നിലവിലെ വിഭാഗം
പാഠം മക്കളോടുള്ള കടമകൾ
തങ്ങൾക്ക് സന്തതികളെ ലഭിക്കാനും അത് കുറ്റമറ്റതും ആരോഗ്യമുള്ളവതുമാകാനുള്ള ആഗ്രഹം അല്ലാഹു പ്രകൃത്യാൽ തന്നെ മാതാപിതാക്കളുടെ ഹൃദയങ്ങളിൽ സ്ഥാപിച്ചിട്ടുണ്ട്. നമ്മുടെ പൂർവ പിതാവായ ആദം(അ)യുടെയും ഭാര്യയുടെയും ആഗ്രഹം ഇതായിരുന്നു. അല്ലാഹു പറയുന്നു: "ഒരൊറ്റ സത്തയില്‍ നിന്ന് തന്നെ നിങ്ങളെ സൃഷ്ടിച്ചുണ്ടാക്കിയവനാണവന്‍. അതില്‍ നിന്ന് തന്നെ അതിന്റെ ഇണയേയും അവനുണ്ടാക്കി. അവളോടൊത്ത് അവന്‍ സമാധാനമടയുവാന്‍ വേണ്ടി. അങ്ങനെ അവന്‍ അവളെ പ്രാപിച്ചപ്പോള്‍ അവള്‍ ലഘുവായ ഒരു (ഗര്‍ഭ) ഭാരം വഹിച്ചു. എന്നിട്ട് അവളതുമായി നടന്നു. തുടര്‍ന്ന് അവള്‍ക്ക് ഭാരം കൂടിയപ്പോള്‍ അവര്‍ ഇരുവരും അവരുടെ രക്ഷിതാവായ അല്ലാഹുവോട് പ്രാര്‍ത്ഥിച്ചു. ഞങ്ങള്‍ക്കു നീ ഒരു നല്ല സന്താനത്തെ തരികയാണെങ്കില്‍ തീര്‍ച്ചയായും ഞങ്ങള്‍ നന്ദിയുള്ളവരുടെ കൂട്ടത്തിലായിരിക്കും." (സൂ.അഅ്റാഫ് : 189). ഈ ആഗ്രഹത്തിന്റെ പൂർത്തീകരണം എല്ലായ്പ്പോഴും അല്ലാഹുവിന്റെ കൃപയും ദാനവുമാണ്, അതിന് നാം നന്ദിയുള്ളവരായിരിക്കണം.
ഇസ്‌ലാം സന്താനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. സന്താനങ്ങളെ നൽകുക എന്ന അനുഗ്രഹം ആകാശത്തിന്റെയും ഭൂമിയുടെയും അധികാരവുമായി ബന്ധപ്പെടുത്തിയാണ് ഖുർആൻ സൂചിപ്പിക്കുന്നത്. അല്ലാഹു പറയുന്നു: "അല്ലാഹുവിന്നാകുന്നു ആകാശങ്ങളുടെയും ഭൂമിയുടെയും ആധിപത്യം.അവന്‍ ഉദ്ദേശിക്കുന്നത് അവന്‍ സൃഷ്ടിക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് അവന്‍ പെണ്‍മക്കളെ പ്രദാനം ചെയ്യുന്നു. അവന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ആണ്‍മക്കളെയും പ്രദാനം ചെയ്യുന്നു. * അല്ലെങ്കില്‍ അവര്‍ക്ക് അവന്‍ ആണ്‍മക്കളെയും പെണ്‍മക്കളെയും ഇടകലര്‍ത്തികൊടുക്കുന്നു. അവന്‍ ഉദ്ദേശിക്കുന്നവരെ അവന്‍ വന്ധ്യരാക്കുകയും ചെയ്യുന്നു. തീര്‍ച്ചയായും അവന്‍ സര്‍വ്വജ്ഞനും സര്‍വ്വശക്തനുമാകുന്നു. (സൂ. ശൂറാ 49 - 50). സന്താനങ്ങളെ ഇഹലോക ജീവിതത്തിന്റെ അലങ്കാരമായിട്ടാണ് അല്ലാഹു എണ്ണിയിട്ടുള്ളത്. അല്ലാഹു പറയുന്നു: "സ്വത്തും സന്താനങ്ങളും ഐഹികജീവിതത്തിന്‍റെ അലങ്കാരമാകുന്നു." (സൂ. കഹ്ഫ് 46)
മക്കൾക്കും അവരുടെ പരിപാലനത്തിനും ഇസ്‌ലാം വളരെ വലിയ പ്രാധാന്യമാണ് നൽകിയിട്ടുള്ളത്. അവർ ഭാവിയുടെ തൂണുകളാണ്, അവരെ നന്നാക്കുന്നതിലൂടെ ഈ ഭൂമിയിൽ അല്ലാഹുവിനോടുള്ള ആരാധന നിലനിൽക്കും. അങ്ങനെ അവനെ തൃപ്തിപ്പെടുത്തുന്ന രൂപത്തിൽ അതിന്റെ നിലനിൽപ്പ് സാക്ഷാത്കരിക്കാനുമാകും. അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, സ്വദേഹങ്ങളെയും നിങ്ങളുടെ ബന്ധുക്കളെയും മനുഷ്യരും കല്ലുകളും ഇന്ധനമായിട്ടുള്ള നരകാഗ്നിയില്‍ നിന്ന് നിങ്ങള്‍ കാത്തുരക്ഷിക്കുക." (സൂ. തഹ് രീം 6). അലി(റ) പറഞ്ഞു: അഥവാ അവരെ പഠിപ്പിക്കുകയും സംസ്കാരമുള്ളവരാക്കുകയും ചെയ്യുക." നബി(സ) പറഞ്ഞു: "ഒരാള്‍ രണ്ട് പെണ്‍ മക്കളെ പ്രായപൂ൪ത്തിയാകുന്നതുവരെ ചിലവ് നല്‍കി പോറ്റിവള൪ത്തിയാല്‍ അയാളും ഞാനും അന്ത്യനാളില്‍ വരും. പ്രവാചകന്‍ തന്റെ വിരലുകൾ ചേ൪ത്തുവെച്ചു. (മുസ്ലിം:2631)
മാതാപിതാക്കൾക്ക് മക്കളോടുള്ള ബാധ്യതകൾ
മക്കൾക്ക് ഭക്ഷണ പാനീയങ്ങൾ , പാർപ്പിടം, വസ്‌ത്രം, ആരോഗ്യപരമായ പരിചരണം, മതം അനുശാസിക്കുന്ന കാര്യങ്ങൾക്ക് വേണ്ടിയുള്ള ചിലവിടൽ തുടങ്ങിയ കാര്യങ്ങളെല്ലാം ഈ ബാധ്യതയുടെ പരിധിയിൽ വരുന്നു. പിതാവ് ഈ കാര്യങ്ങൾക്ക് കഴിവുള്ളവനാണെങ്കിൽ ഈ ബാധ്യത നിറവേറ്റൽ അവന് നിർബന്ധമാണ്.
മാതാപിതാക്കൾക്ക് മക്കളോടുള്ള ധാർമികമായ ബാധ്യതകളിൽ ഏറ്റവും പ്രധാനപ്പെട്ടത് അവരെ മതപരമായ അടിസ്ഥാന വിഷയങ്ങളിൽ ഊന്നിക്കൊണ്ട് നല്ലവരായി വളർത്തുക എന്നതാണ്. അവരെ ഖുർആനും നബി ചര്യയും നബി(സ)യുടെ ചരിത്രവും പഠിപ്പിക്കുക, ഇസ്‌ലാമിക അധ്യാപനങ്ങൾക്കനുസരിച്ച് കൽപനകൾ പ്രാവർത്തികമാക്കിയും വിലക്കുകൾ വെടിഞ്ഞും നല്ല സ്വഭാവത്തിലും അവരെ വളർത്തുക തുടങ്ങി അല്ലാഹുവിനെ മഹത്വപ്പെടുത്തുകയും അവനെയും അവന്റെ ദൂതനെയും അവന്റെ മതത്തെയും ഇഷ്ടപ്പെടുകയും ചെയ്യുന്നവരാക്കുന്ന എല്ലാ കാര്യങ്ങളും ഈ ബാധ്യതയിൽ ഉൾപ്പെടുന്നു.
മക്കളോട് അനുകമ്പ കാണിക്കുന്നത് അവരെ ശരിയായി വളർത്തുന്നതിനും അവരിൽ ധിഷണാ ശക്തി ഉണ്ടാക്കുന്നതിനും വളരെയധികം സഹായിക്കുന്നു. എന്നാൽ ഇത് അവരുടെ ജീവിതത്തിലെ പെരുമാറ്റത്തെ ഗുരുതരമായി ബാധിക്കുന്ന അമിതമായ ലാളനയിലേക്ക് നയിക്കരുത്. കുട്ടികളോടുള്ള കരുണയുടെയും അനുകമ്പയുടെയും അഭാവം, അവരോട് പരുഷവും കഠിനവുമായ പെരുമാറ്റം, അല്ലെങ്കിൽ മാതാപിതാക്കളുടെ അവഗണന എന്നിവ അവരുടെ മനസിനെഇരുട്ട് മൂടിയതാക്കുന്നു, അവരുടെ ചിന്തകളിലെ ബുദ്ധിയുടെ ജ്വാല കെടുത്തുന്നു, അനുസരണക്കേടിലേക്കും അക്രമത്തിലേക്കും അവരെ പ്രേരിപ്പിക്കുന്നു. ചിലപ്പോൾ അത് അവരെ വഴിതെറ്റിക്കുന്നതിലേക്കും കുഴപ്പത്തിലേക്കും നയിക്കുകയും ചെയ്യുന്നു.
കുടുംബത്തിൽ സമാധാനത്തിന്റെയും ശാന്തതയുടെയും സ്നേഹത്തിന്റെയും മാന്യതയുടെയും അന്തരീക്ഷം സൃഷ്ടിക്കേണ്ടത് മാതാപിതാക്കളുടെ ധാർമികമായ ബാധ്യതകളിൽ പെട്ടതാണ്. മാതാപിതാക്കളോ ജ്യേഷ്ഠസഹോദരന്മാരോ തമ്മിലുള്ള വഴക്കുകൾ കുട്ടികളിലേക്ക് എത്തരുത് . കാരണം ഇത് കുട്ടികളുടെസ്വഭാവ രൂപീകരണത്തെ ബാധിക്കുകയും അവരെ പിരിമുറുക്കവും അസ്വസ്ഥവുമായ അവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.
കുട്ടികൾക്ക് നല്ല കൂട്ട് കെട്ട് ഉണ്ടാക്കാനും മോശമായ പെരുമാറ്റമോ ചീത്ത ശീലങ്ങളോ ഉള്ള കൂട്ടുകെട്ടുകളിൽ അവർ സഹവസിക്കുന്നില്ലെന്ന് ഉറപ്പാക്കാനും മാതാപിതാക്കൾക്ക് ധാർമ്മിക ബാധ്യതയുണ്ട്. കാരണം അത് അവരുടെ പെരുമാറ്റത്തെ സ്വാധീനിക്കുകയും അവരുടെ ദുർഗുണങ്ങൾ ഇവരെയും ബാധിക്കുകയും ചെയ്യുന്നു.
മാതാപിതാക്കൾ മക്കളുടെ സാഹചര്യങ്ങൾ പരിശോധിക്കുകയും അവരുടെ പെരുമാറ്റവും പ്രവർത്തനങ്ങളും നിരീക്ഷിക്കുകയും ആവശ്യം വരുമ്പോഴെല്ലാം ഉപദേശങ്ങളും മാർഗനിർദേശങ്ങളുമായി ഇടപെടുകയും വേണം. എന്നാൽ അതിൽ മിതത്വം പാലിക്കേണ്ടത് ആവശ്യമാണ്. അതിനാൽ മാർഗനിർദേശങ്ങളും ഇടപെടലുകളും എപ്പോഴും നിരന്തരമായ രീതിയിൽ ആയിരിക്കരുത്, ചെറുതും വലുതുമായ എല്ലാ കാര്യങ്ങളിലും ഇങ്ങനെ ഇടപെടലുകൾ ഉണ്ടാകുമ്പോൾ ആ ഉപദേശങ്ങൾ സ്വീകരിക്കുന്നതിലും അത് പ്രാവർത്തികമാക്കുന്നതിലോ കുട്ടികൾക്ക് മടുപ്പ് അനുഭവപ്പെട്ടേക്കാം. അതിനാൽ, ഉപദേശത്തിനും മാർഗനിർദേശത്തിനും ഉചിതമായ സമയങ്ങളും രീതികളും മാതാപിതാക്കൾ തിരഞ്ഞെടുക്കണം.
മക്കൾക്ക് മാതാപിതാക്കളിൽ നിന്ന് ലഭിക്കേണ്ട അവകാശങ്ങൾ.
നല്ല ഭാര്യയെ/ ഭർത്താവിനെ തിരഞ്ഞെടുക്കൽ
ഒരു പുരുഷൻ നല്ല മാതാവായിരിക്കുമെന്ന് അവൻ കരുതുന്ന സ്‌ത്രീയേയും ഒരു സ്‌ത്രീ നല്ല പിതാവായിരിക്കുമെന്ന് അവൾ കരുതുന്ന പുരുഷനേയും ഇണയായി തെരഞ്ഞെടുക്കണം.
കുട്ടികളുടെ ജനിക്കാനും ജീവിക്കാനുമുള്ള അവകാശം.
മക്കളുടെ കുടുംബ പാരമ്പര്യത്തിനുള്ള അവകാശം.
തന്റെ പിതാവിലേക്ക് ചേർത്തി അറിയപ്പെടുക എന്നത് ഒരു കുട്ടിയുടെ അവകാശമാണ്. അപ്രകാരം തന്നെ ആ കുട്ടിയുടെ സാമ്പത്തികവും ധാർമികവുമായ എലാ അവകാശങ്ങളും ഈ അവകാശവുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിനാൽ അവന്റെ പിതൃത്വത്തിൽ സംശയിക്കാൻ തക്കതായ കാരണമില്ലാതിരിക്കെ ഒരു പിതാവിന് തന്റെ കുട്ടിയിൽ നിന്ന് ഒഴിഞ്ഞു നിൽക്കാനോ കുട്ടിയുടെ പാരമ്പര്യം നിരാകരിക്കാനോ സാധ്യമല്ല.
മുലയൂട്ടപെടാനുള്ള അവകാശം.
മുലയൂട്ടപ്പെടുന്നത് കൊണ്ടുള്ള സാമൂഹികവും മാനസികവും ആരോഗ്യപരവുമായ ഒരുപാട് നേട്ടങ്ങൾ ആധുനിക ശാസ്ത്രത്തിൽ സ്ഥിരപ്പെട്ടിട്ടുണ്ട്. കുട്ടിയുടെ അടിസ്ഥാന ആവശ്യങ്ങൾക്കും പ്രതിരോധശേഷിക്കും, ഭാവിയിൽ ബുദ്ധിയെയും സ്വഭാവത്തെയും സ്വാധീനിക്കുന്ന അവന്റെ നല്ല മാനസികവും ബുദ്ധിപരവുമായ രൂപീകരണത്തിനും സാഹചര്യങ്ങളോടും ചിന്തകളോടും നല്ലതും ശരിയായതുമായ ഇടപെടലിനും ഏറ്റവും അനുയോജ്യവും സമ്പൂർണ്ണവുമായ പോഷണമാണ് മുലപ്പാൽ.
നല്ല പേര് ലഭിക്കാനുള്ള അവകാശം.
അത് കേവലം രണ്ടാം നിര അവകാശമല്ല. മറിച്ച്, നബി(സ) തന്റെ അനുചരന്മാരെ പ്രോത്സാഹിപ്പിച്ച അടിസ്ഥാന പരമായ ബാധ്യതകളിൽ പെട്ടതാണ്. അതോടൊപ്പം തെറ്റായ അർത്ഥത്തിലുള്ള പേര് നല്കാതിരിക്കാനും അവിടുന്ന് അവരോട് കല്പിച്ചിട്ടുണ്ട്. സ്വഹാബികളിൽ ചിലർ ഇസ്‌ലാം ആശ്ലേഷിച്ച ശേഷം വ്യക്തിത്വത്തിലും പെരുമാറ്റത്തിലും ഉള്ള സ്വാധീനം മൂലം അവരുടെ പേരുമാറ്റിയതും ഈ വിഷയത്തിലുള്ള റസൂൽ(സ)യുടെ താൽപര്യം വ്യക്തമാക്കുന്നു.
അഖീഖക്കുള്ള അവകാശം.
കുട്ടി ഉണ്ടായതിൽ അല്ലാഹുവിന് നന്ദി ചെയ്‌ത് കൊണ്ട് പ്രത്യേക നിയ്യത്തോടെ നിബന്ധനകൾക്ക് വിധേയമായി ബലി അറുക്കുന്നതിനെയാണ് അഖീഖ എന്ന് പറയുന്നത്. നബി(സ) പറഞ്ഞു: " എല്ലാ കുട്ടിയും അവന്റെ അഖീഖയുടെ പണയത്തില്‍ ബന്ധനസ്ഥനാണ്. ഏഴാം നാളിലാണ് അവന് വേണ്ടി അറവ് നടത്തുന്നത്. അന്ന് തന്നെയാണ് മുടി നീക്കേണ്ടതും, പേരിടേണ്ടതും." (അബൂദാവൂദ്: 2838). അവിടുന്ന് പറഞ്ഞു: "ആണ്‍കുട്ടിക്ക് (പ്രായത്തിലും ഭംഗിയിലും) സമമായ രണ്ട് ആടും പെണ്‍കുട്ടിക്ക് ഒരു ആടുമാണ് (അഖീഖ അറുക്കേണ്ടത്)." (അബൂദാവൂദ്: 2834).
നീതിപൂർവം പെരുമാറപ്പെടാനുള്ള അവകാശം.
സാമ്പത്തികവും ശാരീരികവുമായ എല്ലാ ഇടപെടലുകളിലും ഈ നീതി അനിവാര്യമാണ്. അത് ആൺകുട്ടിയായാലും പെൺകുട്ടിയായാലും അതിൽ യാതൊരു വേർതിരിവും കാണിക്കാൻ പാടുള്ളതല്ല. നുഅ്മാൻ ബ്‌നു ബഷീർ(റ) പറഞ്ഞു: "എന്റെ പിതാവ് അദ്ദേഹത്തിന്റെ സമ്പാദ്യത്തിൽ നിന്ന് കുറച്ച് എനിക്ക് തന്നു, അപ്പോൾ എന്റെ ഉമ്മയായ ഉംറ ബിൻത് റവാഹ പറഞ്ഞു: റസൂൽ(സ) സാക്ഷ്യപ്പെടുത്തുന്നത് വരെ ഞാൻ അതിൽ തൃപ്തയല്ല" അങ്ങനെ എനിക്ക് നൽകിയതിൽ റസൂൽ(സ) സാക്ഷ്യം വഹിക്കാനായി എന്റെ പിതാവ് അവിടുത്തെ സന്നിധിയിലേക്ക് പോയി. അപ്പോൾ റസൂൽ(സ) അദ്ദേഹത്തോട് ചോദിച്ചു: "നിന്റെ എല്ലാ മക്കൾക്കും ഇങ്ങനെ കൊടുത്തിട്ടുണ്ടോ?" അദ്ദേഹം പറഞ്ഞു: "ഇല്ല" അപ്പോൾ അവിടുന്ന് പറഞ്ഞു: "നീ അല്ലാഹുവിനെ സൂക്ഷിക്കുക, നിന്റെ മക്കളുടെ വിഷയത്തിൽ നീ നീതി പാലിക്കുക" അങ്ങനെ എന്റെ പിതാവ് അവിടെ നിന്ന് മടങ്ങുകയും എനിക്ക് നൽകിയത് തിരിച്ച് വാങ്ങുകയും ചെയ്‌തു" (ബുഖാരി 2587, മുസ്‌ലിം 1623).
അവർക്ക് വേണ്ടി അല്ലാഹുവോട് പ്രാർത്ഥിക്കപ്പെടാനും അവർക്കെതിരെ പ്രാർത്ഥിക്കപ്പെടാതിരിക്കാനുമുള്ള അവകാശം.
റസൂൽ(സ) പറഞ്ഞു: " മൂന്ന് പ്രാർത്ഥനകൾക്ക് ഉത്തരം നൽകപ്പെടും, അതിൽ യാതൊരു സംശയവുമില്ല: അക്രമിക്കപ്പെട്ടവന്റെ പ്രാർത്ഥന, യാത്രക്കാരന്റെ പ്രാർത്ഥന, പിതാവ് തന്റെ മകനെതിരെ നടത്തുന്ന പ്രാർത്ഥന (എന്നിവയാണവ)" (ഇബ്‌നു മാജ 3862). അവിടുന്ന് പറഞ്ഞു: "നിങ്ങൾ സ്വന്തത്തിനെതിരായി പ്രാർത്ഥിക്കരുത്, നിങ്ങൾ നിങ്ങളുടെ സന്താനങ്ങൾക്കെതിരായും പ്രാർത്ഥിക്കരുത്, നിങ്ങൾ നിങ്ങളുടെ സ്വത്തുക്കൾക്കെതിരായും പ്രാർത്ഥിക്കരുത്, അല്ലാഹു ചോദിച്ചത് നല്‍കുന്ന ഒരു സമയമുണ്ട്, ആ സമയവുമായി ഒത്തുവരുന്നത് നിങ്ങള്‍ സൂക്ഷിക്കണം. (ആ സമയത്തെങ്ങാനുമാണ് നിങ്ങള്‍ പ്രാര്‍ഥിക്കുന്നതെങ്കില്‍) നിങ്ങള്‍ക്ക് ഉത്തരം ലഭിച്ചിരിക്കും. '' ( മുസ്ലിം 3009).