നിലവിലെ വിഭാഗം
പാഠം കടം
അല്ലാഹു നീതിയോടെയും യുക്തിയോടെയും ജനങ്ങൾക്കിടയിൽ ഉപജീവനം ഭാഗിച്ചിരിക്കുന്നു. അങ്ങനെ അവരിൽ സമ്പന്നൻ, ദരിദ്രൻ, സ്വയംപര്യാപ്തൻ, ആവശ്യക്കാരൻ എന്നിങ്ങനെ പലതരം വിഭാഗങ്ങൾ ഉണ്ടായിത്തീർന്നു. ആളുകൾ അവരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പരസ്പരം പണം കടമിടപാട് നടത്തുന്നത് അവർക്കിടയിൽ ഒരു പതിവായിത്തീരുകയും ചെയ്‌തു. അല്ലാഹുവിന്റെ ശരീഅത്ത് എല്ലാം ഉൾക്കൊള്ളുന്നതും പൂർണ്ണവുമായതിനാൽ തന്നെ, കടവുമായി ബന്ധപ്പെട്ട നിരവധി നിയമങ്ങൾ അതിൽ അല്ലാഹു കൊണ്ടുവന്നിട്ടുണ്ട്. ഖുർആനിലെ ഏറ്റവും ദൈർഘ്യമേറിയ ആയത്ത് അല്ലാഹു കടവുമായി ബന്ധപ്പെട്ട് ഉണർത്താനാണ് ഉപയോഗിച്ചത്. ആയത്തു ദൈൻ എന്നറിയപ്പെടുന്ന സൂറത്ത് ബഖറയിലെ 282 മത്തെ ആയത്താണത്.
കടത്തിന്റെ നിർവചനം
തിരിച്ചു നൽകുമെന്ന ഉറപ്പിന്മേൽ പരോപകരമായി മറ്റൊരാൾക്ക് പണം നൽകലാണ് കടം.
കടത്തിന്റെ വിധി
കടം കൊടുക്കുന്നയാൾക്ക് അത് സുന്നത്താണ്, കടം വാങ്ങുന്നയാൾക്ക് അനുവദനീയവുമാണ്. കടം വാങ്ങുന്നത് വെറുക്കപ്പെട്ട യാചനയല്ല ; കടം വാങ്ങുന്നയാൾ തന്റെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പണം വാങ്ങുകയും അവശ്യ പൂർത്തീകരണത്തിന് ശേഷം അത് തിരികെ നൽകുകയുമാണ് ചെയ്യുന്നത്.
കടം കൊടുക്കുന്നത് കൊണ്ട് കടം കൊടുക്കുന്നവന് വല്ല നേട്ടവും ഉണ്ടാകുന്നുണ്ടെങ്കിൽ അപ്പോൾ അത് നിഷിദ്ധമായ പലിശയാണ്. പണം കടം കൊടുക്കുകയും എന്നിട്ട് തിരിച്ച് വാങ്ങുമ്പോൾ അധികമായി വാങ്ങുന്നതോ അല്ലെങ്കിൽ കടം കൊടുക്കുന്നതോടൊപ്പം അത് കച്ചവടം പോലെ വേറെ വല്ല കരാറുമായി ചേർക്കുന്നതോ ഒക്കെ നിഷിദ്ധം തന്നെ. എന്തെന്നാൽ കടവും കച്ചവടവും ഒരുമിക്കൽ അനുവദനീയമല്ല.
മനുഷ്യരോട് ദയ കാണിക്കുക, അവരുടെ കാര്യങ്ങൾ ലഘൂകരിക്കുക, ബുദ്ധിമുട്ടുകൾ അകറ്റുക, ആവശ്യക്കാരെ സഹായിക്കുക എന്നിങ്ങനെ ഗുണങ്ങൾ ഉള്ളത് കൊണ്ട് ഇസ്‌ലാം കടം അനുവദനീയമാക്കിയിരിക്കുന്നു. അതോടൊപ്പം തന്നെ കടം കൊടുക്കുന്നവന് അല്ലാഹുവിലേക്ക് അടുക്കാനുള്ള ഒരു മാർഗം കൂടിയാണ് ഇത്. ആവശ്യം ശക്തമാകുന്നതിനനുസരിച്ച് അല്ലാഹുവിൽ നിന്നും അതിനുള്ള പ്രതിഫലവും മഹത്തരമായിത്തീരും.
ചെറുതോ വലുതോ ആകട്ടെ കടത്തിന്റെ കണക്ക്, ഇനം, അവധി തുടങ്ങിയവ എഴുതി വെക്കുകയും അതിന് സാക്ഷികളെ വെക്കുകയും ചെയ്യൽ സുന്നത്താണ്. കടം സംരക്ഷിക്കപ്പെടാനും കടം കൊടുക്കുന്നവന് മനസമാധാനം ലഭിക്കാനും കടം വാങ്ങുന്നവന്റെ മരണം, മറവി, നിഷേധം എന്നിവ കൊണ്ട് കടം കൊടുക്കുന്നവന്റെ മുതല് നഷ്ടപ്പെടാതിരിക്കാനും അത് ഉപകരിക്കും. കടത്തിന്റെ ആയത്തിൽ അല്ലാഹു പറയുന്നു: "സത്യവിശ്വാസികളേ, ഒരു നിശ്ചിത അവധിവെച്ചു കൊണ്ട് നിങ്ങള്‍ അന്യോന്യം വല്ല കടമിടപാടും നടത്തിയാല്‍ നിങ്ങള്‍ അത് എഴുതി വെക്കേണ്ടതാണ്. ഒരു എഴുത്തുകാരന്‍ നിങ്ങള്‍ക്കിടയില്‍ നീതിയോടെ അത് രേഖപ്പെടുത്തട്ടെ. ഒരു എഴുത്തുകാരനും അല്ലാഹു അവന്ന് പഠിപ്പിച്ചുകൊടുത്ത പ്രകാരം എഴുതാന്‍ വിസമ്മതിക്കരുത്. അവനത് എഴുതുകയും, കടബാധ്യതയുള്ളവന്‍ (എഴുതേണ്ട വാചകം) പറഞ്ഞു കൊടുക്കുകയും ചെയ്യട്ടെ. തന്റെ രക്ഷിതാവായ അല്ലാഹുവെ അവന്‍ സൂക്ഷിക്കുകയും (ബാധ്യതയില്‍) അവന്‍ യാതൊന്നും കുറവ് വരുത്താതിരിക്കുകയും ചെയ്യേണ്ടതാണ്." അതേ ആയത്തിൽ തന്നെ അല്ലാഹു വീണ്ടും പറയുന്നത് കാണുക: "ഇടപാട് ചെറുതായാലും വലുതായാലും അതിന്റെ അവധി കാണിച്ച് അത് രേഖപ്പെടുത്തി വെക്കാന്‍ നിങ്ങള്‍ മടിക്കരുത്. അതാണ് അല്ലാഹുവിങ്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായതും, സാക്ഷ്യത്തിന് കൂടുതല്‍ ബലം നല്‍കുന്നതും, നിങ്ങള്‍ക്ക് സംശയം ജനിക്കാതിരിക്കാന്‍ കൂടുതല്‍ അനുയോജ്യമായിട്ടുള്ളതും". (സൂ. ബഖറ 282).
കടം സാധുവാകാനുള്ള നിബന്ധനകൾ
മറ്റൊരാളിൽ നിന്ന് പണം കടം വാങ്ങുന്നവൻ അത് തിരികെ നൽകാൻ ദൃഢനിശ്ചയം ചെയ്യൽ അനിവാര്യമാണ്, തിരിച്ച് കൊടുക്കണമെന്ന ഉദ്ദേശമില്ലാതെ മറ്റൊരാളിൽ നിന്നും പണം കടം വാങ്ങൽ നിഷിദ്ധമാണ്. കടം തിരിച്ച് കൊടുക്കേണ്ട അവധി എത്തിയാൽ അത് തിരിച്ച് കൊടുക്കൽ അനിവാര്യമാണ്. അബൂ ഹുറയ്റ (റ) വിൽ നിന്നും, നബി(സ) പറഞ്ഞു: "ജനങ്ങളുടെ സ്വത്ത്, വീട്ടിക്കൊടുക്കണമെന്ന ഉദ്ദേശ്യത്തോടെ ആരെങ്കിലും വാങ്ങിയാൽ അല്ലാഹു അവന്നത് വീട്ടിക്കൊടുക്കും. അത് നശിപ്പിക്കണമെന്ന ഉദ്ദേശ്യത്തോടെ വാങ്ങിയാൽ അവനെ അല്ലാഹു നശിപ്പിക്കും" (ബുഖാരി 2387)
കടം തിരിച്ചടക്കുന്ന സമയത്ത് കടക്കാരന്റെ അവസ്ഥകൾ
ബാങ്കുകളിൽ പണം നിക്ഷേപിക്കുന്നതിന്റെ വിധി
കൃത്യ സമയത്ത് തിരിച്ചടച്ചില്ലെങ്കിൽ കടക്കാരനിൽ നിന്നും പിഴ ഈടാക്കുമെന്ന നിബന്ധന വെക്കൽ അനുവദനീയമല്ല, കാരണം അത് പലിശയാണ്. ഇങ്ങനെ ഒരു നിബന്ധന ഉണ്ടായിരിക്കെ കടമെടുക്കലും അനുവദനീയമല്ല. തനിക്ക് കൃത്യ സമയത്ത് തിരിച്ചടക്കാൻ സാധിക്കുമെന്നും അതിനാൽ തന്നെ പിഴ ഒടുക്കേണ്ടി വരില്ലെന്നും കടമെടുക്കുന്നവൻ കരുതിയാലും ശരി അതനുവദനീയമല്ല. കാരണം കരാറിൽ പലിശയുടെ സാധ്യത കടന്നു വരുന്നുണ്ട്.
കടം വീട്ടുമ്പോൾ നന്മ ചെയ്യുക.
കടം വീട്ടുമ്പോൾ നന്മ ചെയ്യുക, അഥവാ കടം വാങ്ങുന്ന സമയത്ത് നിബന്ധന വെക്കാതെ തിരിച്ച് കൊടുക്കുന്ന സമയത്ത് വാങ്ങിയതിനേക്കാൾ നല്ലതോ വലുതോ തിരിച്ച് കൊടുക്കൽ നല്ലതാണ്, കാരണം അത് വീട്ടുമ്പോൾ ഉള്ള നല്ല സമീപനവും ഉത്തമ സ്വഭാവ ഗുണവുമാണ്. എന്നാൽ കടം കൊടുക്കുന്ന/ വാങ്ങുന്ന സമയത്ത് അങ്ങനെ തിരിച്ച് തരണമെന്ന് നിബന്ധന വെച്ചിട്ടുണ്ടെങ്കിൽ അത് നിഷിദ്ധമായ പലിശയാകും.