പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം ഹജ്ജിന്റെ ആശയവും അതിന്റെ ശ്രേഷ്ടതയും

ഹജ്ജ്: ഒരു പ്രത്യേക സമയത്ത് ഹജ്ജ് നിർവഹിക്കാനായി മക്കയെ ലക്‌ഷ്യം വെച്ച് ചെന്ന് കൊണ്ടുള്ള ആരാധന. ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തേത് ആണ് അത്. ഹജ്ജിന്റെ ആശയത്തെ കുറിച്ചും അതിന്റെ ശേഷ്ഠതകളെ കുറിച്ചും ഈ പാഠത്തിൽ നമുക്ക് പഠിക്കാം.

  • ഹജ്ജിന്റെ ആശയം മനസ്സിലാക്കുക. 
  • ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകൾ മനസിലാക്കുക. 
  • ഹജ്ജിന്റെ ശ്രേഷ്ഠതകൾ മനസിലാക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

ഹജ്ജിന്റെ അർത്ഥം

ഒരു പ്രത്യേക സമയത്ത് ആരാധനാ കർമങ്ങൾ നിർവഹിക്കാനായി മക്കയിലെ പവിത്രമായ അല്ലാഹുവിന്റെ ഭവനത്തെ ലക്ഷ്യം വെച്ച് ചെല്ലലാണ് ഹജ്ജ്. ഇഹ്‌റാം, കഅ്ബയെ ഏഴ് പ്രാവശ്യം ത്വവാഫ് ചെയ്യുക, സ്വഫാ - മാർവാ കുന്നുകൾക്കിടയിൽ ഏഴ് പ്രാവശ്യം സഅ് യ് ചെയ്യുക, അറഫയിൽ നിൽക്കുക, മിനയിലെ ജംറകളിൽ കല്ലെറിയുക തുടങ്ങിയ പ്രവർത്തനങ്ങളും വാക്കുകളും ഉൾപ്പെടുന്ന ആരാധനയാണ് ഇത്. അല്ലാഹുവിന്റെ ദാസന്മാർ അവന്റെ ഏകത്വം (തൗഹീദ്) പരസ്യപ്പെടുത്തുക എന്ന വലിയ ഉപകാരവും ഹാജിമാർക്ക് ലഭിക്കുന്ന മഹത്തായ പാപമോചനവും മുസ്‌ലിംകൾ പരസ്‌പരം അറിയുക മത വിധികൾ പഠിക്കുക മുതലായ കാര്യങ്ങളും ഇതിലുണ്ട്.

ഹജ്ജിന്റെ വിധി

ഇസ്‌ലാം കാര്യങ്ങളിൽ അഞ്ചാമത്തേത് ആണ് ഹജ്ജ്.കഴിവുള്ള ഏതൊരു മുസ്‌ലിമിനും ജീവിതത്തിൽ ഒരു പ്രാവശ്യം ഹജ്ജ് നിർബന്ധമാണ്. അല്ലാഹു പറയുന്നു: "ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക്‌ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു. വല്ലവനും അവിശ്വസിക്കുന്ന പക്ഷം അല്ലാഹു ലോകരെ ആശ്രയിക്കാത്തവനാകുന്നു." (സൂ. ആലു ഇമ്രാൻ 97).

അബൂ ഹുറയ്റ(റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) ഖുതുബയിൽ ഞങ്ങളോട് പറഞ്ഞു: "ഓ ജനങ്ങളേ, അല്ലാഹു നിങ്ങൾക്ക് ഹജ്ജ് നിർബന്ധമാക്കിയിരിക്കുന്നു, അതിനാൽ നിങ്ങൾ ഹജ്ജ് ചെയ്യുക" അപ്പോൾ ഒരാൾ ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരെ, എല്ലാ വർഷവുമൊ?" അയാൾ മൂന്ന് തവണ ചോദിക്കുന്നത് വരെ അവിടുന്ന് മൗനം പാലിച്ചു, ശേഷം അല്ലാഹുവിന്റെ റസൂൽ (സ) പറഞ്ഞു: "ഞാൻ അതെ എന്ന് പറഞ്ഞാൽ അത് നിർബന്ധമായിത്തീരും, എന്നാൽ നിങ്ങൾക്ക് സാധിക്കുമ്പോൾ (ചെയ്യുക)" (മുസ്‌ലിം 1337).

-

കഴിവ് ഉണ്ടായാൽ പിന്നെ ഹജ്ജ് നിർവഹിക്കാൻ ധൃതി കാണിക്കൽ മുസ്‌ലിമിന് നിർബന്ധമാണ്.

ഹജ്ജിന്റെ സമയം

ഹജ്ജ് നിർവഹിക്കുന്നതിന് നിശ്ചയിക്കപ്പെട്ട ചില സമയങ്ങളും സ്ഥലങ്ങളുമുണ്ട്.

ഹജ്ജ് നിർവഹിക്കേണ്ട സമയം

ഹജ്ജിന് അറിയപ്പെട്ട മാസങ്ങൾ ഉണ്ട്. ആ മാസങ്ങളിലല്ലാതെ ഹജ്ജിന് വേണ്ടി ഇഹ്‌റാം ചെയ്യുന്നത് ശരിയാവുകയില്ല. ശവ്വാൽ, ദുൽ ഖഅദ്, ദുൽ ഹിജ്ജ എന്നീ മൂന്ന് മാസങ്ങളാണ് അവ. എന്നാൽ ഹജ്ജിന്റെ കർമങ്ങൾ ഇസ്‌ലാമിക കലണ്ടറിലെ പന്ത്രണ്ടാം മാസമായ ദുൽ ഹിജ്ജയിലെ എട്ട് മുതൽ പതിമൂന്ന് വരെയുള്ള ദിവസങ്ങളിലാണ് നിർവഹിക്കേണ്ടത്.

ഹജ്ജ് നിർവഹിക്കുന്നതുമായി ബന്ധപ്പെട്ട സ്ഥലങ്ങൾ

ഹജ്ജോ ഉംറയോ നിർവഹിക്കാൻ വേണ്ടി പുറത്ത് നിന്നും മക്ക ലക്ഷ്യമാക്കി വരുന്നവർ അവിടെ വെച്ച് ഇഹ്‌റാം ചെയ്യാതെ മക്കയിലേക്ക് പ്രവേശിക്കൽ അനുവദനീയമല്ലാത്ത പ്രദേശങ്ങളാണ് ഇവ (മീഖാത്തുകൾ). മദീനക്കാർക്ക് ദുൽഹുലൈഫ, ശാമുകാർക്ക് ജുഹ്ഫ, നജ്ദ് കാർക്ക് ഖർനുൽ മനാസിൽ, യമൻകാർക്ക് യലംലം, ഇറാഖ് കാർക്ക് ദാത്ത് ഇർഖ് എന്നിങ്ങനെയാണ് മീഖാത്തുകൾ. ഇത് ആ നാട്ടുകാർക്കും ആ നാട്ടുകാരല്ലാത്ത, എന്നാൽ ഹജ്ജോ ഉംറയോ ഉദ്ദേശിച്ച് വരുന്ന മറ്റുള്ളവർക്കുമുള്ള മീഖാത്തുകളാണ്. ഈ പ്രദേശങ്ങൾ പരിചയ സമ്പന്നർക്കും ആധുനിക മാപ്പുകളിലും സുപരിചിതമാണ്.

ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനകൾ:

١
മുസ്‌ലിമാവുക
٢
പ്രായപൂർത്തിയെത്തുക
٣
ബുദ്ധിയുണ്ടാവുക
٤
സ്വതന്ത്രനാവുക
٥
അതിന് കഴിവുള്ളവനാവുക
٦
സ്‌ത്രീകളുടെ കൂടെ മഹ്‌റം ഉണ്ടായിരിക്കുക

ഒന്നാമത്തെ നിബന്ധന; മുസ്‌ലിമാവുക.

മുസ്‌ലിമിന്റെ മേലാണ് ഹജ്ജ് നിർബന്ധമാവുക. അവിശ്വാസിയുടെ മേൽ ഹജ്ജ് നിർബന്ധമാവുകയോ അവനിൽ നിന്ന് അത് ശരിയാവുകയോ ഇല്ല. കാരണം ആരാധനകൾ ശരിയാകാനുള്ള നിബന്ധനയാണ് മുസ്‌ലിമാവുക എന്നത്.

രണ്ടാമത്തെ നിബന്ധന ; ബുദ്ധിയുണ്ടാവുക.

ഭ്രാന്തന്റെ മേൽ ഹജ്ജ് നിർബന്ധമാവുകയോ അവനിൽ നിന്ന് അത് ശരിയാവുകയോ ഇല്ല. ശരിയാകാനും നിർബന്ധമാകാനുമുള്ള നിബന്ധനയാണ് ബുദ്ധിയുണ്ടാവുക എന്നത്. അലി (റ) നബി(സ) യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം, അവിടുന്ന് പറഞ്ഞു: " മൂന്ന് വിഭാഗത്തിൽ നിന്നും പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവർ ഉണരുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധി സ്ഥിരത ഉണ്ടാകുന്നത് വരെ" (അബൂ ദാവൂദ് 4403).

മൂന്നാമത്തെ നിബന്ധന; പ്രായപൂർത്തി എത്തുക.

കുട്ടികളിൽ നിന്ന് ഹജ്ജ് ശരിയാകില്ല, അലി (റ) നബി(സ) യിൽ നിന്നും ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം, അവിടുന്ന് പറഞ്ഞു: " മൂന്ന് വിഭാഗത്തിൽ നിന്നും പേന ഉയർത്തപ്പെട്ടിരിക്കുന്നു. ഉറങ്ങുന്നവർ ഉണരുന്നത് വരെ, കുട്ടി പ്രായപൂർത്തിയാകുന്നത് വരെ, ഭ്രാന്തന് ബുദ്ധി സ്ഥിരത ഉണ്ടാകുന്നത് വരെ" (അബൂ ദാവൂദ് 4403).

റസൂൽ (സ) പറഞ്ഞു: " ഒരു കുട്ടി ഹജ്ജ് ചെയ്‌താൽ പ്രായപൂർത്തി എത്തുന്നത് വരെ അത് അവനുള്ള ഹജ്ജ് ആണ്, അവന് പ്രയപൂർത്തിയെത്തിയാൽ അപ്പോൾ അവൻ വീണ്ടും ഹജ്ജ് ചെയ്യണം" (ഹാകിം - മുസ്തദ്റക് 1769).

നാലാമത്തെ നിബന്ധന; സ്വാതന്ത്രനാവുക.

അടിമയുടെ മേൽ ഹജ്ജ് നിർബന്ധമില്ല. കാരണം അവൻ അവന്റെ യജമാനന്റെ സേവനവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ വ്യാപൃതനകുന്നതിനാൽ ഒഴിവ്കഴിവ് നൽകപ്പെട്ടവനാണ്. എന്നാൽ തന്റെ യജമാനന്റെ സമ്മതത്തോടെ ഹജ്ജ് ചെയ്‌താൽ അവന്റെ ഹജ്ജ് ശരിയാവുമെങ്കിലും ഇസ്‌ലാമിൽ നിർബന്ധമായ ഹജ്ജായി അത് പരിഗണിക്കപ്പെടുകയില്ല. ഇബ്‌നു അബ്ബാസ് (റ) ഉദ്ധരിക്കുന്ന ഒരു ഹദീസിൽ ഇപ്രകാരം കാണാം, റസൂൽ (സ) പറഞ്ഞു: "ഏതൊരു അടിമയും ഹജ്ജ് ചെയ്യുകയും ശേഷം അവൻ മോചിതനാവുകയും ചെയ്‌താൽ അപ്പോൾ അവന്റെ മേൽ മറ്റൊരു ഹജ്ജ് നിർവഹിക്കണം" (ബൈഹഖി - സുനനുൽ കുബ്റാ 2/140)

അഞ്ചാമത്തെ നിബന്ധന; അതിന് കഴിവുള്ളവനാവുക

കഴിവുള്ളവന് മാത്രമേ ഹജ്ജ് നിർബന്ധമാവുകയുള്ളൂ. യാത്രക്ക് സാധിക്കുന്ന ശാരീരിക ആരോഗ്യവും ഹജ്ജ് നിർവഹിക്കാൻ പോകാൻ ആവശ്യമായ ഭക്ഷണം, വാഹനം മുതലായവയും അവന് ഉണ്ടായിരിക്കണം. ഒരു സ്‌ത്രീയുടെ ഹജ്ജിനുള്ള കഴിവിൽ പെട്ടതാണ് ഹജ്ജ് യാത്രയിൽ അവളുടെ കൂടെ പോകാൻ ഒരു മഹ്‌റം ഉണ്ടായിരിക്കുക എന്നത്. കാരണം ഹജ്ജിനോ മറ്റു യാത്രകൾക്കോ കൂടെ മഹ്‌റം ഇല്ലാതെ പോകൽ അവൾക്ക് അനുവദനീയമല്ല.

അല്ലാഹു പറയുന്നു: "ആ മന്ദിരത്തില്‍ എത്തിച്ചേരാന്‍ കഴിവുള്ള മനുഷ്യര്‍ അതിലേക്ക്‌ ഹജ്ജ്‌ തീര്‍ത്ഥാടനം നടത്തല്‍ അവര്‍ക്ക്‌ അല്ലാഹുവോടുള്ള ബാധ്യതയാകുന്നു." (സൂ. ആലു ഇമ്രാൻ 97).

ആരെങ്കിലും സാമ്പത്തികമായി കഴിവുള്ളവനാവുകയും എന്നാൽ ശമനം പ്രതീക്ഷിക്കാത്ത രോഗം കാരണമോ പ്രായാധിക്യം കാരണമോ ശാരീരികമായി അതിന് അശക്തനാവുകയും ചെയ്‌താൽ അവന് വേണ്ടി ഹജ്ജ് നിർവഹിക്കാൻ വേറെ ഒരാളെ അവൻ പകരക്കാരനായി നിശ്ചയിക്കേണ്ടതാണ്. ഫദ്ൽ ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും, ഒരാൾ നബി(സ)യോട് ചോദിച്ചു: "അല്ലാഹുവിന്റെ ദൂതരേ, എന്റെ പിതാവ് ഇസ്‌ലാം സ്വീകരിച്ചത് അദ്ദേഹം വൃദ്ധനായ ശേഷമാണ്, അദ്ദേഹത്തിന് വാഹനത്തിൽ ഉറച്ചിരിക്കാൻ സാധിക്കില്ല, അദ്ദേഹത്തിന് വേണ്ടി ഞാൻ ഹജ്ജ് ചെയ്യട്ടെ? " അപ്പോൾ അവിടുന്ന് പറഞ്ഞു: "അദ്ദേഹത്തിന് ഒരു കടമുണ്ടെന്ന് കരുതുക, അങ്ങനെ അദ്ദേഹത്തിന് വേണ്ടി നീ അത് വീട്ടിയാൽ അദ്ദേഹത്തിൽ നിന്ന് അത് ഒഴിവായില്ലേ? " അയാൾ പറഞ്ഞു: "അതെ" , അവിടുന്ന് പറഞ്ഞു: "അപ്പോൾ നീ നിന്റെ പിതാവിന് വേണ്ടി ഹജ്ജ് ചെയ്യുക." (അഹ്‌മദ്‌ 1812).

ഹജ്ജിന്റെ കഴിവുമായി ബന്ധപ്പെട്ട വിവിധ അവസ്ഥകൾ

١
സ്വന്തമായി തന്നെ കഴിവുണ്ടാവുക, അഥവാ സാധാരണ ബുദ്ധിമുട്ടുകൾക്ക് പുറമെ പ്രയാസമൊന്നുമില്ലാത്ത നിലക്ക് സ്വന്തമായി അല്ലാഹുവിന്റെ വിശുദ്ധ ഭവനത്തിൽ എത്തിച്ചേരാൻ കഴിവുള്ളവനായിരിക്കുക. അതിന് ആവശ്യമായ മുഴുവൻ തുകയും അവന്റെ പക്കലുണ്ട് താനും. അപ്പോൾ അവൻ സ്വയം തന്നെ ഹജ്ജ് ചെയ്യൽ അവന്റെ മേൽ നിർബന്ധമാണ് .
٢
സ്വന്തമായി കഴിയില്ലെങ്കിലും മറ്റുള്ളവർ മുഖേനെ സാധ്യമാകുന്നവർ. രോഗം കാരണമോ പ്രായാധിക്യം കാരണമോ അവന് സ്വന്തമായി കഴിയില്ലെങ്കിലും അവന് പകരമായി ഹജ്ജ് ചെയ്യാൻ വേറെ ഒരാളെയും അതിന് വേണ്ടി ചിലവാക്കാൻ പണവും അവന് ലഭ്യമാണെങ്കിൽ അതിന്റെ ചിലവുകൾ വഹിച്ച് മറ്റൊരാളെ കൊണ്ട് ഹജ്ജ് ചെയ്യിക്കൽ അവന് നിർബന്ധമാണ്.
٣
സ്വന്തമായോ മറ്റൊരാൾ മുഖേനെയോ ഹജ്ജിന് സാധിക്കാത്തവർ, അവർ കഴിവുള്ളവരാകുന്നത് വരെ അവർക്ക് ഹജ്ജ് നിർബന്ധമില്ല. ഉദാഹരണമായി സ്വന്തത്തിനോ താൻ ചിലവിന് കൊടുക്കൽ ബാധ്യതയായിട്ടുള്ളവർക്കോ ചിലവിനുള്ളത് കഴിച്ച് ഹജ്ജ് നിർവഹിക്കാൻ ആവശ്യമായ തുക ബാക്കിയാകാത്തവർ. അങ്ങനെ പണം ശേഖരിക്കാൻ സാധിക്കാത്തവർക്ക് ഹജ്ജ് നിർബന്ധമാകുന്നില്ല, എന്നാൽ എപ്പോഴാണോ അവർക്ക് കഴിവുണ്ടാകുന്നത് അപ്പോൾ അവർക്ക് ഹജ്ജ് നിർബന്ധമാകുന്നു.

സ്‌ത്രീകളുടെ ഹജ്ജിന്റെ നിബന്ധനയായ മഹ്‌റം

സ്‌ത്രീകൾക്ക് ഹജ്ജ് നിർബന്ധമാകാനുള്ള നിബന്ധനയിൽ പെട്ടതാണ് അവളുടെ കൂടെ മഹ്‌റം ഉണ്ടായിരിക്കുക എന്നത്. ഹജ്ജിൽ അവളുടെ കൂടെ മഹ്റമുകളിൽ പെട്ട ആരും ഇല്ലെങ്കിൽ അവൾക്ക് ഹജ്ജ് നിര്ബന്ധമാകില്ല. മഹ്റമുകൾ എന്നാൽ ഭർത്താവോ അല്ലെങ്കിൽ പിതാവ്, പിതാമഹൻ, മകൻ, പേര മകൻ, സഹോദരൻ, സഹോദര പുത്രന്മാർ, പിതൃവ്യൻ, അമ്മാവൻ തുടങ്ങി വിവാഹ ബന്ധം നിഷിദ്ധമാക്കപ്പെട്ടവരോ ആണ്.

ഒരു സ്ത്രീ മഹ്‌റം ഇല്ലാതെ, എന്നാൽ സ്വയം സുരക്ഷ ഉറപ്പ് വരുത്തുന്ന മറ്റു മാർഗങ്ങളിലൂടെ ഹജ്ജ് ചെയ്‌താൽ അവളുടെ ഹജ്ജ് ശരിയാവുകയും പ്രതിഫലാർഹമാവുകയും ചെയ്യുമെങ്കിലും മഹ്‌റം ഇല്ലാതെ ഹജ്ജ് ചെയ്തതിന് അവൾ കുറ്റക്കാരി ആകും.

ഹജ്ജിന്റെ ശ്രേഷ്ഠതകൾ

ഹജ്ജുമായി ബന്ധപ്പെട്ട് ധാരാളം ശ്രേഷ്ഠതകളും നന്മകളും പഠിപ്പിക്കപ്പെട്ടിട്ടുണ്ട്. അവയിൽ പെട്ടതാണ്;

1. ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനങ്ങളിൽ പെട്ടതാണ് അത്.

ഏറ്റവും ശ്രേഷ്ഠമായ പ്രവർത്തനമേതാണെന്ന് ചോദിക്കപ്പെട്ടപ്പോൾ നബി(സ) പറഞ്ഞു: "അല്ലാഹുവിലും അവന്റെ ദൂതനിലുമുള്ള വിശ്വാസമാണ്" ചോദിക്കപ്പെട്ടു: "പിന്നെ ഏതാണ്?" അവിടുന്ന് പറഞ്ഞു: "അല്ലാഹുവിന്റെ മാർഗത്തിലുള്ള ധർമ സമരമാണ്"ചോദിക്കപ്പെട്ടു: "പിന്നെ ഏതാണ്?" അവിടുന്ന് പറഞ്ഞു: "സ്വീകാര്യയോഗ്യമായ ഹജ്ജ്" (ബുഖാരി 1447, മുസ്‌ലിം 83)

2. പാപമോചനത്തിനുള്ള മഹത്തായ സന്ദർഭമാണത്

നബി(സ) പറഞ്ഞു: ഒരാൾ സ്ത്രീപുരുഷ സംസർഗ്ഗമോ ദുർവൃത്തികളോ ചെയ്യാതെ - ഈ ഭവനത്തിൽ എന്ന് വേറെ റിപ്പോർട്ടിൽ അധികരിച്ച് കാണാം- ഹജ്ജ് നിർവ്വഹിച്ചാൽ, അവൻ തിരിച്ചുവരുന്നത് അവന്റെ മാതാവ് അവനെ പ്രസവിച്ച ദിവസത്തിലെപ്പോലെയാണ്." (ബുഖാരി 1521, മുസ്‌ലിം 1350) അതായത് എല്ലാ കുറ്റങ്ങളിൽ നിന്നും മുക്തനായ പ്രസിവച്ച ഉടനെയുള്ള കുട്ടിയെ പോലെ തിരിച്ച് വരുന്നു.

3. നരക മോചനത്തിനുള്ള ധാരാളം അവസരങ്ങൾ അതിലുണ്ട്

റസൂൽ (സ) പറഞ്ഞു: "അറഫാ ദിനത്തെക്കാൾ അല്ലാഹു ദാസന്മാരെ നരകത്തിൽ നിന്നും മോചിപ്പിക്കുന്ന മറ്റൊരു ദിനവുമില്ല" (മുസ്‌ലിം 1348)

4. അതിനുള്ള പ്രതിഫലം സ്വർഗമാണ്.

നബി(സ) പറഞ്ഞു: "സ്വീകാര്യ യോഗ്യമായ ഹജ്ജിന് സ്വർഗ്ഗമല്ലാതെ പ്രതിഫലമില്ല," (ബുഖാരി 1349, മുസ്‌ലിം 1349). റസൂൽ (സ) യെ ശരിയായി പിന്തുടർന്ന് കൊണ്ട് തന്റെ കർമങ്ങൾ പരിശുദ്ധമാക്കുകയും നിയ്യത്ത് നന്നാക്കുകയും സത്യപ്പെടുത്തുകയും ചെയ്‌തവർക്ക് മാത്രമാണ്ഇതും ഇതിനു പുറമെയുള്ള ധാരാളം മഹത്വങ്ങളും ലഭിക്കുക.

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക