൽ രണ്ടാമത്തെ നമസ്‌കാരത്തിന്റെ സമയത്തേക്ക് പിന്തിച്ചോ രണ്ട് നമസ്കാരങ്ങളും ഒരേ സമയത്ത് അവന് നിർവഹിക്കാവുന്നതാണ്.

ഖസ്ർ ആക്കുക എന്നാൽ നാല് റക്അത്തുള്ള നമസ്‌കാരങ്ങളായ ദുഹ്ർ, അസ്ർ, ഇശാ എന്നീ നമസ്‌കാരങ്ങൾ രണ്ട് റക്അത്തുകളാക്കി ചുരുക്കി നമസ്‌കരിക്കലാണ്. എന്നാൽ മഗ്‌രിബ്, സുബ്ഹ് എന്നീ നമസ്‌കാരങ്ങൾ ഖസ്ർ ആക്കരുത്.

യാത്രകളിൽ നമസ്‌കാരം ജംഉം ഖസ്‌റും ആക്കാനുള്ള മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങളിൽ പെട്ടതാണ്; സ്വന്തം നാട് വിട്ട് വ്യക്തമായ ദൂരം ഉള്ള മറ്റൊരു നാട്ടിലേക്ക് പോവുക എന്നത്. ഈ ദൂരത്തെ ചില പണ്ഡിതന്മാർ ആധുനിക ദൂര മാപിനിയുടെ അടിസ്ഥാനത്തിൽ 80 കിലോ മീറ്റർ എന്ന് കണക്കാക്കിയിട്ടുണ്ട്. അതിനാൽ തന്റെ നഗരത്തിനടുത്ത് ഉള്ള സ്ഥലങ്ങളിലേക്ക് പോകുമ്പോൾ അവൻ ഖസ്ർ ആക്കരുത്, എന്നാൽ യാത്ര ആയി കണക്കാക്കാവുന്ന അകലത്തിലേക്ക് അവൻ പോവുകയാണെങ്കിൽ, അതൊരു വിനോദയാത്ര ആണെങ്കിലും ശരി അവന് നമസ്‌കാരം ഖസ്ർ ആകാവുന്നതാണ്.

യാത്രക്കാരന് നമസ്‌കാരം ഖസ്ർ ആക്കൽ സുന്നത്താണ്. അവൻ യാത്രയിലാണെങ്കിൽ യാത്രക്ക് അനുയോജ്യമാകുന്ന രൂപത്തിൽ മുന്തിച്ചോ പിന്തിച്ചോ ജംഅ് ആക്കാവുന്നതാണ്. എന്നാൽ അവൻ ഒരു സ്ഥലത്ത് തങ്ങുകയാണെങ്കിൽ ഓരോ നമസ്‌കാരവും അതിന്റെ സമയത്ത് തന്നെ നിർവഹിക്കലാണ് ഉത്തമം. ആ സ്ഥലത്തെ പള്ളിയിലെ ജമാഅത്തിന്റെ കൂടെ നമസ്‌കരിക്കാൻ സാധിക്കുമെങ്കിൽ വിശേഷിച്ചും.

യാത്രക്കാർ മറ്റുള്ള കാര്യങ്ങളിൽ വ്യാപൃതരായിക്കൊണ്ട് നമസ്‌കാരം നിർവഹിക്കുന്നത് അതിന്റെ സമയത്ത് നിർവഹിക്കുന്നതിൽ നിന്നും അശ്രദ്ധരാകരുത്. അല്ലാഹു പറയുന്നു: "സമാധാനാവസ്ഥയിലായാല്‍ നിങ്ങള്‍ നമസ്കാരം മുറപ്രകാരം തന്നെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക്‌ സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു." (സൂ. നിസാഅ് 103)

ജംഅ് ആക്കുമ്പോൾ രണ്ട് നമസ്‌കാരങ്ങൾക്കുമായി ഒരു ബാങ്കും രണ്ട് ഇഖാമത്തുകളുമാണ് ഉണ്ടാവുക. രണ്ട് നമസ്‌കരങ്ങൾക്കും ശേഷമാണ് നമസ്‌കാരത്തിന് ശേഷമുള്ള ദിക്റുകൾ നിർവഹിക്കേണ്ടത്.

ജംഅ് ആക്കാൻ മതം അനുവദിക്കുന്ന കാരണങ്ങൾ ചില യാത്രകളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ആ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പള്ളിയിലെ ഇമാം ആണ്. അദ്ദേഹം ആ വിഷയത്തിൽ നന്നായി പരിശ്രമം നടത്തുകയും അറിവുള്ളവരുമായി കൂടിയാലോചന നടത്തുകയും ചെയ്യണം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ജംഅ് ആക്കൽ അനുവദനീയമാണെന്ന് കാണുന്നില്ലെങ്കിൽ ജംഅ് ആക്കരുത്. ജമാഅത്തിൽ പങ്കെടുക്കുന്നവർ തർക്കങ്ങളിൽ നിന്ന് മാറി നിൽക്കുകയും വേണം. കാരണം വിശ്വാസികളുടെ പരസ്‌പര ഇണക്കവും ആരാധനയാണ്.

യാത്രയും നോമ്പും

യാത്രക്കാരൻ എന്ന നിലയിൽ യാത്രയിൽ നോമ്പ് ഉദ്ദേശിക്കരുത്. എന്നാൽ തിങ്കൾ വ്യാഴം ദിവസങ്ങളിൽ നോമ്പ് എടുക്കുന്നത് പോലെ നോമ്പ് എടുത്ത് ശീലമുള്ള ഒരാളുടെ യാത്രയും നോമ്പും ഒരുമിച്ച് വന്നാൽ അയാൾ നോമ്പെടുക്കുന്നതിൽ തെറ്റൊന്നുമില്ല.

അനസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "ഞങ്ങൾ നബി(സ)യുടെ കൂടെ യാത്ര ചെയ്യാറുണ്ടായിരുന്നു, അപ്പോൾ നോമ്പ് എടുത്തവർ നോമ്പ് എടുക്കാത്തവരെയോ നോമ്പ് എടുക്കാത്തവർ നോമ്പ് എടുത്തവരെയോ ആക്ഷേപിച്ചിരുന്നില്ല" (ബുഖാരി 1947, മുസ്‌ലിം 1118)

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക