നിലവിലെ വിഭാഗം
പാഠം മുഹമ്മദ് നബി (സ) ജീവ ചരിത്രം (2)
ഇസ്‌ലാമിക സന്ദേശവുമായുള്ള നബി(സ)യുടെ നിയോഗം
റസൂൽ (സ) യുടെ പ്രവാചകത്വത്തിന്റെ തുടക്കം പുലരുന്ന സ്വപ്‌നങ്ങൾ കണ്ടു കൊണ്ടായിരുന്നു. അവിടുന്ന് ഉറക്കിൽ കാണുന്ന സ്വപ്‌നങ്ങൾ പ്രഭാതം പോലെ പുലരുമായിരുന്നു. ഇങ്ങനെ ആറു മാസം പിന്നിട്ടപ്പോൾ വഹ്‌യ് (ദിവ്യ ബോധനം) ആരംഭിച്ചു.
.അദ്ദേഹത്തിന് നാല്പതിനോടടുത്ത് പ്രായമായപ്പോൾ അവിടുത്തേക്ക് ഏകാന്ത വാസം പ്രിയങ്കരമായി തോന്നി. റമദാൻ മാസം അവിടുന്ന് ആരാധനയിലും ദൈവസ്മരണയിലും മുഴുകി കൊണ്ട് ഏകനായി ഹിറാ ഗുഹയിൽ ചിലവഴിച്ചു. അങ്ങനെ വഹ്‌യ് വരുന്നത് വരെ ഏകദേശം മൂന്ന് വര്ഷക്കാലത്തോളം അവിടുന്ന് ആ ഏകാന്ത വാസ രീതി തുടർന്നിരുന്നു.
നാൽപത് വയസ് പൂർത്തിയായപ്പോൾ അദ്ദേഹത്തിൽ പ്രവാചകത്വത്തിന്റെ പ്രകാശം ഉദയം ചെയ്‌തു. തന്റെ സന്ദേശം കൊണ്ട് അല്ലാഹു അദ്ദേഹത്തെ ആദരിക്കുകയും തന്റെ സൃഷ്ടികളിലേക്ക് നിയോഗിക്കുകയും തന്നിൽ നിന്നുള്ള ആദരവ് മുഖേനെ വിശിഷ്ടനാക്കുകയും തന്റെയും തന്റെ സൃഷ്ടികളുടെയും ഇടയിലുള്ള വിശ്വസ്തനായി അദ്ദേഹത്തെ അവരോധിക്കുകയും ചെയ്‌തു. അങ്ങനെ അല്ലാഹുവിന്റെ കൽപന പ്രകാരം ജിബ്‌രീൽ (അ) അദ്ദേഹത്തിങ്കൽ വരികയും അദ്ദേഹത്തെ അല്ലാഹു ലോകർക്ക് കാരുണ്യവും മുഴുവൻ ജനങ്ങൾക്കുമുള്ള സന്തോഷ വാർത്ത അറിയിക്കുന്നവനും മുന്നറിയിപ്പ് നൽകുന്നവനുമാക്കുകയും ചെയ്‌തു.
സന്ദേശം എത്തിക്കാനുള്ള അല്ലാഹുവിന്റെ കൽപനയായ "ഹേ, പുതച്ചു മൂടിയവനേ, * എഴുന്നേറ്റ് ( ജനങ്ങളെ ) താക്കീത് ചെയ്യുക" (സൂ. മുദ്ദഥിര്‍ 1-2) അവതരിച്ച ഉടൻ തന്നെ അവിടുന്ന് തൗഹീദിലേക്കും അല്ലാഹു അദ്ദേഹത്തെ നിയോഗിച്ച മതം സ്വീകരിക്കുന്നതിലേക്കും ജനങ്ങളെ ക്ഷണിക്കാൻ തുടങ്ങി.
രഹസ്യ പ്രബോധനം
മക്കക്കാരെ അസ്വസ്ഥരാക്കുന്ന കാര്യം അവരിലേക്ക് പെട്ടെന്ന് ഇട്ട് കൊടുക്കാതിരിക്കാൻ വേണ്ടി നബി(സ) ഇസ്‌ലാമിക പ്രബോധനം രഹസ്യമായാണ് ആരംഭിച്ചത്. അങ്ങനെ അദ്ദേഹം തന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഇടയിൽ ഏറ്റവും അടുത്ത ആളുകൾക്കും സത്യത്തെയും നന്മയേയും ഇഷ്ടപ്പെടുന്നുവെന്ന് തൻ മനസ്സിലാക്കുന്ന ഗുണകാംക്ഷികളായ ആളുകൾക്കും അവിടുന്ന് ഇസ്‌ലാമിനെ പരിചയപ്പെടുത്തി കൊടുത്തു.
ആദ്യമായി ഇസ്‌ലാം സ്വീകരിച്ചവർ
അദ്ദേഹത്തോടൊപ്പം ആദ്യമായി വിശ്വസിച്ചത് അവിടുത്തെ പത്നി ഖദീജ (റ) , കൂട്ടുകാരൻ അബൂബക്കർ (റ), പിതൃവ്യ പുത്രൻ അലി (റ), ഭൃത്യൻ സൈദ് (റ) എന്നിവരായിരുന്നു.
ശേഷം പ്രബോധനം പരസ്യപ്പെടുത്താൻ വേണ്ടി അല്ലാഹുവിൽ നിന്നും "അതിനാല്‍ നീ കല്‍പിക്കപ്പെടുന്നതെന്തോ അത് ഉറക്കെ പ്രഖ്യാപിച്ച് കൊള്ളുക." (സൂ. ഹിജ്ർ 94). എന്ന കൽപന ഇറങ്ങിയപ്പോൾ റസൂൽ(സ) ഇസ്‌ലാമിക പ്രബോധനം പരസ്യപ്പെടുത്തുകയും അല്ലാഹു കൽപിച്ചത് പോലെ തന്നെ സത്യം ഉറക്കെ പ്രഖ്യാപിക്കുകയും ചെയ്യാൻ ആരംഭിച്ചു.
നബി(സ) പ്രബോധനം പരസ്യപ്പെടുത്തിയപ്പോൾ മുസ്‌ലിംകളെ പരാജയപ്പെടുത്താനും അവരുടെ ധാർമിക ശക്തി ക്ഷയിപ്പിക്കാനും ഇസ്‌ലാം മതത്തിന്റെ അധ്യാപനം വളച്ചൊടിക്കാനും അതിൽ സംശയങ്ങൾ ഉളവാക്കാനുമായി മുസ്‌ലിംകളെ പരിഹസിക്കുക, അപമാനിക്കുക, അവഗണിക്കുക, ഇസ്‌ലാമിനെ വ്യാജമാക്കുക അതിനെ കുറിച്ച് തെറ്റായ പ്രചാരണം നടത്തുക, ചില നേട്ടങ്ങൾ കൈപ്പറ്റി പ്രബോധനം അവസാനിപ്പിക്കാൻ നബി(സ) യോട് വിലപേശുക തുടങ്ങിയ വ്യത്യസ്ത മാർഗങ്ങളിലൂടെ പ്രബോധനത്തിന് തടയിടാനും അതിനെ പ്രതിരോധിക്കാനുമായി ശ്രമിച്ച് കൊണ്ടാണ് ഖുറൈശി നേതൃത്വം അതിനെ വരവേറ്റത്.
അവരുടെ ദുഷിച്ച പ്രവർത്തനങ്ങൾ കൊണ്ടൊന്നും ഒരു ഉപകാരവുമില്ലെന്നും നബി(സ) പ്രബോധനത്തിൽ തുടരുക തന്നെയാണെന്നും ഖുറൈശികൾ മനസ്സിലാക്കിയപ്പോൾ ഇസ്‌ലാമുമായി പോരാടാൻ അവർ തീരുമാനിച്ചു. അവർ പ്രവാചകനെ ഉപദ്രവിക്കാനും അദ്ദേഹത്തോടൊപ്പം വിശ്വസിച്ച അനുചരന്മാരെ പീഡിപ്പിക്കാനും പ്രയാസപ്പെടുത്താനും തുടങ്ങി. ഖുറൈശികളുടെ ഉപദ്രവം അസഹനീയമായപ്പോൾ തന്റെ അനുചരന്മാരോട് അബ്സീനിയയിലേക്ക് പലായനം ചെയ്യാൻ നബി(സ) കൽപിച്ചു. പ്രവാചകത്വത്തിന്റെ അഞ്ചാം വർഷം സ്‌ത്രീകളും പുരുഷന്മാരുമുൾപ്പടെ ഏതാനും സ്വഹാബിമാർ അബ്സീനിയയിലേക്ക് ഹിജ്‌റ പോയി.
നബി(സ) യുടെ പ്രബോധനം വിജയത്തിനും പീഡനത്തിനുമിടയിലുള്ള പ്രയാസകരമായ പാതയിൽ ആയിരിക്കെ ഇസ്റാഉം മിഅ്റാജും സംഭവിച്ചു. വരാനിരിക്കുന്ന അനേകം വർഷങ്ങളിലെ പ്രബോധനത്തിന് റസൂൽ (സ) യെ സ്ഥൈര്യപ്പെടുത്താനും അവിടുത്തെ ആദരിക്കാനും ബഹുദൈവ വിശ്വാസികളുടെ ഉപദ്രവത്തിൽ നിന്നും പീഡനത്തിൽ നിന്നും അവരുടെ നിശേഷത്തിൽ നിന്നും അകൽച്ചയിൽ നിന്നും ക്ഷമ കൈക്കൊള്ളാനുമൊക്കെ വേണ്ടിയായിരുന്നു ഇത് സംഭവിച്ചത്.
പ്രബോധനം മക്കക്ക് പുറത്ത്
നബി(സ) പ്രബോധനം മക്കക്ക് പുറത്തേക്ക് വിശാലമാക്കുകയും അതിന്റെ ഭാഗമായി ത്വാഇഫിലേക്ക് പോവുകയും ചെയ്‌തു. എന്നാൽ അവിടെ നിന്നും അക്രമവും പ്രതിരോധവും നേരിടേണ്ടി വന്നപ്പോൾ അവിടുന്ന് മക്കയിലേക്ക് തന്നെ തിരിച്ച് പോവുകയും ഹജ്ജ് കാലങ്ങളിൽ വിവിധ ഗോത്രങ്ങൾക്കും ആളുകൾക്കുമിടയിൽ ഇസ്‌ലാമിനെ പരിചയപ്പെടുത്തൽ ആരംഭിക്കുകയും ചെയ്‌തു.
ഇരു അഖബാ ഉടമ്പടികൾ
പ്രവാചകത്വത്തിന്റെ പതിനൊന്നാം വർഷം ഹജ്ജ് നാളുകളിൽ നബി(സ) യഥ്‌രിബ് -മദീനയുടെ ആദ്യ പേര് - ൽ നിന്നും വന്ന ആറ് പേരെ കാണുകയും അവർക്ക് ഇസ്‌ലാമിനെ പരിചയപ്പെടുത്തുകയയും അതിന്റെ യാഥാർത്ഥ്യം വ്യക്തമാക്കി കൊടുക്കുകയും അലാഹുവിലേക്ക് അവരെ ക്ഷണിക്കുകയും അവർക്ക് ഖുർആൻ പാരായണം ചെയ്‌തു കൊടുക്കുകയും ചെയ്‌തു. അവർ ഇസ്‌ലാം സ്വീകരിക്കുകയും മദീനയിലേക്ക് തിരിച്ച് പോയി തങ്ങളുടെ സമൂഹത്തെ ഇസ്‌ലാമിലേക്ക് ക്ഷണിക്കുകയും ചെയ്‌തു. അവരിൽ ഇസ്‌ലാം വ്യാപിച്ചു. അങ്ങനെ പ്രവാചകത്വത്തിന്റെ പന്ത്രണ്ടാം വർഷം ഹജ്ജ് നാളുകളിൽ ഒന്നാം അഖബാ ഉടമ്പടിയും അതിനെ തുടർന്ന് പതിമൂന്നാം വർഷം ഹജ്ജ് നാളുകളിൽ രണ്ടാം അഖബാ ഉടമ്പടിയും നടന്നു. ഇവ രണ്ടും രഹസ്യമായാണ് നടന്നത്. രണ്ടാം അഖബാ ഉടമ്പടി പൂർത്തിയായപ്പോൾ തന്റെ കൂടെയുള്ള മുസ്‌ലിംകളോട് മദീനയിലേക്ക് ഹിജ്‌റ പോകാൻ റസൂൽ(സ) കൽപിക്കുകയും അവർ ഹിജ്‌റ പുറപ്പെടുകകയും ചെയ്‌തു.
മുസ്‌ലിംകളിൽ മിക്കവരും ഹിജ്‌റ പോയ ശേഷം നബി(സ) യും അബൂബക്കർ (റ) വും മദീനയിലേക്ക് ഹിജ്‌റ പുറപ്പെട്ടു. ഖുറൈഷികൾ അവരുടെ യാത്രയെ കുറിച്ച് അശ്രദ്ധയിലാകാൻ വേണ്ടി സാധാരണ വഴിയിൽ നിന്നും വിഭിന്നമായ വഴിയിലാണ് അവർ പുറപ്പെട്ടത്. അവർ രണ്ട് പേരും സൗർ ഗുഹയിൽ ഇറങ്ങുകയും അവിടെ മൂന്ന് നാൾ തങ്ങുകയും ചെയ്‌തു. ശേഷം അവിടെ നിന്നും പെട്ടെന്ന് ജനങ്ങളുടെ ശ്രദ്ധയിൽ പെടാത്ത ചെങ്കടലിന് തീരത്തുള്ള വഴിയിലൂടെ മദീനയിലേക്ക് തിരിക്കുകയും ചെയ്‌തു. നബി(സ) യും അബൂബക്കർ (റ) വും മദീനയുടെ പ്രാന്ത പ്രദേശത്ത് എത്തിയപ്പോൾ സന്തോഷവും ആനന്ദവും നിറഞ്ഞ ആഘോഷത്താൽ മുസ്ലീങ്ങൾ അദ്ദേഹത്തെ സ്വീകരിച്ചു.
മദീനയിൽ എത്തിയ ശേഷം നബി(സ) ആദ്യമായി ചെയ്‌ത പ്രവർത്തനം പുതിയ ഒരു ഇസ്‌ലാമിക സമൂഹത്തിന് അടിത്തറ പാകിക്കൊണ്ട് മസ്ജിദുന്നബവി നിർമാണവും മുഹാജിറു (ഹിജ്‌റ വന്നവർ) കളുടെയും അൻസ്വാറു (മദീനയിലെ മുസ്ലിം) കളുടെയും ഇടയിൽ സാഹോദര്യ പ്രഖ്യാപനം നടത്തലുമായിരുന്നു.
മദീനയിലേക്ക് പലായനം ചെയ്‌ത ശേഷം സകാത്ത്, നോമ്പ്, ഹജ്ജ്, ജിഹാദ്, ബാങ്ക്, നന്മ കൽപിക്കുക തിന്മ വിരോധിക്കുക തുടങ്ങി ഇസ്‌ലാമിന്റെ മതപരമായ നിയമങ്ങൾ ഘട്ടം ഘട്ടമായി അവതരിച്ച് തുടങ്ങി.
മുസ്‌ലിംകൾക്ക് വേണ്ടി അവരുടെ മതവും രാഷ്ട്രവും സംരക്ഷിക്കുന്നതിനും മത പ്രബോധന മാർഗങ്ങൾ തുറന്ന് കിട്ടുന്നതിനുമായി യുദ്ധം ചെയ്യാനുള്ള അല്ലാഹുവിന്റെ അവതരിച്ചു. അല്ലാഹു പറയുന്നു: "യുദ്ധത്തിന്ന് ഇരയാകുന്നവര്‍ക്ക്, അവര്‍ മര്‍ദ്ദിതരായതിനാല്‍ ( തിരിച്ചടിക്കാന്‍ ) അനുവാദം നല്‍കപ്പെട്ടിരിക്കുന്നു." (സൂ. ഹജ്ജ് 39). ഇതാണ് യുദ്ധത്തിന് അനുമതി നൽകിക്കൊണ്ട് ആദ്യമായി അവതരിച്ച ഖുർആൻ വചനം. നബി(സ) ഇരുപത്തേഴ് യുദ്ധങ്ങൾ നടത്തുകയും അമ്പത്തിയാറ് സൈനിക നിയോഗങ്ങൾ നടത്തുകയും ചെയ്‌തിട്ടുണ്ട്.
ഹിജ്റക്ക് ശേഷം സംഭവിച്ച സുപ്രധാന സംഭവങ്ങൾ
പ്രവാചകന്റെ മദീന ഹിജ്റക്ക് ശേഷം നടന്ന സുപ്രധാന സംഭവങ്ങളുടെ ഒരു ചെറു വിവരണമാണ് താഴെ കൊടുത്തിരിക്കുന്നത്
ഹിജ്‌റ ഒന്നാം വർഷം:
ഹിജ്‌റ രണ്ടാം വർഷം:
സകാത്ത് നിർബന്ധമാക്കി. ബദർ യുദ്ധം നടന്നു, ഇതിലാണ് അല്ലാഹു വിശ്വാസികളെ പ്രതാപികളും ഖുറൈശി അവിശ്വാസികൾക്കെതിരെ അവരെ സഹായിക്കുകയും ചെയ്തത്.
ഹിജ്‌റ മൂന്നാം വർഷം:
ഉഹ്ദ് യുദ്ധം. ഇതിലാണ് അമ്പെയ്‌ത്തുകാരെ നിർത്തിയ കുന്നിൽ നിന്നും നബി(സ) യുടെ നിർദേശത്തിന് വിരുദ്ധമായി ഗനീമത്ത് മുതൽ ശേഖരിക്കാൻ വേണ്ടി ഇറങ്ങിയതിനാൽ പരാജയം സംഭവിച്ചത്.
ഹിജ്‌റ നാലാം വർഷം:
ബനൂ നളീർ യുദ്ധം. ഇതിലാണ് മുസ്‌ലിംകളുമായി ഉണ്ടാക്കിയ കരാർ ലംഘിച്ചതിനാൽ ബനൂ നളീറിലെ ജൂതന്മാരെ നബി(സ) മദീനയിൽ നിന്നും പുറത്താക്കിയത്.
ഹിജ്‌റ അഞ്ചാം വർഷം:
ബനൂ മുസ്തലിഖ് യുദ്ധം, അഹ്സാബ് യുദ്ധം, ബനൂ ഖുറൈള യുദ്ധം.
ഹിജ്‌റ ആറാം വർഷം:
മുസ്‌ലിംകളും ഖുറൈശികളും തമ്മിൽ ഹുദൈബിയ സന്ധിയിൽ ഏർപ്പെട്ടു.
ഹിജ്‌റ ഏഴാം വർഷം:
ഖൈബർ യുദ്ധം. ഈ വർഷമാണ് നബി(സ) യും മുസ്‌ലിംകളും മക്കയിൽ പ്രവേശിച്ച് നഷ്ടപ്പെട്ടുപോയ ഉംറ നിർവഹിച്ചത്.
ഹിജ്‌റ എട്ടാം വർഷം:
മുസ്‌ലിംകളും റോമക്കാരും തമ്മിൽ നടന്ന മുഅ്ത യുദ്ധം, മക്കാ വിജയം, ഹവാസിൻ, ഥഖീഫ് ഗോത്രങ്ങൾക്കെതിരായ ഹുനൈൻ യുദ്ധം.
ഹിജ്‌റ ഒമ്പതാം വർഷം:
തബൂക്ക് യുദ്ധം. ഇതാണ് നബി(സ) യുടെ അവസാനത്തെ യുദ്ധം. ഈ വർഷം തന്നെയാണ് ഒരുപാട് ദൗത്യ സംഘങ്ങൾ നബി(സ)യുടെ അടുക്കലേക്ക് വരികയും ജനങ്ങൾ കൂട്ടമായി ഇസ്‌ലാമിലേക്ക് കടന്ന് വരികയും ചെയ്‌തത്. ഈ വർഷം ആമുൽ വുഫൂദ് എന്ന് അറിയപ്പെടുന്നു.
ഹിജ്‌റ പത്താം വർഷം:
വിടവാങ്ങൽ ഹജ്ജ്, ഇതിൽ നബി (സ) യുടെ കൂടെ ഒരു ലക്ഷത്തിലധികം മുസ്‌ലിംകൾ ഹജ്ജ് ചെയ്‌തിട്ടുണ്ട്.
പ്രബോധന പ്രവർത്തനങ്ങൾ പൂർത്തിയാവുകയും അറേബ്യൻ ഉപദ്വീപിലുടനീളം ഇസ്‌ലാം വ്യാപിക്കുകയും ജനങ്ങൾ കൂട്ടമായി അല്ലാഹുവിന്റെ മതത്തിലേക്ക് കടന്നു വരികയും ലോകത്ത് അതിന്റെ വ്യാപനത്തിന്റെ നാമ്പുകൾ മൊട്ടിടുകയും മറ്റെല്ലാ മതങ്ങളുടെയും മുകളിൽ അതെത്തുകയും ചെയ്‌തപ്പോൾ റസൂൽ (സ) തന്റെ അവധി എത്തിയതായി മനസ്സിലാക്കുകയും തന്റെ രക്ഷിതാവിനെ കണ്ടു മുട്ടുന്നതിനായുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയും ചെയ്‌തു. നബി(സ) യിൽ നിന്നും ഈ നശ്വരമായ ഇഹലോകത്ത് നിന്നും യാത്ര തിരിക്കാൻ പോകുന്ന പോലെയുള്ള വാക്കുകളും പ്രവർത്തനങ്ങളും പ്രകടമാകാൻ തുടങ്ങുകയും ചെയ്‌തു.
ഹിജ്‌റ പതിനൊന്നാം വർഷം റബീഉൽ അവ്വൽ പന്ത്രണ്ടിന് തിങ്കളാഴ്ച്ച റസൂൽ (സ) ഇഹലോക വാസം വെടിഞ്ഞു.
നബി(സ) വഫാത്താകുമ്പോൾ അദ്ദേഹത്തിന് അറുപത്തി മൂന്ന് വയസായിരുന്നു പ്രായം. അതിൽ നാൽപത് വർഷം പ്രവാചകത്വത്തിന് മുമ്പ് ഉള്ളതും ഇരുപത്തി മൂന്ന് വർഷം പ്രവാചകനും ദൂതനുമായിട്ടുള്ളതുമായിരുന്നു. അതിൽ പതിമൂന്ന് വർഷം മക്കയിലും പത്ത് വർഷം മദീനയിലും അവിടുന്ന് കഴിച്ച് കൂട്ടി.
നബി(സ) വിട പറഞ്ഞെങ്കിലും അവിടുത്തെ മതം ഇവിടെ ബാക്കിയാണ്; അവിടുന്ന് വിട പറയുമ്പോൾ നന്മകളിൽ നിന്ന് ഒന്ന് പോലും തന്റെ സമുദായത്തെ അറിയിക്കാതെ വിട്ടേച്ച് പോവുകയോ തിന്മകളിൽ നിന്ന് ഒന്ന് പോലും അവർക്ക് മുന്നറിയിപ്പ് നൽകാതെ അവശേഷിപ്പിക്കുകയോ ചെയ്‌തിട്ടില്ല, അവിടുന്ന് അറിയിച്ച് തന്ന നന്മകൾ തൗഹീദും അല്ലാഹു ഇഷ്ടപ്പെടുകയും തൃപ്തിപ്പെടുകയും ചെയ്യുന്ന മുഴുവൻ കാര്യങ്ങളുമായിരുന്നു, അവിടുന്ന് മുന്നറിയിപ്പ് നൽകിയ തിന്മകൾ ശിർക്കും അല്ലാഹു വെറുക്കുന്ന മറ്റു കാര്യങ്ങളുമായിരുന്നു.