പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യം

ഈ ജീവിതത്തിൽ നമ്മെ പരീക്ഷിക്കുവാൻ വേണ്ടിയാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചുണ്ടാക്കിയത്. മനുഷ്യന്റെ കാര്യം മരണത്തോടെ അവസാനിക്കുന്നില്ല, എന്നാൽ പരീക്ഷണത്തിന്റെ ഘട്ടം അവസാനിക്കുന്നു, അതിനുശേഷം മരണാനന്തര ജീവിതത്തിന്റെ ആദ്യ ഘട്ടം ആരംഭിക്കുന്നു, അവിടെ ആളുകൾ അവരുടെ കർമ്മങ്ങളുടെ ഫലങ്ങൾ കണ്ടുമുട്ടുന്നു. ഈ പാഠത്തിൽ, ജീവിതത്തെയും മരണത്തെയും കുറിച്ചുള്ള സത്യത്തെക്കുറിച്ച് നമുക്ക് പഠിക്കാം.

  • ജീവിതത്തിന്റെയും മരണത്തിന്റെയും വസ്തുതകൾ മനസിലാക്കുക. 
  • മരണവുമായി ബന്ധപ്പെട്ട വിധികളും മര്യാദകളും മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ജീവിതത്തിന്റെയും മരണത്തിന്റെയും യാഥാർത്ഥ്യം

മരണമെന്നത് കാര്യങ്ങളുടെ അവസാനമല്ല, മറിച്ച് ഇത് മനുഷ്യന് ഒരു പുതിയ ഘട്ടവും മരണാനന്തര ജീവിതത്തിലെ ഒരു സമ്പൂർണ്ണ ജീവിതത്തിന്റെ തുടക്കവുമാണ്. ജനനം മുതൽ ഒരാളുടെ അവകാശം സംരക്ഷിക്കാൻ ഇസ്‌ലാം പ്രേരിപ്പിച്ചത് പോലെ തന്നെ മയ്യിത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുകയും അതിന്റെ കുടുംബക്കാരുടെയും വേണ്ടപ്പെട്ടവരുടെയും അവസ്ഥ പരിഗണിക്കപ്പെടുകയും ചെയ്യുന്ന വിധി വിലക്കുകൾക്ക് ഇസ്‌ലാം ഊന്നൽ നൽകിയിട്ടുണ്ട്.

ഈ ജീവിതത്തിൽ നമ്മെ പരീക്ഷിക്കുവാൻ വേണ്ടിയാണ് അല്ലാഹു നമ്മെ സൃഷ്ടിച്ചുണ്ടാക്കിയത്. അല്ലാഹു പറയുന്നു: "നിങ്ങളില്‍ ആരാണ്‌ കൂടുതല്‍ നന്നായി പ്രവര്‍ത്തിക്കുന്നവന്‍ എന്ന്‌ പരീക്ഷിക്കുവാന്‍ വേണ്ടി മരണവും ജീവിതവും സൃഷ്ടിച്ചവനാകുന്നു അവന്‍." (സൂ. മുൽക്ക് 2). അപ്പോൾ ആര് വിശ്വസിക്കുകയും തഖ്‌വ കൈക്കൊള്ളുകയും ചെയ്‌തുവോ അവൻ സ്വർഗത്തിൽ പ്രവേശിക്കും. വഴികേട്‌ തിരഞ്ഞെടുത്തവൻ നരകത്തിലും പ്രവേശിക്കും.

ഒരു വ്യക്തിയുടെ ഇഹലോക ജീവിതം, അത് നീണ്ടു പോയാൽ പോലും നശിച്ച് പോകുന്നതാണ്, നശിക്കാതെ ബാക്കിയാകുന്നതും നിത്യ വാസം ലഭിക്കുന്നതും അനശ്വരവുമായ ജീവിതം പരലോകത്താണ് ഉള്ളത്. അല്ലാഹു പറയുന്നു: " തീര്‍ച്ചയായും പരലോകം തന്നെയാണ്‌ യഥാര്‍ത്ഥ ജീവിതം. അവര്‍ മനസ്സിലാക്കിയിരുന്നെങ്കില്‍!" (സൂ. അൻകബൂത്ത് 64)

അല്ലാഹു തന്റെ പ്രവാചകൻ മുഹമ്മദ് നബി(സ) യെ കുറിച്ച് തന്നെ ജനങ്ങളെല്ലാം മരിക്കുകയും ശേഷം അവർക്കിടയിൽ വേർതിരിക്കാൻ വേണ്ടി അല്ലാഹുവിങ്കൽ ഒരുമിച്ച് കൂട്ടപ്പെടുകയും ചെയ്യുന്നത് പോലെ അവിടുന്നും മരണപ്പെടുമെന്ന് പറഞ്ഞിട്ടുണ്ട്. "തീര്‍ച്ചയായും നീ മരിക്കുന്നവനാകുന്നു. അവരും മരിക്കുന്നവരാകുന്നു. * പിന്നീട്‌ നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിന്‍റെ നാളില്‍ നിങ്ങളുടെ രക്ഷിതാവിന്‍റെ അടുക്കല്‍ വെച്ച്‌ വഴക്ക്‌ കൂടുന്നതാണ്‌." (സൂ. സുമർ 30, 31).

നബി(സ) പരലോകവുമായി തുലനം ചെയ്യുമ്പോഴുള്ള ഈ ലോകത്തിന്റെ ഹൃസ്വതയിൽ അവിടുത്തെ അവസ്ഥയെ - എല്ലാ ജനങ്ങളുടെയും അവസ്ഥയെയും- ഉപമിച്ചിരിക്കുന്നത് ഒരു മരത്തണലിൽ കുറച്ച് നേരം ഉറങ്ങുകയോ വിശ്രമിക്കുകയോ ചെയ്‌ത ശേഷം അതുപേക്ഷിച്ച് പോകുന്ന ഒരു യാത്രക്കാരന്റെ അവസ്ഥയോടാണ്. നബി(സ) പറഞ്ഞു: "എനിക്കും ഇഹലോകത്തിനും തമ്മിൽ എന്താണ് ഉള്ളത്, ഞാൻ ഈ ലോകത്ത് ഒരു മരത്തണലിൽ നിൽക്കുകയും ശേഷം അത് ഉപേക്ഷിച്ച് പോവുകയും ചെയ്യുന്ന ഒരു യാത്രക്കാരനെ പോലെ മാത്രമാണ്" (തുർമുദി 2377, ഇബ്‌നു മാജ 4109)

പ്രവാചകനായ യഅഖൂബ് (അ) തന്റെ മക്കളോട് നടത്തിയ ഉപദേശം അല്ലാഹു നമുക്ക് വിവരിച്ച് തരുന്നുണ്ട്. അവൻ പറയുന്നു: "അല്ലാഹു നിങ്ങള്‍ക്ക്‌ ഈ മതത്തെ വിശിഷ്ടമായി തെരഞ്ഞെടുത്തിരിക്കുന്നു. അതിനാല്‍ അല്ലാഹുവിന്ന്‌ കീഴ്പെടുന്നവരായി (മുസ്‌ലിംകളായി) ക്കൊണ്ടല്ലാതെ നിങ്ങള്‍ മരിക്കാനിടയാകരുത്‌." (സൂ. ബഖറ 132).

അല്ലാഹു നമുക്ക് നിശ്ചയിച്ച അവധി എപ്പോഴാണ് എത്തുകയെന്നോ അത് എവിടെ വെച്ചായിരിക്കുമെന്നോ ഒരാൾക്കും അറിയുകയില്ല, അതിൽ മാറ്റം വരുത്താനും ഒരാൾക്കും സാധിക്കില്ല. അതിനാൽ ബുദ്ധിയുള്ളവൻ തന്റെ ആയുസിന്റെ ഓരോ നിമിഷങ്ങളും നന്മകൾ കൊണ്ടും മതപരമായ കാര്യങ്ങൾ കൊണ്ടും നിറക്കുകയാണ് വേണ്ടത്. അല്ലാഹു പറയുന്നു: "ഓരോ സമുദായത്തിനും ഓരോ അവധിയുണ്ട്‌. അങ്ങനെ അവരുടെ അവധി വന്നെത്തിയാല്‍ അവര്‍ ഒരു നാഴിക നേരം പോലും വൈകിക്കുകയോ, നേരത്തെ ആക്കുകയോ ഇല്ല. " (സൂ. അഅ്റാഫ് 34).

ആത്മാവ് ശരീരത്തിൽ നിന്ന് വേർപെട്ട് കൊണ്ട് ഒരാൾ മരണം പുൽകുമ്പോൾ അവന്റെ പുനരുത്ഥാനം നിലവിൽ വന്നു, അവന്റെ പരലോക യാത്ര ആരംഭിച്ചു. ഇത് അദൃശ്യ ജ്ഞാനത്തി (ഇൽമുൽ ഗൈബി) ൽ പെട്ട കാര്യമാണ്, അതിന്റെ വിശദമായ രൂപത്തെ കുറിച്ച് മനുഷ്യ ബുദ്ധികൊണ്ട് മനസ്സിലാക്കാൻ കഴിയില്ല.

ഒരു മനുഷ്യന്റെ ജനനം മുതൽ അവന്റെ വളർച്ച, കുട്ടിക്കാലം, യൗവനം, വാർദ്ധക്യം എന്നിവയിലെല്ലാം അവൻ പാലിക്കേണ്ട വിധികളും മര്യാദകളുമൊക്കെ മതം നിഷ്കർശിച്ചിട്ടുണ്ട്. അപ്രകാരം തന്നെ മയ്യിത്തിന്റെ അവകാശങ്ങൾ സംരക്ഷിക്കപ്പെടുന്നതും അവന്റെ കുടുംബത്തിന്റെയും വേണ്ടപ്പെട്ടവരുടെയും അവസ്ഥകൾ പരിഗണിച്ചുകൊണ്ടുമുള്ള വിധികളും മര്യാദകളുമൊക്കെ മതം നമുക്ക് നിയമമാക്കി തന്നിട്ടുണ്ട്. മതം പൂർത്തീകരിക്കുകയും അനുഗ്രഹം പൂർണമാക്കുകയും ഈ മഹത്തായ മതത്തിലേക്ക് നമ്മെ വഴി നടത്തുകയും ചെയ്ത അല്ലാഹുവിനാകുന്നു സ്തുതികളഖിലവും.

മരണവുമായി ബന്ധപ്പെട്ട വിധികളും മര്യാദകളും

-

1. ആസന്നമാകുന്ന സമയത്ത്

രോഗിയെ സന്ദർശിക്കുന്നവൻ അവന് ശമനവും സൗഖ്യവും ലഭിക്കാനും അവൻ അനുഭവിച്ച് കൊണ്ടിരിക്കുന്ന രോഗം അവന്റെ തെറ്റുകളിൽ നിന്ന് ശുദ്ധമാകാനും പാപങ്ങൾ പൊറുക്കപ്പെടാനുള്ളതുമാകുവാൻ വേണ്ടി പ്രാർത്ഥിക്കണം, നബി(സ) രോഗിക്ക് വേണ്ടി : "സാരമില്ല. അല്ലാഹു ഉദ്ദേശിച്ചാല്‍ പാപശുദ്ധിയും സുഖം പ്രാപിക്കലുമുണ്ടാകും." (ബുഖാരി 3616). എന്ന് പ്രാർത്ഥിക്കാറുണ്ടായിരുന്നു.

അതോടൊപ്പം രോഗത്തെ പ്രതിരോധിക്കാനും സുഖം പ്രാപിക്കാനും രോഗിക്ക് സഹായകമാകുന്ന വാക്കുകളും ശൈലികളുമാണ് അവൻ തിരഞ്ഞെടുക്കേണ്ടത്. അല്ലാഹുവോട് പ്രാർത്ഥിക്കാൻ അനുയോജ്യമായ സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തുകയും വേണം. നല്ല വാക്കോടും യുക്തി ദീക്ഷയോടും കൂടി രോഗിയെ അല്ലാഹുവിനെ കുറിച്ചും അന്ത്യനാളിനെ കുറിച്ചും ഓർമിപ്പിക്കണം. ഇതിന് ഉത്തമ ഉദാഹരണം നബി(സ) യിൽ നിന്നും കാണാം. അനസ്(റ) വിൽ നിന്നും , അദ്ദേഹം പറഞ്ഞു: നബി(സ) യെ പരിചരിച്ചിരുന്ന ഒരു ജൂത പയ്യൻ ഉണ്ടായിരുന്നു, അങ്ങനെ അവൻ രോഗി ആയപ്പോൾ നബി(സ) അവനെ സന്ദർശിക്കാനായി ചെന്നു. എന്നിട്ട് അവന്റെ തല ഭാഗത്ത് ഇരുന്നു കൊണ്ട് അവനോട് പറഞ്ഞു: "നീ മുസ്‌ലിമാവുക" അപ്പോൾ അവൻ തന്റെ അടുക്കലുണ്ടായിരുന്ന പിതാവിന്റെ നേരെ നോക്കി. അയാൾ അവനോട് പറഞ്ഞു: "അബുൽ ഖാസിമിനെ (പ്രവാചകനെ) അനുസരിക്കുക" അങ്ങനെ അവൻ ഇസ്‌ലാം സ്വീകരിച്ചു. അവിടെ നിന്ന് പുറത്ത് വന്നപ്പോൾ നബി(സ) പറയുന്നുണ്ടായിരുന്നു: "അവനെ നരകത്തിൽ നിന്നും രക്ഷിച്ച അല്ലാഹുവിനാകുന്നു സർവ സ്‌തുതിയും". (ബുഖാരി 1356).

2. മരണമാസന്നമായവന് ലാഇലാഹ ഇല്ലല്ലാഹ് ചൊല്ലി കൊടുക്കുക

രോഗിയിൽ മരണാസന്നതയുടെ ലക്ഷണങ്ങൾ പ്രകടമായാൽ തൗഹീദിന്റെ വചനവും സ്വർഗത്തിന്റെ താക്കോലുമായ (ലാ ഇലാഹ ഇല്ലല്ലാഹ്) ചൊല്ലാൻ യുക്തിദീക്ഷയോടെയും അനുയോജ്യമായ ശൈലിയിലും അവനെ പ്രേരിപ്പിക്കുകയും അവനത് ചൊല്ലിക്കൊടുക്കുകയും ചെയ്യൽ സുന്നത്താണ്. നബി(സ) പറഞ്ഞു: " നിങ്ങൾ മരണമാസന്നമായവർക്ക് ലാ ഇലാഹ ഇല്ലല്ലാഹ് ചൊല്ലിക്കൊടുക്കുക" (മുസ്‌ലിം 916)

ഒരു വ്യക്തി തന്റെ ജീവിതത്തിലും മരണത്തിലും പറയുന്ന ഏറ്റവും ശ്രേഷ്ഠമായ കാര്യമാണിത്. ആരുടെയെങ്കിലും അവസാന വാക്ക് അതായാൽ അവന് മഹത്തായ സ്ഥാനമാണ് ലഭിക്കുന്നത്. നബി(സ) പറഞ്ഞു: "ആരുടെയെങ്കിലും അവസാന വാക്ക് ലാ ഇലാഹ ഇല്ലല്ലാഹ് എന്നായാൽ അവൻ സ്വർഗത്തിൽ പ്രവേശിച്ചു" (അബൂ ദാവൂദ് 3116).

3. മരണാസന്നനായവനെ ഖിബ്‌ലയിലേക്ക് തിരിച്ച് കിടത്തുക

മരണാസന്നനായവനെ ഖിബ്‌ലയിലേക്ക് തിരിച്ച് കിടത്തൽ സുന്നത്താണ്. നബി(സ) പറഞ്ഞു: "ഹറം ഭവനം ജീവിതത്തിലും മരണത്തിലും നിങ്ങളുടെ ഖിബ്‌ലയാണ്" (അബൂ ദാവൂദ് 2875). മരണാസന്നനായവനെ ഖബ്റിൽ വെക്കുന്നത് പോലെ വലത് ഭാഗത്ത് ഖിബ്‌ല വരുന്ന നിലക്ക് അങ്ങനെ തിരിച്ച് കിടത്തേണ്ടതാണ്.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക