നിലവിലെ വിഭാഗം
പാഠം തണുപ്പ് കാലത്തെ നമസ്‌കാരവും നോമ്പും
തണുപ്പ് കഠിനമായാൽ: ജനങ്ങൾക്ക് പള്ളിയിലേക്ക് വരാൻ തടസ്സമുണ്ടോ ഇല്ലേ എന്ന് നോക്കണം. തടസമൊന്നുമില്ലെങ്കിൽ ബാങ്ക് പൂർവ സ്ഥിതിയിൽ തന്നെ തുടരും.
പൊതു ജനങ്ങൾക്ക് പള്ളിയിലേക്ക് വരാൻ തടസമുണ്ടാക്കുന്ന നിലക്ക് കൊടും തണുപ്പ് ആണെങ്കിൽ അപ്പോൾ ജനങ്ങൾക്ക് പള്ളിയിൽ വെച്ചുള്ള നമസ്‌കാരം ഒഴിവാക്കുന്നതിന് അനുമതി കൊടുത്ത് കൊണ്ട് ബാങ്ക് കൊടുക്കുന്നവൻ "അലാ സ്വല്ലൂ ഫീ രിഹാലികും" എന്നോ "അസ്സ്വലാത്തു ഫി രിഹാൽ"(അർത്ഥം: നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ നമസ്കരിച്ച് കൊള്ളുക) എന്നോ പറയണം.
നാഫിഅ് പറയുന്നു: ളജ്നാനി (മക്കയുടെ സമീപത്തുള്ള ഒരു മല) ല്‍ വെച്ച് ഒരു തണുപ്പുള്ള രാത്രിയില്‍ ഇബ്നു ഉമര്‍ (റ) ബാങ്ക് വിളിച്ചു. ശേഷം അദ്ദേഹം ഇപ്രകാരം പറഞ്ഞു: 'സ്വല്ലൂ ഫീ രിഹാലികും'. എന്നിട്ടദ്ദേഹം ഞങ്ങളോട് പറഞ്ഞു: യാത്രാ വേളകളില്‍ തണുപ്പോ, നല്ല മഴയോ ഉള്ള രാത്രികളില്‍ നബി (സ) മുഅദ്ദിനോട് ബാങ്ക് വിളിക്കാന്‍ ആവശ്യപ്പെടുകയും, ബാങ്കിന് ശേഷം "അലാ സ്വല്ലൂ ഫിരിഹാല്‍ - നിങ്ങള്‍ നിങ്ങളുടെ പാര്‍പ്പിടങ്ങളില്‍ നമസ്കരിച്ച് കൊള്ളുക" എന്ന് പറയാന്‍ കല്പിക്കാറുണ്ടായിരുന്നു. -( ബുഖാരി: 632, മുസ്‌ലിം: 697).
തണുപ്പ് കാലത്ത് ജനങ്ങൾ തീ കായാൻ അടുപ്പ് കൂട്ടാറുണ്ട്. ചിലപ്പോൾ അത് ഖിബ്‌ലയുടെ ഭാഗത്തും ആയേക്കാം. എന്നാൽ അഗ്നി ആരാധകരുമായി സാമ്യത വരാതിരിക്കാൻ നമസ്‌കരിക്കുന്ന ഖിബ്‌ലയുടെ ഭാഗത്ത് അടുപ്പ് കൂട്ടാതിരിക്കലാണ് ഉത്തമം. കരണമത് നമസ്‌കരിക്കുന്നവരെ അശ്രദ്ധയിലാക്കാൻ സാധ്യതയുണ്ട്. എന്നാൽ തണുപ്പ് പ്രതിരോധിക്കാൻ അത് അനിവാര്യമാണെങ്കിലോ അല്ലെങ്കിൽ അതിന്റെ സ്ഥാനം മാറ്റൽ പ്രയാസകരമാണെങ്കിലോ കുഴപ്പമില്ല.
എന്നാൽ തീജ്വാലയില്ലാത്ത അടുപ്പിനെ സംബന്ധിച്ചിടത്തോളം അതിലേക്ക് തിരിഞ്ഞ് നമസ്‌കരിക്കുന്നത് കറാഹത്ത് (വെറുക്കപ്പെട്ടത്) അല്ല.
രണ്ട് നമസ്‌കാരങ്ങൾക്കിടയിൽ ജംഅ് ആക്കൽ
രണ്ട് നമസ്‌കാരങ്ങൾക്കിടയിൽ ജംഅ് ആക്കുക എന്നാൽ, ദുഹ്ർ അസ്റിന്റെ കൂടെയോ മഗ്‌രിബ് ഇശാഇന്റെ കൂടെയോ ഒരുമിച്ച് നമസ്‌കരിക്കലാണ്. മതപരമായി അനുവദിക്കപ്പെട്ട ഒഴിവ് കഴിവുകൾ (കാരണങ്ങൾ) ഒരാൾക്ക് ഉണ്ടെങ്കിൽ ഒന്നുകിൽ ആദ്യത്തെ നമസ്‌കാരത്തിന്റെ സമയത്തേക്ക് മുന്തിച്ചോ അല്ലെങ്കിൽ രണ്ടാമത്തെ നമസ്‌കാരത്തിന്റെ സമയത്തേക്ക് പിന്തിച്ചോ രണ്ട് നമസ്കാരങ്ങളും ഒരേ സമയത്ത് അവന് നിർവഹിക്കാവുന്നതാണ് .
ശൈത്യ കാലത്ത് ജംഅ് ആക്കുവാൻ മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങളിൽ പെട്ടതാണ് മഴ, ചില പണ്ഡിതന്മാർ അഭിപ്രായപ്പെട്ടത് പോലെ ശക്തമായ തണുത്ത കാറ്റ്, കൊടും തണുപ്പ്, വഴികളിൽ തടസമുണ്ടാക്കുന്ന നിലക്കുള്ള മഞ്ഞ്, ചെളി മുതലായവ.
ജംഅ് ആക്കുവാൻ മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങൾ എന്നത് കൊണ്ടുള്ള ഉദ്ദേശം: ജമാഅത്ത് നമസ്‌കാരത്തിനായി പലവട്ടം ജനങ്ങൾക്ക് പള്ളിയിലേക്ക് പോക്ക് പ്രയാസകരമാക്കുന്ന കാരണങ്ങൾ എന്നാണ്. ഇത്തരം സന്ദർഭങ്ങളിൽ ജംഅ് ആക്കൽ അനുവദിക്കപ്പെടുന്നു. എന്നാൽ ആളുകൾക്ക് നടക്കാനോ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനോ പ്രയാസകരല്ലാത്ത ചെറിയ മഴ പോലുള്ളവ ഇത്തരം കാരണങ്ങളിൽ പെടുന്നില്ല.
മുസ്‌ലിംകൾ നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കുക എന്നതാണ് അതിന്റെ അടിസ്ഥാനം. അല്ലാഹു പറയുന്നു: "സമാധാനാവസ്ഥയിലായാല്‍ നിങ്ങള്‍ നമസ്കാരം മുറപ്രകാരം തന്നെ നിര്‍വഹിക്കുക. തീര്‍ച്ചയായും നമസ്കാരം സത്യവിശ്വാസികള്‍ക്ക് സമയം നിര്‍ണയിക്കപ്പെട്ട ഒരു നിര്‍ബന്ധബാധ്യതയാകുന്നു." (സൂ. നിസാഅ് 103). അതിനാൽ മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങൾ ഉണ്ടായാലല്ലാതെ അത് ജംഅ് ആക്കൽ ശരിയല്ല. "മതപരമായി അനുവദിക്കപ്പെട്ട കാരണങ്ങൾ ഇല്ലാതെ നമസ്‌കാരങ്ങൾക്കിടയിൽ ജംഅ് ആക്കുന്നത് വലിയ പാപങ്ങളിൽ പെട്ടതാണെന്ന് ഉമർ ഇബ്‌നുൽ ഖത്താബ്(റ), ഇബ്‌നു അബ്ബാസ് (റ) തുടങ്ങിയവരിൽ നിന്നും നിവേദനം ചെയ്യപ്പെട്ടിട്ടുണ്ട്.
ജമാഅത്ത് ആയി നമസ്‌കരിക്കാത്ത സ്‌ത്രീകൾ, രോഗി, ജമാഅത്ത് നഷ്ടപ്പെട്ടവൻ പോലെയുള്ളവർ ജംഅ് ആക്കരുത്. കാരണം അവർക്ക് ജംഅ് ആക്കേണ്ട ആവശ്യമില്ല. നമസ്‌കാരം അതിന്റെ സമയത്ത് തന്നെ നിർവഹിക്കാനാണ് ശ്രമിക്കേണ്ടത്. അപ്രകാരം തന്നെ രണ്ടാമത്തെ നമസ്കാരം നിർവഹിക്കുന്നതിന് മുമ്പായി ജംഅ് ആക്കാനുള്ള കാരണം അവസാനിച്ചവരും ജംഅ് ആക്കരുത്.
ജംഅ് ആക്കുമ്പോൾ രണ്ട് നമസ്‌കാരങ്ങൾക്കുമായി ഒരു ബാങ്കും രണ്ട് ഇഖാമത്തുകളുമാണ് ഉണ്ടാവുക. രണ്ട് നമസ്‌കരങ്ങൾക്കും ശേഷമാണ് റവാത്തിബ് സുന്നത്തുകളും നമസ്‌കാരത്തിന് ശേഷമുള്ള ദിക്റുകളും നിർവഹിക്കേണ്ടത്.
ജംഅ് ആക്കാൻ മതം അനുവദിക്കുന്ന കാരണങ്ങൾ ചില പള്ളികളിൽ സാഹചര്യങ്ങൾക്ക് അനുസരിച്ച് വ്യത്യാസപ്പെടാം. ആ വിഷയത്തിൽ തീരുമാനം എടുക്കേണ്ടത് പള്ളിയിലെ ഇമാം ആണ്. അദ്ദേഹം ആ വിഷയത്തിൽ നന്നായി പരിശ്രമം നടത്തുകയും അറിവുള്ളവരുമായി കൂടിയാലോചന നടത്തുകയും ചെയ്യണം. അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ജംഅ് ആക്കൽ അനുവദനീയമാണെന്ന് കാണുന്നില്ലെങ്കിൽ ജംഅ് ആക്കരുത്. ജമാഅത്തിൽ പങ്കെടുക്കുന്നവർ തർക്കങ്ങളിൽ നിന്ന് മാറി നിൽക്കുകയും വേണം.
ചില അഥറുകളിൽ വന്നത് പ്രകാരം "ശൈത്യ കാലം വിശ്വാസിയുടെ വസന്തമാണ്, അതിന്റെ ചുരുങ്ങിയ പകലിൽ അവൻ നോമ്പ് എടുക്കുന്നു, ദീർഘമായ രാത്രിയിൽ അവൻ രാത്രി നമസ്‌കാരം നിർവഹിക്കുകയും ചെയ്യുന്നു." (ബൈഹഖി - സുനനുൽ കുബ്റാ 8456). വസന്തമെന്ന് ഇതിനെ പേര് വിളിക്കുന്നത് ഇതിൽ അവന് ആരാധനകൾ ആയാസ രഹിതമായി നിർവഹിക്കാൻ സാധിക്കുന്നത് കൊണ്ടാണ്. കാരണം പകൽ കുറയുന്നത് കൊണ്ട് തന്നെ വിശപ്പും ദാഹവും കൊണ്ടുള്ള വലിയ ബുദ്ധിമുട്ടുകൾ ഇല്ലാതെ തണുപ്പ് കാലത്ത് നോമ്പ് അനുഷ്ഠിക്കാൻ സാധിക്കുന്നു. അതെ പോലെ രാത്രി ദീർഘമാകുന്നത് കൊണ്ട് തന്നെ നമസ്‌കാരവും ഉറക്കും ഒരുമിച്ച് (രണ്ടിനും ഭംഗം വരാതെ) കൊണ്ട് പോകാനും സാധിക്കുന്നു.
മറ്റു ചില അഥറുകളിൽ കാണാം, "തണുപ്പ് കാലത്തെ നോമ്പ് എളുപ്പത്തിൽ നേടാവുന്ന സ്വത്ത് ആണ്" (അഹ്‌മദ് 18959) ഉമർ (റ) പറഞ്ഞു: "ശൈത്യം ആരാധന നിർവഹിക്കുന്ന ദാസന്മാരുടെ എളുപ്പത്തിൽ നേടാവുന്ന സ്വത്ത് ആണ്" (അൽഹിൽയ - അബൂ നഈം 1/51)