നിലവിലെ വിഭാഗം
പാഠം ഹജ്ജിന്റെ രൂപം
ഹജ്ജ് തമത്തുഅ്, ഖിറാൻ, ഇഫ്‌റാദ് എന്നിങ്ങനെ മൂന്ന് ഇനങ്ങളാണ്. ഒരാൾക്ക് ഹജ്ജ് നിർവഹിക്കാൻ ഈ മൂന്നിൽ ഏത് രൂപവും തിരഞ്ഞെടുക്കാവുന്നതാണ്.
ആഇശ(റ) യിൽ നിന്നും, അവർ പറഞ്ഞു: ഞങ്ങൾ നബി(സ)യുടെ കൂടെ പുറപ്പെട്ടു, അപ്പോൾ അവിടുന്ന് പറഞ്ഞു: " നിങ്ങളിൽ ആരെങ്കിലും ഹജ്ജിനും ഉംറക്കും വേണ്ടി ഇഹ്‌റാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ, നിങ്ങളിൽ ആരെങ്കിലും ഹജ്ജിനു വേണ്ടി ഇഹ്‌റാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ, നിങ്ങളിൽ ആരെങ്കിലും ഉംറക്കു വേണ്ടി ഇഹ്‌റാമിൽ പ്രവേശിക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അവൻ അങ്ങനെ ചെയ്യട്ടെ" (മുസ്‌ലിം 1211).
-
തമത്തുഅ്
തമത്തുഇന്റെ രൂപം: ഹജ്ജിന്റെ മാസത്തിൽ ഉംറക്ക് വേണ്ടി ഇഹ്‌റാം ചെയ്യുകയും ആ സന്ദർഭത്തിൽ - ലബ്ബൈക്കല്ലാഹുമ്മ ഉംറതൻ മുതമത്തിഅൻ ബിഹാ ഇലൽ ഹജ്ജി (ഹജ്ജ് വരെ സുഖമെടുക്കുന്നവനായി കൊണ്ട് ഉംറയാൽ അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു) - എന്ന് പറയുകയും ചെയ്ത് ഉംറ നിർവഹിച്ച ശേഷം അതിന്റെ ഇഹ്‌റാമിൽ നിന്ന് വിരമിക്കുക. ശേഷം ദുൽഹിജ്ജ എട്ടിന് മക്കയിൽ വെച്ച് ഹജ്ജിന്റെ ഇഹ്‌റാമിൽ പ്രവേശിക്കുക. ശേഷം ദുൽഹിജ്ജ പത്തിന് അഖബയിൽ എറിയുന്നത് വരെ ഹജ്ജിന്റെ ഇഹ്‌റാമിൽ തുടരുകയും ചെയ്യുക. തമത്തുഇന്റെ ബലി അവന്റെ മേൽ നിര്ബന്ധമാവുകയും ചെയ്യും. അല്ലാഹു പറയുന്നു: "അപ്പോള്‍ ഒരാള്‍ ഉംറഃ നിര്‍വഹിച്ചിട്ട് ഹജ്ജ് വരെ സുഖമെടുക്കുന്ന പക്ഷം സൌകര്യപ്പെടുന്ന ഒരു ബലിമൃഗത്തെ (ഹജ്ജിനിടയില്‍ ബലികഴിക്കേണ്ടതാണ്.)" (ബഖറ 196).
ഖിറാൻ
ഖിറാനിന്റെ രൂപം: ഹജ്ജിനും ഉംറക്കും ഒരുമിച്ച് ഇഹ്‌റാം ചെയ്യുകയും ആ സന്ദർഭത്തിൽ - ലബ്ബൈക്കല്ലാഹുമ്മ ഉംറതൻ വ ഹജ്ജൻ (ഹജ്ജും ഉംറയും കൊണ്ട് അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു) - എന്ന് പറയുകയും വേണം. ശേഷം മക്കയിൽ എത്തിയാൽ ത്വവാഫുൽ ഖുദൂം നിർവഹിക്കുക. അവന്റെ മേൽ രണ്ട് കർമങ്ങൾക്കുമായി ഒരു സഅ് യ് മാത്രമാണ് ബാധകമാവുക. അത് അയാൾക്ക് ത്വവാഫുൽ ഖുദൂമിന്റെ ശേഷമോ അല്ലെങ്കിൽ ഹജ്ജിന്റെ ത്വവാഫിന്റെ (ത്വവാഫുൽ ഇഫാദ) ശേഷമോ നിർവഹിക്കാവുന്നതാണ്. എന്നാൽ അയാൾ ഉംറക്ക് ശേഷം മുടി എടുത്ത് കൊണ്ട് ഇഹ്‌റാമിൽ നിന്ന് വിരമിക്കരുത്. ദുൽഹിജ്ജ പത്തിന് അഖബയിൽ എറിയുന്നത് വരെ അയാൾ ഇഹ്‌റാമിൽ തുടരേണ്ടതാണ്. ശേഷം അയാൾക്ക് മുടി എടുക്കാവുന്നതാണ്. ഖിറാൻ ആയി ഹജ്ജ് ചെയ്യുന്നവരുടെ മേൽ ബലി നിർബന്ധമാണ്.
ഇഫ്റാദ്
ഇഫ്റാദിന്റെ രൂപം: ഹജ്ജിന് മാത്രമായി ഇഹ്‌റാം ചെയ്യുകയും ആ സന്ദർഭത്തിൽ - ലബ്ബൈക്കല്ലാഹുമ്മ ഹജ്ജൻ (ഹജ്ജു കൊണ്ട് അല്ലാഹുവെ നിന്റെ വിളിക്കിതാ ഞാൻ ഉത്തരം നൽകിയിരിക്കുന്നു) - എന്ന് പറയുകയും വേണം. . ശേഷം മക്കയിൽ എത്തിയാൽ ത്വവാഫുൽ ഖുദൂം നിർവഹിക്കുക. അവന്റെ മേൽ രണ്ട് കർമങ്ങൾക്കുമായി ഒരു സഅ് യ് മാത്രമാണ് ബാധകമാവുക. അത് അയാൾക്ക് ത്വവാഫുൽ ഖുദൂമിന്റെ ശേഷമോ അല്ലെങ്കിൽ ഹജ്ജിന്റെ ത്വവാഫിന്റെ (ത്വവാഫുൽ ഇഫാദ) ശേഷമോ നിർവഹിക്കാവുന്നതാണ്. എന്നാൽ അയാൾ ഉംറക്ക് ശേഷം മുടി എടുത്ത് കൊണ്ട് ഇഹ്‌റാമിൽ നിന്ന് വിരമിക്കരുത്. ദുൽഹിജ്ജ പത്തിന് അഖബയിൽ എറിയുന്നത് വരെ അയാൾ ഇഹ്‌റാമിൽ തുടരേണ്ടതാണ്. ശേഷം അയാൾക്ക് മുടി എടുക്കാവുന്നതാണ്. ഇഫ്റാദ് ആയി ഹജ്ജ് ചെയ്യുന്നവരുടെ മേൽ ബലി നിർബന്ധമില്ല.
നബി(സ) ഹജ്ജ് ചെയ്‌ത രൂപത്തിൽ തന്നെ ഹജ്ജ് നിർവഹിക്കാൻ മുസ്‌ലിം അതിയായി പരിശ്രമിക്കേണ്ടതുണ്ട്. നബി(സ) തന്റെ അനുചരന്മാരോട് അത് കല്പിച്ചിട്ടുമുണ്ട്. ജാബിർ (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: യൗമു നഹ്‌റി (ദുൽഹിജ്ജ പത്തി) ന്റെ അന്ന് നബി(സ) തന്റെ വാഹനപ്പുറത്തിരുന്ന് ജംറയിൽ എറിയുന്നതായി ഞാൻ കണ്ടു, അപ്പോൾ അദ്ദേഹം പറയുന്നുണ്ടായിരുന്നു: "നിങ്ങൾ നിങ്ങളുടെ കർമങ്ങൾ സ്വീകരിക്കുവാൻ , എന്റെ ഈ ഹജ്ജിന് ശേഷം വീണ്ടുമൊരു ഹജ്ജ് ഞാൻ ചെയ്യുമോ എന്ന് എനിക്ക് അറിയില്ല" (മുസ്‌ലിം)
ഹജ്ജിന് ഇഹ്‌റാമിൽ പ്രവേശിക്കുവാൻ ഉദ്ദേശിച്ച് കൊണ്ട് ഒരാൾ മീഖാത്തിൽ എത്തിയാൽ തന്റെ വസ്‌ത്രം മാറ്റുകയും കുളിച്ച് തലയിലും താടിയിലും സുഗന്ധം പൂശുകയും ചെയ്ത് ഇഹ്റാമിന്റെ വസ്‌ത്രം ധരിക്കുകയും ശേഷം ഫർദ് നമസ്‌കാരത്തിന്റെ സമയമാണെങ്കിൽ ആ ഫർദ് നമസ്‌കാരവും അതിന്റെ സമയമല്ലെങ്കിൽ വുദുവിന്റെ രണ്ട് റക്അത്ത് സുന്നത്ത് നമസ്‌കാരമോ അവൻ നിർവഹിക്കുകയും ചെയ്യേണ്ടതാണ്.
നമസ്കാരത്തിൽ നിന്നും വിരമിച്ച് കഴിഞ്ഞാൽ താൻ ഏത് കർമമാണോ ഉദ്ദേശിക്കുന്നത്, അത് മനസിൽ കരുതുകയും താഴെ പറയും പ്രകാരം പ്രഖ്യാപിക്കുകയും വേണം:
-
മക്കാ പ്രവേശനത്തിനായി കുളിക്കൽ ഹാജിമാർക്ക് പുണ്യകരമാണ്. ശേഷം അവൻ മുതമത്തിഅ് ആണെങ്കിൽ ഉംറ നിർവഹിക്കാനായി മസ്ജിദുൽ ഹറാമിൽ പ്രവേശിക്കുക. ഖാരിൻ, മുഫ്‌രിദ് എന്നിവർക്ക് ത്വവാഫുൽ ഖുദൂം നിർവഹിക്കൽ സുന്നത്താണ്.
മസ്ജിദുൽ ഹറമിൽ എത്തിയാൽ പള്ളിയിൽ പ്രവേശിക്കുമ്പോഴുള്ള പ്രാർത്ഥന ചൊല്ലിക്കൊണ്ട് വലത് കാൽ മുന്തിച്ച് പള്ളിയിലേക്ക് പ്രവേശിക്കുക. കഅ്ബയിലെത്തിയാൽ ത്വവാഫ് തുടങ്ങുന്നതിന് മുമ്പായി തൽബിയത്ത് അവസാനിപ്പിക്കുക. ഇള്തിബാഅ് -അവന്റെ മേൽമുണ്ടിന്റെ മധ്യ ഭാഗം വലത് കക്ഷത്തിന് ഉള്ളിലൂടെ ഇട്ട് അതിന്റെ അറ്റങ്ങൾ ഇടത് ചുമലിന് മുകളിൽ ഇടുന്ന രീതി- പുരുഷന്മാർക്ക് സുന്നത്താണ്.
-
അങ്ങനെ റുക്നുൽ യമാനി ( ഹജറിന് തൊട്ട് മുമ്പത്തെ മൂല) എത്തിയാൽ അതിനെ തൊടണം, എന്നാൽ ചുംബിക്കരുത്. അത് പ്രയാസകരമാണെങ്കിൽ അതിന് നേരെ ആംഗ്യം കാണിക്കേണ്ടതില്ല. റുക്നുൽ യമാനിക്കും ഹജറുൽ അസ്‌വദിനും ഇടയിൽ "റബ്ബനാ അതിനാ ഫിദ്ദുൻയാ ഹസനതൻ വഫിൽ ആഖിറത്തി ഹസനതൻ വഖിനാ അദാബന്നാർ" എന്ന് പ്രാർത്ഥിക്കണം.
ഹജറുൽ അസ്‌വദിന് നേരെ എത്തുമ്പോഴെല്ലാം തക്ബീർ ചൊല്ലുകയും അതല്ലാത്ത സമയങ്ങളിലെല്ലാം ഇഷ്ടമുള്ള ദിക്ർ, ദുആ, ഖുർആൻ പാരായണം എന്നിവയിൽ മുഴുകുകയും ചെയ്യുക.
അങ്ങനെ ത്വവാഫ് പൂർത്തിയായാൽ മേൽമുണ്ട് സാധാരണ നിലക്ക് ആക്കുകയും സാധ്യമാകുമെങ്കിൽ മഖാമു ഇബ്റാഹീമിന് പിന്നിലോ അല്ലെങ്കിൽ പള്ളിയിലെ സാധ്യമാകുന്ന ഏത് സ്ഥലത്ത് വെച്ചുമോ രണ്ട് റക്അത്ത് നമസ്കരിക്കുക. ആദ്യ റക്അത്തിൽ ഫാതിഹക്ക് ശേഷം സൂറത്ത് കാഫിറൂനും രണ്ടാം റക്അത്തിൽ സൂറത്തുൽ ഇഖ്‌ലാസും പാരായണം ചെയ്യുക.
ശേഷം സഅ് യ് ചെയ്യാനായി സ്വഫയിലേക്ക് പോവുകയും അവിടെ എത്തിയാൽ "إِنَّ الصَّفَا وَالْمَرْوَةَ مِنْ شَعَائِرِ اللَّهِ" എന്ന് പാരായണം ചെയ്യുകയും ശേഷം അല്ലാഹു ആരംഭിച്ചത് കൊണ്ട് ഞാൻ ആരംഭിക്കുന്നു എന്ന് പറയുകയും ചെയ്യുക.
സ്വഫയിൽ വെച്ച് സഅ് യ് ആരംഭിക്കുമ്പോൾ കഅ്ബയിലേക്ക് തിരിഞ്ഞ് കൈകൾ ഉയർത്തി അല്ലാഹുവിനെ സ്തുതിച്ച് കൊണ്ട് അവനോട് പ്രാർത്ഥിക്കണം. നബി(സ)യുടെ പ്രാർത്ഥനയിൽ പെട്ടതായിരുന്നു : "ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു ലാ ശരീക ലഹു, ലഹുൽ മുൽകു വലഹുൽ ഹംദു വഹുവ അലാ കുല്ലി ശൈഇൻ ഖദീർ, ലാ ഇലാഹ ഇല്ലല്ലാഹു വഹ്ദഹു, അൻജസ വഅ്ദഹു, വ നസ്വറ അബ്ദഹു, വ ഹസമൽ അഹ്സാബ വഹ്ദഹു " എന്നത്. ഇത് മൂന്ന് പ്രാവശ്യം ആവർത്തിക്കുകയും ശേഷം ഇഷ്ടമുള്ളത് പ്രാർത്ഥിക്കുകയും ചെയ്യുക.
ശേഷം സ്വഫയിൽ നിന്നും മർവയിലേക്ക് പോകണം. സഅ് യ് ചെയ്യുന്ന വഴിയിലെ ഇന്ന് പച്ച ലൈറ്റ് തെളിയിച്ച് അടയാളപ്പെടുത്തിയ ഭാഗത്ത് എത്തിയാൽ പുരുഷന്മാർ കഴിയുന്നത്ര വേഗത്തിൽ ഓടണം. എന്നാൽ സ്ത്രീകൾ സഅ് യിലുടനീളം നടന്നാൽ മതി.
-
ശേഷം മർവയിലെത്തുന്നത് വരെ നടക്കുകയും മർവയിലെത്തിയാൽ ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകൾ ഉയർത്തി ആയത്ത് ഓതുകയും അല്ലാഹു തുടങ്ങിയത് കൊണ്ട് ഞാനും തുടങ്ങുന്നു എന്ന് പറയുകയും ചെയ്യുന്നത് ഒഴികെ സ്വഫയിൽ ചെയ്‌തത് പോലെ പ്രാർത്ഥിക്കണം.
-
ശേഷം മർവയിൽ നിന്നും ഇറങ്ങി സ്വഫയിലേക്ക് പോകണം. പോകുമ്പോഴും പച്ച ലൈറ്റിനാൽ അടയാളപ്പെടുത്തിയ സ്ഥലത്ത് എത്തുമ്പോൾ ഓടണം. അങ്ങനെ സ്വഫയിൽ എത്തിയാൽ മർവയിൽ ചെയ്തത് തന്നെ ആവർത്തിക്കുക. അപ്രകാരം ഏഴ് നടത്തവും പൂർത്തിയാക്കുന്നത് വരെ തുടരുക. പോക്കും വരവും ഓരോ നടത്തമായിട്ട് ഒരു പോക്ക് വരവ് രണ്ട് നടത്തമായാണ് പരിഗണിക്കപ്പെടുക. അവന്റെ സഅ് യിൽ ദിക്റുകളും ദുആഉകളും അധികരിപ്പിക്കലും അവൻ സഅ് യ് ചെയ്യുന്ന സമയത്ത് ഇരു അശുദ്ധികളിൽ നിന്നും ശുദ്ധിയായിരിക്കലും സുന്നത്താണ്.
-
മുതമത്തിഇന് ഉംറക്കും ഹജ്ജിനും കൂടി രണ്ട് സഅ് യുകൾ നിർബന്ധമാണ്. എന്നാൽ ഖാരിനും മുഫ്‌രിദിനും ഒരു സഅ് യ് മതിയാകുന്നതാണ്. അവർക്ക് ഒന്നുകിൽ ത്വവാഫുൽ ഖുദൂമിന്റെ ശേഷമോ അല്ലെങ്കിൽ ത്വവാഫുൽ ഇഫാദയുടെ കൂടെയോ അത് നിർവഹിക്കാവുന്നതാണ്.
-
മുതമത്തിആയി ഹജ്ജ് നിർവഹിക്കുന്നവൻ സഅ് യ് പൂർത്തിയാക്കിയ ശേഷം തലമുടി നീക്കുകയോ വെട്ടുകയോ ചെയ്യണം. പുരുഷന്മാർക്ക് തലമുടി നീക്കലാണ് ഉത്തമം. വെട്ടുന്നതും മതിയാകുന്നതാണ്. എന്നാൽ സ്‌ത്രീ ആണെങ്കിൽ അവളുടെ മുടി ഒരുമിച്ച് പിടിക്കുകയും അതിന്റെ അറ്റത്ത് നിന്ന് ഒരു ഇഞ്ച് നീളത്തിൽ വെട്ടുകയും വേണം. ഇങ്ങനെ ചെയ്‌താൽ അവന്റെ ഉംറ പൂർത്തിയാവുകയും ഇഹ്‌റാമിനാൽ നിഷിദ്ധമായ എല്ലാ കാര്യങ്ങളിൽ നിന്നും വിരാമമാവുകയും ചെയ്‌തു. എന്നാൽ ഖാരിനും മുഫ്‌രിദും മുടി നീക്കുകയോ വെട്ടുകയോ ചെയ്യാതെ ഇഹ്‌റാമിൽ തുടരണം.
യൗമു തർവിയ്യ എന്നാൽ അത് ദുൽഹിജ്ജ എട്ടാം ദിവസമാണ്. ആ ദിവസമാണ് ഹജ്ജിന്റെ കർമങ്ങൾ ആരംഭിക്കുന്നത്. മുതമത്തി ആയി ഹജ്ജ് ചെയ്യുന്നവൻ അന്നേ ദിവസം ദുഹാ സമയത്ത് തന്റെ താമസ സ്ഥലത്ത് വെച്ച് ഹജ്ജിന് ഇഹ്‌റാം ചെയ്യണം. കുളിക്കുകയും ശരീരത്തിൽ സുഗന്ധം പൂശുകയും ഇഹ്‌റാം വസ്ത്രം ധരിക്കുകയും നമസ്കരിക്കുകയും ചെയ്യുക. ശേഷം ഹജ്ജ് മനസ്സിൽ കരുതിക്കൊണ്ട് "ലബ്ബൈക്കല്ലാഹുമ്മ ഹജ്ജൻ" എന്ന് പറയുക. അവരും തങ്ങളുടെ ഇഹ്‌റാമിൽ തുടരുന്ന ഖാരിനും മുഫ്‌രിദും തുടങ്ങി എല്ലാവരും ദുഹ്‌റിന് മുമ്പായി മിനയിലേക്ക് പോവുക. എന്നിട്ട് അവിടെ തങ്ങുകയും ജംഇല്ലാതെ എന്നാൽ നാല് റക്അത്തുള്ള നമസ്‌കാരങ്ങൾ ഖസ്ർ ആക്കി കൊണ്ട് ഓരോ നമസ്‌കാരങ്ങളും അതിന്റെ സമയങ്ങളിൽ നമസ്‌കരിക്കുക. കഴിയുന്നത്ര സമയങ്ങളിൽ തൽബിയത്ത്, ദിക്ർ, ഖുർആൻ പാരായണം എന്നിവ അധികരിപ്പിക്കുകയും അതിൽ വ്യാപൃതനാവുകയും ചെയ്യുക.
അറഫ ദിവസം അഥവാ ദുൽഹിജ്ജ ഒമ്പതിന് സൂര്യൻ ഉദിച്ച ശേഷം ഹാജിമാർ മിനായിൽ നിന്നും ശാന്തമായും സമാധാനത്തോടും അല്ലാഹുവിനെ സ്‌മരിച്ചു കൊണ്ടും തല്ബിയത്ത് ചൊല്ലികൊണ്ടും അറഫയിലേക്ക് പോകണം. സാധ്യമാകുമെങ്കിൽ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങുന്നത് വരെ നമിറയിൽ തങ്ങുക, നേരെ അറഫയിൽ പ്രവേശിക്കുന്നത് കൊണ്ടും വിരോധമില്ല. സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയാൽ ദുഹ്‌റും അസ്റും ജംഉം ഖസ്റുമാക്കി നമസ്‌കരിക്കുക. ശേഷം ദുആഇലും ദിക്റിലും അല്ലാഹുവിനു കീഴൊതുങ്ങന്നതിലുമായി കഴിച്ച് കൂട്ടുക. ഖിബലയിലേക്ക് തിരിഞ്ഞ് നിന്ന് കൈകൾ ഉയർത്തി തനിക്ക് ഇഷ്ടമുള്ളതെല്ലാം പ്രാർത്ഥിക്കാവുന്നതാണ്.
ആഇശയില്‍ (റ) നിന്ന് നിവേദനം: നബി ﷺ പറഞ്ഞു: ‘അല്ലാഹു ഒരടിമയെ നരകത്തില്‍ നിന്നും മോചിപ്പിക്കാന്‍ ഏറെ ഇടയുള്ള ഒരു ദിനം അറഫാദിനത്തേക്കാള്‍ മറ്റൊന്നില്ല. അവന്‍ അവരോടടുക്കുകയും, മലക്കുകളോട് അവരെക്കുറിച്ച് പ്രശംസിച്ചുകൊണ്ട് : അവരെന്താണ് ഉദ്ദേശിക്കുന്നത്? എന്ന് പറയുകയും ചെയ്യും’.(മുസ്‌ലിം).
അറഫയിൽ നിൽക്കുന്നതിന്റെ സമയം സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങുന്നത് മുതലാണ് ആരംഭിക്കുന്നത്. സൂര്യൻ അസ്തമിച്ചാൽ ഹാജിമാർ മുസ്ദലിഫയിലേക്ക് പോകണം. എന്നാൽ ആർകെങ്കിലും ഈ സമയത്ത് അറഫയിൽ നിൽക്കാൻ സാധിക്കാതിരിക്കുകയും ദുൽഹിജ്ജ പത്തിന് സുബ്ഹിക്ക് മുമ്പായി ഒരു നിമിഷമെങ്കിലും അറഫയിൽ നിൽക്കാൻ സാധിക്കുകയും ചെയ്‌താൽ അവന്റെ നിറുത്തം ശരിയാവുകയും അവന് ഹജ്ജ് ലഭിക്കുകയും ചെയ്‌തു. എന്നാൽ സുബ്ഹിന് മുമ്പ് പോലും നിൽക്കാൻ സാധിച്ചില്ല എങ്കിൽ അവന്റെ ഹജ്ജ് നഷ്ടപ്പെട്ടു.
ഹാജിമാർ മുസ്ദലിഫയിൽ എത്തിയാൽ അവിടെ വെച്ച് ഒരു ബാങ്കും രണ്ട് ഇഖാമത്തുകളുമായി മഗ്‌രിബും ഇശാഉം ജംഉം ഖസ്റുമാക്കി നമസ്‌കരിക്കുക. ശേഷം മുസ്ദലിഫയിൽ രാപ്പാർക്കുക. ഫജ്ർ വെളിവായാൽ സുബ്ഹി നമസ്‌കരിക്കുകയും ഉദയ ശോഭ ശക്തമാകുന്നത് വരെ ദിക്റിലും ഖിബ്‌ലയിലേക്ക് തിരിഞ്ഞ് കൈകൾ ഉയർത്തി പ്രാർത്ഥനയിലും മുഴുകുക.
ദുൽഹിജ്ജ പത്തിന് ഉദയ ശോഭ ശക്തമായി വെളിച്ചം പരന്ന ശേഷം സൂര്യൻ ഉദിക്കുന്നതിന് മുമ്പായി ഹാജിമാർ മിനയിലേക്ക് പോകണം. എറിയാനുള്ള ചെറിയ കല്ലുകൾ യാത്രാമധ്യേ പെറുക്കാവുന്നതാണ്. ഒരു ചെറുപയറിനേക്കാൾ അല്പം വലിപ്പമുള്ള ഏഴ് കല്ലുകൾ ആണ് എടുക്കേണ്ടത്. മിനയിലെത്തിയാൽ മക്കയുടെ ഭാഗത്ത് നിന്നും അവസാനത്തെ ജംറയായ അഖബയിൽ ഏഴ് കല്ലുകൾ എറിയുക.ഓരോ കല്ലുകൾ എറിയുമ്പോഴും തക്ബീർ ചൊല്ലുക. അത് പൂർത്തിയാക്കിയ ശേഷം ബലി അറുക്കുക. ശേഷം തല മുടി നീക്കുകയോ വെട്ടുകയോ ചെയ്യുക. സ്ത്രീ ആണെങ്കിൽ മുടിയുടെ അറ്റത്ത് നിന്നും ഏകദേശം ഒരു വിരലിന്റെ അറ്റത്തിന്റെ അത്ര വെട്ടുകയാണ് വേണ്ടത്. ഹാജിമാർക്ക് സുഗന്ധം പൂശൽ സുന്നത്താണ്. ശേഷം ഹജ്ജിന്റെ റുക്ൻ ആയ ത്വവാഫുൽ ഇഫാദയും ഹജ്ജിന്റെ സഅ് യും നിർവഹിക്കാനായി മക്കയിലേക്ക് പോവുകയും ചെയ്യുക. ശേഷം മിനയിലേക്ക് തന്നെ തിരിച്ച് വരികയും ദുൽഹിജ്ജ പതിനൊന്നിന്റെ രാത്രി അവിടെ കഴിച്ച് കൂട്ടുകയും ചെയ്യുക.
ദുൽഹിജ്ജ പതിനൊന്നിന്റെയും പന്ത്രണ്ടിന്റെയും രാത്രി ഹാജിമാർ മിനയിൽ കഴിച്ച് കൂട്ടൽ നിർബന്ധമാണ്. വൈകിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ പതിമൂന്നിന്റെ രാത്രിയും അവിടെ തങ്ങേണ്ടതാണ്.ഇതിന്റെ പകലുകളിൽ സൂര്യൻ മധ്യത്തിൽ നിന്നും നീങ്ങിയാൽ മൂന്ന് ജംറകളിലും എറിയുകയും ചെയ്യുക.
ജംറകളിൽ എറിയുന്ന രീതി
ഒന്നാമത്തെ അഥവാ മസ്ജിദുൽ ഖൈഫിന് സമീപമുള്ള ജംറയിൽ ഒന്നിന് പിറകെ ഒന്നായി തുടരെ ഏഴ് കല്ലുകൾ എറിയുക, ഓരോ ഏറിന്റെ കൂടെയും തക്ബീർ ചൊല്ലേണ്ടതാണ്. ശേഷം അൽപം മാറി നിന്ന് തനിക്ക് ഇഷ്ടമുള്ളതൊക്കെ ചോദിച്ച് കൊണ്ട് സുദീർഘമായി പ്രാർത്ഥിക്കുക. ശേഷം മധ്യത്തിലുള്ള ജംറയിൽ ഏഴ് തവണ തുടർച്ചയായി എറിയുക, ഓരോ ഏറിന്റെ കൂടെയും തക്ബീർ ചൊല്ലേണ്ടതാണ്. ശേഷം ഇടതു വശത്തേക്ക് തിരിഞ്ഞ് ഖിബ്‌ലക്ക് അഭിമുഖമായി നിന്നുകൊണ്ട് കൈകൾ ഉയർത്തി പ്രാർത്ഥിക്കുക. ശേഷം മറ്റു ജംറകളിൽ എറിഞ്ഞ പോലെ ജംറതുൽ അഖബയിലും എറിയുക. എന്നാൽ അതിന് ശേഷം പ്രാർത്ഥനയില്ല, പിരിഞ്ഞ് പോവുകയാണ് വേണ്ടത്.
ദുൽഹിജ്ജ പന്ത്രണ്ടിന്റെ ഏറ് പൂർത്തിയായാൽ ധൃതി കാണിക്കാൻ ഉദ്ദേശിക്കുന്നവർക്ക് മിനയിൽ നിന്നും പോകാവുന്നതാണ്. എന്നാൽ വൈകിപ്പിക്കാൻ ഉദ്ദേശിക്കുന്നവർ ആ രാത്രി കൂടി മിനായിൽ തങ്ങി പതിമൂന്നിന്റെ അന്ന് കൂടി ജംറകളിൽ എറിയേണ്ടതാണ്. വൈകിപ്പിക്കലാണ് ഉത്തമം.
അവൻ മക്കയിൽ നിന്നും നാട്ടിലേക്ക് പോകാൻ ഉദ്ദേശിച്ചാൽ വിടവാങ്ങൽ ത്വവാഫ് ചെയ്യാതെ അവൻ അവിടെ നിന്നും പോകരുത്. അവൻ യാത്ര ഉദ്ദേശിച്ച് കഴിഞ്ഞാൽ വിടവാങ്ങൽ ത്വവാഫ് അവന്റെ കഅബയുമായുള്ള അവസാനത്തെ കരാർ ആക്കിയിരിക്കുന്നു. ഇബ്‌നു അബ്ബാസ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: നബി(സ) പറഞ്ഞിരിക്കുന്നു: "തങ്ങളുടെ അവസാനത്തെ കരാർ ആ ഭവനവുമായി ആക്കിയിട്ടല്ലാതെ നിങ്ങളാരും തന്നെ പിരിഞ്ഞ് പോകരുത്"(മുസ്‌ലിം 1327).