പഠിക്കുന്നത് തുടരുക

നിങ്ങൾ ലോഗിൻ ചെയ്തിട്ടില്ല
താങ്കളുടെ പുരോഗതി വിലയിരുത്താനും പോയിന്റുകൾ ശേഖരിക്കാനും മത്സരത്തിൽ പങ്കെടുക്കാനും ഇപ്പോൾ തന്നെ "മിനസ്സത് ത" യിൽ രജിസ്റ്റർ ചെയ്യുക. രജിസ്‌ട്രേഷന് ശേഷം താങ്കൾ പഠിച്ച വിഷയങ്ങളിൽ ഇ-സെർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.

നിലവിലെ വിഭാഗം

പാഠം നബി(സ) യുടെ ചര്യ

ഇസ്‌ലാം മതം നില നിൽക്കുന്നത് അതിന്റെ പ്രധാനപ്പെട്ട രണ്ട് പ്രമാണങ്ങളിലാണ്; ഖുർആനും നബി(സ) യുടെ ചര്യയുമാണവ. നബി ചര്യയുടെ യാഥാർത്ഥ്യവും ഇസ്‌ലാമിൽ അതിന്റെ സ്ഥാനവും പഠിതാവിന് ഈ പാഠഭാഗത്ത് നിന്നും മനസിലാക്കാം.

  • സുന്നത്തിന്റെ പ്രാധാന്യം മനസിലാക്കുക.
  • മതനിയമങ്ങളിൽ സുന്നത്തിന്റെ പ്രാമാണികത മനസിലാക്കുക.
  • മത നിയമങ്ങളിൽ സുന്നത്തിന്റെ മഹത്വം അനുഭവിക്കുക.

count മറ്റ് വിദ്യാർത്ഥികൾ ഈ പാഠം പൂർത്തിയാക്കി

നബിചര്യ (സുന്നത്ത്)

റസൂൽ (സ) യുടെ ചര്യ എന്നാൽ അല്ലാഹു തന്റെ പ്രവാചകനായ മുഹമ്മദ് നബി(സ) ക്ക് നൽകിയ ദിവ്യബോധനം (വഹ്‌യ്‌) ആണ്. അല്ലാഹുവിന്റെ ഗ്രന്ഥത്തോടൊപ്പം തന്നെ ഇസ്‌ലാമിന്റെ അടിസ്ഥാന പ്രമാണവും സ്രോതസുമാണത്. ഇരു അല്ലാഹു അല്ലാതെ ആരാധനക്കർഹനായി മറ്റാരുമില്ലെന്നും മുഹമ്മദ് നബി(സ) അല്ലാഹുവിന്റെ ദൂതനാണെന്നുമുള്ള ഇരു സാക്ഷ്യ വാക്യങ്ങളും തമ്മിൽ അഭേദ്യമായ ബന്ധമുണ്ട്. സുന്നത്തിൽ വിശ്വസിക്കാത്തവൻ ഖുർആനിലും വിശ്വസിക്കുന്നില്ല.

സുന്നത്തിന്റെ നിർവചനം

നബി (സ) യുടെ സുന്നത്ത് (ചര്യ) എന്നാൽ : നബി(സ) യുടെ വാക്കുകൾ, പ്രവർത്തികൾ, മൗനാംഗീകാരങ്ങൾ, അവിടുത്തെ സൃഷ്ടിപരമായ സവിശേഷതകൾ, സ്വഭാവ ഗുണങ്ങൾ തുടങ്ങി അദ്ദേഹത്തിലേക്ക് ചേർക്കപ്പെടുന്ന കാര്യങ്ങളാണ് ഇവ.

നബി(സ)യുടെ സുന്നത്തിന്റെ സ്ഥാനം

നബി(സ)യുടെ സുന്നത്തിന് ഇസ്‌ലാമിൽ മഹത്തായ സ്ഥാനമുണ്ട്. അതിന്റെ സ്ഥാനത്തെ കുറിച്ച് താഴെ വ്യക്തമാക്കുന്നു:

1. മത നിയമങ്ങളുടെ രണ്ടാമത്തെ സ്രോതസ്സ് ആണ് അത്

ഖുർആൻ കഴിഞ്ഞാൽ മത നിയമങ്ങളുടെ രണ്ടാമത്തെ സ്രോതസ്സ് ആണ് സുന്നത്ത്. മിഖ്ദാമി ബ്നു മഅ്ദീകരിബ (റ) വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: അറിയുക; നിശ്ചയം, എനിക്ക് കിതാബും അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു, അറിയുക; നിശ്ചയം, എനിക്ക് ഖുർആനും അതിന്റെ കൂടെ അത് പോലുള്ളതും നല്‍കപ്പെട്ടിരിക്കുന്നു, അറിയുക ഒരാൾ വയർ നിറച്ച് കൊണ്ട് തന്റെ ചാരു കസേരയിലിരുന്നിട്ട് ഇങ്ങനെ പറയുന്ന ഒരു കാലം വരാനുണ്ട് : "നിങ്ങൾക്ക് ഖുർആൻ ഉണ്ട്, അതിൽ നിങ്ങൾ ഹലാലായി കാണുന്നതിനെ നിങ്ങൾ ഹലാൽ ആക്കുക, അതിൽ നിങ്ങൾ ഹറാമായി കണ്ടെത്തുന്നതിനെ നിങ്ങൾ ഹറാമാക്കുകയും ചെയ്യുക" (അഹ്‌മദ്‌ 17174).

2. അത് അല്ലാഹുവിൽ നിന്നുള്ള വഹ്‌യ്‌ (ദിവ്യബോധനം) ആണ്.

സുന്നത്ത് അല്ലാഹു തന്റെ ദൂതർ (സ) ക്ക് നൽകിയ വഹ്‌യ്‌ (ദിവ്യബോധനം) തന്നെയാണ്. അല്ലാഹു പറയുന്നു: "അദ്ദേഹം തന്നിഷ്ടപ്രകാരം സംസാരിക്കുന്നുമില്ല. * അത്‌ അദ്ദേഹത്തിന്‌ ദിവ്യസന്ദേശമായി നല്‍കപ്പെടുന്ന ഒരു ഉല്‍ബോധനം മാത്രമാകുന്നു. * ശക്തിമത്തായ കഴിവുള്ളവനാണ്‌ ( ജിബ്‌രീല്‍ എന്ന മലക്കാണ്‌ ) അദ്ദേഹത്തെ പഠിപ്പിച്ചിട്ടുള്ളത്‌." (സൂ. നജ്മ് 3-5).

3. ഖുർആനിന്റെ വിശദീകരണമാണത്

ഖുർആനിന്റെ വിശദീകരണമാണ് സുന്നത്ത്. അല്ലാഹു പറയുന്നു: "നിനക്ക്‌ നാം ഉല്‍ബോധനം അവതരിപ്പിച്ച്‌ തന്നിരിക്കുന്നു. ജനങ്ങള്‍ക്കായി അവതരിപ്പിക്കപ്പെട്ടത്‌ നീ അവര്‍ക്ക്‌ വിവരിച്ചുകൊടുക്കാന്‍ വേണ്ടിയും, അവര്‍ ചിന്തിക്കാന്‍ വേണ്ടിയും." (സൂ. നഹ്ൽ 44).

ഖുർആൻ സൂക്തങ്ങളിൽ പല വിധികളും മൊത്തത്തിൽ പരാമർശിക്കുകയാണ് ചെയ്‌തിട്ടുള്ളത്‌, റസൂൽ (സ) തന്റെ വാക്കുകളിലൂടെയോ ഖുറാനിൽ പരാമർശിച്ച കാര്യങ്ങൾ പ്രവർത്തിച്ച് കൊണ്ടോ അത് വിശദമാക്കി തരുന്നു. ഉദാഹരണമായി അല്ലാഹു പറയുന്നു: "നിങ്ങള്‍ നമസ്കാരം മുറപോലെ നിര്‍വഹിക്കുകയും സകാത്ത്‌ നല്‍കുകയും, റസൂലിനെ അനുസരിക്കുകയും ചെയ്യുവിന്‍. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം." (സൂ. നൂർ 56). ഇവിടെ നമസ്‌കാരം നിർവഹിക്കാനും സകാത്ത് നൽകാനുമുള്ള മൊത്തത്തിലുള്ള കൽപനയാണ് ഉള്ളത്, അതിന്റെ വ്യക്തവും വിശദമായതുമായ രൂപം സുന്നത്തിലാണ് വന്നിട്ടുള്ളത്. അഞ്ച് നേര നമസ്‌കാരങ്ങളുടെ സമയം, രൂപം, അതിന്റെ നിയമ വശങ്ങൾ, സകാത്തിന്റെ വിധി വിലക്കുകൾ എന്നിവടെല്ലാം സുന്നത്താണ് വ്യക്തമാക്കുന്നത്.

നബി(സ) യുടെ സുന്നത്തിനെ അല്ലാഹു സംരക്ഷിച്ചിരിക്കുന്നു

അല്ലാഹു സംരക്ഷണം ഏറ്റ ദിക്ർ (ഉൽബോധനം) എന്നതിൽ നബി(സ) യുടെ സുന്നത്തും ഉൾപ്പെടുന്നു. അല്ലാഹു പറയുന്നു: "തീര്‍ച്ചയായും നാമാണ്‌ ആ ഉല്‍ബോധനം അവതരിപ്പിച്ചത്‌. തീര്‍ച്ചയായും നാം അതിനെ കാത്തുസൂക്ഷിക്കുന്നതുമാണ്‌." (സൂ. ഹിജ്ർ 9). ദിക്ർ (ഉൽബോധനം) എന്നാൽ ഖുർആനും സുന്നത്തും ഉൾപ്പടെ അല്ലാഹു തന്റെ പ്രവാചകനിലേക്ക് അവതരിപ്പിച്ച എല്ലാ കാര്യങ്ങൾക്കും മൊത്തത്തിൽ ഉപയോഗിക്കുന്ന പേരാണ്.

അല്ലാഹുവിന്റെ ഈ സംരക്ഷണത്തിന്റെ പ്രകടമായ രൂപമാണ് പ്രവാചക ചര്യക്ക് വേണ്ടി അതിന്റെ നിവേദകന്മാരെ കൃത്യമാക്കുന്ന നിയമങ്ങൾ ഉണ്ടാക്കി, അതിൽ കളവുകളും ഊഹങ്ങളും കലർപ്പുകളും കടന്ന് വരുന്നതിൽ നിന്നും വേർതിരിച്ചു, അതിന്റെ കൃത്യത കണിശമാക്കി, ശക്തമായി സംരക്ഷിച്ച് , അതിന്റെ നിവേദനത്തിന്റെ അവസ്ഥകൾ പരിശോധിച്ചു കൊണ്ട് സുന്നത്ത് ശേഖരിക്കാനും രേഖപ്പെടുത്താനും വേണ്ടി വലിയ പ്രയത്നം നടത്തിയ പണ്ഡിതന്മാരെ തയ്യാറാക്കിയത് .

തന്റെ പ്രവാചകന്റെ സുന്നത്ത് കാത്തു സൂക്ഷിക്കുന്നതിനായി അല്ലാഹു ഉപയോഗിച്ച ഈ നിവേദകരിലൂടെയും പണ്ഡിതന്മാരിലൂടെയും സുന്നത്ത് സംരക്ഷിക്കുമെന്ന് അല്ലാഹു ഉറപ്പുനൽകുന്നു.

നബി(സ) യുടെ സുന്നത്തിന്റെ പ്രാമാണികത

ഖുർആൻ കഴിഞ്ഞാൽ മത നിയമങ്ങൾ രൂപപ്പെടുത്തുന്നതിൽ രണ്ടാമത്തെ സ്രോതസാണ് നബിചര്യ. ഖുർആനും സുന്നത്തും ഒരുപോലെ സ്വീകരിക്കാതെ അല്ലാഹുവിന്റെ മതം പൂർത്തിയാകില്ല.

മതമപരമായ വിധികൾ നിർണ്ണയിക്കുന്നതിനുള്ള അടിസ്ഥാന സ്രോതസ്സാണ് സുന്നത്ത്, മതപരമായ വിധിവിലക്കുകളിലും വിശ്വാസത്തിലും അതനുസരിച്ചാണ് നാം പ്രവർത്തിക്കേണ്ടത്.

സുന്നത്ത് ഖുർആനിൽ പരാമർശിക്കപ്പെട്ട വിധികൾ വ്യക്തമാക്കുക്കുകയും അത് പോലെ തന്നെ സ്വതന്ത്രമായി മത നിയമങ്ങൾ രൂപപ്പെടുത്തുകയും ചെയ്യുന്നു. അനുവദനീയങ്ങളും നിഷിദ്ധങ്ങളും നിർണയിക്കുന്നതിൽ സുന്നത്തിന് ഖുർആൻ പോലെ തന്നെ സ്ഥാനമുണ്ട്.

സുന്നത്തിന്റെ പ്രമാണികതയും മത നിയമ രൂപീകരണത്തിൽ അതിന്റെ സ്ഥാനവും ഖുർആനും ഹദീസും വ്യക്തമാക്കുന്നുണ്ട്. സുന്നത്ത് മുറുകെ പിടിക്കാനും അത് പ്രമാണമായി സ്വീകരിക്കാനും നബി(സ) യെ അനുസരിക്കാനും കല്പിക്കുന്ന ധാരാളം ആയത്തുകളും ഹദീസുകളും ഉണ്ട്. അല്ലാഹു പറയുന്നു : "നിങ്ങള്‍ക്കു റസൂല്‍ നല്‍കിയതെന്തോ അത്‌ നിങ്ങള്‍ സ്വീകരിക്കുക. എന്തൊന്നില്‍ നിന്ന്‌ അദ്ദേഹം നിങ്ങളെ വിലക്കിയോ അതില്‍ നിന്ന്‌ നിങ്ങള്‍ ഒഴിഞ്ഞ്‌ നില്‍ക്കുകയും ചെയ്യുക" (സൂ. ഹഷ്ർ 7).

മിഖ്ദാമിബ്നു മഅ്ദീകരിബ(റ) വില്‍ നിന്ന് നിവേദനം: നബി (സ) പറഞ്ഞു: " 'ഞങ്ങളുടെയിടയിൽ അല്ലാഹുവിന്റെ കിതാബുണ്ട്, അതിൽ ഞങ്ങൾ ഹലാലായി കണ്ടെത്തുന്നതിനെ ഞങ്ങൾ ഹലാലാക്കുന്നു, അതിൽ ഞങ്ങൾ ഹരമായി കണ്ടെത്തുന്നതിനെ ഞങ്ങൾ ഹറാമാക്കുകയും ചെയ്യുന്നു' എന്ന് ഒരാൾ തന്റെ സോഫയിൽ ചാരി ഇരുന്നു കൊണ്ട് എന്റെ ഹദീസിനെ കുറിച്ച് പറയുന്ന ഒരു കാലം വരാനിരിക്കുന്നു, അറിയുക അല്ലാഹുവിന്റെ ദൂതൻ ഹറാമാക്കിയതും അല്ലാഹു ഹറാമാക്കിയത് പോലെ തന്നെയാണ്" (ഇബ്‌നു മാജ 12)

സുന്നത്തിനെ പിൻപറ്റൽ

അല്ലാഹുവിന്റെ റസൂൽ (സ) യെ അവിടുത്തെ വാക്കിലും പ്രവർത്തിയിലും അവസ്ഥകളിലും അനുസരിക്കലും അവിടുത്തെ സുന്നത്തിനെ പിൻപറ്റലും തന്റെ ദാസന്മാരുടെ മേൽ അല്ലാഹു നിർബന്ധമാക്കി. അല്ലാഹു പറയുന്നു: "(നബിയേ,) പറയുക: നിങ്ങള്‍ അല്ലാഹുവെ സ്നേഹിക്കുന്നുണ്ടെങ്കില്‍ എന്നെ നിങ്ങള്‍ പിന്തുടരുക. എങ്കില്‍ അല്ലാഹു നിങ്ങളെ സ്നേഹിക്കുകയും നിങ്ങളുടെ പാപങ്ങള്‍ പൊറുത്തുതരികയും ചെയ്യുന്നതാണ്‌. അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമത്രെ." (ആലു ഇമ്രാൻ 31). വീണ്ടും അല്ലാഹു പറയുന്നു: "അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം. " (സൂ. അഅ്റാഫ് 158).

ഇർയാദ് ഇബ്‌നു സാരിയ (റ) വിൽ നിന്നും, റസൂൽ (സ) പറഞ്ഞു: " നിങ്ങൾക്ക് എന്റെ ചര്യയുണ്ട്, എന്റെ സച്ചരിതരായ ഖുലഫാഉ റാശിദുകളുടെ ചര്യയുമുണ്ട്, അത് നിങ്ങൾ മുറുകെ പിടിക്കുകയും അണപ്പല്ല് കൊണ്ട് കടിച്ച് പിടിക്കുകയും ചെയ്യുക, പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെ നിങ്ങൾ സൂക്ഷിക്കുക, തീർച്ചയായും പുതുതായി ഉണ്ടാക്കപ്പെടുന്ന കാര്യങ്ങളെല്ലാം ബിദ്അത്ത് (പുത്തനാചാരം) ആണ്, എല്ലാ ബിദ്അത്തുകളും വഴികേടുമാണ്" (അബൂ ദാവൂദ് 4607)

പിൻപറ്റുക എന്നാൽ റസൂൽ (സ) പറഞ്ഞതോ പ്രവർത്തിച്ചതോ ആയ കാര്യങ്ങൾ മുറുകെ പിടിക്കുക, നബി(സ)യുടെ മാർഗത്തിൽ, അവിടുത്തെ കൽപനകൾ അനുസരിച്ചും വിരോധങ്ങൾ വെടിഞ്ഞും അവിടുത്തെ മതം നടപ്പിൽ വരുത്തിയും അതനുസരിച്ച് പ്രവർത്തിച്ചും ജീവിക്കുക എന്നതാണ്.

നിർബന്ധങ്ങളിൽ ഈ പിന്തുടരൽ നിർബന്ധവും സുന്നത്തുക (ഐച്ഛികങ്ങ) ളിൽ ഈ പിന്തുടരൽ ഐച്ഛികവുമാണ്.

സുന്നത്ത് പിൻപറ്റുന്നതിന്റെ ശ്രേഷ്ഠത

സുന്നത്ത് പിൻപറ്റുന്നതിന് ധാരാളം ശ്രേഷ്ഠതകളും നേട്ടങ്ങളും ഉണ്ട്. അവയിൽ പെട്ടതാണ്:

സുന്നത്തും അത് പിൻപറ്റുന്നതിന് അനിവാര്യമായ കാര്യങ്ങളും പിൻപറ്റുന്നതിലൂടെ നബി(സ) നരകം വാഗ്ദാനം ചെയ്‌ത അവാന്തര മാർഗങ്ങൾ പിന്തുടരുന്നതിൽ നിന്നും രക്ഷപ്പെടാൻ സാധിക്കുന്നു. അബ്ദുല്ലാഹിബ്‌നു അംറ് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു; റസൂൽ(സ) പറഞ്ഞു: " ബനൂ ഇസ്രാഈൽ സമൂഹത്തിന് വന്നുഭവിച്ച കാര്യങ്ങൾ ചാണിന് ഛനായി എന്റെ സമൂഹത്തിലും വന്ന് ഭവിക്കുന്നതാണ്. എത്രത്തോളമെന്ന് വെച്ചാൽ അവരിൽ ഒരാൾ തന്റെ മാതാവുമായി വ്യഭിചരിച്ചിട്ടുണ്ടെങ്കിൽ അത് ചെയ്യാൻ പോലും എന്റെ സമുദായത്തിൽ ആളുകളുണ്ടായിത്തീരും. ബനൂ ഇസ്രാഈൽ എഴുപത്തി രണ്ട് വിഭാഗമായി പിരിഞ്ഞിട്ടുണ്ട്. എന്റെ സമുദായം എഴുപത്തിമൂന്ന് വിഭാഗമായി പിരിയും, അവരിൽ ഒരു വിഭാഗമല്ലാത്ത മറ്റെല്ലാവരും നരകത്തിലാണ്" അവർ (സ്വഹാബത്ത് ) ചോദിച്ചു: " അല്ലാഹുവിന്റെ ദൂതരെ അവർ (ആ ഒരു വിഭാഗം) ആരാണ്? " അവിടുന്ന് പറഞ്ഞു: " ഞാനും എന്റെ സ്വഹാബത്തും ഉള്ള (മാർഗ) തിൽ നിൽക്കുന്നവർ" (തുർമുദി 2641).

സൻമാർഗം നേടാനും വഴികേടിൽ നിന്ന് രക്ഷപ്പെടാനും സുന്നത്ത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: "അദ്ദേഹത്തെ നിങ്ങള്‍ പിന്‍പറ്റുവിന്‍ നിങ്ങള്‍ നേര്‍മാര്‍ഗം പ്രാപിക്കാം."(സൂ.അഅ്റാഫ് 158). അബൂ ഹുറയ്റ (റ) വിൽ നിന്നും,അദ്ദേഹം പറഞ്ഞു; റസൂൽ(സ) പറഞ്ഞിരിക്കുന്നു: "നിശ്ചയമായും രണ്ട് കാര്യങ്ങൾ ഞാൻ നിങ്ങൾക്ക് ഇട്ടേച്ച് പോകുന്നു, അവക്ക് ശേഷം നിങ്ങൾ വഴി പിഴക്കുകയില്ല: അല്ലാഹുവിന്റെ കിതാബും എന്റെ ചര്യയുമാണത്" (ഹാകിം - മുസ്‌തദ്റക് 319).

കർമങ്ങൾ സ്വീകരിക്കപ്പെടുന്നത് അത് സുന്നത്തിനോട് യോജിക്കുമ്പോഴാണ്. അത് കൊണ്ട് തന്നെ ഒരു മുസ്‌ലിം ചെയ്യുന്ന കർമങ്ങൾ നബി(സ) യുടെ ചര്യയുമായി യോജിക്കൽ അനിവാര്യമാണ്. ആഇശ (റ) യിൽ നിന്നും, റസൂൽ (സ) പറഞ്ഞിരിക്കുന്നു: "എന്റെ ഈ കാര്യങ്ങളിലില്ലാത്ത വല്ല കർമവും ആരെങ്കിലും പ്രവർത്തിച്ചാൽ അത് തള്ളപ്പെടേണ്ടതാണ്" (മുസ്‌ലിം 1718).

സുന്നത്ത് പിന്തുടരുന്നത് നബി(സ) യുമായി ചേർന്ന് നിൽക്കലാണ്, സുന്നത്തിൽ നിന്നും ഒരാൾ അകന്ന് പോകുമ്പോൾ അയാൾ നബി(സ)യിൽ നിന്നുമാണ് അകന്ന് പോകുന്നത്. അനസ് ഇബ്‌നു മാലിക് (റ) വിൽ നിന്നും, അദ്ദേഹം പറഞ്ഞു: മൂന്ന് ആൾക്കാറുള്ള ഒരു സംഘം നബി(സ) യുടെ ഭാര്യമാരുടെ വീട്ടിൽ ചെന്ന് നബി(സ) യുടെ ആരാധനകളെ കുറിച്ച് അന്വേഷിച്ചു, അങ്ങനെ അവർക്ക് അത് പറഞ്ഞു കൊടുത്തപ്പോൾ അവരതിൽ തൃപ്തരാകാത്തത് പോലെ പറഞ്ഞു: "നമ്മളും നബി(സ) യും എവിടെ കിടക്കുന്നു? അദ്ദേഹത്തിന് മുൻകഴിഞ്ഞതും വരാനിരിക്കുന്നതുമായ പാപങ്ങൾ പൊറുത്ത് കൊടുക്കപ്പെട്ടിട്ടുണ്ട്." അവരിൽ ഒരാൾ പറഞ്ഞു: "ഞാൻ ഇനി മുതൽ ഉറങ്ങാതെ രാത്രി മുഴുവൻ നമസ്‌കരിക്കും" രണ്ടാമൻ പറഞ്ഞു: "ഞാൻ എല്ലാ ദിവസവും നോമ്പെടുക്കും, ഒറ്റ ദിവസം പോലും നോമ്പുപേക്ഷിക്കുകയില്ല" മൂന്നാമൻ പറഞ്ഞു: "ഞാൻ സ്‌ത്രീകളിൽ നിന്ന് അകന്ന് നിൽക്കും, വിവാഹം കഴിക്കുകയെ ഇല്ല,". അങ്ങനെ റസൂൽ അവരുടെ അടുക്കലേക്ക് വന്നിട്ട് പറഞ്ഞു: " നിങ്ങളാണോ ഇങ്ങനെയും ഇങ്ങനെയുമൊക്കെ പറഞ്ഞത് ? അറിയുക. അല്ലാഹുവാണെ, നിങ്ങളെക്കാളൊക്കെ അല്ലാഹുവിനെ ഭയക്കുന്നവനാണ് ഞാന്‍. നിങ്ങളെക്കാളൊക്കെ സൂക്ഷ്മ ജീവിതം നയിക്കുന്നവനും ഞാന്‍ തന്നെ. ഞാന്‍ നോമ്പനുഷ്ഠിക്കാറുണ്ട്, നോമ്പുപേക്ഷിക്കാറുമുണ്ട്. ഞാന്‍ രാത്രി നമസ്‌കരിക്കാറുണ്ട്. ഉറങ്ങാറുമുണ്ട്. ഞാന്‍ വിവാഹജീവിതം നയിക്കുന്നുമുണ്ട്. എന്റെ ചര്യ ഇഷ്‌പ്പെടാത്തവര്‍ക്ക് ഞാനുമായി ബന്ധമില്ല'' (ബുഖാരി 5063).

കുഴപ്പങ്ങളിൽ നിന്നും വേദനയേറിയ ശിക്ഷയിൽ നിന്നും രക്ഷപ്പെടാൻ സുന്നത്ത് അനിവാര്യമാണ്. അല്ലാഹു പറയുന്നു: "ആകയാല്‍ അദ്ദേഹത്തിന്‍റെ കല്‍പനയ്ക്ക്‌ എതിര്‍ പ്രവര്‍ത്തിക്കുന്നവര്‍ തങ്ങള്‍ക്ക്‌ വല്ല ആപത്തും വന്നുഭവിക്കുകയോ, വേദനയേറിയ ശിക്ഷ ബാധിക്കുകയോ ചെയ്യുന്നത്‌ സൂക്ഷിച്ചു കൊള്ളട്ടെ." (സൂ. നൂർ 63).

സുന്നത്ത് പിൻപറ്റുന്നതിലൂടെയാണ് ഇഹപര വിജയവും സന്തോഷവും നേടിയെടുക്കാൻ സാധിക്കുക. അല്ലാഹു പറയുന്നു: "അല്ലാഹുവെയും റസൂലിനെയും അനുസരിക്കുകയും, അല്ലാഹുവെ ഭയപ്പെടുകയും അവനോട്‌ സൂക്ഷ്മത പുലര്‍ത്തുകയും ചെയ്യുന്നവരാരോ അവര്‍ തന്നെയാണ്‌ വിജയം നേടിയവര്‍." (സൂ. നൂർ 52).

താങ്കൾ പഠനം വിജയകരമായി പൂർത്തീകരിച്ചിരിക്കുന്നു


പരീക്ഷ ആരംഭിക്കുക