പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം അന്ത്യനാളിലുള്ള വിശ്വാസം

അല്ലാഹു മനുഷ്യരെ ഖബറുകളിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്ന ദിവസമാണ് അന്ത്യദിനം, തുടർന്ന് അവൻ അവരെ വിചാരണ ചെയ്യുകയും അവരുടെ പ്രവൃത്തികൾക്ക് പ്രതിഫലം നൽകുകയും ചെയ്യും, എന്നതിലുള്ള വിശ്വാസംഈമാൻ കാര്യങ്ങളിൽ പെട്ടതാണ്. ഈ പാഠത്തിൽ, ഈ ദിവസവുമായി ബന്ധപ്പെട്ട നിരവധി പ്രധാന കാര്യങ്ങൾ നമുക്ക് പഠിക്കാം.

  • അന്ത്യനാൾ എന്നതിന്റെ ഉദ്ദേശവും അത് ഉണ്ടാക്കിയതിലുള്ള യുക്തിയും മനസിലാക്കുക. 
  • അന്ത്യനാളിന്റെ അടയാളങ്ങളിൽ ചിലത് മനസിലാക്കുക. 
  • അന്ത്യനാളിലുള്ള വിശ്വാസവുമായി ബന്ധപ്പെട്ട ഏതാനും ചിലകാര്യങ്ങൾ മനസ്സിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

അന്ത്യ നാളിലുള്ള വിശ്വാസം എന്നതിന്റെ ആശയം

അല്ലാഹു മനുഷ്യരെ ഖബ്‌റുകളിൽ നിന്നും പുനർജീവിപ്പിച്ച് കൊണ്ട് വരുമെന്നും ശേഷം സ്വർഗാവകാശികൾ അതിലും നരകാവകാശികൾ അതിലും എത്തുന്ന തരത്തിൽ അവർ വിചാരണ ചെയ്യപ്പെടുകയും കർമങ്ങൾക്ക് കൂലി നൽകപ്പെടുകയും ചെയ്യുമെന്നും ഉറച്ച് വിശ്വസിക്കുക. ഇത് കൂടാതെ വിശ്വാസം പൂർണമാകില്ല. അല്ലാഹു പറയുന്നു : " പുണ്യമെന്നാൽ അല്ലാഹുവിലും അന്ത്യ ദിനത്തിലും .... വിശ്വസിക്കലാണ് " (സൂ. ബഖറ 177)

എന്താണ് അന്ത്യനാൾ ?

അന്ത്യ നാൾ : മനുഷ്യർ വിചാരണക്കും പ്രതിഫലത്തിനും സ്വർഗത്തിലേക്കും നരകത്തിലേക്കും നയിക്കപ്പെടുന്നതിനുമായി പുനർജീവിപ്പിക്കപ്പെടുന്ന ദിനം. ഈ ദിനത്തിന് അന്ത്യനാൾ എന്ന് പേര് വരാൻ കാരണം അതിനു ശേഷം ദിവസം ഇല്ലാത്തതിനാലാണ്. ഇതിന്റെ നാമങ്ങളായി ഖുർആനിലും സുന്നത്തിലും ധാരാളം പേരുകൾ വന്നിട്ടുണ്ട്, അതിപ്രധാനമായ ധാരാളം സംഭവങ്ങൾ ഉണ്ടാകുന്നതിനാലും മനുഷ്യർ തങ്ങളുടെ രക്ഷിതാവിന് മുന്നിൽ നിൽക്കുന്നതിനാലും ഇതിന് ഖിയാമത്ത് നാൾ എന്നും വിളിക്കപ്പെടുന്നു, അത് പോലെ തന്നെ സാഅത്ത് , യൗമുൽ ഫസ്ൽ , യൗമുദ്ദീൻ (പ്രതിഫല നാൾ) എന്നൊക്കെ ഇതിനെ വിളിക്കപ്പെടുന്നുണ്ട്.

എന്തിനാണ് ഖുർആൻ അന്ത്യനാളിലുള്ള വിശ്വാസം ഉറപ്പിച്ച് പറഞ്ഞത് ?

വിശുദ്ധ ഖുർആൻ അന്ത്യനാളിലെ വിശ്വാസം ഉറപ്പിച്ചു പറഞ്ഞു , എല്ലാ അവസരങ്ങളിലും അതിനെ കുറിച്ച് മുന്നറിയിപ്പ് നൽകി, അറബിയിലെ വിവിധ ശൈലികളിൽ ഇതിന്റെ സംഭവ്യത സ്ഥിരീകരിച്ചു, അതിലുള്ള വിശ്വാസത്തെ ഒന്നിൽ കൂടുതൽ സ്ഥലങ്ങളിൽ അല്ലാഹുവിലുള്ള വിശ്വാസവുമായി ബന്ധിപ്പിച്ചു പറഞ്ഞു.

അന്ത്യനാളിലുള്ള വിശ്വാസം അല്ലാഹുവിലും അവന്റെ നീതിയിലുമുള്ള വിശ്വാസത്തിന്റെ അനിവാര്യ ഫലമാണ്, വിശദമായി പറഞ്ഞാൽ :

അല്ലാഹു അനീതിയെ അംഗീകരിക്കുന്നില്ല, അക്രമികളെ ശിക്ഷയില്ലാതെയും അക്രമിക്കപ്പെട്ടവരെ നീതിയില്ലാതെയും ഉപേക്ഷിക്കുകയുമില്ല, സുകൃതം ചെയ്തവരെ പ്രതിഫലം നൽകാതെ വിട്ടുകളയുകയുമില്ല. ഓരോരുത്തർക്കും അവർക്കർഹമായത് അവൻ നൽകും. എന്നാൽ ഈ ലോകത്ത് നമ്മൾ കാണുന്നത് ഒരാൾ അക്രമിയായി ജീവിക്കുകയും യാതൊരു ശിക്ഷയും ലഭിക്കാതെ അക്രമിയായി തന്നെ മരണപ്പെടുകയും, മറ്റൊരാൾ ആക്രമിക്കപ്പെടുകയും അവന്റെ അവകാശം ലഭിക്കാതെ അക്രമിക്കപ്പെട്ടവനായി തന്നെ മരണപ്പെടുകയും ചെയ്യുന്നതാണ്. അപ്പോൾ അല്ലാഹു അനീതിയെ അംഗീകരിക്കില്ല എന്നതിന്റെ അർത്ഥമെന്താണ്? അപ്പോൾ അതിന്റെ അർത്ഥം നമ്മൾ ഇന്ന് ജീവിച്ച് കൊണ്ടിരിക്കുന്നതല്ലാത്ത മറ്റൊരു ജീവിതം അനിവാര്യമാണ് എന്നതാണ്. നന്മയ്ക്ക് പ്രതിഫലം ലഭിക്കുന്ന ,കുറ്റവാളി ശിക്ഷിക്കപ്പെടുകയും എല്ലാവർക്കും അവനവന്റെ അവകാശം ലഭിക്കുകയും ചെയ്യുന്ന മറ്റൊരു സമയം ഉണ്ടായിരിക്കൽ അനിവാര്യമാണ്.

അന്ത്യനാളിന്റെ അടയാളങ്ങൾ

അന്ത്യനാളിലുള്ള വിശ്വാസത്തിൽ പെട്ടതാണ് അതിന്റെ അടയാളങ്ങളിലും ലക്ഷണങ്ങളിലും വിശ്വസിക്കുക എന്നത്. അന്ത്യനാളിന് മുമ്പായി സംഭവിക്കുന്ന കാര്യങ്ങളാണ് അവ, അന്ത്യനാളിന്റെ അടയാളങ്ങളും ലക്ഷണങ്ങളും രണ്ട് വിഭാഗമായി തിരിച്ചിരിക്കുന്നു:

1- ചെറിയ അടയാളങ്ങൾ

വിവിധ കാലങ്ങളിലായി നടക്കുന്ന സംഭവങ്ങളാണ് ഇവ, നഗ്നരും നഗ്നപാദരുമായ ആട്ടിടയന്മാർ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിൽ മത്സരിക്കുമെന്നത് പോലെ ഹദീസിൽ വന്ന കാര്യങ്ങൾ ഇതിൽ പെട്ടതാണ്. ഒരു ഹദീസിൽ ഇപ്രകാരം കാണാം; "അദ്ദേഹം പറഞ്ഞു: അന്ത്യ നാളിനെ കുറിച്ച് എനിക്ക് അറിയിച്ച് തരിക, അവിടുന്ന് പറഞ്ഞു: ചോദിക്കപ്പെട്ടവൻ ചോദിച്ചവനെക്കാൾ അതിനെ കുറിച്ച് അറിവുള്ളവനല്ല. അദ്ദേഹം പറഞ്ഞു: എന്നാൽ അതിന്റെ അടയാളങ്ങളെ കുറിച്ച് എനിക്ക് അറിയിച്ച് തരിക, അപ്പോൾ അവിടുന്ന് പറഞ്ഞു: അടിമ സ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കലാണ്, ഉടുക്കാനില്ലാത്തവരും നഗ്നപാദരുമായ ദരിദ്ര ആട്ടിടയന്മാർ കെട്ടിടങ്ങൾ ഉണ്ടാക്കുന്നതിൽ മത്സരിക്കലുമാണ്" (മുസ്‌ലിം)

2- വലിയ അടയാളങ്ങൾ

അന്ത്യനാളിനോടനുബന്ധിച്ച് ഉണ്ടാകുന്ന വലിയ സംഭവങ്ങളാണ് അവ. ഹദീസിൽ വന്നത് പ്രകാരം അത് പത്ത് അടയാളങ്ങളാണ്; ഹുദൈഫത് ഇബ്‌നു ഉസൈദിൽ നിന്നും, അദ്ദേഹം പറഞ്ഞു: ഞങ്ങൾ ഒരു ദിവസം ആലോചനാ നിമഗ്നരായിരിക്കെ നബി(സ) ഞങ്ങളിലേക്ക് വന്നു, എന്നിട്ട് അവിടുന്ന് ചോദിച്ചു : "എന്താണ് നിങ്ങൾ ആലോചിക്കുന്നത്?" ഞങ്ങൾ പറഞ്ഞു: "അന്ത്യനാളിനെ കുറിച്ചാണ്." അവിടുന്ന് പറഞ്ഞു: " അതിനു മുമ്പായി പത്ത് അടയാളങ്ങൾ നിങ്ങൾ കാണാതെ അത് സംഭവിക്കില്ല ; ദുഖാൻ ( ഒരു തരം പുക), ദജ്ജാലിന്റെ വരവ്‌, ദാബ്ബതുൽ അർദ്‌ ( ഒരു ജീവി), സൂര്യൻ പടിഞ്ഞാറു നിന്ന് ഉദിക്കൽ, ഈസ നബിയുടെ ഇറക്കം. (പുനരാഗമനം), യ അജുജ്‌- മ അജുജ്‌, മൂന്ന്‌ ഭൂകമ്പങ്ങള്‍: പടിഞ്ഞാറ്‌ ഒരു ഭൂകമ്പം കിഴക്ക്‌ ഒരു ഭൂകമ്പം അറേബ്യന്‍ ഉപദ്വീപില്‍ ഒരു ഭൂകമ്പം, അതില്‍ അവസാനത്തേത്‌ യമനില്‍ നിന്ന്‌ പുറപ്പെടുന്ന ഒരുഅഗ്നിയാണ്‌ അത്‌ ജനങ്ങളെ മഹ്‌ശറിലേക്ക്‌ തെളിക്കുന്നു" (മുസ്‌ലിം)

അന്ത്യനാളിലുള്ള വിശ്വാസത്തിൽ എന്തൊക്കെ കാര്യങ്ങൾ ഉൾപ്പെടുന്നു?

ഒരു മുസ്ലിമിന്റെ അന്ത്യനാളിലുള്ള വിശ്വാസത്തിൽ ധാരാളം കാര്യങ്ങൾ ഉൾപ്പെടുന്നു, അവയിൽ പെട്ടതാണ്;

1. പുനർജീവിപ്പിക്കലിലും ഒരുമിച്ച് കൂട്ടലിലുമുള്ള വിശ്വാസം:

മരിച്ചവരെ അവരുടെ ഖബറുകളിൽ നിന്ന് പുനർ ജീവിപ്പിച്ച് കൊണ്ട് വരലും അവരുടെ ആത്മാവിനെ അവരിലേക്ക് തിരിച്ച് കൊടുക്കലുമാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്. അങ്ങനെ ജനങ്ങൾ ലോകരക്ഷിതാവിങ്കലേക്ക് എഴുന്നേറ്റ് വരും. ശേഷം അവരെല്ലാവരും അവർ ആദ്യമായി സൃഷ്ടിക്കപ്പെട്ടത് പോലെ നഗ്നരായി നഗ്നപാദരായി ഒരു സ്ഥലത്ത് ഒരുമിച്ച് കൂട്ടപ്പെടും. ഖുർആനും തിരുചര്യയും ശുദ്ധപ്രകൃതിയും ബുദ്ധിയും പുനർജീവിപ്പിക്കലിലുള്ള വിശ്വാസത്തിലേക്ക് നമ്മുക്ക് വെളിച്ചം വീശുന്നുണ്ട്. ഖബറിലുള്ളവരെ അല്ലാഹു പുനർജീവിപ്പിക്കുമെന്നും അവരുടെ ആത്മാവിനെ അവരുടെ ശരീരത്തിലേക്ക് മടക്കുമെന്നും അങ്ങനെ ജനങ്ങൾ ലോകരക്ഷിതാവിങ്കലേക്ക് എഴുന്നേറ്റ് വരുമെന്നും നമ്മൾ ഉറച്ച് വിശ്വസിക്കുന്നു.

അല്ലാഹു പറയുന്നു: "പിന്നീട്‌ തീര്‍ച്ചയായും നിങ്ങള്‍ അതിനു ശേഷം മരിക്കുന്നവരാകുന്നു. പിന്നീട്‌ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ തീര്‍ച്ചയായും നിങ്ങള്‍ എഴുന്നേല്‍പിക്കപ്പെടുന്നതാണ്‌." (സൂ. അല്‍ മുഅ്മിനൂന്‍ 15,16). മുഴുവൻ സൃഷ്ടികൾക്കും അല്ലാഹുവിന്റെ ദൂതന്മാർ മുഖേനെ അവരെ ഏൽപിച്ച പ്രവർത്തനങ്ങൾക്കുള്ള പ്രതിഫലം നൽകപ്പെടുന്ന ഒരു മടക്കം ഉണ്ടായിരിക്കണമെന്ന് യുക്തി ആവശ്യപ്പെടുന്നതിൽ മുഴുവൻ ദൈവിക ഗ്രന്ഥങ്ങളും യോജിച്ചിട്ടുണ്ട്. അല്ലാഹു പറയുന്നു: "അപ്പോള്‍ നാം നിങ്ങളെ വൃഥാ സൃഷ്ടിച്ചതാണെന്നും, നമ്മുടെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയില്ലെന്നും നിങ്ങള്‍ കണക്കാക്കിയിരിക്കുകയാണോ? " (സൂ. അല്‍ മുഅ്മിനൂന്‍ 115).

2. വിചാരണയിലും തുലാസിലുമുള്ള വിശ്വാസം:

സൃഷ്ടികൾ ഇഹലോകത്ത് വെച്ച് ചെയ്ത പ്രവർത്തനങ്ങളെ കുറിച്ച് അല്ലാഹു വിചാരണ നടത്തും. അപ്പോൾ അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്ന, തൗഹീദ് ഉള്ള വ്യക്തിയാണെങ്കിൽ അവന്റെ വിചാരണ എളുപ്പമായിരിക്കും, എന്നാൽ ആരെങ്കിലും അനുസരണക്കേട് കാണിക്കുന്നവരിലും ബഹുദൈവ വിശ്വാസികളിലും പെട്ടവരാണെങ്കിൽ അവരുടെ വിചാരണ പ്രയാസകരവുമായിരിക്കും.

അപ്രകാരം തന്നെ കർമങ്ങൾ മഹത്തായ തുലാസിൽ ഇട്ട് തൂക്കി നോക്കുകയും ചെയ്യും. അതിന്റെ ഒരു തട്ടിൽ നന്മകളും മറു തട്ടിൽ തിന്മകളും വെക്കും. അപ്പോൾ ആരുടെ നന്മകൾ തിന്മകളെക്കാൾ ഖനം തൂങ്ങിയോ അവൻ സ്വർഗാവകാശികളിൽ പെട്ടവനായി. എന്നാൽ തിന്മകളാണ് നന്മകളേക്കാൾ ഖനം തൂങ്ങിയതെങ്കിൽ അവൻ നരകാവകാശികളിൽ പെട്ടവനായി. നിന്റെ രക്ഷിതാവ് ഒരാളോടും അതിക്രമം കാണിക്കുകയില്ല. അല്ലാഹു പറയുന്നു: "ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നീതിപൂര്‍ണ്ണമായ തുലാസുകള്‍ നാം സ്ഥാപിക്കുന്നതാണ്‌. അപ്പോള്‍ ഒരാളോടും ഒട്ടും അനീതി കാണിക്കപ്പെടുകയില്ല. അത്‌ ( കര്‍മ്മം ) ഒരു കടുക്മണിത്തൂക്കമുള്ളതാണെങ്കിലും നാമത്‌ കൊണ്ട്‌ വരുന്നതാണ്‌. കണക്ക്‌ നോക്കുവാന്‍ നാം തന്നെ മതി. " (സൂ. അന്‍ബിയാഅ് 47).

3.സ്വർഗവും നരകവും:

അനുഗ്രഹങ്ങളുടെ വാസസ്ഥലമാണ് സ്വർഗം. അല്ലാഹുവിനെയും അവന്റെ ദൂതനെയും അനുസരിക്കുന്ന സൂക്ഷ്മതപാലിക്കുന്ന വിശ്വാസികൾക്ക് വേണ്ടിയാണ് അല്ലാഹു അത് ഒരുക്കിയിട്ടുള്ളത്. മനസുകൾ ആഗ്രഹിക്കുന്ന തരത്തിലുള്ള എല്ലാവിധ ശാശ്വതമായ അനുഗ്രങ്ങളും കണ്ണിന് കുളിർമയേകുന്ന എല്ലാത്തരം ഇഷ്ടങ്ങളും അതിലുണ്ട്. അതിന്റെ വിശാലത ആകാശ ഭൂമികളോളമുണ്ടെന്ന് പറഞ്ഞു കൊണ്ട് തന്റെ ദാസന്മാരെ അനുസരണത്തിലേക്കും സ്വർഗപ്രവേശത്തിലേക്കും ധൃതിപ്പെട്ട് വരാൻ അല്ലാഹു പ്രേരിപ്പിക്കുന്നു : "നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള പാപമോചനവും, ആകാശഭൂമികളോളം വിശാലമായ സ്വര്‍ഗവും നേടിയെടുക്കാന്‍ നിങ്ങള്‍ ധൃതിപ്പെട്ട്‌ മുന്നേറുക. ധര്‍മ്മനിഷ്ഠപാലിക്കുന്നവര്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതത്രെ അത്‌. " (സൂ. ആലു ഇമ്രാൻ 133).

എന്നാൽ നരകമാകട്ടെ ശിക്ഷകളുടെ വാസസ്ഥലമാണ്. അല്ലാഹുവിനെ അവിശ്വസിക്കുന്ന അവന്റെ ദൂതനെ ധിക്കരിക്കുന്ന അവിശ്വാസികൾക്ക് വേണ്ടി അല്ലാഹു അത് ഒരുക്കിയിരിക്കുന്നു. മനസ്സിൽ ചിന്തിക്കാൻ കൂടി സാധിക്കാത്ത വിവിധ തരം വേദനകളും ശിക്ഷകളും പീഡനങ്ങളും അതിലുണ്ട്. സത്യ നിഷേധികൾക്ക് വേണ്ടി ഒരുക്കി വെക്കപ്പെട്ട നരകത്തിൽ നിന്നും തന്റെ ദാസന്മാർക്ക് മുന്നറിയിപ്പ് നൽകി കൊണ്ട് അല്ലാഹു പറയുന്നു : "മനുഷ്യരും കല്ലുകളും ഇന്ധനമായി കത്തിക്കപ്പെടുന്ന നരകാഗ്നിയെ നിങ്ങള്‍ കാത്തുസൂക്ഷിച്ചുകൊള്ളുക. സത്യനിഷേധികള്‍ക്കുവേണ്ടി ഒരുക്കിവെക്കപ്പെട്ടതാകുന്നു അത്‌. " (സൂ. ബഖറ 24)

അല്ലാഹുവെ, സ്വർഗവും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും നിന്നോട് ഞാൻ ചോദിക്കുന്നു. നരകത്തിൽ നിന്നും അതിലേക്ക് അടുപ്പിക്കുന്ന വാക്കുകളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും നിന്നോട് ഞാൻ കാവലിനെ തേടുകയും ചെയ്യുന്നു.

4. ഖബറിലെ രക്ഷ ശിക്ഷകൾ :

മരണം സത്യമാണെന്ന് നമ്മൾ വിശ്വസിക്കുന്നു, അല്ലാഹു പറയുന്നു: "( നബിയേ, ) പറയുക: നിങ്ങളുടെ കാര്യത്തില്‍ ഏല്‍പിക്കപ്പെട്ട മരണത്തിന്‍റെ മലക്ക്‌ നിങ്ങളെ മരിപ്പിക്കുന്നതാണ്‌. പിന്നീട്‌ നിങ്ങളുടെ രക്ഷിതാവിങ്കലേക്ക്‌ മടക്കപ്പെടുന്നതുമാണ്‌. " (സൂ. സജദ 11). യാതൊരു സംശയവുമില്ല, അത് സംഭവിക്കുക തന്നെ ചെയ്യും. അപ്പോൾ ആരെങ്കിലും മരണപ്പെടുകയോ വല്ല കാരണം കൊണ്ട് കൊല്ലപ്പെടുകയോ ചെയ്‌താൽ അതാണ് അവന്റെ അന്ത്യമാണ്. അവന്റെ അവധിയാണത്, അതിൽ യാതൊന്നും ചുരുങ്ങുന്നമില്ല എന്നും നമ്മൾ വിശ്വസിക്കുന്നു. അല്ലാഹു പറയുന്നു: "ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്‌. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല." (സൂ. അഅ്റാഫ് 34). ആരെങ്കിലും മരിച്ചാൽ, അവന്റെ പുനരുത്ഥാനം സ്ഥാപിക്കപ്പെടുകയും അവൻ മരണാനന്തര ജീവിതത്തിലേക്ക് നീങ്ങുകയും ചെയ്തു.

അവിശ്വാസികൾക്കും ധിക്കാരികൾക്കും ഖബറിൽ ശിക്ഷയുണ്ടെന്നും വിശ്വാസികൾക്കും സജ്ജനങ്ങൾക്കും അവിടെ സുഖാസ്വാദനങ്ങൾ ഉണ്ടെന്നും നബി(സ)യിൽ നിന്നും ധാരാളം ഹദീസുകൾ സ്ഥിരപ്പെട്ട് വന്നിട്ടുണ്ട്, അതിനാൽ തന്നെ നമ്മൾ അതിൽ വിശ്വസിക്കുന്നു, അതെങ്ങനെയായിരിക്കുമെന്നു നമ്മൾ ആലോചിക്കുന്നില്ല. കാരണം അത് ഇഹലോകത്തിൽ പെട്ടതല്ല, സ്വർഗവും നരകവും പോലെ അദൃശ്യ ലോകത്തിൽ പെട്ടതായത് കൊണ്ട് തന്നെ അതിന്റെ രൂപവും യാഥാർഥ്യവും മനസ്സിലാക്കാനുള്ള കഴിവ് നമ്മുടെ ബുദ്ധിക്കില്ല. ഈ ദൃശ്യ ലോകത്തിൽ ഒരു കാര്യത്തിന്റെ രൂപവും നിയമവും അറിയുന്നതിൽ മാത്രമേ താരതമ്യം ചെയ്യാനും അനുമാനിക്കാനും വിധിക്കാനുമുള്ള ബുദ്ധിയുടെ കഴിവ് പ്രയോഗികമാവുകയുള്ളൂ.

ഖബറിലെ അവസ്ഥകൾ ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയാത്ത അദൃശ്യമായ കാര്യങ്ങളാണ്. അത് ഇന്ദ്രിയങ്ങൾക്ക് ഗ്രഹിക്കാൻ കഴിയുമായിരുന്നെങ്കിൽ അപ്പോൾ ഗൈബി (അദൃശ്യത്തി) ൽ ഉള്ള വിശ്വാസത്തിന്റെ ഗുണങ്ങളും ഉത്തരവാദിത്തങ്ങൾ ഏല്പിക്കപ്പെടുന്നതിലെ യുക്തിയും നഷ്ടമായിപ്പോകും. ജനങ്ങൾ ഖബറടക്കം നടത്തുകയും ചെയ്യുമായിരുന്നില്ല. നബി(സ) പറയുന്നു: " നിങ്ങൾ ഖബറടക്കം നടത്താതിരിക്കില്ലായിരുന്നുവെങ്കിൽ ഖബറിലെ ശിക്ഷയിൽ നിന്നും ഞാൻ കേട്ടത് നിങ്ങളെയും കേൾപ്പിക്കാൻ അല്ലാഹുവോട് ഞാൻ പ്രാർത്ഥിക്കുമായിരുന്നു" (മുസ്‌ലിം 2868 നസാഈ 2058 ). ഈ യുക്തി മൃഗങ്ങൾക്ക് ബാധകമല്ലാത്തതിനാൽ അവർ അത് കേൾക്കുകയും അറിയുകയും ചെയ്യുന്നുണ്ട്. "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും. "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും." (സൂ. യാസീൻ 81).

പുനരുത്ഥാനത്തെ സ്ഥാപിക്കുന്ന ഖുർആനിക തെളിവുകൾ:

-

മനുഷ്യരെ ആദ്യം സൃഷ്ടിച്ചുണ്ടാക്കിയത് അല്ലാഹുവാണ്, ആദ്യമായി സൃഷ്ടിച്ചുണ്ടാക്കാൻ കഴിവുള്ളവൻ പുനർസൃഷ്ടിക്കുന്നതിന് അശക്തനാകുന്നില്ല. അല്ലാഹു പറയുന്നു : "അവനാകുന്നു സൃഷ്ടി ആരംഭിക്കുന്നവന്‍. പിന്നെ അവന്‍ അത്‌ ആവര്‍ത്തിക്കുന്നു." (സൂ. റൂം 27). നുരുമ്പിയ എല്ലുകളെ വീണ്ടും ജീവിപ്പിക്കുന്നതിനെ നിഷേധിക്കുന്നവർക്ക് മറുപടി പറയാൻ കല്പിച്ച് കൊണ്ട് അല്ലാഹു പറയുന്നു: "പറയുക: ആദ്യതവണ അവയെ ഉണ്ടാക്കിയവനാരോ അവന്‍ തന്നെ അവയ്ക്ക്‌ ജീവന്‍ നല്‍കുന്നതാണ്‌. അവന്‍ എല്ലാതരം സൃഷ്ടിപ്പിനെപ്പറ്റിയും അറിവുള്ളവനത്രെ." (സൂ. യാസീൻ 79).

ഭൂമി പച്ചപ്പോ മരങ്ങളോ ഇല്ലാതെ നിർജീവമായിത്തീരും, അങ്ങനെ അതിലേക്ക് മഴ ചൊരിഞ്ഞാൽ അതിൽ ജീവന്റെ പച്ചപ്പും കൗതുകമുള്ള എല്ലാവിധം ചെടികളും സ്പന്ദിക്കാൻ തുടങ്ങും.ഭൂമിയെ അതിന്റെ മരണത്തിന് ശേഷം ജീവിപ്പിക്കാൻ കഴിവുള്ളവൻ മരിച്ചവരെയും ജീവിപ്പിക്കുവാൻ കഴിവുള്ളവൻ തന്നെ, "ആകാശത്തുനിന്ന്‌ നാം അനുഗൃഹീതമായ വെള്ളം വര്‍ഷിക്കുകയും, എന്നിട്ട്‌ അതു മൂലം പല തരം തോട്ടങ്ങളും കൊയ്തെടുക്കുന്ന ധാന്യങ്ങളും നാം മുളപ്പിക്കുകയും ചെയ്തു. * അടുക്കടുക്കായി കുലകളുള്ള ഉയരമുള്ള ഈന്തപ്പനകളും. * ( നമ്മുടെ ) ദാസന്‍മാര്‍ക്ക്‌ ഉപജീവനമായിട്ടുള്ളതത്രെ അവ. നിര്‍ജീവമായ നാടിനെ അത്‌ മൂലം ജീവനുള്ളതാക്കുകയും ചെയ്തു. അപ്രകാരം തന്നെയാകുന്നു ( ഖബ്‌റുകളില്‍ നിന്നുള്ള ) പുറപ്പാട്‌." (സൂ. ഖാഫ് 9-11).

