പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിലുള്ള വിശ്വാസം

അല്ലാഹുവിന്റെ അത്യുന്നതമായ നാമ ഗുണ വിശേഷണങ്ങളെ കുറിച്ച് മനസ്സിലാക്കി അതിന്റെ ലക്ഷ്യം നിറവേറ്റപ്പെടുന്ന രൂപത്തിൽ അവനെ ആരാധിക്കുക എന്നത് ഈമാൻ വർധിക്കുന്ന മഹത്തായ പ്രവർത്തനങ്ങളിൽ ഒന്നാണ്. അവയെ കുറിച്ച് ഈ പാഠത്തിൽ നമുക്ക് മനസിലാക്കാം.

  • നാമഗുണ വിശേഷണങ്ങളിലെ ഏകത്വത്തെ കുറിച്ച് മനസ്സിലാക്കുക.
  • നാമഗുണ വിശേഷണങ്ങളിലെ ഏകത്വത്തെ കുറിച്ചുള്ള അഹ്‌ലു സുന്ന വൽ ജമാഅയുടെ വിശ്വാസത്തെ കുറിച്ച് മനസിലാക്കുക.
  • അല്ലാഹുവിന്റെ ചില നാമങ്ങളുടെ ആശയം മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ കുറിച്ചുള്ള വിശ്വാസം

ജനങ്ങൾക്ക് തങ്ങളുടെ റബ്ബിനെ പരിചയപ്പെടുത്തുന്നതിന് ഖുർആൻ ഊന്നൽ നൽകുകയും ഇത് പല ആയത്തുകളിലും ആവർത്തിക്കുകയും ചെയ്യുന്നുണ്ട്; കാരണം, ദൈവത്തെ ഉൾക്കാഴ്ചയോടെ ആരാധിക്കുന്നതിനും ആ നാമങ്ങളുടെയും ഗുണങ്ങളുടെയും ആവശ്യകതകളും അനുസരിച്ച് പ്രവർത്തിക്കുന്നതിനും അവന്റെ ജീവിതത്തിലും ആരാധനയിലും അവ സ്വാധീനം ചെലുത്തുന്നതിനും , അല്ലാഹുവിനെ അവൻ വിശേഷിപ്പിക്കുന്ന തന്റെ മനോഹരമായ നാമങ്ങളിലൂടെയും പൂർണതയുടെയും പ്രതാപത്തിന്റെയും വിശേഷങ്ങളിലൂടെയും ഒരു മുസ്ലീം തന്റെ നാഥനെ അറിയേണ്ടത് അത്യാവശ്യമാണ്.

തന്റെ ഗ്രന്ഥത്തിലൂടെയോ അവന്റെ റസൂലിൻറെ സുന്നത്തിലൂടെയോ അല്ലാഹു സ്വയം തെളിയിച്ച അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ കുറിച്ച് സർവ്വശക്തനായ അല്ലാഹുവിന് അനുയോജ്യമായ രീതിയിൽ മുസ്‌ലിം വിശ്വസിക്കുന്നു.

പരമ പരിശുദ്ധനായ അല്ലാഹുവിന് ഏറ്റവും വിശിഷ്ടമായ നാമഗുണങ്ങളും സമ്പൂർണമായ വിശേഷണങ്ങളും ഉണ്ട്. അവന്റെ നാമഗുണ വിശേഷണങ്ങളിൽ അവന് സമമായി യാതൊന്നുമില്ല. അല്ലാഹു പറയുന്നു: "അവന്‌ തുല്യമായി യാതൊന്നുമില്ല. അവന്‍ എല്ലാം കാണുന്നവനും എല്ലാം കേള്‍ക്കുന്നവനുമാകുന്നു." (സൂ. ശൂറാ 11). അത്യുന്നതനായ അല്ലാഹു തന്റെ എല്ലാ നാമഗുണങ്ങളിലും വിശേഷണങ്ങളിലും തന്റെ സൃഷ്ടികളിലാരെങ്കിലുമായുള്ള സാദൃശ്യത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടിരിക്കുന്നു.

"(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹു എന്ന്‌ വിളിച്ചുകൊള്ളുക. അല്ലെങ്കില്‍ റഹ്മാന്‍ എന്ന്‌ വിളിച്ചുകൊള്ളുക. ഏതു തന്നെ നിങ്ങള്‍ വിളിക്കുകയാണെങ്കിലും അവന്നുള്ളതാകുന്നു ഏറ്റവും ഉല്‍കൃഷ്ടമായ നാമങ്ങള്‍"

അത്യന്നതനായ അല്ലാഹുവിന്റെ ചില പേരുകൾ നമുക്കിവിടെ പരിശോധിക്കാം

അർറഹ്‌മാനി റഹീം (പരമ കാരുണികനും കരുണാവാരിധിയുമായവൻ)

താഴെയുള്ള രണ്ട് നാമങ്ങളാണ് അല്ലാഹു തന്റെ ദാസന്മാർക്ക് ആദ്യമായി പരിചയപ്പെടുത്താൻ ഉദ്ദേശിച്ച് കൊണ്ട് ഫാതിഹ ആരംഭിച്ചതും അതോടൊപ്പം "ബിസ്മില്ലാഹി റഹ്‌മാനി റഹീം" എന്ന വാക്കിലൂടെ മുഴുവൻ സൂറത്തുകളുടെയും തലക്കെട്ടായി ഉപയോഗിച്ചതുമായ രണ്ട് പേരുകൾ.

നമ്മുടെ രക്ഷിതാവ് അവൻ സ്വന്തത്തിൽ തന്നെ റഹ്‌മത്ത് (കാരുണ്യം) രേഖപ്പെടുത്താൻ ഇഷ്ടപ്പെടുന്നു, അവന്റെ കാരുണ്യമാകട്ടെ സർവ വസ്തുക്കളെയും ഉൾകൊള്ളുന്നതുമാണ്. എന്നാൽ സൃഷ്ടികളുടെ കാരുണ്യം പിതാവിന് പുത്രനോടെന്ന പോലെ ഒന്നിന് മറ്റൊന്നിനോടായി പരിമിതമാക്കപ്പെട്ടതാണ്. ആയാസരഹിതമായി ആഹാരം ലഭിക്കുന്നത് പോലും അല്ലാഹുവിന് സൃഷ്ടികളോടുള്ള കാരുണ്യത്തിന്റെ അടയാളമാണ്, അല്ലാഹു പറയുന്നു : "അപ്പോള്‍ അല്ലാഹുവിന്‍റെ കാരുണ്യത്തിന്‍റെ ഫലങ്ങള്‍ നോക്കൂ. ഭൂമി നിര്‍ജീവമായിരുന്നതിന്‌ ശേഷം എങ്ങനെയാണ്‌ അവന്‍ അതിന്‌ ജീവന്‍ നല്‍കുന്നത്‌? " (സൂ. റൂം 50).

തന്റെ നഷ്ടപ്പെട്ടുപോയ കുട്ടിയെ അന്വേഷിക്കുകയും ശേഷം അതിനെ തിരിച്ച് കിട്ടിയപ്പോൾ തന്റെ മാറോട് ചേർത്ത് മുലകൊടുക്കുകയും ചെയ്ത സ്ത്രീയെ റസൂൽ(സ)യും അനുചരന്മാരും കണ്ടപ്പോൾ അവിടുന്ന് പറഞ്ഞു: "ഈ സ്ത്രീ മകനെ തീയിലേക്ക് വലിച്ചെറിയുമെന്ന് നിങ്ങൾ കരുതുന്നുണ്ടോ ? " അവർ പറഞ്ഞു: " ഇല്ല, അവർക്കവനെ എറിയാൻ കഴിയില്ല" അപ്പോൾ റസൂൽ (സ) പറഞ്ഞു: "ഈ സ്ത്രീക്ക് തന്റെ കുട്ടിയോടുള്ളതിനേക്കാൾ തന്റെ ദാസന്മാരോട് അങ്ങേയറ്റം കാരുണ്യമുള്ളവനാണ് അല്ലാഹു" (ബുഖാരി 5653, മുസ്‌ലിം 2754)

എന്നാൽ സ്രഷ്ടാവിന്റെ കാരുണ്യം ശ്രേഷ്ഠവും മഹത്തരവുമായ മറ്റൊരു കാര്യമാണ്. എല്ലാ ചിന്തകൾക്കും ഭാവനകൾക്കും കണക്കാക്കലുകൾക്കും മീതെയാണതിന്റെ സ്ഥാനം , അത്യന്നതനായ അല്ലാഹുവിന്റെ കാരുണ്യത്തിന്റെ വ്യാപ്തി ദാസന്മാർക്ക് അറിയാമായിരുന്നെങ്കിൽ ആരും തന്നെ അവന്റെ കരുണയെ തൊട്ട് നിരാശരാകില്ല.

അല്ലാഹുവിന്റെ കാരുണ്യം രണ്ടിനമാണ്:

١
മനുഷ്യരും മൃഗങ്ങളും നിർജീവ വസ്തുക്കളുമുൾപ്പടെ മുഴുവൻ സൃഷ്ടികൾക്കും ഭൗതികമായ കാര്യങ്ങൾ ലഭ്യമാക്കുന്ന ഒരു കാരുണ്യം, മലക്കുകളുടെ പ്രാർത്ഥനയായി അല്ലാഹു പറയുന്നു: "ഞങ്ങളുടെ രക്ഷിതാവേ! നിന്‍റെ കാരുണ്യവും അറിവും സകല വസ്തുക്കളെയും ഉള്‍കൊള്ളുന്നതായിരിക്കുന്നു" (സൂ.മുഅ്മിന്‍ 7)
٢
തന്റെ വിശ്വാസികളായ ദാസന്മാർക്കായി പ്രത്യേകമായുള്ള മറ്റൊരു കാരുണ്യം, അത് മുഖേനെ അവർക്ക് അനുസരണവും നന്മയും സ്ഥൈര്യവും കാരുണ്യത്തിലെ പൂർണതയും വിട്ടുവീഴ്ചയും പാപമോചനവും സ്വർഗ പ്രവേശവും നരകമോചനവും സാധ്യമാകുന്നു, അല്ലാഹു പറയുന്നു: "അവന്‍ സത്യവിശ്വാസികളോട്‌ അത്യന്തം കരുണയുള്ളവനാകുന്നു. * അവര്‍ അവനെ കണ്ടുമുട്ടുന്ന ദിവസം അവര്‍ക്കുള്ള അഭിവാദ്യം സലാം ആയിരിക്കും.അവര്‍ക്കവന്‍ മാന്യമായ പ്രതിഫലം ഒരുക്കിവെച്ചിട്ടുണ്ട്‌." (സൂ. അഹ്സാബ് 43-44)

നബി(സ) പറഞ്ഞു : " 'ഒരാളും തന്നെ അവരുടെ പ്രവര്‍ത്തനങ്ങള്‍കൊണ്ട് സ്വര്‍ഗത്തില്‍ പ്രവേശിക്കുകയില്ല എന്ന് നിങ്ങൾ അറിയുക,'' അവർ ചോദിച്ചു: ''അല്ലാഹുവിന്റെ ദൂതരേ, താങ്കളും?'' അവിടുന്ന് പറഞ്ഞു: ''ഞാനും പ്രവേശിക്കുകയില്ല; അല്ലാഹുവിന്റെ അവന്റെ കാരുണ്യം കൊണ്ട് എന്നെ മൂടിയാലല്ലാതെ'' (മുസ്‌ലിം 2816)

ഒരു ദാസൻ തന്റെ രക്ഷിതാവിനോടുള്ള സാമിപ്യം വർധിപ്പിക്കുമ്പോഴും അനുസരണം മഹത്തരമാക്കുമ്പോഴും അവനോട് വിനയാന്വിതനാകുമ്പോഴുമെല്ലാം ഈ കാരുണ്യത്തിൽ നിന്നുള്ള അവന്റെ ഓഹരി വർധിക്കുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹുവിന്‍റെ കാരുണ്യം സല്‍കര്‍മ്മകാരികള്‍ക്ക്‌ സമീപസ്ഥമാകുന്നു. " (സൂ.അഅ്റാഫ് 56)

എല്ലാ കേൾക്കുന്നവനും കാണുന്നവനും

വിവിധ ഭാഷകളിലും വ്യത്യസ്ത ആവശ്യങ്ങളിലുമുള്ള എല്ലാ ശബ്ദങ്ങളും, അത് രഹസ്യമാകട്ടെ പരസ്യമാകട്ടെ അല്ലാഹു കേൾക്കുന്നു, തങ്ങളുടെ രഹസ്യങ്ങളും സ്വകാര്യ ഭാഷണങ്ങളും അല്ലാഹു അറിയില്ല എന്ന് ചില അജ്ഞർ കരുതിയപ്പോൾ അവരെ ശാസിച്ച് കൊണ്ട് അല്ലാഹു തന്റെ വചനങ്ങൾ അവതരിപ്പിച്ചത് കാണാം : "അതല്ല, അവരുടെ രഹസ്യവും ഗൂഢാലോചനയും നാം കേള്‍ക്കുന്നില്ല എന്ന്‌ അവര്‍ വിചാരിക്കുന്നുണ്ടോ? അതെ, നമ്മുടെ ദൂതന്‍മാര്‍ ( മലക്കുകള്‍ ) അവരുടെ അടുക്കല്‍ എഴുതിയെടുക്കുന്നുണ്ട്‌." (സൂ.സുഖ്‌റുഫ് 80).

അല്ലാഹു എല്ലാം കാണുന്നു, അതെത്ര ചെറുതായിരുന്നാലും പരാമപരിശുദ്ധനായ അല്ലാഹുവിന് അത് മറക്കപ്പെടുന്നില്ല. ബിംബാരാധകനായ പിതാവിനോട് എല്ലാം കാണുകയും കേൾക്കുകയും ചെയ്യാത്ത ബിംബത്തെ ആരാധിക്കുന്നതിനെ എതിർത്ത് കൊണ്ട് ഇബ്‌റാഹീം നബി(അ) സംസാരിക്കുന്നത് വിശുദ്ധ ഖുർആനിൽ നമുക്ക് കാണാം: "എന്‍റെ പിതാവേ, കേള്‍ക്കുകയോ, കാണുകയോ ചെയ്യാത്ത, താങ്കള്‍ക്ക്‌ യാതൊരു ഉപകാരവും ചെയ്യാത്ത വസ്തുവെ താങ്കള്‍ എന്തിന്‌ ആരാധിക്കുന്നു.? " (സൂ. മർയം 42).

അല്ലാഹു എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ്, ആകാശത്തിലോ ഭൂമിയിലോ ഉള്ള ഒരു അണുമണിത്തൂക്കം കാര്യവും അവനിൽ നിന്ന് മറച്ചു വെക്കാനാവില്ല, രഹസ്യമായതും അത്യന്തം നിഗൂഢമായതും അവൻ അറിയുന്നു എന്നൊക്കെ ഒരു ദാസൻ മനസിലാക്കിയാൽ അത് അല്ലാഹുവിന്റെ നിരീക്ഷണത്തിൽ പ്രതിഫലിക്കും. അങ്ങനെ അവൻ തന്റെ നാവിനെ കളവിൽ നിന്നും ദൈവ നിന്ദയിൽ നിന്നും കാത്തുസൂക്ഷിക്കും, അല്ലാഹുവിന് കോപമുണ്ടാക്കുന്ന എല്ലാ കാര്യങ്ങളിൽ നിന്നും തന്റെ ചിന്തകളെയും ഹൃദയത്തിന്റെ നിർദേശങ്ങളെയും കാത്തുസൂക്ഷിക്കും, എന്നിട്ട് അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന ഭാഗത്തേക്ക് ആ അനുഗ്രഹങ്ങളെയും കഴിവുകളെയും അവൻ തിരിച്ച് വിടും, കാരണം അവന്റെ പ്രത്യക്ഷമായതും പരോക്ഷമായതും രഹസ്യമായതും പരസ്യമായതും കാണുന്നവനാണ് എന്ന ബോധ്യം അവനുണ്ടാകും. അതാണ് റസൂൽ(സ) പറഞ്ഞത്: " ഇഹ്‌സാൻ എന്നാൽ നീ അല്ലാഹുവിനെ കാണുന്നത് പോലെ അവനെ ആരാധിക്കലാണ്, ഇനി നീ അവനെ കാണുന്നില്ലെങ്കിലും അവൻ നിന്നെ കാണുന്നുണ്ട്" (ബുഖാരി 50, മുസ്‌ലിം 9).

എന്നെന്നും ജീവിച്ചിരിക്കുന്നവന്‍. എല്ലാം നിയന്ത്രിക്കുന്നവന്‍:

ഒരു ന്യൂനതയോ കുറവോ ഇല്ലാത്ത നാശമോ നീങ്ങിപ്പോക്കോ ബാധിക്കാത്ത ഇല്ലായ്മ മുൻകടന്നിട്ടില്ലാത്ത എല്ലാത്തിനെ തൊട്ടും പരിശുദ്ധമായ സമ്പൂർണമായ ജീവിതമാണ് അല്ല്ലാഹുവിനുള്ളത്. അറിവ്, കേൾവി, കാഴ്ച, ശക്തി, ഇച്ഛ തുടങ്ങി അവന്റെ എല്ലാ വിശേഷണങ്ങളും അനിവാര്യമായ സമ്പൂർണമായ ജീവിതം. ആരുടെ കാര്യമാണോ ഇപ്രകാരമാണുള്ളത് , അവനാണ് ആരാധിക്കപ്പെടാനും സാഷ്ടംഗം നമിക്കപ്പെടാനും ഭരമേൽപ്പിക്കപ്പെടാനും അർഹനായിട്ടുള്ളത്, അല്ലാഹു പറയുന്നു: "ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക."ഒരിക്കലും മരിക്കാതെ ജീവിച്ചിരിക്കുന്നവനെ നീ ഭരമേല്‍പിക്കുക." (സൂ. ഫുർഖാൻ 58).

അല്ലാഹുവിന്റെ 'ഖയ്യൂം' (എല്ലാം നിയന്ത്രിക്കുന്നവന്‍) എന്ന നാമം രണ്ട് കാര്യങ്ങൾ അറിയിച്ച് തരുന്നു :

١
അല്ലാഹുവിന്റെ സ്വയം പര്യാപ്തത പരിപൂർണമാണ്, അവൻ സ്വയം തന്നെ അവന്റെ സൃഷ്ടികളെ തൊട്ട് സ്വയംപര്യാപ്തനായി നിലകൊള്ളുന്നു. അല്ലാഹു പറഞ്ഞു: "മനുഷ്യരേ, നിങ്ങള്‍ അല്ലാഹുവിന്‍റെ ആശ്രിതന്‍മാരാകുന്നു. അല്ലാഹുവാകട്ടെ സ്വയം പര്യാപ്തനും സ്തുത്യര്‍ഹനുമാകുന്നു. " (സൂ. ഫാത്വിർ 15). അവൻ എല്ലാ മേഖലകളിലും തന്റെ സൃഷ്ടികളെ തൊട്ട് സ്വയം പര്യാപതനാണ്. അനുസരണയുള്ളവന്റെ അനുസരണയോ അനുസരണക്കേട് കാണിക്കുന്നവന്റെ അനുസരണക്കേടോ അവന് ഉപകാരമോ ഉപദ്രവമോ ആയി ഭവിക്കുന്നില്ല.അല്ലാഹു പറയുന്നു: "വല്ലവനും ( അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ ) സമരം ചെയ്യുകയാണെങ്കില്‍ തന്‍റെ സ്വന്തം ഗുണത്തിനായിത്തന്നെയാണ്‌ അവന്‍ സമരം ചെയ്യുന്നത്‌. തീര്‍ച്ചയായും അല്ലാഹു ലോകരെ ആശ്രയിക്കുന്നതില്‍ നിന്ന്‌ മുക്തനത്രെ." (സൂ.അങ്കബൂത്ത് 6) മൂസാ (അ) പറയുന്നതായി അല്ലാഹു നമുക്ക് പറഞ്ഞു തന്നു : "നിങ്ങളും, ഭൂമിയിലുള്ള മുഴുവന്‍ പേരും കൂടി നന്ദികേട്‌ കാണിക്കുന്ന പക്ഷം, തീര്‍ച്ചയായും അല്ലാഹു പരാശ്രയമുക്തനും, സ്തുത്യര്‍ഹനുമാണ്‌ ( എന്ന്‌ നിങ്ങള്‍ അറിഞ്ഞ്‌ കൊള്ളുക.)" (സൂ.ഇബ്‌റാഹീം 8)
٢
സൃഷ്ടികളോടുള്ള അല്ലാഹുവിന്റെ പരിപൂർണമായ കഴിവും നിയന്ത്രണവും എന്നതിന്റെ വിവക്ഷ, അവന് അവയുടെ മേലുള്ള ശക്തി നിലനിൽക്കുന്നതാണ്, മുഴുവൻ സൃഷ്ടികളും അവനിലേക്ക് ആവശ്യക്കാരും ആശ്രിതരുമാണ്. അവക്ക് ഒരു കണ്ണിമ വെട്ടുന്ന നേരത്തേക്ക് നിലനിൽക്കുന്നതിനുള്ള സ്വയം പര്യാപ്തത പോലുമില്ല. പ്രപഞ്ചത്തിന്റെ വ്യവസ്ഥാപിതമായ നിലനിൽപ്പ്, ജീവന്റെ സഞ്ചാരം തുടങ്ങി നാം കാണുന്നതെല്ലാം അല്ലാഹുവിന് അവയുടെ മേലുള്ള കഴിവും നിയന്ത്രണങ്ങളും നിലനിൽക്കുന്നു എന്നതിന്റെ അടയാളങ്ങളിൽ പെട്ടതാണ്. അല്ലാഹുവിന് പങ്കുകാരെ വെക്കുന്നവരെ എതിർത്തുകൊണ്ട് അല്ലാഹു പറഞ്ഞു: "അപ്പോള്‍ ഓരോ വ്യക്തിയും പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന കാര്യത്തിനു മേല്‍നോട്ടം വഹിച്ചുകൊണ്ടിരിക്കുന്നവന്‍ ( അല്ലാഹു ) ( യാതൊന്നും അറിയാത്തവരെപ്പോലെയാണോ? )" (സൂ.റഅദ് 33). വീണ്ടും അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹു ആകാശങ്ങളെയും ഭൂമിയെയും (യഥാര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന്‌) നീങ്ങാതെ പിടിച്ചു നിര്‍ത്തുന്നു. അവ നീങ്ങിപ്പോകുകയാണെങ്കില്‍ അവനു പുറമെ യാതൊരാള്‍ക്കും അവയെ പിടിച്ചു നിര്‍ത്താനാവില്ല. " (സൂ. ഫാത്വിർ 41).

അതിനാൽ തന്നെ ഈ മഹത്തായ രണ്ട് നാമങ്ങൾക്ക് പ്രാർത്ഥനയിലും കീഴൊതുങ്ങലിലും സവിശേഷ സ്ഥാനമുണ്ട്. നബി(സ) പ്രാർഥിച്ചിരുന്നതായി നമുക്ക് കാണാം : " എന്നെന്നും ജീവിക്കുന്നവനും എല്ലാം നിയന്ത്രിക്കുന്നവനുമായവനെ, നിന്റെ കാരുണ്യം കൊണ്ട് ഞാൻ നിന്നോട് സഹായം തേടുന്നു" (തുർമുദി 3524)

അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിൽ വിശ്വസിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ:

١
അല്ലാഹുവിനെ അറിയൽ. ആരെങ്കിലും അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളിൽ വിശ്വസിച്ചാൽ അത് മുഖേനെ അവന് അല്ലാഹുവെ കുറിച്ചുള്ള അറിവ് വർധിക്കും. അല്ലാഹുവിനെ കുറിച്ചുള്ള ദൃഢമായ വിശ്വാസവും വർധിക്കും, അല്ലാഹുവിന്റെ ഏകത്വം അവനിൽ ശക്തിപ്പെടും. അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങളെ കുറിച്ച് മനസിലാക്കിയവൻ അല്ലാഹുവിനെ മഹത്വപ്പെടുത്തലും അവനോടുള്ള ഇഷ്ടവും താഴ്മയും കൊണ്ട് തന്റെ ഹൃദയം നിറക്കുന്നതാണ് .
٢
അല്ലാഹുവിന്റെ അതി വിശിഷ്ടമായ നാമങ്ങൾ കൊണ്ട് അവനെ പുകഴ്‌ത്തൽ ദൈവ സ്മരണയുടെ ഏറ്റവും വിശിഷ്ടമായ ഇനങ്ങളിലൊന്നാണ്. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, നിങ്ങള്‍ അല്ലാഹുവെ ധാരാളമായി അനുസ്മരിക്കുക" (സൂ. അഹ്സാബ് 41)
٣
അല്ലാഹുവിന്റെ നാമഗുണ വിശേഷണങ്ങൾ കൊണ്ട് അവനോട് തേടുകയും പ്രാർത്ഥിക്കുകയും ചെയ്യുക, അല്ലാഹു പറയുന്നു: "അല്ലാഹുവിന്‌ ഏറ്റവും നല്ല പേരുകളുണ്ട്‌. അതിനാല്‍ ആ പേരുകളില്‍ അവനെ നിങ്ങള്‍ വിളിച്ചുകൊള്ളുക, " (സൂ.അഅ്റാഫ് 180). ഉദാഹരണമായി ; 'യാ റസാഖ് എനിക്ക് ഉപജീവനം നൽകേണമേ, യാ തവ്വാബ് എനിക്ക് പൊറുത്ത് തരേണമേ, യാ റഹീം എന്നോട് കരുണ ചെയ്യേണമേ ' എന്നിങ്ങനെ പ്രാർത്ഥിക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക