നിലവിലെ വിഭാഗം
പാഠം ഉംറയുടെ രൂപം
കഅബയെ ത്വവാഫ് ചെയ്യുക, സ്വഫാ മാർവകൾക്കിടയിൽ സഅ് യ് ചെയ്യുക, ശേഷം മുടി നീക്കുകയോ വെട്ടുകയോ ചെയ്യുക എന്നിവ കൊണ്ട് അല്ലാഹുവിനെ ആരാധിക്കലാണ് ഉംറ.
ഉംറയുടെ വിധി
കഴിവുള്ളവർക്ക് ജീവിതത്തിൽ ഒരു പ്രാവശ്യം ഉംറ ചെയ്യൽ നിർബന്ധമാണ്. പിന്നീട് കഴിവും സാഹചര്യവും അനുസരിച്ച് ആവർത്തിച്ച് ചെയ്യൽ സുന്നത്താണ്.
അല്ലാഹു പറയുന്നു: "നിങ്ങള്‍ അല്ലാഹുവിന് വേണ്ടി ഹജ്ജും ഉംറഃയും പൂര്‍ണ്ണമായി നിര്‍വഹിക്കുക" (സൂ. ബഖറ 196).
ആഇശ(റ) യിൽ നിന്നും അവർ പറഞ്ഞു, ഞാൻ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, സ്ത്രീകൾക്ക് ജിഹാദ് ഉണ്ടോ? " അവിടുന്ന് പറഞ്ഞു: "അതെ, അവർക്ക് ജിഹാദ് ഉണ്ട്. അതിൽ യുദ്ധമില്ല, ഹജ്ജും ഉംറയുമാണത്" (അഹ്‌മദ് 25322, ഇബ്‌നു മാജ 2901)
ഉംറയുടെ ശ്രേഷ്ഠത
വർഷത്തിൽ ഏത് സമയത്തും ഉംറ നിർവഹിക്കൽ അനുവദനീയമാണെങ്കിലും ഹജ്ജിന്റെ മാസങ്ങളിൽ അത് ഉത്തമമാണ്. റമദാൻ മാസത്തിലെ ഉംറയുടെ പ്രതിഫലം ഹജ്ജിന് തുല്യമാണ്. ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "നിശ്ചയമായും റമദാനിലെ ഉംറ ഹജ്ജിന് -അല്ലെങ്കിൽ എന്റെ കൂടെയുള്ള ഹജ്ജിന്- സമമാകുന്നു." (ബുഖാരി 1863, മുസ്‌ലിം 1256).
ഉംറയുടെ രൂപം
ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്യാൻ ഉദ്ദേശിക്കുന്നവൻ തന്റെ വസ്ത്രം മാറ്റി കുളിച്ച് തലയിലും താടിയിലും സുഗന്ധം പൂശി ഇഹ്റാമിന്റെ വസ്‌ത്രം ധരിക്കേണ്ടതാണ്.
ശേഷം ഫർദ് നമസ്‌കാരത്തിന്റെ സമയമാണെങ്കിൽ അത് നമസ്‌കരിക്കുക. അല്ലെങ്കിൽ അവൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ രണ്ട് റക്അത്ത് നമസ്‌കരിക്കാവുന്നതാണ്. നമസ്കാരത്തിൽ നിന്നും വിരമിച്ച് കഴിഞ്ഞാൽ ഉംറയിലേക്ക് പ്രവേശിക്കുന്നതായി മനസിൽ കരുതുകയും "ലബ്ബൈക്കല്ലാഹുമ്മ ഉംറതൻ" എന്ന് പറയുകയും ചെയ്യണം.