വലിയ വലിയ കാര്യങ്ങളൊക്കെ ചെയ്യാൻ കഴിയുന്ന ഒരാൾക്ക് അതിനേക്കാൾ ചെറുതും നിസാരവുമായ ഒരുപാട് കാര്യങ്ങൾ ചെയ്യാൻ കഴിയുമെന്ന് ബുദ്ധിയുള്ളവർക്കൊക്കെ അറിയാവുന്ന കാര്യമാണ്. അല്ലാഹു ആകാശത്തെയും ഭൂമിയെയും ഗോളങ്ങളെയും ഏറ്റവും മഹത്തരമായ രീതിയിലും വിശാലതയിലും അത്ഭുതകരമായ സൃഷ്ടിപ്പായും മുൻ മാതൃകയില്ലാതെ ഉണ്ടാക്കിയവനാണ്. അതിനാൽ തന്നെ നുരുമ്പിയ എല്ലുകളെ വീണ്ടും ജീവിപ്പിക്കാൻ നന്നായി കഴിവുള്ളവനാണ് അവൻ. അല്ലാഹു പറയുന്നു: "ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവന്‍ അവരെപ്പോലുള്ളവരെ സൃഷ്ടിക്കാന്‍ കഴിവുള്ളവനല്ലേ? അതെ, അവനത്രെ സര്‍വ്വവും സൃഷ്ടിക്കുന്നവനും എല്ലാം അറിയുന്നവനും" (സൂ. യാസീൻ 81)

അന്ത്യനാളിൽ വിശ്വസിക്കുന്നത് കൊണ്ടുള്ള നേട്ടങ്ങൾ :

1. അന്ത്യദിനത്തിലുള്ള വിശ്വാസം ഒരു മുസ്‌ലിമിന്റെ മാർഗദർശനത്തിലും അച്ചടക്കത്തിലും സൽകർമ്മങ്ങളോടുള്ള പ്രതിബദ്ധതയിലും അല്ലാഹുവിനോടുള്ള സൂക്ഷ്മതയിലും സ്വാർത്ഥതയിൽനിന്നും ലോക്മാന്യതയിൽ നിന്നും അകലുന്നതിനും ഏറ്റവുമധികം സ്വാധീനം ചെലുത്തുന്നു. അതിനാൽ തന്നെ അന്ത്യനാളിലുള്ള വിശ്വാസവും സത്കർമങ്ങളും ഒരുപാട് സന്ദർഭങ്ങളിൽ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. അല്ലാഹു പറയുന്നു: "അല്ലാഹുവിന്‍റെ പള്ളികള്‍ പരിപാലിക്കേണ്ടത്‌ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിക്കുന്നവരാണ്" (സൂ. തൗബ 18). വീണ്ടും അവൻ പറയുന്നു: "പരലോകത്തില്‍ വിശ്വസിക്കുന്നവര്‍ ഈ ഗ്രന്ഥത്തില്‍ വിശ്വസിക്കുന്നതാണ്‌. തങ്ങളുടെ പ്രാര്‍ത്ഥന അവര്‍ മുറപ്രകാരം സൂക്ഷിച്ച്‌ പോരുന്നതുമാണ്‌. " (സൂ. അൻആം 92).

2. അശ്രദ്ധരായും ഇഹലോകത്തിന്റെ കാര്യങ്ങളിലും സുഖാസ്വാദനത്തിലും മുഴുകുന്നവരെ അനുസരണത്തിലേക്കു മത്സരിക്കാനും അല്ലാഹുവിലേക്ക് അടുക്കാനും അവന്റെ അനുസരണത്തിനും വേണ്ടി സമയത്തെ ഉപയോഗപ്പെടുത്താനും പ്രേരിപ്പിക്കുകയും ജീവിതത്തിന്റെ യാഥാർത്ഥ്യവും അതിന്റെ ഹൃസ്വതയും പരലോക ജീവിതത്തിന്റെ അനശ്വരതയും ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. അല്ലാഹു ഖുർആനിൽ തന്റെ ദൂതന്മാരെ പുകഴ്ത്തിയ സന്ദർഭത്തിൽ അവരുടെ കർമങ്ങൾ പരാമർശിക്കുകയും ആ കർമ്മങ്ങളും പുണ്യങ്ങളും ചെയ്യാൻ അവരെ പ്രേരിപ്പിക്കുന്ന കാരണം കൊണ്ട് അവരെ പ്രശംസിക്കുകയും ചെയ്‌തു കൊണ്ട് പറയുന്നു: "നിഷ്കളങ്കമായ ഒരു വിചാരം കൊണ്ട്‌ നാം അവരെ ഉല്‍കൃഷ്ടരാക്കിയിരിക്കുന്നു. പരലോക സ്മരണയത്രെ അത്‌. " (സൂ. സ്വാദ് 46). അതായത്, പരലോകത്തെ സ്മരിച്ചുകൊണ്ട് അവർ വ്യതിരിക്തരായി തീർന്നതാണ് ഈ പുണ്യകർമങ്ങൾക്ക് കാരണം, അതിനാൽ ഈ സ്മരണ അവരെ ആ കർമ്മങ്ങളിലേക്കും സാഹചര്യങ്ങളിലേക്കും പ്രേരിപ്പിച്ചു.

അല്ലാഹുവിന്റെയും അവന്റെ ദൂതന്റെയും കല്പനകൾ അനുസരിക്കാൻ ചില മുസ്ലിംകൾ മടികാണിച്ചപ്പോൾ അവരെ ഉണർത്തിക്കൊണ്ട് അല്ലാഹു പറഞ്ഞു: "പരലോകത്തിന്‌ പകരം ഇഹലോകജീവിതം കൊണ്ട്‌ നിങ്ങള്‍ തൃപ്തിപ്പെട്ടിരിക്കുകയാണോ ? എന്നാല്‍ പരലോകത്തിന്‍റെ മുമ്പില്‍ ഇഹലോകത്തിലെ സുഖാനുഭവം തുച്ഛം മാത്രമാകുന്നു." (സൂ. തൗബ 38). ഒരു മനുഷ്യൻ അന്ത്യനാളിൽ വിശ്വസിക്കുമ്പോൾ പരലോകത്തെ അനുഗ്രഹങ്ങളോട് താരതമ്യപ്പെടുത്താൻ കഴിയുന്നതല്ല ഇഹലോകത്തിലെ അനുഗ്രഹമെന്നവൻ ഉറച്ച് വിശ്വസിക്കുന്നു. മറുഭാഗത്ത് അവൻ ഇഹലോകത്ത് അനുഭവിക്കുന്ന ഒരു നിമിഷത്തെ ശിക്ഷകളും അല്ലാഹുവിന്റെ മാർഗത്തിൽ അനുഭവിക്കുന്ന പരീക്ഷണങ്ങൾ മുഴുവനും പരലോകത്തെ ശിക്ഷക്ക് തുല്യമാവുകയില്ല. അപ്രകാരം തന്നെ അവൻ ഇഹലോകത്ത് അനുഭവിക്കുന്ന ഒരു നിമിഷത്തെ അനുഗ്രങ്ങളും അപ്രകാരം തന്നെ തുല്യമാവുകയില്ല.

3. തനിക്ക് അർഹമായത് കിട്ടുമെന്ന മനസമാധാനം ലഭിക്കുന്നു. ഇഹലോക വിഭവങ്ങളിൽ നിന്ന് വല്ലതും നഷ്ടപ്പെട്ടാൽ അവൻ നിരാശനാവുകയോ ദുഃഖം മൂലം സ്വന്തത്തെ ഇല്ലാതാക്കുകയോ ചെയ്യുന്നില്ല, എന്നാൽ അവൻ കഠിനമായി പരിശ്രമിക്കുകയും സത്കർമങ്ങളുടെ പ്രതിഫലം അല്ലാഹു നഷ്ടപ്പെടുത്തുകയില്ല എന്ന് ഉറച്ച് വിശ്വസിക്കുകയും ചെയ്യുന്നു. അന്യായമായോ വഞ്ചനയിലൂടെയോ ഒരു കടുക് മണിയുടെ അത്രയെങ്കിലും അവനിൽ നിന്ന് തട്ടിയെടുക്കപ്പെട്ടിട്ടുണ്ടങ്കിൽ അന്ത്യനാളിൽ അതവന് തിരിച്ച് കിട്ടുക തന്നെ ചെയ്യും. ഏറ്റവും പ്രധാനപ്പെട്ടതും അപകടകരവുമായ നിമിഷങ്ങളിൽ തന്റെ പങ്ക് അനിവാര്യമായും തന്നിലേക്ക് വരുമെന്ന് അറിയുന്ന ഒരാൾ എങ്ങനെ സങ്കടപ്പെടും? തനിക്കും തന്റെ നഷ്ടങ്ങൾക്കുമിടയിൽ തീർപ്പ് കൽപിക്കുന്നത് വിധികർത്താക്കളിൽ ഏറ്റവും നല്ല വിധികർത്താവായ അല്ലാഹുവാണെന്ന് അറിയുന്ന ഒരാൾ എന്തിന് ദുഖിക്കണം ?

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക