പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ഖുർആൻ പാരായണത്തിന്റെ വിധികളും മര്യാദകളും

വിശുദ്ധ ഖുർആൻ അല്ലാഹുവിന്റെ കലാം (വചനം) ആണ്. അത് പാരായണം ചെയ്യുന്നതിന്റെ വിധികളും മര്യാദകളും മനസ്സിലാക്കൽ പാരായണം ചെയ്യുന്നവരുടെ ബാധ്യതയാണ്. അങ്ങനെയുള്ള ഏതാനും വിധികളും മര്യാദകളും ഈ പാഠഭാഗത്തിൽ നമുക്ക് മനസിലാക്കാം.

  • വിശുദ്ധ ഖുർആൻ പാരായണം ചെയ്യുന്നതിന്റെ വിധികളും മര്യാദകളും മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഖുർആൻ മനഃപാഠമാക്കുന്നതിന്റെ വിധി

١
ഖുർആൻ സമ്പൂർണമായി മനഃപാഠമാക്കൽ സാമൂഹ്യബാധ്യതാണെന്നത് ഐക്യഖണ്ഡേനെ അംഗീകരിക്കപ്പെട്ടതാണ്. മുസ്ലിംകളുടെ കൂട്ടത്തിൽ ഒരാൾ അത് നിർവഹിച്ചാൽ ബാക്കിയുള്ളവർ കുറ്റത്തിൽ നിന്നും ഒഴിവാകും.
٢
തന്റെ നമസ്‌കാരം ശരിയാകാൻ അനിവാര്യമായ സൂറത്ത് ഫാതിഹ മനഃപാഠമാക്കൽ ഒരു മുസ്‌ലിമിന് നിർബന്ധമാണ്.
٣
ഖുർആനിൽ നിന്ന് സാധ്യമാകുന്നത് മനഃപാഠമാക്കലും വലിയ ശ്രേഷ്ഠതകളും മഹത്തായ പ്രതിഫലമുള്ളതുമായ അത് അധികരിപ്പിക്കലും മുസ്‌ലിമിന് പുണ്യകരമാണ്.

ആഇശ (റ) യിൽ നിന്നും, നബി(സ) പറഞ്ഞിരിക്കുന്നു: "ഖുർആൻ പാരായണം ചെയ്യുന്നവൻ ഉന്നത സ്ഥാനീയരായ മലക്കുകളുടെ കൂടെയാണ്" (ബുഖാരി 4937).

ഖുർആൻ പാരായണം ചെയ്യുന്നതിന്റെ വിധി

ഖുർആൻ പാരായണം ചെയ്യലും സാധ്യമാകുന്നത്ര അത് അധികരിപ്പിക്കലും മുസ്‌ലിമിന് സുന്നത്താണ്. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും അല്ലാഹുവിന്‍റെ ഗ്രന്ഥം പാരായണം ചെയ്യുകയും, നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും, നാം കൊടുത്തിട്ടുള്ളതില്‍ നിന്ന്‌ രഹസ്യമായും പരസ്യമായും ചെലവഴിക്കുകയും ചെയ്യുന്നവരാരോ അവര്‍ ആശിക്കുന്നത്‌ ഒരിക്കലും നഷ്ടം സംഭവിക്കാത്ത ഒരു കച്ചവടമാകുന്നു." (സൂ. ഫാത്തിർ 29).

ഖുർആൻ പാരായണം ചെയ്യുമ്പോൾ മൗനമവലംബിക്കുന്നതിന്റെയും ശ്രദ്ധിച്ച് കേൾക്കുന്നതിന്റെയും വിധി

നമസ്‌കാരത്തിലും ജുമുഅ ഖുതുബയിലുമൊക്കെ ഖുർആൻ പാരായണം ചെയ്യുമ്പോൾ മൗനമവലംബിക്കലും ശ്രദ്ധിച്ച് കേൾക്കലും മുസ്‌ലിമിന് അനിവാര്യമാണ്, അല്ലാഹു പറയുന്നു: "ഖുര്‍ആന്‍ പാരായണം ചെയ്യപ്പെട്ടാല്‍ നിങ്ങളത്‌ ശ്രദ്ധിച്ച്‌ കേള്‍ക്കുകയും നിശ്ശബ്ദത പാലിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം." (സൂ. അഅ്റാഫ് 204)

ഖുർആൻ പാരായണം ചെയ്യുന്ന മറ്റു സമയങ്ങളിൽ അല്ലാഹുവിന്റെ വേദഗ്രന്ഥത്തോടുള്ള ബഹുമാനവും മര്യാദയും പ്രകടിപ്പിച്ച് കൊണ്ട് മൗനമവലംബിക്കലും ശ്രദ്ധിച്ച് കേൾക്കലും സുന്നത്താണ്.

ഖുർആൻ അനുസരിച്ച് പ്രവർത്തിക്കുന്നതിന്റെ വിധി

ഖുർആനിൽ വിശ്വസിക്കലും അതിലെ അനുവദനീയങ്ങളെ അനുവദനീയമാക്കിയും നിഷിദ്ധങ്ങളെ നിഷിദ്ധമാക്കിയും അതിലെ കല്പനകൾ സ്വീകരിച്ചും വിരോധങ്ങൾ വെടിഞ്ഞും അതിലെ വിധികളനുസരിച്ച് പ്രവർത്തിക്കലും എല്ലാവർക്കും അനിവാര്യമാണ്.

അലി (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: "ആരെങ്കിലും ഖുർആൻ പാരായണം ചെയ്യുകയും അതിലെ അനവദനീയങ്ങൾ അനുഭവദനീയമാക്കുകയും നിഷിദ്ധങ്ങൾ നിഷിദ്ധമാക്കുകയും ചെയ്തുകൊണ്ട് അത് പ്രവർത്തനപഥത്തിൽ കൊണ്ട് വരികയും ചെയ്‌താൽ അത് കാരണം അല്ലാഹു അവനെ സ്വർഗത്തിൽ പ്രവേശിപ്പിക്കുകയും അവന്റെ കുടുംബത്തിലെ നരകാവകാശികളായ പത്ത് പേർക്ക് അവൻ മുഖേനെ ശുപാർശ ചെയ്യപ്പെടുകയും ചെയ്യും" (തുർമുദി 2905)

അബുദുല്ലാഹ് (റ) വിൽ നിന്നും അബ്ദുറഹ്മാൻ (റ) ഉദ്ധരിക്കുന്നു, അദ്ദേഹം പറഞ്ഞു: "ഞങ്ങൾ നബി(സ)യിൽ നിന്നും ഖുർആനിലെ പത്ത് ആയത്തുകൾ പഠിച്ച് കഴിഞ്ഞാൽ അതിലുള്ളത് മനസ്സിലാക്കുന്നത് വരെ അതിന് ശേഷമിറങ്ങിയ പത്ത് ആയത്തുകൾ ഞങ്ങൾ പഠിക്കില്ലായിരുന്നു" (ഹാകിം 2047)

ഖുർആൻ പാരായണത്തിൽ ഉറച്ച് നിൽക്കുകയും അതിനെ അവഗണിക്കുന്നത് ഒഴിവാക്കുകയും ചെയ്യുക

ഒരു മുസ്‌ലിം ഖുർആൻ പാരായണം ചെയ്യുമെന്ന് ഉറച്ച തീരുമാനമെടുക്കൽ അനിവാര്യമാണ്, മറവിയോ അവഗണനയോ കൂടാതെ ഖുർആനിൽ നിന്ന് അല്പമെങ്കിലും പാരായണം ചെയ്യാതെ ഒരു ദിവസം പോലും കടന്ന് പോകാതിരിക്കലും അനിവാര്യമാണ്. അല്ലാഹു പറയുന്നു: "( അന്ന്‌ ) റസൂല്‍ പറയും: എന്‍റെ രക്ഷിതാവേ, തീര്‍ച്ചയായും എന്‍റെ ജനത ഈ ഖുര്‍ആനിനെ അഗണ്യമാക്കി തള്ളിക്കളഞ്ഞിരിക്കുന്നു." (സൂ. ഫുർഖാൻ 30).

അബൂമൂസ(റ)ൽ നിന്ന്: പ്രവാചകൻ(സ) പറഞ്ഞു: "ഈ ഖുർആനുമായി നിങ്ങൾ നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുവീൻ. മുഹമ്മദിന്റെ ആത്മാവ് നിയന്ത്രിച്ചു കൊണ്ടിരിക്കുന്നവനാണ സത്യം. കയറിൽ ബന്ധിക്കപ്പെട്ട ഒട്ടകം കുതറിപ്പോകുന്നതിനേക്കാൾ ഉപരിയായി ഖുർആൻ കുതറിപ്പോകുന്നതാണ്."(ബുഖാരി 5033)

ഖുർആൻ പാരായണത്തിന്റെ മര്യാദകൾ

ഖുർആൻ പാരായണം സ്വീകാര്യവും പ്രതിഫലാർഹവുമായിത്തീരാൻ അനിവാര്യമായും ശ്രദ്ധിക്കേണ്ട ചില മര്യാദകളുണ്ട്, അവയിൽ ചിലത്ത് പാരായണം ആരംഭിക്കുന്നതിന് മുന്നേ ഉള്ളതും മറ്റു ചിലത് പാരായണം നടത്തുന്ന സമയത്ത് ഉള്ളതുമാണ്.