-
മസ്ജിദുൽ ഹറമിൽ എത്തിയാൽ പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥന ചൊല്ലിക്കൊണ്ട് വലത് കാൽ മുന്തിച്ച് പള്ളിയിലേക്ക് പ്രവേശിക്കുക. കഅ്ബയിലെത്തിയാൽ ത്വവാഫ് തുടങ്ങുന്നതിന് മുമ്പായി തൽബിയത്ത് അവസാനിപ്പിക്കുക. ഇള്തിബാഅ് -അവന്റെ മേൽമുണ്ടിന്റെ മധ്യ ഭാഗം വലത് കക്ഷത്തിന് ഉള്ളിലൂടെ ഇട്ട് അതിന്റെ അറ്റങ്ങൾ ഇടത് ചുമലിന് മുകളിൽ ഇടുന്ന രീതി- പുരുഷന്മാർക്ക് സുന്നത്താണ്.
ശേഷം ത്വവാഫ് തുടങ്ങാനായി ഹജറുൽ അസ്‌വദിന് അടുത്തേക്ക് പോവുകയും തന്റെ വലത് കൈകൊണ്ട് അത് തൊടുകയും എന്നിട്ടത് ചുംബിക്കുകയും വേണം. അത് അവന് പ്രയാസകരമാണെങ്കിൽ ഹജറിന് നേരെ തിരിഞ്ഞു കൈകൊണ്ട് അഭിവാദ്യം ചെയ്യുക. ശേഷം കഅബയെ തന്റെ ഇടത് ഭാഗത്താക്കി കൊണ്ട് ഏഴ് വട്ടം അതിനെ ചുറ്റുക. ആദ്യ മൂന്ന് ചുറ്റുകളിൽ പുരുഷൻമാർ റംല് നടത്തേണ്ടതാണ്. റംല് എന്നാൽ കാലടികൾ അടുത്തടുത്ത് വെച്ചുള്ള വേഗത കൂട്ടിയുള്ള നടത്തമാണ്.
-
ഹജറുൽ അസ്‌വദിന് നേരെ എത്തുമ്പോഴെല്ലാം തക്ബീർ ചൊല്ലുകയും അതല്ലാത്ത സമയങ്ങളിലെല്ലാം ഇഷ്ടമുള്ള ദിക്ർ, ദുആ, ഖുർആൻ പാരായണം എന്നിവയിൽ മുഴുകുകയും ചെയ്യുക.
അങ്ങനെ ത്വവാഫ് പൂർത്തിയായാൽ മേൽമുണ്ട് സാധാരണ നിലക്ക് ആക്കുകയും സാധ്യമാകുമെങ്കിൽ മഖാമു ഇബ്റാഹീമിന് പിന്നിലോ അല്ലെങ്കിൽ പള്ളിയിലെ സാധ്യമാകുന്ന ഏത് സ്ഥലത്ത് വെച്ചുമോ രണ്ട് റക്അത്ത് നമസ്കരിക്കുക. ആദ്യ റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറത്ത് കാഫിറൂനും രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്‌ലാസും പാരായണം ചെയ്യുക.
ശേഷം സഅ് യ് ചെയ്യാനായി സ്വഫയിലേക്ക് പോവുകയും അവിടെ എത്തിയാൽ "إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ" എന്ന് പാരായണം ചെയ്യുകയും ശേഷം അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാൻ ആരംഭിക്കുന്നു എന്ന് പറയുകയും ചെയ്യുക.
സ്വഫയിൽ വെച്ച് കഅ്ബയിലേക്ക് തിരിഞ്ഞ് കൈകൾ ഉയർത്തി അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് അവനോട് പ്രാർത്ഥിക്കണം. നബി(സ)യുടെ പ്രാർത്ഥനയിൽ പെട്ടതായിരുന്നു : "ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അൻജസ വഅ്ദഹു, വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്സാബ വഹ്ദഹു " എന്നത്. ഇത് മൂന്ന് പ്രാവശ്യം ആവർത്തിക്കുക.
-
ശേഷം സ്വഫയിൽ നിന്നും മർവയിലേക്ക് പോകണം. സഅ് യ് ചെയ്യുന്ന വഴിയിലെ ഇന്ന് പച്ച ലൈറ്റ് തെളിയിച്ച് അടയാളപ്പെടുത്തിയ ഭാഗത്ത് എത്തിയാൽ പുരുഷന്മാർ കഴിയുന്നത്ര വേഗത്തിൽ ഓടണം. എന്നാൽ സ്ത്രീകൾ സഅ് യിലുടനീളം നടന്നാൽ മതി.
-
ശേഷം മർവയിലെത്തുന്നത് വരെ നടക്കുകയും മർവയിലെത്തിയാൽ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകൾ ഉയർത്തി ആയത്ത് ഓതുകയും അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാനും തുടങ്ങുന്നു എന്ന് പറയുകയും ചെയ്യുന്നത് ഒഴികെ സ്വഫയിൽ ചെയ്‌തത് പോലെ പ്രാർത്ഥിക്കണം.
-
ശേഷം മർവയിൽ നിന്നും ഇറങ്ങി സ്വഫയിലേക്ക് പോകണം. പോകുമ്പോഴും പച്ച ലൈറ്റിനാൽ അടയാളപ്പെടുത്തിയ സ്ഥലത്ത് എത്തുമ്പോൾ ഓടണം. അങ്ങനെ സ്വഫയിൽ എത്തിയാൽ മർവയിൽ ചെയ്തത് തന്നെ ആവർത്തിക്കുക. അപ്രകാരം ഏഴ് നടത്തവും പൂർത്തിയാക്കുന്നത് വരെ തുടരുക. പോക്കും വരവും ഓരോ നടത്തമായിട്ട് ഒരു പോക്ക് വരവ് രണ്ട് നടത്തമായാണ് പരിഗണിക്കപ്പെടുക. അവന്റെ സഅ് യിൽ ദിക്റുകളും ദുആഉകളും അധികരിപ്പിക്കലും അവൻ സഅ് യ് ചെയ്യുന്ന സമയത്ത് ഇരു അശുദ്ധികളിൽ നിന്നും ശുദ്ധിയായിരിക്കലും സുന്നത്താണ്.
-
ഉംറ നിർവഹിക്കുന്നവൻ സഅ് യ് പൂർത്തിയാക്കിയ ശേഷം അവിടെ നിന്നും തലമുടി നീക്കുകയോ വെട്ടുകയോ ചെയ്യനായി പോകേണ്ടതാണ്. മുടി നീക്കലാണ് ഉത്തമം.
അബ്ദുല്ലാഹിബ്‌നു ഉമർ (റ) വിൽ നിന്നും, അല്ലാഹുവിന്റെ റസൂൽ(സ) ഇപ്രകാരം പ്രാർത്ഥിച്ചു: "അല്ലാഹുവേ, തലമുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ", ജനങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, മുടി വെട്ടിച്ചെറുതാക്കിയവരെയും". "അല്ലാഹുവേ, തലമുണ്ഡനം ചെയ്തവരെ നീ അനുഗ്രഹിക്കേണമേ", ജനങ്ങൾ പറഞ്ഞു: "അല്ലാഹുവിന്റെ റസൂലേ, മുടി വെട്ടിച്ചെറുതാക്കിയവരെയും" അവിടുന്നു പറഞ്ഞു: മുടി ചെറുതാക്കിയവരെയും.(ബുഖാരി: 1727, മുസ്‌ലിം 1301).
എന്നാൽ സ്‌ത്രീ ആണെങ്കിൽ അവളുടെ മുടി ഒരുമിച്ച് പിടിക്കുകയും അതിന്റെ അറ്റത്ത് നിന്ന് വിരലിന്റെ അറ്റത്തിന്റെ അത്ര നീളത്തിൽ വെട്ടുകയും വേണം. ഇങ്ങനെ ചെയ്‌താൽ അവന്റെ ഉംറ പൂർത്തിയാവുകയും ഇഹ്‌റാമിനാൽ നിഷിദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരാമമാവുകയും ചെയ്‌തു.