നിലവിലെ വിഭാഗം
പാഠം മുസ്‌ലിം സ്‌ത്രീയുടെ വസ്ത്രം.
വസ്‌ത്രമെന്നത് അല്ലാഹുവിന്റെ മഹത്തായ അനുഗ്രഹത്തിൽ പെട്ടതാണ്. അത് മുഖേനെ മനുഷ്യർ തന്റെ ശരീരം മറക്കുകയും ചൂടിൽ നിന്നും തണുപ്പിൽ നിന്നും ശരീരത്തെ സംരക്ഷിക്കുകയും ചെയ്യുന്നു. അപ്രകാരം തന്നെ അത് ശരീരത്തിന് അലങ്കാരവുമാണ്. അല്ലാഹു പറയുന്നു: "ആദം സന്തതികളേ, നിങ്ങള്‍ക്കു നാം നിങ്ങളുടെ ഗോപ്യസ്ഥാനങ്ങള്‍ മറയ്ക്കാനുതകുന്ന വസ്ത്രവും അലങ്കാരവസ്ത്രവും നല്‍കിയിരിക്കുന്നു. ധര്‍മ്മനിഷ്ഠയാകുന്ന വസ്ത്രമാകട്ടെ അതാണു കൂടുതല്‍ ഉത്തമം. അവര്‍ ശ്രദ്ധിച്ച് മനസ്സിലാക്കാന്‍ വേണ്ടി അല്ലാഹു അവതരിപ്പിക്കുന്ന തെളിവുകളില്‍ പെട്ടതത്രെ അത്." (സൂ. അഅ്റാഫ് : 26). എന്നാൽ പുരുഷനും സ്‌ത്രീക്കും നിർബന്ധമായ ചില വസ്‌ത്രങ്ങളുണ്ട്. അഥവാ തങ്ങളുടെ നഗ്നത മറക്കുന്നതും വിവാഹം, പെരുന്നാൾ പോലെയുള്ള സവിശേഷ സന്ദർഭങ്ങളിൽ തങ്ങളുടെ അലങ്കാരവും ഭംഗിയും മികച്ചതാക്കുന്നതുമായ വസ്‌ത്രങ്ങൾ.
സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ചുള്ള മത വിധികൾ വലിയ ലക്ഷ്യങ്ങൾ കൈവരിക്കുന്നു. ഇത് ഒരു വശത്ത്, സ്ത്രീകൾക്ക് അവരുടെ സ്വകാര്യത വക വെച്ച് കൊടുക്കുകയും പുരുഷന്മാരുടെ നോട്ടങ്ങളിൽ നിന്നും, പലപ്പോഴും ദുർമാർഗികളുടെ പ്രവർത്തനങ്ങളിൽ നിന്നും വാക്കുകളിൽ നിന്നും സംരക്ഷണം നൽകുകയും ചെയ്യുന്നു. അപ്രകാരം ഇസ്‌ലാമിക വസ്ത്രധാരണം സ്ത്രീകൾക്ക് ആത്മവിശ്വാസവും സമാധാനവും അന്തസ്സും വ്യക്തിത്വവും നൽകുന്നു. അതിനെല്ലാം ഉപരി ഇസ്‌ലാമിക വസ്ത്രധാരണ രീതികൾ സ്വീകരിക്കുന്നതിലൂടെ ഒരു സ്‌ത്രീ അല്ലാഹുവിന്റെ കൽപനകൾ അനുസരിക്കുകയും വിലക്കുകൾ ഒഴിവാക്കുകയും ചെയ്‌തു കൊണ്ട് അല്ലാഹുവിനോടുള്ള കീഴ്‌വണക്കവും വിധേയത്വവും കാണിക്കുകയും അങ്ങനെ അല്ലാഹുവിന്റെ കാരുണ്യവും കൃപയും അനുഗ്രഹവും കരസ്ഥമാക്കുകയും ചെയ്യുന്നു.
സാമൂഹിക തലത്തിൽ സ്ത്രീയുടെ ഇസ്ലാമിക വസ്ത്രധാരണം അല്ലെങ്കിൽ അവളുടെ ഹിജാബ് മുഴുവൻ സമൂഹത്തെയും പ്രലോഭനങ്ങളിൽ നിന്ന് സംരക്ഷിക്കുകയും അതിലെ എല്ലാ അംഗങ്ങൾക്കും സ്ഥിരതയും സുരക്ഷിതത്വവും നിലനിർത്തുകയും ചെയ്യുന്നു. ആണായാലും പെണ്ണായാലും പ്രലോഭനങ്ങൾ സമൂഹത്തെ അതിന്റെ എല്ലാ ഘടകങ്ങളിലും നശിപ്പിക്കുന്നു. തൽഫലമായി, കുടുംബത്തിന്റെ ഐക്യവും അതിന്റെ സ്ഥിരതയും സമാധാനവും തകർക്കപ്പെടുകയും ശിഥിലമായിപ്പോവുകയും ചെയ്യാം. പല രാജ്യങ്ങളിലും ഇന്നിത് കാണപ്പെടുന്നുണ്ട്.
മുസ്‌ലിം സ്‌ത്രീയുടെ ഹിജാബിന്റെ നിബന്ധനകൾ
1. ശരീരം മറക്കൽ
അല്ലാഹു പറഞ്ഞു: "നബിയേ, നിന്റെ പത്നിമാരോടും പുത്രിമാരോടും സത്യവിശ്വാസികളുടെ സ്ത്രീകളോടും അവര്‍ തങ്ങളുടെ മൂടുപടങ്ങള്‍ തങ്ങളുടെ മേല്‍ താഴ്‌ത്തിയിടാന്‍ പറയുക: അവര്‍ തിരിച്ചറിയപ്പെടുവാനും, അങ്ങനെ അവര്‍ ശല്യം ചെയ്യപ്പെടാതിരിക്കുവാനും അതാണ് ഏറ്റവും അനുയോജ്യമായത്. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു." (സൂ. അഹ്സാബ് 59). മുഖവും മുൻകൈകളും മറക്കുന്ന വിഷയത്തിൽ പണ്ഡിതന്മാർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ട്. ചിലർ അത് നിർബന്ധമാണെന്ന് അഭിപ്രായപ്പെട്ടപ്പോൾ മറ്റു ചിലർ അത് പുണ്യകരമാണെന്നാണ് അഭിപ്രായപ്പെട്ടത്. എന്നാൽ മുഖവും മുൻകൈകളും ഒഴിച്ച് ബാക്കി ഭാഗങ്ങളെല്ലാം മറക്കണമെന്ന കാര്യത്തിൽ പണ്ഡിതന്മാരെല്ലാം ഏകോപിച്ചിട്ടുണ്ട്.
2- അലങ്കാര വസ്‌ത്രം ആകരുത്.
"തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്." (സൂ. നൂർ 31) എന്ന അല്ലാഹുവിന്റെ വചനത്തിൽ ഉൾക്കൊണ്ടിട്ടുള്ള പൊതു തത്വമാണിത്.
3,4. കട്ടിയുള്ളതും അയഞ്ഞതുമായിരിക്കുക.
നബി(സ) പറഞ്ഞു: "നരകത്തിന്റെ ആൾക്കാരിൽപെട്ട രണ്ടു തരക്കാരെ ഞാൻ കാണുകയുണ്ടായിട്ടില്ല, (അവർ പിന്നീട് വരാനിരിക്കുന്നു.) പശുക്കളുടെ കാലുപോലെയുള്ള (തലപ്പത്ത് ഒരുതരം പൊടുപ്പു വെച്ച) ചമ്മട്ടികൾ കൈവശംവെച്ച് അവകൊണ്ട് ജനങ്ങളെ അടിക്കുന്ന ജനതയാണ് (അക്രമികളായ അധികാരസ്ഥന്മാരാണ് ) ഒന്ന്. വസ്ത്രം ധരിച്ച നഗ്നകളും (നാമമാത്ര വസ്ത്രധാരിണികളും) കുണുങ്ങി നടക്കുന്നവരും, വശീകരിക്കുന്ന വരുമായ സ്ത്രീകളാണ് മറ്റൊന്ന്. ഇവരുടെ തലകൾ (വികൃത വേഷം നിമിത്തം) തടിച്ച ഒട്ടകത്തിന്റെ (കൊഴുത്തു) മറിഞ്ഞ പൂഞ്ഞകൾ പോലെയായിരിക്കും. ഇവർ സ്വർഗ്ഗത്തിൽ പ്രവേശിക്കുകയില്ല; അതിന്റെ പരിമളം അവർക്ക് ലഭിക്കുകയുമില്ല. (മുസ്ലിം:2128). ഉസാമത്ത് ബ്‌നു സൈദ്(റ)വിൽ നിന്നും, അദ്ദേഹം പറഞ്ഞു: ദഹിയത്തുൽ കൽബി സമ്മാനിച്ച വസ്‌ത്രങ്ങളിൽ പെട്ട കട്ടിയുള്ള ഒരു ഈജിപ്ഷ്യൻ വസ്‌ത്രം റസൂൽ(സ) എനിക്ക് തന്നു. ഞാൻ അത് എന്റെ ഭാര്യക്ക് നൽകി. റസൂൽ (സ) എന്നോട് ചോദിച്ചു: " നീ എന്താണ് ആ ഈജിപ്ഷ്യൻ വസ്‌ത്രം ധരിക്കാത്തത്?" ഞാൻ പറഞ്ഞു: "അത് ഞാനെന്റെ ഭാര്യയെ ധരിപ്പിച്ചു" അപ്പോൾ റസൂൽ (സ) എന്നോട് പറഞ്ഞു: "നീ അതിനടിയിൽ അടിവസ്‌ത്രം ധരിക്കാൻ അവളോട് കല്പിക്കുക, അവളുടെ അസ്ഥിയുടെ ആകാരം പോലും അത് പ്രകടമാക്കി കാണിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു". (അഹ്‌മദ് 21786)
5- സുഗന്ധം പൂശിയത് ആകരുത്.
റസൂൽ (സ) പറഞ്ഞു: "ഏതെങ്കിലുമൊരു സ്‌ത്രീ സുഗന്ധം പൂശി ആളുകൾക്ക് അതിന്റെ മണം ലഭിക്കാൻ വേണ്ടി അവർക്കിടയിലൂടെ നടന്നാൽ അവൾ വ്യഭിചാരിണിയാണ്" (നസാഈ 5126)
6- പുരുഷന്മാരുടെ വസ്‌ത്രവുമായി സാദൃശ്യമുണ്ടാകാൻ പാടില്ല.
ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: "സ്ത്രീകളുമായി സദൃശ്യപ്പെടുന്ന പുരുഷന്മാരെയും പുരുഷന്മാരുമായി സദൃശ്യപ്പെടുന്ന സ്‌ത്രീകളെയും അല്ലാഹുവിന്റെ റസൂൽ ശപിച്ചിരിക്കുന്നു" (ബുഖാരി 5885)
7- സത്യനിഷേധികളുടെ വസ്‌ത്രവുമായി സാദൃശ്യമുണ്ടാകാൻ പാടില്ല.
ഇസ്‌ലാമിക ശരീഅത്തിന്റെ സ്ഥിരമായ നിയമമാണ്, മുസ്‌ലിംകൾ- അത് പുരുഷനോ സ്ത്രീയോ ആകട്ടെ- അവിശ്വാസികളെ അവരുടെ ആരാധനകളിലും ആഘോഷങ്ങളിലും അവർക്ക് പ്രത്യേകമായ വസ്ത്രധാരണത്തിലും അനുകരിക്കരുത്. റസൂൽ(സ) പറഞ്ഞു: "മറ്റൊരു സമുദായത്തെ അനുകരിക്കുന്നവൻ ആ സമുദായത്തിൽ പെട്ടവനാണ്". (അബു ദാവൂദ് 4031).
8- ലോകമാന്യതയും അഹങ്കാരവും നിഴലിക്കുന്ന വസ്‌ത്രമാകരുത്.
റസൂൽ (സ) പറഞ്ഞു: "ഭൗതിക ലോകത്ത് പ്രശസ്തിക്കുള്ള വസ്‌ത്രം ഒരാൾ ധരിച്ചാൽ അന്ത്യ നാളിൽ നിന്ദ്യതയുടെ വസ്‌ത്രം അല്ലാഹു അയാളെ ധരിപ്പിക്കുന്നതാണ്" (ഇബ്‌നു മാജ 3607). ആളുകൾക്കിടയിൽ പ്രശസ്തിയും പേരും ലക്‌ഷ്യം വെക്കുന്ന എല്ലാ വസ്‌ത്രങ്ങളും പ്രശസ്തിക്കുള്ള വസ്ത്രം എന്നതിൽ ഉൾപ്പടുന്നു.
മുകളിൽ പറഞ്ഞ നിബന്ധനകൾ ഒരു മുസ്‌ലിം സ്‌ത്രീ തന്റെ വീട്ടിൽ നിന്ന് പുറത്തിറങ്ങുമ്പോഴും അന്യ പുരുഷന്മാരുടെ സാന്നിധ്യത്തിലും പാലിക്കേണ്ടതാണ്. എന്നാൽ വിവാഹ ബന്ധം നിഷിദ്ധമായവരുടെ (മഹ്‌റം) മുന്നിലോ മറ്റ് സ്‌ത്രീകളുടെ മുന്നിലോ ഈ നിബന്ധനകൾ പാലിക്കൽ നിർബന്ധമില്ല. ഇത്തരം സന്ദർഭങ്ങളിൽ ഒരു നിശ്ചിത പരിധിക്കുള്ളിൽ നിന്ന് കൊണ്ട് സുഗന്ധം ഉപയോഗിക്കുന്നതും ചില അലങ്കാരങ്ങൾ പ്രകടമാക്കുന്നതും അവൾക്ക് അനുവദനീയമാണ്.
സൗന്ദര്യ പ്രകടനം
അന്യ പുരുഷന്മാർക്ക് മുന്നിൽ മറക്കൽ നിർബന്ധമായ തങ്ങളുടെ ഭംഗിയും അലങ്കാരവും അവർക്ക് മുന്നിൽ പ്രദർശിപ്പിക്കലാണ് ഇത്.
തങ്ങളുടെ ചുറ്റുമുള്ളവരെ പരിഗണിക്കുമ്പോൾ ഒരു മുസ്ലീം സ്ത്രീയുടെ വസ്ത്രധാരണം
അന്യ പുരുഷന്മാരുടെ (മഹ്‌റം അല്ലാത്തവരുടെ) അടുക്കൽ സ്‌ത്രീയുടെ വസ്‌ത്രം.
അല്ലാഹു തന്റെ റസൂലിനോട് കൽപിച്ച മതപരമായ വസ്‌ത്രമാണത്. അതിന്റെ നിബന്ധനകൾ മുമ്പ് സൂചിപ്പിച്ചിട്ടുണ്ട്.
മഹ്‌റം ആയ പുരുഷന്മാരുടെ അടുക്കൽ സ്‌ത്രീയുടെ വസ്‌ത്രം.
മുഖത്തിനും മുൻ കൈകൾക്കും പുറമെ സാധാരണ നിലക്ക് വെളിവാക്കാറുള്ള കഴുത്ത്, മുടി, കാൽപാദങ്ങൾ തുടങ്ങിയവ ഒഴികെയുള്ള മുഴുവൻ ഭാഗങ്ങളും അവർക്ക് മുന്നിൽ സ്‌ത്രീകൾ മറച്ചിരിക്കേണ്ടതാണ്. അല്ലാഹു പറയുന്നു: "സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്‌ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃ പിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃ പുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദര പുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍, എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്... (സൂ. നൂർ 31)
മറ്റു മുസ്‌ലിം സ്‌ത്രീകളുടെ അടുക്കൽ സ്‌ത്രീയുടെ വസ്‌ത്രം.
മഹ്‌റം ആയ പുരുഷന്മാരുടെ അടുക്കലെന്ന പോലെ തന്നെ മുഖത്തിനും മുൻ കൈകൾക്കും പുറമെ സാധാരണ നിലക്ക് വെളിവാക്കാറുള്ള കഴുത്ത്, മുടി, കാൽപാദങ്ങൾ തുടങ്ങിയവ ഒഴികെയുള്ള മുഴുവൻ ഭാഗങ്ങളും അവർക്ക് മുന്നിൽ സ്‌ത്രീകൾ മറച്ചിരിക്കേണ്ടതാണ്. അല്ലാഹു പറയുന്നു: ""സത്യവിശ്വാസിനികളോടും അവരുടെ ദൃഷ്ടികള്‍ താഴ്‌ത്തുവാനും അവരുടെ ഗുഹ്യാവയവങ്ങള്‍ കാത്തുസൂക്ഷിക്കുവാനും, അവരുടെ ഭംഗിയില്‍ നിന്ന് പ്രത്യക്ഷമായതൊഴിച്ച് മറ്റൊന്നും വെളിപ്പെടുത്താതിരിക്കുവാനും നീ പറയുക. അവരുടെ മക്കനകള്‍ കുപ്പായമാറുകള്‍ക്ക് മീതെ അവര്‍ താഴ്‌ത്തിയിട്ടുകൊള്ളട്ടെ. അവരുടെ ഭര്‍ത്താക്കന്‍മാര്‍, അവരുടെ പിതാക്കള്‍, അവരുടെ ഭര്‍തൃ പിതാക്കള്‍, അവരുടെ പുത്രന്‍മാര്‍, അവരുടെ ഭര്‍തൃ പുത്രന്‍മാര്‍, അവരുടെ സഹോദരന്‍മാര്‍, അവരുടെ സഹോദര പുത്രന്‍മാര്‍, അവരുടെ സഹോദരീ പുത്രന്‍മാര്‍,മുസ്ലിംകളില്‍ നിന്നുള്ള സ്ത്രീകള്‍ എന്നിവരൊഴിച്ച് മറ്റാര്‍ക്കും തങ്ങളുടെ ഭംഗി അവര്‍ വെളിപ്പെടുത്തരുത്... (സൂ. നൂർ 31)
വേദക്കാരായ സ്‌ത്രീകളുടെ അടുക്കൽ സ്‌ത്രീയുടെ വസ്‌ത്രം.
മറ്റു മുസ്‌ലിം സ്‌ത്രീകളുടെ അടുക്കലെന്ന പോലെ തന്നെ മുഖത്തിനും മുൻ കൈകൾക്കും പുറമെ സാധാരണ നിലക്ക് വെളിവാക്കാറുള്ള കഴുത്ത്, മുടി, കാൽപാദങ്ങൾ തുടങ്ങിയവ ഒഴികെയുള്ള മുഴുവൻ ഭാഗങ്ങളും അവർക്ക് മുന്നിൽ സ്‌ത്രീകൾ മറച്ചിരിക്കേണ്ടതാണ്. വേദക്കാരായ സ്‌ത്രീകൾ നബി(സ)യുടെ ഭാര്യമാരുടെ അടുക്കൽ പോകാറുണ്ടായിരുന്നു. എന്നാൽ ആ സമയത്ത് ഹിജാബ് സ്വീകരിക്കാൻ നബി(സ) തന്റെ ഭാര്യമാരോട് ആവശ്യപ്പെട്ടിരുന്നില്ല.
അനുവദനീയവും നിരോധനവും അനുസരിച്ച് സ്ത്രീകളുടെ വസ്ത്രങ്ങളുടെയും അലങ്കാരങ്ങളുടെയും വിഭാഗങ്ങൾ
സ്ത്രീകളുടെ അനുവദനീയമായ വസ്ത്രവും അലങ്കാരവും.
മതം പ്രത്യേകം നിഷിദ്ധമാക്കിയതല്ലാത്ത എല്ലാ തരം വസ്ത്രത്തിന്റെയും അലങ്കാരത്തിന്റെയും അടിസ്ഥാന വിധി അത് അനുവദനീയമാണെന്നതാണ്. ഒരു സ്‌ത്രീക്ക് ഏത് ഇനം തുണിത്തരം കൊണ്ടുണ്ടാക്കിയതും ഏത് വർണത്തിലും ഉള്ള എല്ലാ തരം വസ്‌ത്രങ്ങളും അനുവദനീയമാണ്. അത് പോലെ തന്നെ അനുവദനീയമായ ഏത് തരം ആഭരണങ്ങൾ കൊണ്ടും സുഗന്ധങ്ങൾ കൊണ്ടും സൗന്ദര്യ വർധക വസ്തുക്കൾ കൊണ്ടും ഭംഗിയാകുന്നതും അനുവദനീയമാണ്. എന്നാൽ അത് മുഖേനെ അവൾക്ക് ഉപദ്രവം ഉണ്ടാകാൻ പാടില്ല, അതിൽ സത്യ നിഷേധികളുമായി സാദൃശ്യം പാടില്ല, അത് പന്നിയുടെ നെയ്യ് പോലെ നിഷിദ്ധമായ വസ്തുക്കളിൽ നിന്ന് ഉണ്ടാക്കിയതാകാൻ പാടില്ല എന്നീ നിബന്ധനകൾ പാലിക്കേണ്ടതുണ്ട്.
സുന്നത്തായ വസ്ത്രവും അലങ്കാരവും.
മതം പുണ്യകരമായി പഠിപ്പിച്ചവയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അപ്രകാരം തന്നെ ഒരു സ്‌ത്രീ തന്റെ ഭർത്താവിന്റെ പ്രീതിയും ഇഷ്ടവും സമ്പാദിക്കാൻ വേണ്ടി ധരിക്കുന്നവയും ഇതിൽ ഉൾപെടുന്നു. എന്നാൽ ഇത് നിഷിദ്ധമായ വസ്ത്രവും അലങ്കാരവും ആകാതിരിക്കൽ നിർബന്ധമാണ്.
നിഷിദ്ധമായ വസ്ത്രവും അലങ്കാരവും.
മതം നിഷിദ്ധമാക്കിയ എല്ലാതരം വസ്‌ത്രങ്ങളും അലങ്കാരങ്ങളുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കപ്പെടുന്നത്. അത് നേർക്ക് നേരെ മതം നിഷിദ്ധമാക്കിയതാലും ശരി അല്ലെങ്കിൽ ജൂത - കൃസ്ത്യാനികളോട് എതിരാവുക, പുരുഷ വേഷം കെട്ടാതിരിക്കുക എന്നിങ്ങനെ മതം നിർബന്ധമായും പാലിക്കാൻ കൽപിച്ച അടിസ്ഥാന നിയമങ്ങളോട് എതിര് നിൽക്കുന്നതായാലും ശരി എല്ലാം നിഷിദ്ധമാണ്.