ഖുർആൻ പാരായണത്തിന് മുമ്പായി പാലിക്കേണ്ട മര്യാദകൾ:

١
അവൻ അവന്റെ പാരായണം അല്ലാഹുവിന് നിഷ്കളങ്കമാക്കണം. അതിലൂടെ അവൻ അല്ലാഹുവിന്റെ പ്രീതിയും പ്രതിഫലവും മാത്രമാണ് ലക്ഷ്യം വെക്കേണ്ടത്. അല്ലാഹു പറയുന്നു: "കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനുല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല." (സൂ. ബയ്യിന 5). ഈ ഒരു മര്യാദ പാരായണം തുടങ്ങുന്നതിന് മുമ്പും പാരായണ വേളയിലും ഒരുപോലെ ആവശ്യമാണ്.
٢
ചെറിയ അശുദ്ധിയിൽ നിന്നും വലിയ അശുദ്ധിയിൽ നിന്നും ശുദ്ധിയാവുക, അല്ലാഹു പറയുന്നു: "പരിശുദ്ധി നല്‍കപ്പെട്ടവരല്ലാതെ അത്‌ സ്പര്‍ശിക്കുകയില്ല." (സൂ. വാഖിഅ 79).
٣
ദന്ത ശുദ്ധീകരണം നടത്തുകയും വായ വൃത്തിയാക്കുകയും ചെയുക, കാരണം ഖുർആൻ പാരായണം നടത്തപ്പെടുന്നത് അതിലൂടെയാണ്. ഹുദൈഫ(റ) വിൽ നിന്നും, നബി(സ) രാത്രിയിൽ തഹജ്ജുദിനായി എഴുന്നേറ്റാൽ ദന്ത ശുദ്ധീകരണം നടത്തുമായിരുന്നു" (ബുഖാരി 1136, മുസ്‌ലിം 255).
٤
പാരായണം ചെയ്യുന്ന സമയത്ത് ഖിബ്‌ലയെ അഭിമുഖീകരിക്കുക. കാരണം അതാണ് ഏറ്റവും പവിത്രമായ ദിശ. അബൂ ഹുറയ്റ(റ) വിൽ നിന്നും ഉദ്ദരിക്കപ്പെടുന്നു, അദ്ദേഹം പറഞ്ഞു; നബി(സ) പറഞ്ഞിരിക്കുന്നു: "എല്ലാ കാര്യത്തിനും ഒരു നേതാവ് (സയ്യിദ്) ഉണ്ട്, തീർച്ചയായും സദസുകളുടെ സയ്യിദ് ഖിബ്‌ലയെ അഭിമുഖീകരിക്കുന്നതാണ്" (ത്വബ്റാനി 2354).
٥
ഇസ്‌തിആദത്ത് (അഭയതേട്ടം നടത്തുക) അല്ലാഹു പറയുന്നു: "നീ ഖുര്‍ആന്‍ പാരായണം ചെയ്യുകയാണെങ്കില്‍ ശപിക്കപ്പെട്ട പിശാചില്‍ നിന്ന്‌ അല്ലാഹുവോട്‌ ശരണം തേടിക്കൊള്ളുക." (സൂ. നഹ്ല്‍ 98)
٦
സൂറത്തിന്റെ ആദ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത് എങ്കിൽ ബിസ്‌മി ചൊല്ലുക. അനസ്(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) ഒരിക്കൽ ഞങ്ങൾക്കിടയിൽ ആയിരിക്കെ അദ്ദേഹത്തിന് ഒരു മയക്കം ബാധിച്ചു, ശേഷം അവിടുന്ന് പുഞ്ചിരിച്ച് കൊണ്ട് തല ഉയർത്തി, അപ്പോൾ ഞങ്ങൾ ചോദിച്ചു: അല്ലാഹുവിന്റെ ദൂതരെ എന്താണ് അങ്ങയെ ചിരിപ്പിച്ചത്? അപ്പോൾ അവിടുന്ന് പറഞ്ഞു: "ഇപ്പോൾ എനിക്ക് ഒരു സൂറത്ത് അവതരിപ്പിക്കപ്പെട്ടു" എന്നിട്ട് അവിടുന്ന് പാരായണം ചെയ്‌തു: " ബിസ്‌മില്ലാഹി റഹ്‌മാനി റഹീം , ഇന്നാ അഅ്ത്വയ്നാകൽ കൗഥർ ... (സൂ കൗഥർ പാരായണം ചെയ്‌തു) " (മുസ്‌ലിം 400).

ഖുർആൻ പാരായണം ചെയ്യുമ്പോഴുള്ള മര്യാദകൾ:

١
ഖുർആൻ സാവകാശത്തിലും അടക്കത്തിലും പാരായണം ചെയ്യുക. അല്ലാഹു പറയുന്നു: "ഖുര്‍ആന്‍ സാവകാശത്തില്‍ പാരായണം നടത്തുകയും ചെയ്യുക" (സൂ. മുസമ്മിൽ 4).
٢
ഖുർആൻ തജ്‌വീദ് അനുസരിച്ച് പാരായണം ചെയ്യുക, അനസ് (റ) വിനോട് നബി(സ) യുടെ പാരായണം എങ്ങനെ ആയിരുന്നെന്നു ചോദിക്കപ്പെട്ടപ്പോൾ അദ്ദേഹം പറഞ്ഞു: "അത് നീട്ടിയിട്ട് (മദ്ദോടു കൂടി) ആയിരുന്നു ശേഷം അദ്ദേഹം ബിസ്‌മില്ലാഹി റഹ്‌മാനി റഹീം പാരായണം ചെയ്‌തു, ബിസ്‌മില്ലയും റഹ്‌മാനും റഹീമും അദ്ദേഹം നീട്ടി പാരായണം ചെയ്‌തു" ബുഖാരി 5046)
٣
ഖുർആൻ പാരായണം ചെയ്യുമ്പോൾ നല്ല ശബ്‌ദം നന്നാക്കി പാരായണം ചെയ്യുക. ബർറാഉബ്‌നു ആസിബ്(റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "റസൂൽ (സ) പറഞ്ഞിരിക്കുന്നു: "നിങ്ങൾ നിങ്ങളുടെ ശബ്ദങ്ങൾ കൊണ്ട് ഖുർആനിനെ ഭംഗിയാക്കുക." (അബൂ ദാവൂദ് 1468).
٤
റഹ്‌മത്തിന്റെ ആയത്തുകളുടെ സന്ദർഭങ്ങളിൽ അല്ലാഹുവോട് അതിനെ ചോദിക്കുകയും ശിക്ഷയുടെ ആയത്തുകളുടെ സന്ദർഭങ്ങളിൽ അല്ലാഹുവോട് അതിൽ നിന്ന് രക്ഷ തേടുകയും പ്രകീർത്തനങ്ങളുടെ ആയത്തുകളുടെ സന്ദർഭങ്ങളിൽ അല്ലാഹുവിനെ പ്രകീർത്തിക്കുക(തസ്ബീഹ്) യും ചെയ്യുക. നബി(സ) യുടെ കൂടെ നമസ്‌കരിച്ച ഹുദൈഫ (റ) അവിടുത്തെ നമസ്‌കാരത്തെ കുറിച്ച് പറയുന്നത് കാണുക: "ശേഷം അവിടുന്ന് ആലു ഇമ്രാൻ ആരംഭിക്കുകയും അത് പാരായണം ചെയ്യുകയും ചെയ്‌തു, സാവധാനത്തിലായിരുന്നു അവിടുന്ന് പാരായണം ചെയ്‌തിരുന്നത്‌, തസ്ബീഹ് ഉള്ള ആയത്തിൽ എത്തുമ്പോൾ അവിടുന്ന് പ്രകീർത്തിക്കും, തേട്ടം ഉള്ള ആയത്ത് എത്തുമ്പോൾ അവിടുന്ന് തേടും, ശരണത്തെട്ടാം ഉള്ള ആയത്ത് എത്തുമ്പോൾ അവിടുന്ന് ശരണം തേടും" (മുസ്‌ലിം 772).
٥
തിലാവത്തിന്റെ (പാരായണത്തിന്റെ) സുജൂദ് എത്തുമ്പോൾ സുജൂദ് ചെയ്യൽ സുന്നത്താണ്. ആഇശ(റ) പറഞ്ഞു: രാത്രിയിലെ ഖുർആൻ പാരായണത്തിന്റെ സുജൂദിൽ അവിടുന്ന് "സജദ വജ്ഹിയ ലില്ലദീ ഖലകഹു വ ശക്ക സംഅഹു വ ബസ്വറഹു, ബി ഹൌലിഹി വ ക്വുവ്വതിഹി" അർത്ഥം (എന്റെ മുഖത്തെ സൃഷ്ടിക്കുകയും കാഴ്ചയും കേള്‍വിയും അതില്‍ സജ്ജീകരിക്കുകയും ചെയ്തത് ഏതൊരുവന്റെ ശക്തിയും കഴിവും കൊണ്ടാണോ, അവന് (അല്ലാഹുവിന്) എന്റെ മുഖം സാഷ്ടാംഗം പ്രണമിച്ചിരിക്കുന്നു) എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു". (അബൂ ദാവൂദ് 1414).
٦
പാരായണം ചെയ്യുമ്പോൾ ഭയഭക്തിയും ശാന്തതയും മഹത്വവും പാലിക്കുക. അല്ലാഹു പറയുന്നു: "നിനക്ക്‌ നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി." (സൂ. സ്വാദ് 29).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക